UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കിടപ്പ് മുറി രഹസ്യം പറയിപ്പിക്കലല്ല നിഷ്കളങ്കത; കുട്ടിപ്പട്ടാളം കുട്ടികളോടുള്ള ചാനല്‍ പീഢനമോ?

Avatar

രാകേഷ് നായര്‍

ചലച്ചിത്രത്തിനുള്ളതുപോലെ സെന്‍സറിംഗ് ചാനല്‍ പരിപാടികള്‍ക്കും ആവശ്യമാണെന്ന് ഈ രംഗത്ത് കിടമത്സരം ശക്തമായതു മുതല്‍ ഉയരുന്ന ആവശ്യമാണ്. റേറ്റിംഗ് കൂട്ടാന്‍ വേണ്ടി പലപ്പോഴും നിര്‍ദ്ദിഷ്ട നിയമനിര്‍ദേശങ്ങള്‍പോലും അവഗണിക്കുന്ന പ്രോഗ്രാമുകള്‍ ചാനലുകള്‍ ഉള്‍പ്പെടുത്തുമ്പോള്‍, ഇതിന്റെ പ്രേക്ഷകരായ കുടുംബങ്ങളെ ഏതൊക്കെ തരത്തിലാണ് അവ ബാധിക്കുന്നതെന്ന കാര്യത്തില്‍ കാര്യമായ ചര്‍ച്ചകള്‍ നടക്കുന്നില്ല. എത്തിക്‌സുകള്‍ പാലിക്കപ്പെടാതെയുള്ള പല പരിപാടികളും കുടുംബങ്ങള്‍ക്കു മുന്നിലെത്തിക്കുന്നതിന് ചാനലുകളോടൊപ്പം തന്നെ അവയെ നിയന്ത്രിക്കാനാവാത്ത സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും വലിയൊരളവില്‍ പ്രേക്ഷകര്‍ക്കും ഉത്തരവാദിത്വമുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് കുട്ടികള്‍ പ്രധാനവിഭാഗമായി അവതരിപ്പിക്കപ്പെടുന്ന ചില പ്രോഗ്രാമുകള്‍ക്ക് നിയന്ത്രണം വേണമെന്ന പരാതി സംസ്ഥാന ബാലാവകാശ കമ്മീഷനു മുന്നില്‍ എത്തുന്നത്. 

സാമൂഹ്യപ്രവര്‍ത്തകനായ ഹാഷിം കൊളമ്പനാണ് സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കുട്ടിപ്പട്ടാളം പോലുള്ള പ്രോഗ്രാമുകള്‍ കുട്ടികളോടു നടത്തുന്ന മാനസികപീഢനമാണെന്ന പരാതി ഉയര്‍ത്തിയിരിക്കുന്നത്. താനെന്തുകൊണ്ട് ഇത്തരമൊരു നീക്കത്തിന് തയ്യാറായി എന്നതിനെക്കുറിച്ച് ഹാഷിം കൊളമ്പന്‍ സംസാരിക്കുന്നു.

ആദ്യം തന്നെ പറയട്ടെ, പ്രത്യേകിച്ചൊരു പ്രോഗ്രാം നിരോധിക്കണമെന്നതല്ല എന്റെ പരാതിയിലെ ആവശ്യം. കുട്ടികളെ മെന്റല്‍ അബ്യൂസിങ്ങിന് വിധേയരാക്കുന്ന ചില പ്രോഗ്രാമുകള്‍ക്ക് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നതാണ് പ്രധാന ആവശ്യം. നിലവില്‍ വളരെ പോപ്പുലറായ, ഇതേ ഗണത്തില്‍പ്പെട്ടൊരു പ്രോഗ്രാമാണ് സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കുട്ടിപ്പട്ടാളം. അതിനാലാണ് ആ പരിപാടിയെ പ്രത്യേകം എടുത്തു പരാമര്‍ശിച്ചത്. കുട്ടികളുടെ നിഷ്‌കളങ്കത ചൂഷണം ചെയ്യുന്നൊരു പരിപാടിയാണ് അതെന്നതില്‍ ഭൂരിഭാഗത്തിനും തര്‍ക്കമില്ല. പലരും തന്നെ ഇക്കാര്യം എന്നോട് ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. അവര്‍ക്കാര്‍ക്കും പ്രോപ്പറായൊരു മാര്‍ഗത്തിലൂടെ ഇതിനെതിരെ സമീപിക്കാന്‍ കഴിഞ്ഞില്ലെന്നുമാത്രം.

കൊച്ചുവായാല്‍ സംസാരിക്കുന്നതെല്ലാം നമുക്ക് കൗതുകമാണ്. കുട്ടികളുടെ ഒരക്ഷര പിഴവുപോലും നമ്മള്‍ രസിക്കുന്നു, അവരുടെ ചില ആക്ഷന്‍സ് നമ്മളെ വല്ലാതെ കൈയടിപ്പിക്കുന്നു. എന്നാല്‍ നമ്മുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഓരോ പെരുമാറ്റവും ഈ കുട്ടികളുടെ ഭാവി ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ച് ആരുമോര്‍ക്കുന്നില്ല. കുട്ടികളുടെ സംസാരമാണ് ഇത്തരം പരിപാടികളുടെ ഹൈലൈറ്റ്. ഭാഷ, അത് നൂറുശതമാനവും അനുകരണമാണ്. നമ്മുടെ ചുറ്റുപാടില്‍ നിന്ന് കേള്‍ക്കുന്നതെന്താണോ അത് അനുകരിച്ചാണ് കുട്ടികള്‍ അവരുടെ ഭാഷ സ്വായത്തമാക്കുന്നത്. എന്റെ ചുറ്റുപാടുകളില്‍ നിന്നു കേട്ട ഭാഷ മനസിലുണ്ടാക്കിയ തോന്നലുകളില്‍ നിന്നാണ് ഞാന്‍ എന്റെതായൊരു ഭാഷാസംസ്‌കാരം രൂപപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഞാനുള്‍പ്പെടുന്ന തലമുറയ്ക്ക് കിട്ടിയിരുന്നൊരു ഭാഗ്യം, നമ്മുടെ നാവുപിഴകളില്‍ ഉണ്ടാകുന്ന ദോഷങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ വീട്ടില്‍ മുതിര്‍ന്നവരുണ്ടായിരുന്നു, അങ്ങനെ സംസാരിക്കരുത്, ഇങ്ങനെ പെരുമാറരുതെന്ന അവരുടെ സ്‌നേഹശാസനകളാണ് നല്ലൊരു സംസ്‌കാരം നമ്മളില്‍ രൂപപ്പെടുത്തുന്നത്. ഇന്ന് അത്തരമൊരു വിദ്യാഭ്യാസം കുട്ടികള്‍ക്ക് ലഭിക്കുന്നില്ല. എന്നത്തെ കുട്ടികളും അവരുടെ ചുറ്റുപാടുകളെ അനുകരിച്ചാണ് വളരുന്നതെങ്കിലും അതിലുണ്ടാകുന്ന പിഴവുകള്‍ അവരോട് ചൂണ്ടി കാണിക്കാന്‍ ആളില്ല.

പിഴവുകളറിയാതെയുള്ള കൊച്ചുവായിലെ വലിയ വര്‍ത്തമാനമാണ് ഇത്തരം പ്രോഗ്രാമുകളില്‍ നടക്കുന്നത്. താനിങ്ങനെയൊക്കെ പറയുന്നതാണ് നാലാളുകളുടെ മുന്നില്‍ തനിക്ക് കൈയടി കിട്ടാനുള്ള വഴിയെന്ന് കുട്ടികളുടെ മനസ്സില്‍ പതിയുകയാണ്. ഇതിന്റെ ആവര്‍ത്തനമായിരിക്കും അവര്‍ വളരുമ്പോഴും തുടരുന്നത്.

എനിക്ക് ഈ പ്രോഗ്രാമിന്റെ മോട്ടോയായി തോന്നിയത്; അടുത്ത വീട്ടിലെ രഹസ്യങ്ങള്‍ അറിഞ്ഞ് അതില്‍ ആനന്ദം കണ്ടെത്തുന്ന ചീപ്പ് മലയാളി മാനസികനില ഒരു പൊതു പ്ലാറ്റ് ഫോമില്‍ അവതരിപ്പിക്കുന്നു എന്നതാണ്. തന്റെ വീട്ടിലെ കിടപ്പുമുറി രഹസ്യങ്ങള്‍ പോലും കുട്ടികളെ കൊണ്ട് പറയിപ്പിക്കുകയും അതു കേട്ട് കൈയടിക്കുകയുമാണ് ഈ പരിപാടിയില്‍ നടക്കുന്നത്. ഇത്തരം ചോദ്യള്‍ക്ക് ഒരു കുട്ടി വളര നോര്‍മലായിട്ടായിരിക്കും ഉത്തരം പറയുക, പക്ഷെ അവതാരകയും പ്രേക്ഷകരും കാത്തിരിക്കുന്നത് എന്തെങ്കിലുമൊരു ട്വിസ്റ്റ് ആ കുട്ടിയുടെ ഉത്തരത്തില്‍ നിന്ന് വീണു കിട്ടുമോയെന്നാണ്. എന്താണ് ഇത്തരം ചോദ്യങ്ങളുടെ ആവശ്യം? ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, അന്യന്റെ വീട്ടിലെ രഹസ്യങ്ങള്‍ അറിയാനുള്ള വിലകുറഞ്ഞ കൗതുകം മാത്രം. കുടുംബബന്ധങ്ങളെപോലും തകര്‍ക്കുന്ന ചോദ്യങ്ങളാണ് ഇത്തരത്തില്‍ പലപ്പോഴും കുട്ടികള്‍ക്കു മുന്നില്‍ വരുന്നത്.

കുട്ടികളുടെ പ്രോഗ്രാമാണെങ്കിലും ഇതിന്റെ പ്രധാന പ്രേക്ഷകര്‍ മുതിര്‍ന്നവരാണ്. അതിനാല്‍ മുതിര്‍ന്നവര്‍ക്കു വേണ്ടി കുട്ടികളെ ചൂഷണം ചെയ്യലാണ് ഇവിടെ നടക്കുന്നത്. ഒരു തരം സൈക്കോളജിക്കല്‍ അബ്യൂസിങ്. ഇതിന്റെ ആഫ്റ്റര്‍ എഫക്ട് എന്തെന്നാല്‍, കുട്ടികളുടെ മനസ്സില്‍ തങ്ങള്‍ പറഞ്ഞതും ചെയ്തതുമെല്ലാം ശരിയാണെന്ന വിചാരം അടിയുറച്ചുപോകുന്നു എന്നതാണ്. ഈ രീതിയിലുള്ള സംസാരവും പെരുമാറ്റവുമാണ് താന്‍ വളര്‍ത്തേണ്ടതെന്നും ആളുകള്‍ക്കിടയില്‍ തനിക്ക് വില കിട്ടാന്‍ ഇതാണ് വേണ്ടതെന്നും അവര്‍ വിശ്വസിക്കുന്നു. താന്‍ ചെയ്യേണ്ടത് മറ്റുള്ളവരെ ചിരിപ്പിക്കാനുള്ള കാര്യങ്ങളാണെന്ന് അവര്‍ ഉറപ്പിക്കുകയാണ്.

പങ്കെടുക്കുന്ന കുട്ടികളെക്കാള്‍ ഇതു കണ്ടുകൊണ്ടിരിക്കുന്ന അനേകായിരം കുട്ടികളെയാണ് ഇത്തരം പരിപാടികള്‍ കൂടുതല്‍ ബാധിക്കുന്നത്. തങ്ങള്‍ക്കും ഇത്തരം പരിപാടികളില്‍ പങ്കാളികളാകണമെന്ന ബോധം അവരിലുണ്ടാവുകയാണ്. അതിനുവേണ്ടി ഇപ്പോള്‍ പങ്കെടുത്തവര്‍ എന്തൊക്കെ ചെയ്‌തോ അതൊക്കെ മറ്റുകുട്ടികളും അനുകരിക്കുകയാണ്. മാതാപിതാക്കളും അതിനു വേണ്ടുന്ന പ്രോത്സാഹനം നല്‍ക്കുന്നു. വരുംവരായ്കകളെ കുറിച്ച് അവര്‍ ചിന്തിക്കുന്നേയില്ല.അവരെ തിരുത്താന്‍ വീടുകളില്‍ അളുമില്ല.

ചാനലുകളാകട്ടെ അവര്‍ പുലര്‍ത്തേണ്ട എത്തിക്‌സുകളെ കുറിച്ച് അജ്ഞത നടിക്കുകയും ചെയ്യുന്നു. പരിപാടി മുഴുവനും ഇത്തരം അബ്യൂസിങ് ആയിട്ടുള്ള ചോദ്യങ്ങളാണെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ ഈ പ്രോഗ്രാമില്‍ പലപ്പോഴും മുഴച്ചു നില്‍ക്കുന്നത് സഭ്യത കടന്ന ചോദ്യങ്ങള്‍ തന്നെയാണ്. അവതാരകയ്ക്കും ഇക്കാര്യത്തില്‍ ചില എത്തിക്‌സുകള്‍ പുലര്‍ത്താം. തനിക്ക് കിട്ടുന്ന കൂലിക്ക് ജോലി ചെയ്യുകയല്ല വേണ്ടത്, ചില മോറല്‍ പോളിസികള്‍ തന്റെ തൊഴിലില്‍ സ്വീകരിക്കുകയാണ് വേണ്ടത്. ചാനലുകളിലെ പരിപാടികളെ സംബന്ധിച്ച് മോണിറ്ററിംഗ് ആവശ്യമാണെന്ന വാദം ശക്തമാകുന്നതും ഇവിടെയാണ്. ചാനല്‍ മോണിറ്ററിംഗിനുള്ള ഒരു സമിതി ഉണ്ടാകണം എന്നു തന്നെയാണ് എന്റെ ആവിശ്യം. ചാനല്‍ പ്രോഗ്രാമുകള്‍  പാലിക്കേണ്ട ചില നിര്‍ദേശങ്ങള്‍ നിലവിലുണ്ട് . അതുപക്ഷേ ആരും തന്നെ പാലിക്കുന്നില്ലെന്നതാണ് സത്യം. ഒരു മോണിറ്ററിംഗ് സമിതി പ്രോഗ്രാമുകള്‍ കണ്ടശേഷമെ അവയ്ക്ക് സംപ്രേക്ഷണാനുമതി നല്‍കാവൂ. പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ പങ്കെടുക്കുന്ന പരിപാടികള്‍ തീര്‍ച്ചയായും കണ്ട് ഉറപ്പുവരുത്തിയിട്ടേ ചാനലില്‍ സംപ്രേക്ഷണം ചെയ്യാന്‍ അനുവദിക്കാവൂ.

ഇത്തരം നിയമങ്ങള്‍ ശക്തമായി നിലനിര്‍ത്തിയാല്‍ നമ്മുടെ ചാനലിലെ ചില വൈകൃതകങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. അതുവഴി നമ്മുടെ കുടുംബങ്ങളിലേക്ക് തെറ്റായ സന്ദേശങ്ങള്‍ പകരുന്നത് തടയാനും സാധിക്കും. ഞാന്‍ വീണ്ടും പറയുന്നു ഒരു പ്രോഗ്രാമും നിരോധിക്കാനല്ല എന്റെ ശ്രമം, നിയന്ത്രണങ്ങള്‍ക്കായാണ്.

അരമണിക്കൂര്‍ ചാനലില്‍ വന്നിരുന്നാല്‍ ഒരു കുട്ടി മോശമാകുമോ? വിമര്‍ശനം പ്രോഗ്രാമിന്റെ വിജയം
സുബി സുരേഷ്
(കുട്ടിപ്പട്ടാളം പ്രോഗ്രാമിന്റെ അവതരാകയും ചലച്ചിത്ര താരവും)

വിമര്‍ശനങ്ങള്‍ ഒരു പരിപാടിയുടെ വിജയത്തെയാണ് കാണിക്കുന്നത്. ഞാനിതുവരെ ഈ പ്രോഗ്രാമില്‍ പങ്കെടുത്ത ഒരു കുട്ടിയോടും വീട്ടിലെ ബെഡ് റൂം രഹസ്യങ്ങള്‍ ചോദിച്ചിട്ടില്ല. കുട്ടികളുടെ ഉത്തരം അതിരു കടക്കുന്നുവെന്ന് തോന്നിയാല്‍ അവിടെ ഇടപെടല്‍ നടത്താനേ ശ്രമിച്ചിട്ടുള്ളൂ. ഇതൊരു ഫണ്‍ പ്രോഗ്രാമാണ്. മറ്റൊരു തരത്തില്‍ കുട്ടകള്‍ക്കും മാതാപിക്കള്‍ക്കുമുള്ള ഒരു അവയെര്‍നസ് പ്രോഗ്രാമും. ചെറിയ കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മാതാപിതാക്കളോട് പറഞ്ഞുകൊടുക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. അവരെ എങ്ങനെ ശ്രദ്ധിക്കണം, അവവരില്‍ നിന്ന്ു മറച്ചുപിടിക്കേണ്ടതെന്തൊക്കെയാണെന്നും അവരെ പഠിപ്പിക്കേണ്ടതെന്തൊക്കെയാണെന്നും മാതാപിതാക്കള്‍ക്ക് സ്വയം തിരിച്ചറിയാനുള്ള സാഹചര്യമാണ് ഈ പ്രോഗ്രാം ഉണ്ടാക്കുന്നത്. കുട്ടികള്‍ അച്ഛന്റെയും അമ്മയുടെയും ബെഡ്‌റൂം കാര്യങ്ങള്‍ പറയുന്നുണ്ടെങ്കില്‍, അതവര്‍ കണ്ടുമനസ്സിലാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന്റെ കുഴപ്പമാണ്. ഇത്തരം പിടിപ്പുകേടുകളെക്കുറിച്ചുള്ള ബോധവത്കരണം കൂടിയാണ് കുട്ടിപ്പട്ടാളത്തിന്റെ ലക്ഷ്യം.

രണ്ടുവര്‍ഷം കഴിഞ്ഞിരിക്കുന്നു ഈ പ്രോഗ്രാം അവതരിപ്പിക്കാന്‍ തുടങ്ങിയിട്ട്. ഇന്നുവരെ ആരും വ്യക്തിപരമായോ പ്രോഗ്രാമിനെതിരായോ പരാതി പറഞ്ഞിട്ടില്ല. മതാപിതാക്കളിലാരും അവരുടെ കുട്ടിയോട് മോശമായ ചോദ്യങ്ങള്‍ ചോദിച്ചെന്ന് ആരോപണം ഉന്നയിച്ചിട്ടില്ല. ഞങ്ങള്‍ ചെയ്യുന്നത് തെറ്റായ കാര്യങ്ങളായിരുന്നെങ്കില്‍ ഇതായിരിക്കുമോ സമീപനം.

കുട്ടികളെ തെറ്റായരീതിയിലേക്ക് മാറ്റിയെടുക്കുമെന്നാണ് ഇപ്പോള്‍ ഉന്നയിക്കുന്ന പരാതി. വെറും അരമണിക്കൂര്‍ മാത്രം ഒരു ചാനല്‍ പ്രോഗ്രാമില്‍ പങ്കെടുക്കുന്നതുകൊണ്ട് ആരാണ് ജീവിതത്തില്‍ മോശമാകുന്നത്. ഒരു കുട്ടി ബാക്കിസമയമൊക്കെ ഇടപഴകുന്ന ചുറ്റുപാടുകള്‍ അവനെ ഒരുതരത്തിലും മോശമായി ബാധിക്കാത്തതാണോ? ഇന്നത്തെ കുട്ടികള്‍ വളരെ ഇന്റലിജന്റും ബോള്‍ഡുമാണ്. ആ ബോള്‍ഡന്‍സ് ആണ് അവര്‍ പ്രകടിപ്പിക്കുന്നത്. എന്തായാലും ഇത്തരം വിമര്‍ശനങ്ങള്‍ കുട്ടിപ്പട്ടാളത്തിന്റെ വിജയം തന്നെയാണ് കാണിക്കുന്നത്.

കുട്ടികള്‍ ചാനല്‍ പരിപാടികളില്‍ പങ്കെടുക്കുന്നത് തടയാനാവില്ല, പരാതിയില്‍ കമ്മീഷന്‍ അന്വേഷണം നടത്തും
ഗ്ലോറി ജോര്‍ജ്
(സംസ്ഥാന ബാലാവകാശ കമ്മിഷന്‍ അംഗം)

കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചാനല്‍ പ്രോഗ്രാമുകളെ കുറിച്ച് കമ്മീഷനില്‍ പരാതി കിട്ടിയിട്ടുണ്ട്. വിശദമായൊരു പരാതി എഴുതി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരാതി ലഭിക്കുന്ന മുറയ്ക്ക് ഉത്തരവാദിത്വപ്പെട്ട കേന്ദ്രത്തില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നതായിരിക്കും. മുമ്പും ഇത്തരം പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കമ്മീഷന് നേരിട്ട് ഇത്തരം വിഷയങ്ങളില്‍ നടപടിയെടുക്കുന്നതിന് പരിമിതിയുണ്ട്. പരാതികള്‍ മുഖാന്തരമോ മാധ്യമ വാര്‍ത്തകളെ അടിസ്ഥാനമാക്കിയോ മത്രമെ കമ്മീഷന് ഇത്തരം കാര്യങ്ങളില്‍ എന്തെങ്കിലും നടപടികള്‍ കൈക്കൊള്ളുന്നതിന് സാധ്യതയുള്ളൂ.

നമ്മുടെ മീഡിയകള്‍ക്ക് ഒരു ഗൈഡ് ലൈന്‍ ഇല്ലാത്തതാണ് പ്രധാനപ്രശ്‌നം. ഗവണ്‍മെന്റാണ് ഇതില്‍ ഒരു രൂപരേഖ തയ്യാറാക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് ഒരു കോര്‍ കമ്മിറ്റിക്ക് ഇപ്പോള്‍ രൂപം കൊടുത്തിട്ടുണ്ട്. നിലവില്‍ ഒരു മീഡിയ കമ്മിറ്റി ബാലാവകാശ കമ്മീഷനില്‍ രൂപം കൊടുത്തിട്ടുണ്ടെങ്കിലും അതിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായിട്ടില്ല. പ്രസ്തുത പരാതിയില്‍ കമ്മീഷന്‍ അന്വേഷണം നടത്തുകയും നടപടിയെടുക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ സ്വീകരിക്കുകയും ചെയ്യും. എന്നാല്‍ കുട്ടികള്‍ ചാനല്‍ പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നതിന് കമ്മീഷന് എതിരല്ല.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടര്‍ ആണ് രാകേഷ് നായര്‍)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍