UPDATES

ഓ വി വിജയന്‍ പുരസ്കാരം ചന്ദ്രമതിക്ക്

ഓ വി വിജയന്‍ പുരസ്കാരം ചന്ദ്രമതിക്ക്. ‘രത്‌നാകരന്റെ ഭാര്യ’ എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. ഹൈദരാബാദിലെ മലയാളി സംഘടനയായ നവീന സാംസ്‌കാരിക കലാകേന്ദ്രം (എന്‍ എസ് കെ കെ) ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം. അവാര്‍ഡ് ജൂറി ചെയര്‍മാന്‍ പോള്‍ സക്കറിയയാണ്  വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

നവംബര്‍ ആറിനു ഹൈദരാബാദിലെ എന്‍.എസ്.കെ.കെ സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിക്കുക. 50,001 രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും കീര്‍ത്തിപത്രവും അടങ്ങുന്നതാണു പുരസ്‌കാരം. ഹിന്ദി കവിയും എഴുത്തുകാരനുമായ അശോക് വാജ്‌പെയി, കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍, ആഷാമേനോന്‍ എന്നിവര്‍ പങ്കെടുക്കും. ചടങ്ങിനോടനുബന്ധിച്ച് സാഹിത്യ സെമിനാറും ഉണ്ടാവും.

ചന്ദ്രമതിയുടെ കഥകൾ പെണ്ണനുഭവങ്ങളുടെ വൈരുദ്ധ്യങ്ങളിൽ നിന്നും കടഞ്ഞെടുത്തതാണ്. ആഖ്യാനത്തിന്റെ പതിവു രീതികളെ പൊളിച്ചെഴുതിക്കൊണ്ടാണ് ചന്ദ്രമതി സ്ത്രീയുടെ  സ്വപ്നങ്ങളും, വിഹ്വലതകളും, വേദനകളും പങ്കുവെച്ചത്. ഇതിവൃത്തങ്ങളുടെ വ്യത്യസ്‌തതയും അവതരണ രീതിയുടെ സവിശേഷതയും കൊണ്ട്‌ വായനയുടെ പുതിയ ലോകത്തിലേക്ക് കൊണ്ട് പോകുന്നുണ്ട് ചന്ദ്രമതിയുടെ കഥകള്‍. ദേവീഗ്രാമം, ദൈവം സ്വർഗ്ഗത്തിൽ, സ്വയം സ്വന്തം, വേതാള കഥകൾ, പേരില്ലാപ്രശ്നങ്ങൾ, ആര്യാവർത്തനം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, റെയിൻഡിയർ, തട്ടാരം കുന്നിലെ വിഗ്രഹങ്ങൾ, അന്നയുടെ അത്താഴ വിരുന്ന് തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ചന്ദ്രമതിയുടെ നിരവധി ഗവേഷണ ലേഖനങ്ങളും ഇംഗ്ലീഷിലും മലയാ‍ളത്തിലുമുള്ള വിവർത്തനങ്ങളും ദേശീയ അന്തർദേശീയ പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുണ്ട്. കഥകളുടെ ഇംഗ്ലീഷ്, ഹിന്ദി വിവർത്തനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചന്ദ്രമതിക്ക് 1999 ല്‍ ‘റെയിൻ ഡിയർ’ എന്ന കഥാ സമാഹാരത്തിന്‌ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. 1998 ല്‍ ‘റെയിൻ ഡിയർ’ എന്ന കഥാ സമാഹാരത്തിന്‌ ഓടക്കുഴൽ അവാർഡ്, 1997 ല്‍ ‘അഞ്ചാമന്റെ വരവ്’ എന്ന കഥയ്ക്ക് വി പി ശശികുമാർ അവാർഡ്, 1995 ‘ആര്യാവർത്തനം’ എന്ന കൃതിക്ക് തോപ്പിൽ രവി അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍