UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായിയെക്കുറിച്ച് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം; ഭഗത് സിംഗ് ബോബെറിഞ്ഞ പോലെയെന്നും ആര്‍എസ്എസ് നേതാവ്

ഭഗത് സിംഗ് ബ്രിട്ടീഷുകാര്‍ക്ക് നേരെ ബോംബെറിഞ്ഞ പോലൊരു കാര്യമാണ് താന്‍ ചെയ്തതെന്ന് അവകാശപ്പെട്ട ചന്ദ്രാവത് ഹിന്ദുക്കള്‍ ഉറങ്ങുകയല്ലെന്ന് എല്ലാവരും മനസിലാക്കട്ടെ എന്നും പറഞ്ഞു.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ തലയ്ക്ക് ഒരു കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചത് തന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ് ഡോ.കുന്ദന്‍ ചന്ദ്രാവത്ത്. ഭഗത് സിംഗ് ബ്രിട്ടീഷുകാര്‍ക്ക് നേരെ ബോംബെറിഞ്ഞ പോലൊരു കാര്യമാണ് താന്‍ ചെയ്തതെന്ന് അവകാശപ്പെട്ട ചന്ദ്രാവത് ഹിന്ദുക്കള്‍ ഉറങ്ങുകയല്ലെന്ന് എല്ലാവരും മനസിലാക്കട്ടെ എന്നും പറഞ്ഞു. പ്രസംഗം വിവാദമായതോടെയാണ് വിശദീകരണവുമായി ആര്‍എസ്എസ് നേതാവ് രംഗത്തെത്തിയത്. സ്ഥലം എംഎല്‍എയുടെയും എംപിയുടെയും സാന്നിധ്യത്തില്‍ മദ്ധ്യപ്രദേശിലെ ഉജ്ജയിനിയില്‍ നടത്തിയ പ്രസംഗത്തിലാണ് ചന്ദ്രാവത്ത് പ്രകോപനപരമായി സംസാരിച്ചത്.

കേരളത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ രക്ഷയ്ക്ക് വേണ്ടിയാണ് താന്‍ ഈ വാഗ്ധാനം മുന്നോട്ട് വച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഏതറ്റം വരെ പോവാനും മടിക്കില്ല. പ്രസംഗത്തിന്റെ പേരില്‍ കേസെടുക്കുമെന്ന് പേടിയുണ്ടോ എന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. താന്‍ പിണറായി വിജയനെ കൊന്നിട്ടൊന്നുമില്ലെന്നും ഒരു ഓഫര്‍ മുന്നോട്ട് വയ്ക്കുക മാത്രമാണുണ്ടായതെന്നും ആര്‍എസ്എസ് നേതാവ് പറഞ്ഞു. പറഞ്ഞത് തെറ്റാണെന്ന് തോന്നിയിട്ടില്ല. ആര്‍എസ്എസുകാരനായതില്‍ അഭിമാനിക്കുന്നുവെന്നും ചന്ദ്രാവത്ത് പറഞ്ഞു.

അതേസമയം ആര്‍എസ്എസ് നേതാവിന്റെ പ്രസ്താവനയെ അപലപിച്ചും ആര്‍എസ്എസിനെ വിമര്‍ശിച്ചും സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിറക്കി. കേരളത്തിലും മറ്റെവിടെയും തങ്ങളുടെ പ്രവര്‍ത്തനരീതി അക്രമവും ഭീകരതയുമാണെന്ന് ആര്‍എസ്എസ് ഒരിക്കല്‍ കൂടി ഉറപ്പിക്കുകയാണെന്ന് പൊളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു. കേരളത്തില്‍ കഴിഞ്ഞ മാസങ്ങളില്‍ നടന്ന അക്രമ സംഭവങ്ങള്‍ ഇതാണ് വ്യക്തമാക്കുന്നത്. ആര്‍എസ്എസ് നേതാവിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ തയ്യാറാകണെന്നും സിപിഎം ആവശ്യപ്പെട്ടു. അതേസമയം ചന്ദ്രാവത്ത് പറഞ്ഞത് ആര്‍എസ്എസ് നിലപാടല്ലെന്നും ആര്‍എസ്എസ് അക്രമത്തില്‍ വിശ്വസിക്കുന്നില്ലെന്നും സഹ പ്രചാര്‍ പ്രമുഖ് ജെ നന്ദകുമാര്‍ പറഞ്ഞു.


ചന്ദ്രാവത്തിന്‍റെ പ്രസംഗം – വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍