UPDATES

യാത്ര

ചണ്ഡീഗഡ്: മനുഷ്യശരീരം പ്രചോദനമേകിയ നഗരം

Avatar

നൊറിമാസ ടഹാര
(യോമുറി ഷിംബുന്‍)

ഇലകള്‍ വീണ മനോഹരമായ നിരത്തുകളുള്ള, വൃത്തിയുള്ള കോണ്‍ക്രീറ്റ് ചുമരുകളുള്ള ആധുനിക കെട്ടിടങ്ങള്‍ പച്ചപ്പിനിടയിലുള്ള ഈ നഗരം തെരുവുകളില്‍ പശുക്കള്‍ മേയുന്ന കുഴഞ്ഞുമറിഞ്ഞ ഒരു സാധാരണ ഇന്ത്യന്‍ നഗരക്കാഴ്ചയില്‍ നിന്നും ഏറെ വിഭിന്നമാണ്.

60 വര്‍ഷങ്ങള്‍ക്ക് മുമ്പ് തയ്യാറാക്കിയ ആസൂത്രിത നഗരമാണ് പഞ്ചാബിന്റെ തലസ്ഥാനമായ ചണ്ഡീഗഡ്. കൊളോണിയല്‍ ഭരണത്തില്‍നിന്നും മോചിതമായതിന് തൊട്ടുപിന്നാലെയാണ് ആധുനിക വാസ്തുവിദ്യയുടെ കുലപതികളിലൊരാളായ പാരീസില്‍ താമസമാക്കിയ ലെ കൊര്‍ബൂസിയെയെ നഗരനിര്‍മാണം ഏല്‍പ്പിച്ചത്.  

ചാള്‍സ് എഡ്വാര്‍ഡ് ഴാനേരെ എന്ന ലെ കൊര്‍ബൂസിയെ സ്വിറ്റ്സര്‍ലണ്ടിലാണ് ജനിച്ചത്. പാരീസിലെത്തിയതോടെ നഗരാസൂത്രണം, ചിത്രകല, പ്രതിമാനിര്‍മ്മാണം, എഴുത്ത് തുടങ്ങി നിരവധി മേഖലകളില്‍ വ്യാപൃതനായി. പക്ഷേ പ്രധാനമായും ശ്രദ്ധ പതിപ്പിച്ചത് വാസ്തുവിദ്യയിലായിരുന്നു.

ആധുനിക വാസ്തുവിദ്യയെ ഏറ്റവും സ്വാധീനിച്ച ഒരാളായ കൊര്‍ബൂസിയെയാണ് ജപ്പാനിലെ പാശ്ചാത്യ കലയുടെ ദേശീയ മ്യൂസിയം രൂപകല്‍പന ചെയ്തത്. ഈ വര്‍ഷം സെപ്തംബറിലാണ് ഈ കലാ മ്യൂസിയത്തിലും ചണ്ഡീഗഡിലുമടക്കം ഏഴ് രാജ്യങ്ങളിലായി കിടക്കുന്ന അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ലോക പൈതൃക കേന്ദ്രങ്ങളാക്കാന്‍ തീരുമാനിച്ചത്.

ചണ്ഡീഗഡിന്റെ നഗരഘടന മനുഷ്യശരീരത്തിന്റെ മാതൃകയിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. സെക്ടറുകള്‍/മേഖലകള്‍ എന്നു വിളിക്കുന്ന വിവിധ ഖണ്ഡങ്ങളാക്കി നഗരത്തെ തിരിച്ചിരിക്കുന്നു. കാറുകളും മനുഷ്യരും ഒരു സമാന്തരവും കുറുകെയുമായി പോകുന്ന ഒരു ശൃഖലാരൂപത്തിലുള്ള (grid pattern)പാതകളിലൂടെയും ഹരിത മേഖലകളിലൂടെയും വരികയും പോവുകയും ചെയ്യുന്നു.

“പാതകള്‍ ‘രക്തക്കുഴലുകളാണ്’, ഓരോ വീടും ഓരോ ‘കോശങ്ങളും’, കാറുകളും ആളുകളും ‘രക്തവും’. നഗരം ജീവനുള്ളതായി,” ചണ്ഡീഗഡില്‍ കഴിഞ്ഞ 20 വര്‍ഷമായി താമസിക്കുന്ന അര്‍വിന്ദര്‍ സിംഗ് അഭിമാനത്തോടെ പറയുന്നു.

വാണിജ്യസ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നത്  മദ്ധ്യഭാഗത്തുള്ള ‘ആന്തരാവയവങ്ങളിലാണ് ‘. സര്‍ക്കാര്‍ കാര്യാലയങ്ങള്‍ പോലുള്ള ഭരണസംവിധാനങ്ങള്‍ വടക്കേ അറ്റത്തുള്ള ‘തലച്ചോറിലും’.

സ്വാതന്ത്ര്യം ലഭിച്ചു 4 വര്‍ഷം കഴിഞ്ഞപ്പോള്‍,1951-ല്‍ ലെ കൊര്‍ബൂസിയയെ ഇന്ത്യന്‍ സര്‍ക്കാര്‍ വാസ്തുവിദ്യ ഉപദേശകനായി നിയമിച്ചു.

ഭൂതകാലത്തില്‍ നിന്നും മോചിതമായ, സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ ഒരു പുതിയ നഗരം പണിയാന്‍ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു അദ്ദേഹത്തോടാവശ്യപ്പെട്ടു. അതിനുശേഷം 1965-ല്‍ മരിക്കുന്നതിന് മുമ്പായി 20-ലേറെ തവണ അദ്ദേഹം ഇന്ത്യയിലേക്ക് യാത്ര ചെയ്തു.

“ചണ്ഡീഗഡ് എന്ന പുതിയ വലിയൊരു കാന്‍വാസ് കിട്ടിയതു അദ്ദേഹത്തിന്റെ ഭാവനയെ ശരിക്കും ഉദ്ദീപിപ്പിച്ചു,” കൊബ്രൂസിയക്കു ശേഷം നഗരാസൂത്രണത്തിന്റെ ചുമതലയേറ്റെടുത്ത രേണു സെഗാള്‍ പറയുന്നു.

തറയും, തൂണുകളും, ഗോവണികളുമടങ്ങുന്ന അടിസ്ഥാനഘടനയോടുകൂടിയ  കൂടിയ, ഉരുക്കും കോണ്‍ക്രീറ്റും ഉപയോഗിച്ച് ബലപ്പെടുത്തിയ ലളിതവും ഉപയോഗക്ഷമവുമായ കെട്ടിടങ്ങളുടെ (domino system)വക്താവും പ്രയോക്താവുമായിരുന്നു കൊര്‍ബൂസിയെ.

നഗരാസൂത്രണത്തില്‍ ഉപയോഗക്ഷമത വരുത്തുന്നതിലും അദ്ദേഹം ശ്രദ്ധിച്ചു. ഭരണനിര്‍വ്വഹണ, വാണിജ്യ,പാര്‍പ്പിട പ്രദേശങ്ങളായി നഗരത്തെ തിരിക്കുകയും പാതകള്‍ വഴി ബന്ധിപ്പിക്കുകയും ചെയ്തു.

ഭരണനിര്‍വ്വഹണ പ്രദേശത്തെ പല കെട്ടിടങ്ങള്‍ക്കും തനതായ രൂപകല്‍പനയാണ്. തുറന്ന മേല്‍പ്പുരകള്‍ വരെ ഉപയോഗിക്കുന്നു. “ചൂടും ഈര്‍പ്പവും നിറഞ്ഞ അന്തരീക്ഷത്തിലും പിടിച്ചുനില്‍ക്കാന്‍ സാധ്യമാകുംവിധം വായുപ്രവാഹമുള്ള വാസ്തുവിദ്യാ ശൈലിയാണ് കൊര്‍ബൂസിയയുടേത്,” വാസ്തുവിദ്യ വിദഗ്ദ്ധനായ രാജീവ് മഹാജന്‍ പറഞ്ഞു.

1960-കളിലെ പ്രതിച്ഛായയിലുള്ള നഗരത്തെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ പലതരത്തിലുണ്ട്. ചിലരതിനെ ‘നവീനവും’‘സൌകര്യപ്രദവും’ എന്നു വിലയിരുത്തുന്നു. അവിടുത്തെ താമസക്കാരായതില്‍ സന്തുഷ്ടരാണ്.

മറുവശത്തു അതൊരു ‘തണുത്ത, മനുഷ്യത്വം കുറഞ്ഞ’ ഒന്നാണെന്നും ‘ഇന്ത്യയുടെ പാരമ്പര്യത്തെ അവഗണിച്ചെന്നും’ ആക്ഷേപമുണ്ടായിരുന്നു.

എന്നാല്‍ കൊര്‍ബൂസിയെ തന്റെ ശൈലിയില്‍ ഉറച്ചുനിന്നു. “ഇന്നത്തെ ലോകം വീടുകള്‍ക്കും നഗരങ്ങള്‍ക്കും ഒരു പുതിയ ശൈലി ആവശ്യപ്പെടുന്നു. നെഹ്റുവിന്റെ പ്രതീക്ഷകളോട് പുലര്‍ത്തിയ പ്രതിബദ്ധതയുടേയും ഉറച്ച ആത്മവിശ്വാസത്തിന്റെയും പ്രകടനമായിരുന്നു അത്.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ   67-ആം വാര്‍ഷികത്തില്‍ 100 ‘സ്മാര്‍ട് സിറ്റികള്‍’പണിയുമെന്നാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രഖ്യാപനം.

ഉപയോഗക്ഷമതയിലൂന്നിയ ലെ കൊര്‍ബൂസിയേ ജീവിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ വികസനത്തിന് മാര്‍ഗദര്‍ശിയായ രൂപകല്‍പനകള്‍ തീര്‍ച്ചയായും സൃഷ്ടിക്കുമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍