UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പണം കൊടുത്ത് വിധി വിലയ്ക്ക് വാങ്ങാനാവില്ല

Avatar

അഡ്വ. സി പി ഉദയഭാനു /ഉണ്ണികൃഷ്ണന്‍ വി

കൃത്യം നടന്ന് ഒരു വര്‍ഷം തികയുന്നതിനു മുന്‍പ് കേരളത്തെ നടുക്കിയ ചന്ദ്രബോസ് കൊലക്കേസിന്‍റെ കോടതി വിധി വന്നത് കഴിഞ്ഞ ദിവസമാണ്. സാമ്പത്തിക പിന്തുണയും സ്വാധീനവും കൊണ്ട് വാദത്തിനിടയില്‍  പല തവണ നിയമവ്യവസ്ഥയെ പ്രതിഭാഗം വെല്ലുവിളിച്ചുവെങ്കിലും നിഷ്പക്ഷമായി പ്രവര്‍ത്തിക്കുവാന്‍ നീതിപീഠത്തിനു കഴിയും എന്നതിന് ഉദാഹരണമായി പ്രതിക്കു  മാതൃകാപരമായ ശിക്ഷ  തേടിയെത്തുമ്പോള്‍, പ്രശംസയര്‍ഹിക്കുന്നത് അതിന് കാരണക്കാരനായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സിപി ഉദയഭാനുവിന് കൂടിയാണ്.  പ്രലോഭനങ്ങള്‍ പലതുണ്ടായിട്ടും തന്റെ നിലപാടില്‍ ഉറച്ചു നിന്ന് അത്താണി നഷ്ടപ്പെട്ട ഒരു കുടുംബത്തിനു നീതി ലഭ്യമാക്കുന്നതില്‍ വിജയിച്ച മുതിര്‍ന്ന അഭിഭാഷകനായ  സിപി ഉദയഭാനു ചന്ദ്രബോസ് കേസിനെക്കുറിച്ചും കേരളത്തിലെ രാഷ്ട്രീയ-നിയമ സാഹചര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നു.

തുടക്കം മുതല്‍ നാടകീയത നിറഞ്ഞ സന്ദര്‍ഭങ്ങളിലൂടെയാണ് ചന്ദ്രബോസ് കൊലക്കേസ് അന്ത്യപാദത്തിലേക്ക് എത്തുന്നത്. ഏറെ വെല്ലുവിളികള്‍ ഇതിനിടയില്‍ നേരിടേണ്ടി വന്നിട്ടുണ്ടല്ലോ. ഈ സാഹചര്യങ്ങള്‍ എങ്ങനെ മറികടക്കാന്‍ സാധിച്ചു? 

2015 ജനുവരി 29 നായിരുന്നു ചന്ദ്രബോസ് കൊല്ലപ്പെടുന്നത്. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയി ഞാനെത്തുന്നത് മാര്‍ച്ച് മാസത്തിലാണ്. അപ്പോഴേയ്ക്കും അന്വേഷണം ഏകദേശം പകുതി പിന്നിട്ടിരുന്നു. അതുവരെയുള്ള അന്വേഷണത്തിലെ പാളിച്ചകള്‍ പരിശോധിക്കാന്‍ നില്‍ക്കാതെ  എങ്ങനെ ഇത് ബുദ്ധിപരമായി കോടതിയില്‍ അവതരിപ്പിക്കാന്‍ കഴിയും എന്നുള്ളതേക്കുറിച്ചായിരുന്നു എന്റെ ശ്രദ്ധ. ഫലപ്രദമായ രീതിയില്‍ ഒരു കുറ്റപത്രം തയ്യാറാക്കുക, അപ്പോഴുള്ള അന്വേഷണ ഉദ്യോഗസ്ഥന്മാരെ വിശ്വാസത്തിലെടുത്തു സഹകരിപ്പിക്കുക, ആ ചുമതലകള്‍ക്കാണ് പ്രാധാന്യം കൊടുത്തത്.  അത് ഫലപ്രദമായി നിര്‍വ്വഹിക്കാന്‍ കഴിഞ്ഞു എന്നാണ് വിശ്വാസം. എഡിജിപി ശങ്കര്‍ റെഡ്ഡി, അന്നത്തെ കമ്മീഷണര്‍ നിശാന്തിനി, ഗുരുവായൂര്‍ അസിസ്റ്റന്റ്റ് കമ്മീഷണര്‍  ജയചന്ദ്രന്‍ പിള്ള, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു, വെസ്റ്റിലെ സബ് ഇന്‍സ്പെക്ടര്‍ സജീവ്‌ കൂടാതെ അനവധി പോലീസ് ഉദ്യോഗസ്ഥര്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതിന്റെ കൂടി ഫലമാണ്‌ ഇപ്പോഴത്തെ വിജയം. ചില ദിവസങ്ങളില്‍ കേസിന്റെ ഭാഗമായുള്ള ആന്വേഷണങ്ങള്‍ കഴിയുമ്പോഴേക്കും പുലര്‍ച്ചെ രണ്ടു മണിയോളം ആകുമായിരുന്നു. ആ സമയത്തും ശങ്കര്‍ റെഡ്ഡി ഞങ്ങളോടൊപ്പമുണ്ടായിരുന്നു. 

ആദ്യസമയത്തെ  കേസന്വേഷണത്തില്‍ ഉണ്ടായ പാളിച്ചകള്‍ ഒന്നും പ്രോസിക്യൂഷന്‍ ടീമിനെ ബാധിക്കുന്ന കാര്യങ്ങളല്ല. അതുകൊണ്ടു തന്നെ ആ പാളിച്ചകള്‍ക്കു കാരണം എന്താണെന്നോ, അത് ഇനിയുണ്ടാവാതിരിക്കാനുള്ള നടപടി സ്വീകരിക്കാനോ ഞങ്ങള്‍ മുതിര്‍ന്നിട്ടുമില്ല. കേസ് വിജയകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ സഹകരണം തേടുക, അവരുടെ വിശ്വാസം നേടുക, സാക്ഷികള്‍ മൊഴി മാറ്റാതെ കോടതിയില്‍ സത്യം പറയുന്നു എന്ന് ഉറപ്പു വരുത്തുക ഈ കാര്യങ്ങളിലാണ് പ്രോസിക്യൂഷന്‍ ശ്രദ്ധിച്ചത്. കൂടാതെ അനവധി സാക്ഷികള്‍ ഉണ്ടായിരുന്നുവെന്നിരിക്കെ അതില്‍ നിന്നും ആവശ്യമുള്ളവരെ തെരഞ്ഞെടുക്കുക, തെളിവുകള്‍ പൂള്‍ ചെയ്യുക ഇതൊക്കെയാണ് പ്രാഥമികഘട്ടത്തില്‍ ചെയ്തത്.

മേലുദ്യോഗസ്ഥന്മാരായ ചിലരുടെ ഇടപെടലുകള്‍ കേസില്‍ ഉണ്ടായി എന്നുള്ളത് സത്യമാണ്. അതു കാരണം നല്ലൊരു വിഭാഗത്തിന്റെ മേല്‍ കളങ്കം ചാര്‍ത്തപ്പെടുകയും ചെയ്തു. പിന്നീടുണ്ടായ ഒരു സംഭവം സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിയെ കുടുംബവുമായി കൂടിക്കാഴ്ചയ്ക്ക് അനുവദിച്ചു എന്നുള്ളതാണ്. കണ്ണൂര്‍ മുതല്‍ കൊച്ചി വരെയുള്ള യാത്രയില്‍ പ്രതി ഇവരെ മുതലെടുക്കുകയായിരുന്നു. അത് കണ്ടെത്തിയത് ഞാനാണ്. ഡിജിപി ഇടപെട്ട് അവരെ സസ്പെന്റ് ചെയ്തിരുന്നു.

പ്രതിക്കനുകൂലമായി നിലപാടെടുക്കാന്‍ പല സുഹൃത്തുക്കള്‍ വഴി സ്വാധീനിക്കാന്‍ ശ്രമമുണ്ടായി. ഒരു കുടുംബത്തിന്റെ അതിജീവനത്തിന്റെ പ്രശ്നമാണ്, ഒരു സാധാരണക്കാരന്റെ ജീവന്‍ നഷ്ടപ്പെട്ട കാര്യമാണ്, അതുകൊണ്ട് അവര്‍ക്കു നീതി ലഭ്യമാക്കിക്കൊടുക്കുന്ന കാര്യത്തില്‍ തടസ്സമുണ്ടാവുന്ന ഒരു സമീപനവും സൗഹൃദത്തിന്‍റെ പേരില്‍  പ്രതീക്ഷിക്കേണ്ട എന്ന് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. പിന്നീട് സമ്മര്‍ദ്ദങ്ങള്‍  എന്ന് പറയാന്‍ പറ്റുക പ്രതിഭാഗം നടത്തിയ ചില മലക്കം മറിച്ചിലുകള്‍ വരുമ്പോഴായിരുന്നു. സാക്ഷികളെ ഭയപ്പെടുത്തി മൊഴി മാറ്റുന്ന പ്രവണതയുണ്ടായിരുന്നു. വിചാരണയുടെ വലിയൊരു ഘട്ടം കഴിഞ്ഞപ്പോഴാണ്  കേസ് പുറത്തേക്ക് മാറ്റണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി പോകുന്നത്. അത് നടന്നിരുന്നെങ്കില്‍ മറ്റു പല കേസുകളേയും പോലെ ഇതും വഴിമാറിപ്പോയേനെ. അതുപോലെ തന്നെ മറ്റൊരു സംഭവമാണ്, കേസിലെ ഒന്നാം സാക്ഷി മൊഴിമാറ്റുന്നത്. അയാള്‍ സത്യസന്ധമായി മൊഴി നല്‍കും എന്ന് ഞങ്ങള്‍ കരുതിയിരുന്ന സമയത്താണ് കൂട്ടില്‍ കയറിയ സാക്ഷി നേരത്തെ പറഞ്ഞ മൊഴിയ്ക്കു ഘടകവിരുദ്ധമായ രീതിയില്‍ മൊഴി നല്‍കുന്നത്. ആ സാക്ഷിയുടെ കൈവശം പ്രതിഭാഗം നല്‍കിയ ചില കടലാസ് കഷ്ണങ്ങള്‍ പോലുമുണ്ടായിരുന്നു. അതായത് പരീക്ഷാ ഹാളില്‍ ചില വിദ്യാര്‍ഥികള്‍ കോപ്പിയടിക്കാന്‍ എത്തുന്നത് പോലെ അതും പോക്കറ്റില്‍ വയ്ച്ചുകൊണ്ടാണ് ഇയാള്‍ കോടതിയില്‍ എത്തിയത്. ഇതൊക്കെ കോടതിയില്‍ കാണിക്കുന്നതിന് പകരം തൊഴില്‍ പരമായ സംശുദ്ധി നില നിര്‍ത്തിക്കൊണ്ടു തന്നെ അയാള്‍ മുന്‍പത്തെ മൊഴിയില്‍ ഉറച്ചു നില്‍ക്കും എന്നുറപ്പാക്കുവാനാണ് പ്രോസിക്യൂഷന്‍ ശ്രമിച്ചത്. 

വേറൊന്ന്  പ്രതിഭാഗത്തിന്റെ ഒരു ഡിഫന്‍സ് എടുത്ത് സാക്ഷികളെ വിസ്തരിച്ചു വരുമ്പോഴാണ് മറ്റൊന്നിലേക്ക് അവര്‍ ഡിഫന്‍സ് മാറ്റുന്നത്. ബൈ പോളാര്‍ ഡിസോര്‍ഡര്‍ എന്നത് ക്ലിയര്‍ ചെയ്തപ്പോഴാണ്  കേസ് കേരളത്തിനു പുറത്തേക്ക് മാറ്റാനുള്ള ശ്രമം നടക്കുന്നത്. ഒരേ സമയം തുടര്‍ച്ചയായി നിലനിന്നു പോകുന്ന ഒരു ഡിഫന്‍സ് പ്രതിഭാഗം എടുത്തിരുന്നില്ല. അതു തന്നെയാണ് ഈ കേസില്‍ അവര്‍ക്ക് സംഭവിച്ച ഏറ്റവും വലിയ പാളിച്ച എന്ന് ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ ഞാന്‍ വിലയിരുത്തുന്നതും.

നിസാമിന്  ബൈ പോളാര്‍ ഡിസോര്‍ഡര്‍ ഉണ്ടെന്ന  ഡിഫന്‍സ് വാദത്തെ എങ്ങനെയാണ് നേരിട്ടത്. സാധാരണ കേസുകളില്‍ ഈ ജനറല്‍ എക്സപ്ഷന്‍ ഉപയോഗിച്ച് പ്രതികള്‍ രക്ഷപ്പെടാറുള്ളതാണല്ലോ?

പ്രതിഭാഗം  തുടര്‍ച്ചയായി ഒരേ ഡിഫന്‍സ് അല്ല എടുത്തിരുന്നത്, ഓരോ ഘട്ടങ്ങളിലും ഓരോന്നായിരുന്നു. അങ്ങനെയാണ് ഒരു ഘട്ടത്തില്‍ ബൈ പോളാര്‍ ഡിസോര്‍ഡര്‍ എന്ന അസുഖമുണ്ടെന്ന ഡിഫന്‍സ് അവര്‍ ഉയര്‍ത്തുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം പ്രകാരം കുറ്റം ചെയ്യുമ്പോള്‍ പ്രതി മാനസികമായി സ്ഥിരതയില്ലാത്ത അവസ്ഥയിലായിരുന്നു എന്നുള്ള ഡിഫന്‍സ് (ജനറല്‍ എക്സപ്ഷന്‍) എടുക്കാവുന്നതാണ്. എന്നാല്‍ ഈ കേസില്‍ മേല്‍പ്പറഞ്ഞ അസുഖത്തിന്റെ അല്ലെങ്കില്‍ മാനസിക നിലയുടെ എന്തെങ്കിലും ലക്ഷണങ്ങള്‍ പ്രതിയില്‍ ഉണ്ടായിരുന്നതായി തെളിയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. നിസാം ബാംഗ്ലൂര്‍ ഉള്ള ഒരു ഡോക്ടറുടെ ചികിത്സയില്‍ ആയിരുന്നതായി കോടതിയില്‍ പ്രതിഭാഗം പറഞ്ഞിരുന്നു. എന്നാല്‍ അതിന്റെ രേഖകള്‍ ഹാജരാക്കാന്‍ തയ്യാറായില്ല. എന്നാല്‍ പ്രോസിക്യൂഷന്‍ ഈ രേഖകള്‍ വരുത്തി പരിശോധിച്ചിരുന്നു. ബൈ പോളാര്‍ ഡിസോര്‍ഡറിന്റെ യാതൊരു ചികിത്സയ്ക്കും നിസാം വിധേയനായിട്ടില്ല എന്നുള്ളത് അതില്‍ നിന്നും വ്യക്തമായിരുന്നു. ഒരു പക്ഷേ സത്യം പ്രോസിക്യൂഷന് വ്യക്തമായി എന്നുള്ള കാരണം കൊണ്ടാവാം പ്രതിഭാഗം അക്കാര്യത്തില്‍ നിന്നും പിന്‍വാങ്ങിയത്. ഗുരുവായൂര്‍ ഉള്ള ഒരു ഡോക്ടറെ സാക്ഷിയായി അവര്‍ കൊണ്ടുവന്നിരുന്നു. അവസാനം നിസാമിനെ ചികിത്സിച്ചിട്ടേ ഇല്ല എന്നുള്ള സത്യം അയാള്‍ സമ്മതിക്കുകയായിരുന്നു. അതോടു കൂടി ഈ ഡിഫന്‍സ്  അവര്‍ക്കു പിന്‍വലിക്കേണ്ടി വന്നു.

നിസാമിനതിരെ ചാര്‍ത്തപ്പെട്ട കുറ്റങ്ങള്‍ ഏതൊക്കെയാണ്?

9 കുറ്റങ്ങളാണ് ആരോപിച്ചത്. അതില്‍ 7 എണ്ണം തെളിയിച്ചിരുന്നു. ശരീരത്തില്‍ ഏല്‍പ്പിക്കുന്ന പരിക്കുകളുമായി ബന്ധപ്പെട്ടതാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 323, 324, 326 എന്നീ വകുപ്പുകള്‍. 447, 427 ഒരു മുറിയില്‍ കടന്നു കയറി നാശനഷ്ടം വരുത്തുന്നത് സംബന്ധിച്ചുള്ളതാണ്. 560 (1) എന്നത് ഒരാളെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തുന്നത്. 302 എന്നത് കൊലപാതകവും;  ഈ നാലു കുറ്റങ്ങളാണ് സംശയാതീതമായി തെളിയിക്കപ്പെട്ടത്.

തെളിയാതെ പോയ രണ്ടു കുറ്റങ്ങള്‍ ചന്ദ്രബോസിനെയും സംഘത്തെയും നിസാം തടഞ്ഞു നിര്‍ത്തി എന്നുള്ളതും കേട്ടാല്‍ അറപ്പും വെറുപ്പും ഉളവാക്കുന്ന അസഭ്യവാക്കുകള്‍ പറഞ്ഞു എന്നുള്ളതുമാണ്. കോടതിയില്‍ അത്തരത്തിലുള്ള അസഭ്യവാക്കുകള്‍ സാക്ഷികളെ കൊണ്ട് പറയിപ്പിക്കണ്ട എന്നുള്ളതുകൊണ്ട് അത് ഞാന്‍ തന്നെ വേണ്ട എന്നു വച്ചതാണ്. രണ്ടാമത്തേത് തടഞ്ഞു നിര്‍ത്തി എന്നുള്ളതാണ്, ഏതു ഘട്ടത്തില്‍ തടഞ്ഞു എന്നതിന് തെളിവില്ലാതെ പോയി. അങ്ങനെയാണ് രണ്ടു കുറ്റങ്ങള്‍ തെളിയാതിരുന്നത്. അത് പ്രോസിക്യൂഷന് ക്ഷീണമുണ്ടാക്കിയതായി കരുതുന്നില്ല.

 

വാദം നടക്കുന്ന സമയം പ്രതിഭാഗം ഏഴു തവണ സുപ്രീം കോടതിയെയും 15 തവണ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ടല്ലോ. ഈ നീക്കങ്ങള്‍  ഏതെങ്കിലും തരത്തില്‍ വിചാരണയെ ബാധിച്ചിട്ടുണ്ടോ?

അങ്ങനെ ഉണ്ടായിട്ടില്ല. കേസിന്റെ ഗൌരവം ഹൈക്കോടതിയ്ക്ക് അറിയാമായിരുന്നു. കൂടാതെ ആവശ്യഘട്ടങ്ങളില്‍ കോടതിയില്‍ ഞാന്‍ ഹാജരാവുകയും ചെയ്തു. അതിനാല്‍ ഹൈക്കോടതിയില്‍ നിന്നും കാര്യമായ തടസ്സങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അവിടെ നിന്നും സ്റ്റേ വാങ്ങാന്‍ പ്രതിഭാഗത്തിന് സാധിച്ചതുമില്ല. സുപ്രീം കോടതിയില്‍ ഒരു ഘട്ടത്തില്‍ എന്റെ ശ്രദ്ധ. ആ ചുമതലകള്‍ക്കാണ് പ്രാധാന്യം കൊടുത്തത്. അഡ്വ. കപില്‍ സിബലിനോടൊപ്പം ഹാജരാവുകയും ചെയ്തിരുന്നു.  സുപ്രീം കോടതിയില്‍ നിന്നും കാര്യമായ രീതിയിലുള്ള സഹായം പ്രതിക്ക് ലഭിക്കുകയുണ്ടായില്ല. അക്കാര്യത്തില്‍ പേരെടുത്തു നന്ദി പറയേണ്ടത് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയ്ക്കാണ്. ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ ഒക്കെ അദ്ദേഹം സഹായിച്ചിരുന്നു. സുപ്രീം കോടതിയുമായി ബന്ധപ്പെടെണ്ട അവസരങ്ങളില്‍ സംസ്ഥാനത്തിന്‍റെ ഭാഗത്തു നിന്നും എല്ലാ പിന്തുണയും അദ്ദേഹം ഉറപ്പു വരുത്തിയിരുന്നു.

സാമ്പത്തിക പിന്തുണയുള്ള പ്രതികള്‍ ഏതുവിധേനയും സ്വാധീനമുപയോഗിച്ച് രക്ഷപ്പെടുന്ന പ്രവണത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചന്ദ്രബോസ് കൊലക്കേസ് വേറിട്ടു നില്‍ക്കുന്നു. ഇതിനെ എങ്ങനെ വിലയിരുത്തുന്നു?

അന്വേഷണ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട മറ്റുദ്യോഗസ്ഥരും ഉറച്ച മനസ്സോടെ ജാഗ്രതയോടു കൂടി പ്രവര്‍ത്തിക്കുകയാണെങ്കില്‍ ആര്‍ക്കും അവരുടെ മേല്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുകയില്ല. ഞാന്‍ ഒരു സ്വാധീനത്തിനും വഴങ്ങുകയില്ല എന്നുള്ള കര്‍ക്കശമായ നിലപാട് അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂട്ടറും സ്വീകരിച്ചാല്‍ മതി. അതിനൊരു ദൃഷ്ടാന്തമാണ്  ചന്ദ്രബോസ് കേസ് കൊലക്കേസ്.

പോലീസ് സ്വതന്ത്രമായ ഒരു അന്വേഷണ ഏജന്‍സി അല്ലല്ലോ. അത് ഭരണത്തിലുള്ള സര്‍ക്കാരിനെ കൂടി ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുക. ആയതിനാല്‍ തന്നെ ചില വിഷയങ്ങള്‍ക്ക്‌ നേരെ കണ്ണടയ്ക്കുവാനും ചിലതിനു നേരെ കണ്ണുകള്‍ അമിതമായി തുറന്നുപിടിക്കുവാനും അവര്‍ക്കു തയ്യാറാവേണ്ടി വരുന്നു. ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള  താക്കീത് കൂടിയാണ് ഈ വിധി. കൂടാതെ ചന്ദ്രബോസ് കേസ് ലാന്‍ഡ്‌ മാര്‍ക്ക് കേസ് ആവുന്നത് ചില പ്രത്യേക കാര്യങ്ങള്‍ കൊണ്ടാണ്. ഒന്നു അതിന്‍റെ വിചാരണയുടെ രീതി, രണ്ട് അതിന്‍റെ വിധി, മൂന്ന് ശിക്ഷയുടെ കാഠിന്യം, നാല് കള്ളസാക്ഷി പറഞ്ഞതിന് പ്രതിയുടെ ഭാര്യക്കെതിരെ കേസ്. ഇതൊക്കെ അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായിട്ടുള്ള ഒരു സമ്മേളനമാണ്‌. 365 ദിവസത്തില്‍ 350 ദിവസവും ഉപയോഗിച്ചാണ് വിചാരണ പൂര്‍ത്തിയാക്കിയത്. വധശിക്ഷ തന്നെ വേണം എന്നായിരുന്നു ആവശ്യം ശിക്ഷ വിധിച്ചെങ്കിലും ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രി അടക്കമുള്ളവര്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അതേത്തുടര്‍ന്ന് ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനും ഞാനും ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ ഈ കേസില്‍ അപ്പീല്‍ സമര്‍പ്പിക്കുക എന്നുള്ളതാണ്.  അത് ഉടനെയുണ്ടാകും. 

കോടതിയില്‍ വാദത്തിനിടെയുണ്ടാവുന്ന പരാമര്‍ശങ്ങളും വാക്കാലുള്ള നിരീക്ഷണങ്ങളും മാധ്യമ ചര്‍ച്ചകള്‍ വിഷയമാകാറുണ്ടല്ലോ. ഇത് പലപ്പോഴും വിഷയത്തില്‍ നിന്നും വ്യതിചലിക്കാറുമുണ്ട്, മാധ്യമങ്ങള്‍ അവരുടേതായ വിധി പ്രസ്താവിക്കാറുമുണ്ട്. ഏതെങ്കിലും തരത്തില്‍ ഇത് കേസുകളെ ബാധിക്കാറുണ്ടോ?

മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഒരു കോടതിയെയും ബാധിക്കാറില്ല, പ്രത്യേകിച്ചും കേരളത്തില്‍. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇപ്പോള്‍ പൊട്ടും, പൊട്ടിയാല്‍ കൊച്ചിവരെയുള്ള  പ്രദേശം ഉണ്ടാവില്ല എന്നും  ഒരു സമയത്ത് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ പൊട്ടുമെന്ന് പറഞ്ഞ ആ ദിവസവും എന്നത്തേയും പോലെ കാര്യങ്ങള്‍ നടന്നു. അതുപോലെയാണ് ഇതും. മാധ്യമങ്ങള്‍ക്ക് സ്വാധീനിക്കാന്‍ കഴിയുക വികാരപരമായ ചില തലങ്ങളിലാണ്. പക്ഷേ അത്  ഒരു കേസില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാനിരിക്കുന്ന ജഡ്ജിയുടെ മനസ്സിനെ യാതൊരു തരത്തിലും സ്വാധീനിക്കാറില്ല.വാര്‍ത്തകള്‍ സമൂഹത്തിന്റെ സുരക്ഷയ്ക്ക്,  അവരെ ചിന്തിപ്പിക്കുന്നതിന് ആവശ്യമാണ്. അത്തരത്തിലുള്ള ചര്‍ച്ചകള്‍ സ്വാഗതമര്‍ഹിക്കുന്നു. വിധികളെ അല്ലെങ്കില്‍ അതിന്‍റെ സാഹചര്യങ്ങളെ മറ്റൊരു രാജ്യത്തിലെ വിധികളുമായി താരതമ്യം ചെയ്ത് അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. എന്നാല്‍ അത്തരം ചര്‍ച്ചകളും വാര്‍ത്തകളും ആവശ്യമുള്ളത് ഒരു ന്യൂനപക്ഷത്തിനു മാത്രമാണ്. അങ്ങനെ വരുമ്പോള്‍ വാര്‍ത്തകളുടെ സ്വീകാര്യത കൂടി പരിശോധിക്കാനുള്ള ധാര്‍മികമായ ഉത്തരവാദിത്വം അവര്‍ക്കുണ്ട്. അവര്‍ ചെയ്യുന്നത് ശരിയോ തെറ്റോ എന്ന് തീരുമാനിക്കേണ്ടത് അതുമായി റെഗുലേറ്ററി അതോറിറ്റികള്‍ തന്നെയാണ്. പക്ഷേ തീരുമാനമെടുക്കുന്നതുമായി അതിനു ബന്ധമില്ല. എന്തായാലും ഈ കേസില്‍ മാധ്യമങ്ങളുടെ ഇടപെടല്‍ ഒരു തരത്തിലും ബാധിച്ചിട്ടില്ല.

കോടതിയുടെ വൈകാരികമായ ഇടപെടലുകള്‍, പരാമര്‍ശങ്ങള്‍ എന്നിവ വിധിയെന്ന രീതിയിലേക്ക്  വളച്ചൊടിക്കപ്പെടുകയുണ്ടായല്ലോ. ഉദാ: ശബരിമല വിഷയം

അതിനെ വൈകാരികമായ ഇടപെടലുകള്‍ എന്ന് കാണാന്‍ കഴിയില്ല. കോടതി നിരീക്ഷണങ്ങള്‍ക്ക് ഒരു ആലങ്കാരികത കൈവരുന്നു എന്നുള്ളതാണ്. വാക്കാലുള്ള നിരീക്ഷണം വിധിയായി വളച്ചൊടിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ വളച്ചൊടിച്ചവര്‍ തന്നെയാണ്. പഞ്ചായത്ത് രാജ് ആക്റ്റ് പ്രകാരം 50 ശതമാനം സംവരണം വനിതകള്‍ക്കായി നിലവിലുണ്ടല്ലോ ലിംഗവിവേചനം ഒഴിവായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ചിന്തിക്കുന്ന ജനതയാണ് കേരളത്തിലേത്. മറ്റുള്ള എല്ലായിടങ്ങളിലും സമത്വം ലിംഗസമത്വം നിലവില്‍ വരുമ്പോള്‍ ശബരിമലയില്‍ എന്തുകൊണ്ട് ആയിക്കൂടാ എന്നുള്ളതാവാം കോടതിയുടെ നിരീക്ഷണത്തിനു പിന്നില്‍. തൊട്ടുകൂടായ്മയും, തീണ്ടിക്കൂടായ്കയും നിലവില്‍ നിന്നിരുന്ന ഒരു സമൂഹമാണ്‌ നമ്മുടെത് എന്നുകൂടി ആലോചിക്കണം. അതിനു മാറ്റമുണ്ടായത് ഇതുപോലെ ഒരു ചിന്തയില്‍ നിന്നാണ്. മാറ്റങ്ങള്‍ ഇപ്പോഴും ആവശ്യമാണ് എന്ന് കോടതി ചിന്തിച്ചതില്‍ തെറ്റു കാണാനാവില്ല. ഭരണഘടനാപരമായുള്ള സമത്വം നടപ്പിലാക്കണം എന്ന ഉദ്ദേശ്യം മാത്രമാണ് കോടതിയുടേത്.

ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിന് കോടതിയുടെ ശക്തമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നല്ലോ. പല കേസുകളിലും സമാനമായ നിലപാട് കോടതി സ്വീകരിക്കുകയും ചെയ്തു. ഇതിനെ എങ്ങനെ കാണുന്നു?

മടിയില്‍ കനമുള്ളവന് വഴിയില്‍ ഭയക്കേണ്ട എന്നതുപോലെയാണ് ഇത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൃത്രിമം നടത്തിയതിനാലാണ് അങ്ങനെ വിമര്‍ശനം നേരിടേണ്ടി വന്നത്. വിജിലന്‍സിനെക്കൊണ്ട് ചിലതെല്ലാം ചെയ്യാന്‍ തീരുമാനിച്ചു, അവര്‍ ചെയ്തു. ഏച്ചു കെട്ടിയാല്‍ മുഴച്ചിരിക്കും എന്നുപറയുന്നതുപോലെ റിപ്പോര്‍ട്ടില്‍ ആ മുഴകള്‍ എല്ലാം തെളിഞ്ഞു നിന്നു. കൃത്യമായ രീതിയില്‍ അവതരിപ്പിക്കേണ്ട സംഗതികള്‍ അതിനു വിരുദ്ധമായ തരത്തില്‍ കാണുമ്പോള്‍ കോടതി വിമര്‍ശിക്കും. അത് സ്വാഭാവികമാണ്.

ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ സ്വീകരിച്ച നിലപാടില്‍ നിന്നും വ്യതിചലിച്ച്  തികച്ചും മൃദുലമായ  സമീപനമാണ്  മന്ത്രി കെ ബാബുവിനോടു സ്വീകരിച്ചത്. ഇപ്പോള്‍ സിബിഐ അന്വേഷണം വേണം എന്ന കോടതി ആവശ്യം നിരാകരിച്ചിരിക്കുകയാണ് സര്‍ക്കാര്‍. അതിനെ എങ്ങനെ വിലയിരുത്തുന്നു?

കാക്കയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്` എന്ന് പറയുന്നതുപോലെ, ഭരണത്തിലിരിക്കുന്ന എക്സൈസ് മന്ത്രി മന്ത്രിസഭയുടെ പൊന്‍കുഞ്ഞ് ആയിരുന്നിരിക്കും. കരിങ്കോഴയ്ക്കല്‍ മാണി അതായിരിക്കില്ല. അതുകൊണ്ടു തന്നെ മാണിയെ തഴയുകയും ബാബുവിനെ സംരക്ഷിക്കുകയും ചെയ്തു.

ഭരണചുമതലയുള്ള രണ്ടു മന്ത്രിമാര്‍, അവരെ സഹായിക്കുന്ന  അല്ലെങ്കില്‍ അവരുടെ സഹായം കൊണ്ട്  പ്രയോജനമുണ്ടായ ഒരു മുഖ്യമന്ത്രി എന്നിവര്‍ ഇപ്പോഴും സംസ്ഥാനത്തുണ്ട്. അങ്ങനെ ഒരു സാഹചര്യമുള്ളപ്പോള്‍ സര്‍ക്കാരിനു കീഴിലുള്ള ഒരു ഏജന്‍സിക്ക് എങ്ങനെ ഫലപ്രദമായ ഒരു അന്വേഷണം നടത്താനാവും. അതുകൊണ്ടാണ് കേസ് സിബിഐക്ക് വിടണം എന്ന് കോടതി ആവശ്യപ്പെട്ടത്.  സിബിഐക്ക് തന്നെ പോവാനാണ് സാധ്യത. വലിയ മെച്ചങ്ങള്‍ ഒന്നും ഉണ്ടാവാന്‍ സാധ്യത ഇല്ലെങ്കിലും അന്വേഷണം ശരിയായ ദിശയില്‍ പോവുകയാണെങ്കില്‍, കുറ്റവാളി ആണെന്ന് തെളിയുകയാണെങ്കില്‍ രാജി വയ്ക്കേണ്ടി വരും.

ലാവലിന്‍ കേസ് ഒരു സുപ്രഭാതത്തില്‍ ഉയര്‍ന്നു വന്നത് ഏറെ സംശയത്തിനിടവരുത്തിയിരുന്നു. ഇതില്‍ രാഷ്ട്രീയതാല്പര്യങ്ങള്‍ ഉണ്ടെന്നും ആരോപണങ്ങളുണ്ട്.

സിബിഐ ആണ് അന്വേഷണ ഏജന്‍സി. റിവിഷന്‍ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഒരു സാധാരണ കക്ഷി മാത്രമാണ്. പിണറായി വിജയന്‍റെ ജാഥ തുടങ്ങുന്നതിനു തൊട്ടുമുന്‍പായി ഉണ്ടുകൊണ്ടിരുന്ന നായര്‍ക്ക് ഉള്‍വിളി ഉണ്ടായത് പോലെ കേസ് എടുക്കാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതം തന്നെയാണ്. പിണറായി വിജയനോ അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കോ ഉണ്ടാവാന്‍ സാധ്യതയുള്ള മേല്‍ക്കോയ്മ ഇല്ലതെയാക്കുവാന്‍ ഉള്ള ഒരു രാഷ്ട്രീയ ഉദ്ദേശ്യമാണ് ലാവ്‌ലിന്‍ പെട്ടന്ന് ഉയര്‍ന്നുവരാന്‍ കാരണം. സ്വാഭാവികമായും ഇ വിഷയത്തില്‍ ചര്‍ച്ചകള്‍ ഉണ്ടാവും. എതിര്‍പക്ഷത്ത് ഉള്ള പാര്‍ട്ടി എന്ന നിലയ്ക്ക് അവരെ തകര്‍ക്കാനുള്ള ശ്രമം എന്തയാലും ഉണ്ടാവും, ഭരണപക്ഷത്തിരിക്കുമ്പോള്‍ അതിനായി സ്വാധീനം ഉപയോഗിക്കുകയും ചെയ്യാം.

വിചാരണയില്ലാതെ ക്ലോസ് ചെയ്ത ഒരു കേസ് ആണല്ലോ ലാവ്‌ലിന്‍. അത്തരത്തില്‍ ക്ലോസ് ചെയ്യപ്പെട്ട വളരെ കുറച്ചു കേസുകളെയുള്ളൂ

പിണറായി വിജയന്‍ അഴിമതി നടത്തിയെന്നോ സംസ്ഥാനസര്‍ക്കാരിന് നഷ്ടമുണ്ടായെന്നോ കേസില്‍ ഉള്‍പ്പെട്ടവര്‍ സാമ്പത്തിക ലാഭമുണ്ടാക്കിയെന്നോ തെളിയിക്കുന്ന രേഖകള്‍ ഇതുവരെയും കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടില്ല. വന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ്  അവരെ കുറ്റവിമുക്തരാക്കുന്നത്. അവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയുകയാണെങ്കില്‍ കേസ് മുന്നോട്ടു പോകും.

സോളാര്‍ കേസിന്‍റെ അന്വേഷണം ഇപ്പോഴും എങ്ങും എത്താത്ത ഒരു അവസ്ഥയിലാണ്. സര്‍ക്കാര്‍ ഇടപെടലുകള്‍ ഇതിനെ സ്വധീനിചിട്ടുണ്ടാവുമോ? കമ്മീഷന്റെ കണ്ടെത്തലുകള്‍ക്ക് ഇതില്‍ മാറ്റം വരുത്താന്‍ സാധിക്കുമോ?

കമ്മിഷന്റെ പരിധിയിലാണല്ലോ സോളാര്‍ ഇപ്പോഴും അതിന്‍റെ വിധി വരുന്നതുവരെ കാത്തിരിക്കലാണ് ഉചിതം. എന്നാല്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ കൊണ്ട് ഒരു ഫലവും ഉണ്ടാവാന്‍ സാധ്യത ഇല്ല എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.അതിനുകാരണം കമ്മീഷന് അധികാരങ്ങള്‍ ഇല്ല എന്നത് തന്നെയാണ്. മാത്രമല്ല ഒട്ടേറെ പോരായ്മകള്‍ വന്നിട്ടുമുണ്ട്. സരിത വസ്ത്രം മാറിയത് എങ്ങനെ എന്ന് സൂചിപ്പിച്ച കമ്മീഷന് കേസ് സെറ്റില്‍ ചെയ്യാന്‍ പണം എവിടെനിന്ന് ലഭിച്ചു എന്നുള്ളത് ആരായാമായിരുന്നു. അതിന് കമ്മീഷന്‍ മുതിര്‍ന്നില്ല. ചാനല്‍ ചര്‍ച്ചകളിലെ വാര്‍ത്തകള്‍ മാത്രമാവും എന്നതിലുപരി കമ്മീഷന്‍ കണ്ടെത്തലുകള്‍ കൊണ്ട് ശിക്ഷാവിധികള്‍ നടപ്പിലാക്കാനോ പോലും സാധികില്ല. കമ്മീഷന്‍ റിപ്പോര്‍ട്ട് സീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക സര്‍ക്കാര്‍ ആണ്.  കുറ്റാരോപിതര്‍ ആയവര്‍ ഭരണത്തിലിരിക്കുമ്പോള്‍ എങ്ങനെ ആ റിപ്പോര്‍ട്ട് സ്വീകരിക്കപ്പെടും. അതേ സമയം നടന്നത് ഒരു ഡിവിഷണല്‍ എന്‍ക്വയറി ആയിരുന്നെങ്കില്‍ ഒരുപക്ഷേ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടേനെ. സരിത അടക്കം ജയിലില്‍ കിടക്കേണ്ടിയും വന്നേനെ. 

വിധി പ്രസ്താവിക്കുന്ന കോടതികള്‍ക്കെതിരെയും ന്യായാധിപന്മാര്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരാറുണ്ടല്ലോ. പ്രത്യേകിച്ചും രാഷ്ട്രീയ നേതാക്കള്‍ ഭാഗമായിട്ടുള്ള കേസുകളില്‍. മുന്‍പ് അസഭ്യവാക്കുകള്‍ വരെ പ്രയോഗിക്കുന്ന തരത്തിലേക്ക്  അതു വരികയും ചെയ്തിട്ടുണ്ട്. നീതിപീഠത്തിനെ അവഹേളിക്കുന്ന ഇത്തരം പ്രവണതകളെക്കുറിച്ച് എന്താണ് അഭിപ്രായം

ശുംഭന്‍ പരാമര്‍ശം വന്നതിനു ശേഷം കാര്യമായ തരത്തിലുള്ള വാക്പോരുകള്‍ ഉണ്ടായിട്ടില്ല. വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം. കോടതിയെ വിമര്‍ശിച്ചു കൂടാ എന്നൊന്നുമില്ല. അതിനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. സഹിഷ്ണുതയോടെ അതു കേള്‍ക്കാനുള്ള ബാധ്യത കോടതികള്‍ക്കും.

നിയമങ്ങള്‍ കാലഹരണപ്പെട്ടതാണ് മാറ്റങ്ങള്‍ക്കു വിധേയമാകണം എന്നുള്ള ആരോപണങ്ങള്‍ ഉയരുന്നുണ്ടല്ലോ. അഭിഭാഷകന്‍ എന്ന നിലയില്‍ ഇതിനെ എങ്ങനെ കാണുന്നു

കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുവാന്‍ ഒരു കമ്മിറ്റി നിലവിലുണ്ടായിരുന്നു. ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ ആയിരുന്നു അതിന്‍റെ ചെയര്‍മാന്‍. അതെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതാണ്. എന്നാല്‍ പിന്നീട് അതില്‍ കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ജൂഡിഷ്യറിയുടെ കാര്യത്തിലോ ഭരണപരിഷ്കാരങ്ങളുടെ കാര്യത്തിലോ ശ്രദ്ധാലുക്കളല്ല. മാറി വരുന്ന സര്‍ക്കാരുകള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക വികസനം എന്നുള്ള ഒരു മേഖലയില്‍ മാത്രമാണ്. പ്രാക്ടീസിംഗ് ആയിട്ടുള്ള അഭിഭാഷകര്‍ ഭരണതലത്തില്‍ വരികയാണെങ്കില്‍ മാത്രമേ ഇതില്‍ മാറ്റങ്ങള്‍ ഉണ്ടാകൂ. അഭിഭാഷകര്‍ ആരും തന്നെ ആ തലത്തിലേക്ക് എത്തപ്പെടുന്നില്ല. നിയമബിരുദമുള്ള ചിലര്‍ ആഭരണം പോലെ അത് കൊണ്ടു നടക്കുകയും ചെയ്യുന്നു.

ഇപ്പോള്‍ ഉയര്‍ന്നു വരുന്ന മറ്റൊരു വിഷയമാണ് വധശിക്ഷ ആവശ്യമാണോ അല്ലയോ എന്നുള്ളത്. അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിനോട് എങ്ങനെ പ്രതികരിക്കുന്നു? ചന്ദ്രബോസ് കേസില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത് വധശിക്ഷ ആയിരുന്നല്ലോ.

വധശിക്ഷ നമ്മുടെ നിയമത്തില്‍ അനുശാസിക്കുന്നിടത്തോളം കാലം പ്രായോഗികതലത്തില്‍ അതു നല്‍കാമോ എന്നുള്ള കാര്യത്തില്‍ മാത്രമേ ചിന്തിക്കാന്‍ കഴിയൂ. വധശിക്ഷ നിരോധിച്ച രാജ്യങ്ങളിലും നിലവിലുള്ളയിടങ്ങളിലും  അവസ്ഥ സമാനമാണ്. കുറ്റകൃത്യങ്ങള്‍ക്ക് കാര്യമായ കുറവുകള്‍ വന്നിട്ടില്ല രണ്ടിടങ്ങളിലും. മനുഷ്യന്‍ ഉള്ളിടത്തോളം കുറ്റകൃത്യങ്ങളും ഉണ്ടാവും. പരിശോധിക്കേണ്ട മറ്റൊരു കാര്യം വധശിക്ഷയെക്കുറിച്ച് പലപ്പോഴും എടുക്കുന്ന നിലപാടുകളാണ്. വേണം, വേണ്ട എന്നുള്ള നിലപാടുകള്‍ പലപ്പോഴും അവസരവാദപരമായുള്ളതാണ്. അജ്മല്‍ കസബിനെ വധശിക്ഷയ്ക്ക് വിധിച്ചത് ചെയ്ത കുറ്റകൃത്യത്തിന്‍റെ കാഠിന്യം കണക്കാക്കിയാണ്. ഏറെ ജീവനുകള്‍ പൊലിഞ്ഞതാണ് അയാള്‍ കാരണം. സമാനമായി മറ്റൊരു മനുഷ്യജീവന്‍ എടുക്കുന്ന വ്യക്തി എങ്ങനെയാണ് പരിഗണനയ്ക്ക് അര്‍ഹനാവുക. ഉദാഹരണമായി ചന്ദ്രബോസ് കൊലക്കേസ് , വളരെ ക്രൂരമായ രീതിയിലാണ് അയാള്‍ കൊല്ലപ്പെട്ടത്. ഇരകളെ സംരക്ഷണം നല്‍കാനാവാത്ത നിയമവ്യവസ്ഥ ഇല്ലാത്തിടത്തോളം കാലം വധശിക്ഷ അനിവാര്യമാണ്. വധ ശിക്ഷ നിലവിലുള്ള ഒരു രാജ്യത്ത് അതു നടപ്പിലാക്കുന്നതില്‍ തെറ്റൊന്നുമില്ല. അവസരവാദപരമായ നിലപാടുകളാണ് മാറേണ്ടത്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍