UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിസാം കുറ്റക്കാരന്‍

അഴിമുഖം പ്രതിനിധി

ചന്ദ്രബോസ് വധക്കേസില്‍ പ്രതി നിസാം കുറ്റക്കാരന്‍ എന്ന് കോടതി വിധി. പ്രതിഭാഗത്തിന്റെ വാദമുഖങ്ങളെ അപ്പാടെ തള്ളിക്കൊണ്ട്  തൃശൂര്‍ അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കൊലപാതകമടക്കം നിസാമിനെതിരെയുള്ള 9 വകുപ്പുകളിലും കുറ്റങ്ങള്‍ തെളിഞ്ഞുവെന്നും കോടതി വ്യകതമാക്കി. പ്രതി സമൂഹത്തിനു ഭീഷണിയാണെന്നും അതിനാല്‍ വധശിക്ഷ തന്നെ ഇയാള്‍ക്കു നല്‍കണമെന്നും വാദിഭാഗം ആവശ്യപ്പെട്ടു.

അഡ്വ. സിപി ഉദയഭാനു വാടിഭാഗത്തിനു വേണ്ടിയും പ്രതിഭാഗത്തിനായി അഡ്വ.കെ രാമന്‍പിള്ളയും ഹാജരായി. ചന്ദ്രബോസിന്റെ ഭാര്യ ജമന്തിയും അമ്മയും വിധി കേള്‍ക്കുന്നതിനായി രാവിലെ തന്നെ കോടതിയിലെത്തിയിരുന്നു. 

തുടക്കം മുതല്‍ പോലീസിന്റെ ഇടപെടലിനെ വിമര്‍ശിച്ച കോടതി നീക്കങ്ങളും സാക്ഷിവിചാരണ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍, കേസ്‌ നീട്ടിക്കൊണ്ടു പോകാനായി പലതവണയായി ഹര്‍ജികള്‍ നല്‍കിയുള്ള പ്രതിഭാഗത്തിന്റെ ശ്രമങ്ങള്‍ എന്നിങ്ങനെ നിരവധി നാടകീയത നിറഞ്ഞ സന്ദര്‍ഭങ്ങളില്‍ കൂടിയാണ് ചന്ദ്രബോസ് കൊലക്കേസ് വിധിപറയുന്ന അവസാന ഘട്ടത്തിലേക്കെത്തുന്നത്.

കോടികള്‍ എറിഞ്ഞ് കേസുകളില്‍ നിന്ന്‌ രക്ഷപ്പെടാറുള്ള സ്ഥിരം തന്ത്രം നിസാം ഇവിടെയും പ്രയോഗിച്ചിരുന്നു. കൂടാതെ ഭരണപക്ഷത്തുള്ള പലരും ഈ കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമവും നടത്തുന്നുണ്ടായിരുന്നു. കൂടാതെ ഇയാള്‍ ശിക്ഷയില്‍ കഴിയുന്ന സമയം വിഭവസമൃദ്ധമായ ഭക്ഷണം അടക്കം വിഐപി സൗകര്യങ്ങള്‍ നല്‍കുവാനും ചില പോലീസ് അധികാരികള്‍ കൂട്ടു നിന്നിരുന്നു. ഇതിന്റെ അങ്ങേയറ്റം എന്നതുപോലെ ശിക്ഷാകാലാവധിയുടെ ഇടയില്‍ നിസാമിന് കുടുംബവുമായി ഒത്തുകൂടാനുള്ള സൗകര്യങ്ങളും ഇവര്‍ ഒരുക്കി. ഇതേത്തുടര്‍ന്ന്കണ്ണൂര്‍ ആംഡ് പൊലീസ് ക്യാമ്പിലെ അഞ്ച് സുരക്ഷാ പൊലീസുകാരെ   സസ്‌പെന്‍ഡ് ചെയ്തിരുന്നു. നിസാമിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ജേക്കബ് ജോബിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇത്തരം വിവാദങ്ങളുടെ ഒരു ഘോഷയാത്രയ്ക്ക് ശേഷം രണ്ടുമാസത്തെ വിചാരണ നടത്തിയാണ് കോടതി ചന്ദ്രബോസ് കൊലക്കേസ് വിധി പ്രസ്താവിക്കുക.

കഴിഞ്ഞ വര്‍ഷം ജനുവരി 29 ന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പുലര്‍ച്ചെ മൂന്നരയോടെ തൃശൂര്‍ പുഴയ്ക്കല്‍ ശോഭാ സിറ്റിയിലെ താമസക്കാരനായ നിസാം എത്തിയപ്പോള്‍  ഗേറ്റ് തുറക്കാന്‍ വൈകിയതിനാണ് സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിന് മര്‍ദ്ദനമേറ്റത്. ചന്ദ്രബോസിനെ ആദ്യം നിലത്തിട്ട് തല്ലിച്ചതയ്ക്കുകയും ഓടി രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ തന്റെ വിദേശ നിര്‍മിത ആഡംബര കാറുപയോഗിച്ച്  ഇടിച്ച് പരിക്കേല്‍പിക്കുകയായിരുന്നു. അവശനായ ചന്ദ്രബോസിനെ കാറില്‍ വലിച്ചുകയറ്റി പാര്‍ക്കിങ് ഏരിയയിലെത്തിച്ച് വീണ്ടും കമ്പ് കൊണ്ട് മര്‍ദ്ദിച്ചു. പൊലീസ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലാക്കുകയും തുടര്‍ന്ന് ഫെബ്രുവരി 16 ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ചന്ദ്രബോസ് മരിക്കുകയും ചെയ്തു. അന്നുതന്നെ നിസാം അറസ്റ്റിലായിരുന്നു ഈ കേസില്‍  ഏപ്രിലില്‍ നിഷാമിനെതിരെ കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. 

ഇരുപത്തിയേഴിലധികം ശാസ്ത്രീയ തെളിവുകളുടേയും നൂറിലേറെ സാക്ഷിമൊഴികളുടേയും മറ്റു തെളിവുകളുടേയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കുറ്റപത്രം പേരാമംഗലം സിഐ പിസി ബിജുകുമാര്‍ ആണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.ശാസ്ത്രീയ പരിശോധനാഫലങ്ങള്‍, സാക്ഷിമൊഴികള്‍, കണ്ടെടുത്തവയും അന്വേഷിച്ചു കണ്ടെത്തിയതുമായ തെളിവുകള്‍, വിശദാംശങ്ങള്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തരംതിരിച്ച്, ഒന്നിപ്പിച്ചതാണു കുറ്റപത്രം. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ഉദയഭാനു, സഹ അഭിഭാഷകര്‍, കമ്മീഷണര്‍, അസി. കമ്മീഷണര്‍ ആര്‍. ജയചന്ദ്രന്‍പിള്ള, പേരാമംഗലം സിഐ പി.സി. ബിജുകുമാര്‍, അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ 15 അംഗ സംഘമായിരുന്നു കുറ്റപത്രം തയാറാക്കിയത്. ചന്ദ്രബോസിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ മുന്‍വൈരാഗ്യമാണെന്ന് ഈ കുറ്റപത്രത്തില്‍ പറയുന്നുണ്ടായിരുന്നു. നിസാമിന്റേതടക്കം അസമയത്ത് വരുന്ന വാഹനങ്ങള്‍ തടഞ്ഞതാണ് വൈരാഗ്യത്തിന് കാരണം. ചന്ദ്രബോസിനെ കൊല്ലുമെന്ന് നിസാം നേരത്തെ ഭീഷണി മുഴക്കിയിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞ് വരുന്ന വാഹനങ്ങള്‍ തടയണമെന്ന് ചന്ദ്രബോസ് മറ്റ് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതെതുടര്‍ന്ന് രാത്രി വൈകി വരുന്ന നിസാമിന്റേതടക്കമുള്ള വാഹനങ്ങള്‍ തടഞ്ഞിരുന്നു. ഇതാണ് നിസാമിനെ പ്രകോപിപ്പിച്ചതെന്ന് 15 സാക്ഷികള്‍ മൊഴി നല്‍കിയതായി കുറ്റപത്രത്തിലുണ്ട്. 108 സാക്ഷികളും, 32 ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിസാമിന്റെ ഭാര്യ അമല്‍ കേസിലെ 11-ാം സാക്ഷിയാണ്.

13ഓളം ക്രിമിനല്‍ കേസുകളില്‍ കൂടി പ്രതിയായ നിസാമിനെതിരെ കാപ്പ നിയമം കൂടി തുടര്‍ന്ന് ചേര്‍ക്കപ്പെട്ടു. പ്രായപൂര്‍ത്തിയവാത്ത മകനെക്കൊണ്ട് ഫെറാറി ഓടിപ്പിച്ചതിനും, ഡ്യൂട്ടിയിലായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയെ വാഹനത്തിനുള്ളില്‍ പൂട്ടിയിട്ടത്, ഗാര്‍ഹിക പീഡനം എന്നിങ്ങനെ അനവധി കേസുകള്‍ ഇയാള്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ കേസ് അട്ടിമറിക്കാനുള്ള ശ്രമവും നിസാമിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. നിഷാമിനെ കുറ്റക്കാരനായി മാധ്യമങ്ങൾ ചിത്രീകരിക്കുകയായിരുന്നുവെന്നും ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥർ ഇതിന്റെ പിന്നിലുണ്ട് എന്നുമായിരുന്നു പ്രതിഭാഗം കോടതിയില്‍ ബോധിപ്പിച്ചത്. ചന്ദ്രബോസിനെ നിസാം ആക്രമിക്കുകയായിരുന്നില്ല മറിച്ച് സെക്യൂരിറ്റി ബാറ്റൺ ഉപയോഗിച്ച്‌ ചന്ദ്രബോസ്‌ നിസാമിനെയായിരുന്നു ആക്രമിച്ചത്‌ എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം പ്രതിഭാഗം നടത്തിയിരുന്നു. ചന്ദ്രബോസിന്റെ മരണം ചികിത്സാപ്പിഴവുമൂലമാണെന്നും ചികിത്സിച്ച ഡോക്ടര്‍മാരെയാണ് പ്രതികളാക്കേണ്ടതെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. കെ. രാമന്‍പിള്ളയുടെ അന്തിമവാദം. ചന്ദ്രബോസ്‌ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനല്ല. സംഭവ ദിവസം ഇയാൾ ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്നും ആക്രമിച്ചുവെന്ന്‌ പറയുന്ന കാബിനിൽ ചന്ദ്രബോസ്‌ ഉണ്ടായിരുന്നില്ലെന്നും പ്രതിഭാഗം വാദിച്ചു. ശോഭാസിറ്റിയിലെ അന്നത്തെ രജിസ്റ്ററിൽ പ്രധാനസംഭവമായിരുന്നിട്ടും ചന്ദ്രബോസിനെ കാറിടിപ്പിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നത്‌ രേഖപ്പെടുത്തിയിട്ടില്ലെന്ന്‌ പ്രതിഭാഗം തെളിവായി ചൂണ്ടിക്കാട്ടി. രണ്ടും മൂന്നും സാക്ഷികളുടെ മൊഴികൾ വൈരുദ്ധ്യമുള്ളതാണ്‌ എന്നും ചന്ദ്രബോസിനെ ആക്രമിച്ചുവെന്നും കൊലപ്പെടുത്തിയെന്നുള്ള വാദം പ്രോസിക്യൂഷൻ മെനഞ്ഞെടുത്ത കഥയാണെന്നും പ്രതിഭാഗം വാദിക്കുകയുണ്ടായി.

ഇതിനിടയില്‍ ചന്ദ്രബോസിന്റെ സഹപ്രവര്‍ത്തകനും കേസിലെ ഒന്നാം സാക്ഷിയുമായ അനൂപ്‌ മൊഴി മാറ്റിയിരുന്നു. സഹപ്രവർത്തകനെ കൊന്ന കേസില്‍ നീതി ലഭിക്കണമെന്നും എത്ര പ്രലോഭനങ്ങൾ ഉണ്ടായാലും മൊഴി മാറ്റില്ല എന്നും പ്രസ്താവന നടത്തിയ ഇയാള്‍പൊലീസ് ബലം പ്രയോഗിച്ച് പറയിപ്പിച്ച മൊഴിയാണിതെന്നും ചന്ദ്രബോസിനെ നിസാം ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നും ആണ് കേസില്‍ വാദം തുടങ്ങിയപ്പോള്‍ കോടതിയില്‍ പറഞ്ഞത്. കാര്‍ അമിത വേഗതയിലെത്തി ഇടിക്കുന്നത് കണ്ടുവെന്നായിരുന്നു അനൂപ് ആദ്യം നല്‍കിയ മൊഴി. എന്നാല്‍ ഇയാള്‍ പിന്നീട് വാദിഭാഗത്തിന് അനുകൂലമായി മൊഴിമാറ്റിയിരുന്നു.

നിസാമിന്റെ ഭാര്യ അമലും കേസില്‍ കൂറുമാറിയിരുന്നു. കേസിലെ പതിനൊന്നാം സാക്ഷിയായ അമല്‍ കൊലപാതകമല്ല വാഹനാപകടമാണെന്ന് അമല്‍ വിചാരണയ്ക്കിടെ മൊഴി നല്‍കി. ഇതോടെ അമല്‍ കൂറുമാറിയതായി കോടതി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ കേസ് അന്വേഷണത്തില്‍ പൊലീസിന് നല്‍കിയ മൊഴി ചന്ദ്രബോസിനെ നിസാം കാറില്‍ നിന്ന് വലിച്ച് പുറത്തിടുന്നതും മര്‍ദ്ദിക്കുന്നതും കണ്ടുവെന്നായിരുന്നു.

എന്നാല്‍ അന്തിമ വാദത്തിന്റെ പ്രാരംഭമായി ചന്ദ്രബോസ് വധക്കേസില്‍ സാക്ഷിമൊഴികളുടെയും ഹാജരാക്കിയ രേഖകളുടെയും ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ പ്രതി കുറ്റം ചെയ്തതായി സംശയാതീതമായി തെളിഞ്ഞതായി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി പി ഉദയഭാനു കോടതിയെ ബോധിപ്പിച്ചിരുന്നു. ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരടക്കം ആറ് ദൃക്സാക്ഷികളുടെയും മറ്റു സാക്ഷികളുടെയും മൊഴികളില്‍നിന്ന് പ്രതി നിസാം കൊലക്കുറ്റം ചെയ്തതായി തെളിഞ്ഞെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു. ചന്ദ്രബോസിന്റെ ദേഹത്ത് നിസാം ഹമ്മര്‍ കാര്‍ ഓടിച്ചുകയറ്റുകയും തുടര്‍ന്ന് ക്രൂരമായി ചവിട്ടുകയും ചെയ്തതിന് ദൃക്സാക്ഷികളുണ്ടെന്നും കൊല്ലാനുള്ള ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണമെന്നും വാദിഭാഗം തെളിയിച്ചിരുന്നു. കാര്‍ ദേഹത്ത് കയറ്റിയതിനെത്തുടര്‍ന്നുണ്ടായ മാരകമായ പരിക്കുകളും അനിയന്ത്രിതമായ ആന്തരിക രക്തസ്രാവവുമാണ് ചന്ദ്രബോസിന്റെ മരണത്തിനിടയാക്കിയതെന്ന് ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴികളും ചികിത്സാരേഖകളും വ്യക്തമാക്കുന്നു. ഇതിനെ സാധൂകരിക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും നിസാം കുറ്റം ചെയ്തത് തെളിയിക്കുന്നതിന് 66 രേഖകളും 24 തൊണ്ടി സാധനങ്ങളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. 

ഇതിനിടെ വിചാരണ തടസ്സപ്പെടുത്താന്‍ നിസാം ഏഴു തവണ സുപ്രീംകോടതിയെയും 15 തവണ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍, എല്ലാ ഹര്‍ജികളും മേല്‍ക്കോടതികള്‍ തള്ളുകയായിരുന്നു. വാദം വീണ്ടും  മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു. ജനുവരി 31നകം കേസില്‍  വിധി പറയണമെന്ന സുപ്രീംകോടതി ഉത്തരവ് പാലിക്കേണ്ടതിനാല്‍  വാദം നീട്ടാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍