UPDATES

മാറിയുടുക്കാന്‍ ഉടുതുണി ഇല്ലാത്തവര്‍ക്ക് ഒരു തുണിക്കട; വയനാട്ടില്‍ നിന്നാണ് ഈ നല്ല വാര്‍ത്ത

പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി സൌജന്യമായി വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള കേരളത്തിലെ ആദ്യത്തെ ഷോപ്പാണ് എയ്ഞ്ചല്‍ കളക്ഷന്‍സ്

സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി സൌജന്യമായി വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള കേരളത്തിലെ ആദ്യത്തെ ഷോപ്പ്. അതേ, അങ്ങനെ ഒരെണ്ണം ഇന്നലെ വയനാട്ടില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ മാനിക്കുനിയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട എയ്ഞ്ചല്‍ കളക്ഷന്‍സ് എന്ന തുണിക്കട ഒരു കൂട്ടായ്മയുടെ നന്‍മയാണ്.

ദൈനംദിന ജീവിതത്തില്‍ ഇഷ്ടവസ്ത്രങ്ങള്‍ വാങ്ങാന്‍ ആവശ്യത്തില്‍ അധികം പണം ചിലവഴിക്കുന്നവര്‍ മാറിയുടുക്കാന്‍ വസ്ത്രങ്ങളില്ലാത്ത മനുഷ്യരെ കുറിച്ച് എപ്പോഴെങ്കിലും ആലോചിക്കാറുണ്ടോ? നമ്മുടെ ഷെല്‍ഫുകളില്‍ നമ്മള്‍ ഉപയോഗിക്കാത്ത എത്ര വസ്ത്രങ്ങള്‍ സ്ഥലം മുടക്കി കുന്നുകൂടി കിടക്കുന്നുണ്ട്? നിര്‍ദ്ധനരെയും നിരാലംബരെയും കുറിച്ചോര്‍ക്കാന്‍ സമയമില്ലാതെ എന്തിനൊക്കെയോ വേണ്ടി പരക്കം പായുന്ന മനുഷ്യര്‍ക്കിടയില്‍ കനിവു വറ്റാത്ത കുറേ മനുഷ്യര്‍ പ്രതിഫലേച്ഛയില്ലാതെ മറ്റുള്ളവര്‍ക്കായി ചെറിയ വലിയ കാര്യങ്ങള്‍ ചെയ്യുന്നുണ്ട് എന്നതിന് ഉദാഹരണമാണ് എയ്ഞ്ചല്‍ കളക്ഷന്‍സ് ഡ്രസ് ബാങ്ക്. പുതിയ വസ്ത്രങ്ങളും വിവാഹ വസ്ത്രങ്ങളും നല്ലതും ഉപയോഗയോഗ്യവുമായ മറ്റ് വസ്ത്രങ്ങളും കളക്ട് ചെയ്തു നിര്‍ദ്ധനരായ ആദിവാസികള്‍ക്കും മറ്റും അവരവര്‍ക്ക് ആവശ്യമായ അളവില്‍ സൌജന്യമായി തിരഞ്ഞെടുക്കാനുള്ള സജ്ജീകരണമാണ് എയ്ഞ്ചല്‍ കളക്ഷന്‍സില്‍ ഒരുക്കിയിട്ടുള്ളത്.

കഴിഞ്ഞ ഒന്നരപതിറ്റാണ്ടിലധികമായി സുല്‍ത്താന്‍ ബത്തേരി കേന്ദ്രീകരിച്ചു സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് വരുന്ന അഡോറ (Agency for Development operation in rural area) എന്ന സന്നദ്ധ സംഘടനയിലെ അംഗങ്ങളാണ് ഈ അപൂര്‍വ്വ ഷോപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പട്ടിണിയും കഷ്ടപ്പാടും മാത്രം കൈമുതലായുള്ള, സാമ്പത്തിക ഭദ്രതയില്ലാത്ത ഷോപ്പിങ്ങുകള്‍ അന്യമായവര്‍ക്ക് വേണ്ടിയാണ് അഡോറ ഏഞ്ജല്‍ കളക്ഷനുമായി എത്തുന്നത്. അഡോറയുടെ എക്സിക്യുട്ടീവ് ഡയറക്ടറായ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തക നര്‍ഗീസ് ബീഗം ഇത്തരമൊരു സംരംഭത്തിലേക്ക് എത്തിയ വഴികളെ കുറിച്ച് പറയുന്നു.

‘ഞങ്ങള്‍ കുറേ കാലങ്ങമായിട്ട് തലച്ചുമടായി കോളനികളിലും പാടികളിലും സാധനങ്ങളും വസ്ത്രങ്ങളും ഒക്കെ എത്തിച്ചു കൊടുക്കാറുണ്ടായിരുന്നു. രണ്ടു മൂന്ന് വര്‍ഷമായിട്ടു മാസത്തില്‍ ഒരു തവണയെങ്കിലും ഞങ്ങള്‍ ഇത് ചെയ്യുന്നുണ്ട്. അവര്‍ക്ക് സര്‍ക്കാരില്‍ നിന്നു അരി കിട്ടുന്നുണ്ട്. അവര്‍ക്ക് കിട്ടുന്ന പൈസയും വേണ്ട വിധത്തില്‍ ഉപയോഗപ്പെടുന്നില്ല. ചിലരത് മദ്യത്തിന് വേണ്ടിയാണ് ചിലവഴിക്കാറ്. ചിലപ്പോള്‍ നമ്മള്‍ കൊടുക്കുന്ന വസ്ത്രങ്ങള്‍ അവര്‍ക്ക് പാകമാകണം എന്നില്ല. പിന്നെയും നമ്മള്‍ പോകുമ്പോള്‍ അവര്‍ കീറിപ്പറിഞ്ഞത് ഇട്ടിട്ട് നില്‍ക്കുന്നത് കാണാം. അപ്പോള്‍ ഞങ്ങള്‍ക്ക് കുറ്റബോധം തോന്നാറുണ്ട്. അവരില്‍ പലര്‍ക്കും വസ്ത്രങ്ങള്‍ ആവശ്യമുണ്ട്. അവരിലേക്ക് ആ സാധനങ്ങള്‍ എത്തുകയും വേണം. അങ്ങനെയുള്ള ഒരവസ്ഥയിലാണ് ഇങ്ങനെ ഒരു പദ്ധതി മനസ്സില്‍ തോന്നിയത്. അവര്‍ എപ്പോഴും ഉപയോഗിച്ച വസ്ത്രങ്ങള്‍ ഉപയോഗിക്കേണ്ടവരൊന്നും അല്ലെന്നറിയാം. നമ്മള്‍ ഒന്നോ രണ്ടോ പ്രാവശ്യം ഉപയോഗിച്ച് ഷെല്‍ഫില്‍ അടുക്കി വെക്കുന്ന വസ്ത്രങ്ങള്‍ അവര്‍ക്ക് പ്രയോജനപ്പെടുമെങ്കില്‍ അതു വലിയ ഉപകാരമല്ലേ. മാത്രമല്ല നമ്മള്‍ മാത്രം വിചാരിച്ചാല്‍ അവര്‍ക്ക് പുതിയ വസ്ത്രങ്ങള്‍ വാങ്ങി നല്കാനും ആവില്ല. അതുകൊണ്ടാണ് യൂസ്ഡ് വസ്ത്രങ്ങളും കടയില്‍ വിറ്റുപോകാത്ത വസ്ത്രങ്ങളും ചെറിയ ഡാമേജ് ഉള്ള പുതിയ വസ്ത്രങ്ങളും ശേഖരിച്ച് ഇങ്ങനെ ഒരു കട തുറക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുന്നത്.’

കാരുണ്യത്തിന്റെ നര്‍ഗീസ് വഴികള്‍; ഒരു നഴ്സിംഗ് അസിസ്റ്റന്‍റിന്റെ ജീവിതം

ഇത്തരമൊരു ആശയത്തെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടപ്പോള്‍ സുഹൃത്തുക്കളില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും നല്ല സഹകരണമാണ് ലഭിച്ചത് എന്നു നര്‍ഗീസ് പറഞ്ഞു.

‘ഇത്തരമൊരു ആശയത്തെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടപ്പോള്‍ നല്ല പ്രതികരണമാണ് ലഭിച്ചത്. പോസ്റ്റ് കണ്ടിട്ടു കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നുമൊക്കെ ധാരാളം ആളുകള്‍ തുണികള്‍ അയച്ചു തന്നു. ചിലര്‍ ബസ്സിലൊക്കെ കൊടുത്തുവിട്ടു. പല ആളുകളും നേരിട്ടു കൊണ്ടുവന്ന് തന്നിട്ടുണ്ട്. വടകരയില്‍ നിന്നു കനിവു ഓര്‍ക്കാട്ടേരി എന്നൊരു സംഘടന 150 വീടുകളില്‍ നിന്നു കളക്ട് ചെയ്ത വസ്ത്രങ്ങള്‍ നല്ലത് നോക്കി തരം തിരിച്ച് അയണ്‍ ചെയ്തു കെട്ടുകളാക്കി അയച്ചു തന്നു. പിന്നെ കുറെ കടകളില്‍ നിന്നു വിറ്റുപോപോകാത്ത പുതിയ വസ്ത്രങ്ങളും ചെറിയ ഡാമേജ് ഉള്ളതുമായ വസ്ത്രങ്ങള്‍ കേരളത്തിലെ രണ്ട് ഷോപ്പുകളില്‍ നിന്നും ബാംഗ്ലൂരിലെ ഒരു ഷോപ്പില്‍ നിന്നു കുറച്ചു വസ്ത്രങ്ങള്‍ കിട്ടിയിട്ടുണ്ട്’.

കുറച്ചു മണിക്കൂറുകള്‍ മാത്രം ഉപയോഗിച്ച് ഷോക്കേസില്‍ വെക്കുന്ന ഒന്നാണല്ലോ വിവാഹ വസ്ത്രങ്ങള്‍. അത്തരം ഡ്രസ്സുകള്‍ സംഭാവന ചെയ്യാന്‍ താത്പര്യം ഉണ്ടെങ്കില്‍ അയച്ചു തരണം എന്നു ഒരു പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടിരുന്നു. അതിനും വളരെ നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് നര്‍ഗീസ് പറയുന്നു.

‘കോഴിക്കോട് മലപ്പുറം ഭാഗത്തൊക്കെ വെഡ്ഡിംഗ് ഡ്രസ്സിന് ഒരുപാട് പൈസ കളയും. അത് പിന്നീട് ആരും ഉപയോഗിക്കാതെ ഷോക്കേസില്‍ വെക്കുകയാണ് ചെയ്യുക. ഇതുമായി ബന്ധപ്പെട്ട് ഞാന്‍ ഫേസ്ബുക്കില്‍ ഇട്ട ഒരു പോസ്റ്റ് കണ്ട് കുറെ അധികം ആളുകള്‍ എന്നെ വിളിക്കുകയും അവരുടെ വെഡ്ഡിംഗ് ഡ്രസ്സ് എന്നെ ഏല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹ സമയത്ത് ആ വസ്ത്രങ്ങള്‍ ഞാന്‍ എത്തിച്ചു കൊടുക്കാറുണ്ട്. അവര്‍ക്കത് നിധി കിട്ടുന്നത് പോലെയാണ്. അത്രയും കോസ്റ്റ്ലിയായിട്ടുള്ള വസ്ത്രങ്ങള്‍ അവര്‍ക്ക് ഒരിക്കലും വാങ്ങിക്കാന്‍ കഴിയില്ല. ശരിക്കും പറഞ്ഞാല്‍ സ്വന്തം കല്യാണത്തിന് അടുത്തുള്ളവരോട് കടമായി വസ്ത്രം വാങ്ങിയിടേണ്ടി വരുന്നവര്‍ പോലും വയനാട്ടില്‍ ഉണ്ട്. അവര്‍ക്ക് ഇത്രയും വിലയുള്ള വസ്ത്രങ്ങള്‍ കിട്ടുമ്പോള്‍ അവരുടെ സന്തോഷം ഒന്നു കാണേണ്ടത് തന്നെയാണ്. അവരത് വീണ്ടും വീണ്ടും ഉപയോഗിക്കും അവര്‍ക്ക് അതിന്റെ മൂല്യം അറിയാം. അങ്ങനെ ഒരു പത്തിരുപതിനാല് കുട്ടികള്‍ക്ക് വിവാഹ വസ്ത്രം കൊടുത്തിട്ടുണ്ട്’.

ഇങ്ങനെ ഒരു ഷോപ്പ് തുടങ്ങുന്ന കാര്യം കോളനികളിലും പാഡികളിലും അറിയിക്കുക എന്നുള്ളത് വലിയ വെല്ലുവിളിയായിരുന്നു. ഫേസ്ബുക്കും ഇന്‍റര്‍നെറ്റും ഇല്ലാത്ത അവരെങ്ങനെയാണ് ഇത്തരമൊരു കാര്യം അറിയുക എന്നാണ് നര്‍ഗീസ് ചോദിക്കുന്നത്. നര്‍ഗീസും സുഹൃത്തുക്കളും കോളനികളില്‍ കയറിയിറങ്ങി ഷോപ്പ് തുടങ്ങുന്ന ഇങ്ങനെ ഒരു ഷോപ്പ് തുടങ്ങുന്ന കാര്യം പറഞ്ഞു. “ഉദ്ഘാടനം നാളെയാണ് നിങ്ങള്‍ ഷോപ്പില്‍ എത്തണം എന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ എത്തിക്കോളാമെന്ന് അവര്‍ പറഞ്ഞു. പൈസ തരാതെ നിങ്ങള്‍ക്ക് ആവശ്യം ഉള്ള വസ്ത്രങ്ങള്‍ എടുക്കാം എന്നു പറഞ്ഞപ്പോള്‍ അവര്‍ക്ക് വലിയ സന്തോഷമായിരുന്നു.”

നമ്മള്‍ അവിടെ കൊണ്ടുപോയി കൊടുക്കുന്നതും അവര്‍ ഇവിടെ വന്ന് എടുക്കുന്നതും തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്. ഞങ്ങള്‍ കൊണ്ടുകൊടുക്കുമ്പോള്‍ അവരുടെ പാകത്തിനുള്ളതും ഇഷ്ടത്തിനുള്ളതും കിട്ടണം എന്നില്ല. ഷോപ്പിലാകുമ്പോള്‍ അവര്‍ക്ക് ആവശ്യമുള്ള വസ്ത്രങ്ങള്‍ സാധാരണ ഷോപ്പില്‍ വന്ന് വാങ്ങുന്നതുപോലെ കൊണ്ടുപോകാം. പക്ഷേ പൈസ തരണ്ട എന്ന വ്യത്യാസമേയുള്ളൂ.

കടയുടെ ഗുണഭോക്താകളും അല്ലാത്തവരുമായി ഉത്ഘാടനത്തിന് മുന്നൂറിലധികം ആളുകള്‍ പങ്കെടുത്തു. പോഷകാഹാരക്കുറവ് മൂലം വളര്‍ച്ചക്കുറവുള്ള മിസ്രിയക്ക് ആദ്യത്തെ വസ്ത്രം കൊടുത്തുകൊണ്ട് ബത്തേരി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ സി കെ സഹദേവന്‍ വസ്ത്രങ്ങളുടെ വിതരണോത്ഘാടനം നടത്തി. പങ്കെടുത്ത ഗുണഭോക്താക്കള്‍ എല്ലാവരും തന്നെ അവരവര്‍ക്ക് വേണ്ടുന്ന വസ്ത്രങ്ങള്‍ തെരഞ്ഞെടുത്തു. ഇപ്പോള്‍ അഡോറയുടെ ഓഫീസിനോട് ചേര്‍ന്നുള്ള കട ഭാവിയില്‍ കൂടുതല്‍ വിപുലീകരിക്കാന്‍ കഴിയും എന്നാണ് സംഘാടകരുടെ പ്രതീക്ഷ.

സുല്‍ത്താന്‍ ബത്തേരി കേന്ദ്രീകരിച്ചു പ്രവത്തിക്കുന്ന അഡോറ 1998 ല്‍ രജിസ്റ്റര്‍ ചെയ്ത സര്‍ക്കാരിതര സന്നദ്ധ സംഘടനയാണ്. രോഗി സഹായം, ഭവന നിര്‍മ്മാണ സഹായം, വിദ്യാഭ്യാസ സഹായം, കുടിവെള്ള പദ്ധതികള്‍, വിവാഹ സഹായം, കേന്ദ്ര ഗവണ്‍മെന്‍റ് സബ്സിഡിയോട് കൂടി ബയോഗ്യാസ് പ്ലാന്‍റ് നിര്‍മ്മാണം, ചെലവും പ്രകൃതി ചൂഷണവും കുറഞ്ഞ ഭവന നിര്‍മ്മാണ പദ്ധതികള്‍, ജൈവ കൃഷി വികസനം, കാര്‍ഷിക വനവത്ക്കരണം, വ്യത്യസ്ഥ പരിശീലന പരിപാടികള്‍ അഡോറയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. അഡോറയുടെ സെക്രട്ടറി ബത്തേരി സ്വദേശി എം ഡി തങ്കച്ചനാണ്. എക്സിക്യൂട്ടീവ് ഡയറക്ടര്‍ നര്‍ഗീസ് ബീഗത്തെ കൂടാതെ പത്തു എക്സിക്യൂട്ടീവ് മെമ്പര്‍ മാരും സംഘടനയുടെ സജീവ പ്രവര്‍ത്തകരാണ്.

ആഘോഷങ്ങളില്‍ നിര്‍ദ്ധനരെ കൂടി പങ്കാളികളാക്കുക, യഥേഷ്ടം വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ ഒരു ജോഡി ദാനം ചെയ്യാന്‍ ഏഞ്ചല്‍ കളക്ഷനെ ഏല്‍പ്പിക്കുക, അലമാരയില്‍ ആവശ്യമില്ലാതെ സൂക്ഷിച്ചു വെക്കുന്ന വിവാഹ വസ്ത്രങ്ങള്‍ നിര്‍ദ്ധനാരായ മണവാട്ടിമാര്‍ക്ക് നല്കുക, നിങ്ങളുപയോഗിക്കാത്ത ഉപയോഗയോഗ്യമായ വസ്ത്രങ്ങള്‍ നിര്‍ദ്ധനാരായവര്‍ക്ക് കൊടുക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് അഡോറ പ്രവര്‍ത്തകര്‍ പൊതുസമൂഹത്തിന്‍റെ മുന്നില്‍ വെക്കുന്ന അഭ്യര്‍ഥന.

വസ്ത്രങ്ങള്‍ സംഭാവന ചെയ്യാന്‍ താത്പര്യം ഉള്ളവര്‍ നര്‍ഗീസ് ബീഗത്തെ വിളിക്കുക: 9961610145

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് സഫിയ)

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍