UPDATES

പ്രവാസം

ബ്രിട്ടന്‍ പുതിയ കുടിയേറ്റ നയം പ്രഖ്യാപിച്ചു: ഇന്ത്യക്കാര്‍ ആശങ്കയില്‍

അഴിമുഖം പ്രതിനിധി

ബ്രിട്ടന്‍ ഇന്ന് പ്രഖ്യാപിച്ച പുതിയ കുടിയേറ്റ നയം ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷണലുകളേയും ഐടി കമ്പനികളേയും ദോഷകരമായി ബാധിക്കും. ഐ.സി.ടി (ഇന്‍ട്ര കമ്പനി ട്രാന്‍സ്ഫര്‍) വിസ കൂടുതലായും ഉപയോഗിക്കുന്നത് ഇന്ത്യക്കാരാണ് എന്നത് ഇതില്‍ ഒരു പ്രധാന വിഷയമാണ്.

ഐ.സി.ടി പ്രകാരം അനുവദിക്കുന്ന വിസകളില്‍ 90 ശതമാനവും ഇന്ത്യക്കാരാണ് ഉപയോഗിക്കുന്നത്. ബ്രിട്ടീഷ് കമ്പനികള്‍ ഇന്ത്യയില്‍ നിന്നും യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളില്‍ നിന്നുമുള്ള പ്രൊഫഷണലുകളെ ഉപയോഗിക്കുന്നത് പരമാവധി കുറച്ചുകൊണ്ടുവരാന്‍ പുതിയ കുടിയേറ്റ നിയമം ലക്ഷ്യമിടുന്നു. നവംബര്‍ 24ന് ബ്രിട്ടനില്‍ പുതിയ കുടിയേറ്റ നിയമവും വിസാ ചട്ടങ്ങളും പ്രാബല്യത്തില്‍ വരും.

പുതിയ മാറ്റമനുസരിച്ച് കുറഞ്ഞത് 30,000 പൗണ്ട് ശമ്പളം വാങ്ങുന്നവര്‍ക്ക് മാത്രമേ രണ്ടാം ശ്രേണിയിലെ കമ്പനികളിലെ സ്ഥലം മാറ്റത്തിന് (ഐസിടി) അപേക്ഷിക്കാനാകൂ. നേരത്തെ 20,800 പൗണ്ടായിരുന്നു ശമ്പള പരിധി. അനുഭവസമ്പത്തുള്ള ജീവനക്കാര്‍ക്ക് 25,000 പൗണ്ടും ബിരുദധാരികളായ ട്രെയ്‌നി ജീവനക്കാര്‍ക്ക് 23,000 പൗണ്ടുമാണ് വിസയ്ക്ക് അപേക്ഷിക്കാന്‍ വേണ്ട ശമ്പള പരിധി.

മൈഗ്രേഷന്‍ അഡ്വൈസറി കമ്മിറ്റി (എം.എ.സി) നിര്‍ദ്ദേശപ്രകാരമാണ് പുതിയ മാറ്റങ്ങള്‍. ബ്രിട്ടനില്‍ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ പങ്കാളിത്തം ലഭിക്കുന്ന പോലെ ഇന്ത്യയില്‍ ബ്രിട്ടീഷ് പ്രൊഫഷണലുകള്‍ക്ക് സാദ്ധ്യമല്ലെന്ന് എം.എ.സി ചൂണ്ടിക്കാട്ടി. യു.കെയില്‍ ഐ.ടി രംഗത്ത് മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളാണെന്നും എം.എ.സി പറയുന്നു. ഐ.സി.ടി ഉപയോഗിക്കുന്ന ആദ്യ 10 കമ്പനികള്‍ വലിയ തോതില്‍ ഇന്ത്യന്‍ പ്രൊഫഷണലുകളെ ഉപയോഗിക്കുന്നുണ്ട്.

പുതിയ വിസാ ചട്ട പ്രകാരം കുടിയേറ്റക്കാരുടെ മാതാപിതാക്കളോ പങ്കാളികളോ രണ്ടര വര്‍ഷത്തിന് ശേഷം ബ്രിട്ടനില്‍ തുടരാന്‍ താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍ അവര്‍ ഇംഗ്ലീഷ് ഭാഷാ പരീക്ഷ പാസാവണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍