UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളെ അപമാനിച്ചു, ജാദവ് പൂര്‍ സര്‍വകലാശാലയില്‍ സംഘര്‍ഷം

അഴിമുഖം പ്രതിനിധി

ബിജെപി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിനികളെ ക്യാമ്പസിനുള്ളില്‍ വച്ച് അപമാനിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ജാദവ് പൂര്‍ സര്‍വകലാശാലയില്‍ സംഘര്‍ഷം. വിദ്യാര്‍ത്ഥികള്‍ പിടികൂടിയ നാല് പ്രവര്‍ത്തകരെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് രൂപ ഗാംഗുലിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സര്‍വകലാശാലയുടെ ഗേറ്റില്‍ തടിച്ചു കൂടി.

വിവേക് അഗ്നിഹോത്രിയുടെ ബുദ്ധ ഇന്‍ എ ട്രാഫിക് ജാം എന്ന സിനിമയുടെ പ്രദര്‍ശനത്തിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. സിനിമയുടെ പ്രദര്‍ശനം പല തവണ തടസ്സപ്പെട്ടിരുന്നു.

പുറത്തു നിന്നുള്ള ചിലര്‍ തങ്ങളെ അപമാനിച്ചുവെന്ന് പ്രദര്‍ശന ശേഷം ചില വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെടുകയും തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ നടത്തിയ തെരച്ചിലില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ പിടിയിലാകുകയും ചെയ്തു. ഇവരെ വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലര്‍ക്ക് കൈമാറുകയും ചെയ്തു. നാലുപേരേയും സര്‍വകലാശാല അധികൃതര്‍ പൊലീസിന് കൈമാറി. രജിസ്ട്രാറുടെ പരാതിയിന്‍മേല്‍ ഇവര്‍ക്കെതിരെ കേസെടുത്തു.

ഈ പ്രവര്‍ത്തകരുടെ മേല്‍ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്ന് പറഞ്ഞ രൂപ ഗാംഗുലി അവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ക്യാമ്പസിലെത്തുകയായിരുന്നു.

ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയുടെ പിന്തുണയോടെയാണ് സിനിമ പ്രദര്‍ശനം നടന്നത്. ഇതിനെതിരെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ക്യാമ്പസിലെത്തിയ വിവേക് അഗ്നിഹോത്രിയെ പ്രവര്‍ത്തകര്‍ തടയുകയും ചെയ്തിരുന്നു. ഹിന്ദു വര്‍ഗീയതയും അക്രമവും പ്രചരിപ്പിക്കുന്ന ആരേയും തങ്ങള്‍ സ്വാഗതം ചെയ്യുന്നില്ലെന്നതാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.

ഈ സിനിമയുടെ പ്രദര്‍ശനം ജെഎന്‍യുവിലും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സിനിമയില്‍ ചര്‍ച്ച ചെയ്യുന്ന ദേശീയതയാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്.  ഇന്നലെ വൈകുന്നേരമാണ് പ്രശ്‌നങ്ങളുടെ തുടക്കം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍