UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബര്‍സോട്ടിയുടെ പട്ടികള്‍ കടിക്കില്ല; ചിരിപ്പിക്കും

Avatar

മാറ്റ് ഷ്യൂഡല്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

പട്ടികള്‍, രാജാക്കന്മാര്‍, അഹംഭാവികളായ വ്യവസായികള്‍ തുടങ്ങിയവരെ ചിത്രീകരിക്കുന്ന കൃത്യമായ കാര്‍ട്ടൂണുകള്‍ വരച്ചിരുന്ന ചാള്‍സ് ബര്‍സോട്ടി, ഇക്കഴിഞ്ഞ ജൂണ്‍ 16ന്, തന്റെ 80-ആം വയസ്സില്‍ മിസോറി സംസ്ഥാനത്തെ കാന്‍കാസ് പട്ടണത്തിലെ വസതിയില്‍ വച്ച് നിര്യാതനായി. ദശകങ്ങളോളം ദ ന്യൂയോര്‍ക്ക് മാഗസിന്റെ പ്രധാന ആകര്‍ഷണമായിരുന്നു ഈ കാര്‍ട്ടൂണുകള്‍. തലച്ചോറിലുണ്ടായ ക്യാന്‍സറാണ് മരണ കാരണമെന്ന് അദ്ദേഹത്തിന്റെ മകള്‍ വെന്‍ഡി ബര്‍സോട്ടി അറിയിച്ചു. 

പതിഞ്ഞ ഹാസ്യവും ലളിതമായ രേഖകളും സവിശേഷതയാക്കിയ അദ്ദേഹം 1960 മുതല്‍ ദ ന്യൂയോര്‍ക്കറില്‍ 1300ലേറെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വരകള്‍ക്ക് വളരെ പ്രശംസനീയമായ ഒരു ലാളിത്യമുണ്ടായിരുന്നു. വളരെ ലളിതമായ അടിക്കുറിപ്പുകളിലൂടെയും നേരിയ വരകളിലൂടെയും അദ്ദേഹം തന്റെ കാഴ്ചപ്പാടുകള്‍ പ്രകാശിപ്പിച്ചു. സി. ബര്‍സോട്ടി എന്ന അദ്ദേഹത്തിന്റെ ഒഴുക്കുള്ള ഒപ്പായിരുന്നു ചിത്രങ്ങളിലെ ഏറ്റവും വലിയ വിശദാംശം. 

പരാന്നഭോജികളായ വ്യവസായികള്‍, ആത്മവിശ്വാസമില്ലാത്ത രാജാക്കന്മാര്‍, മനഃശാത്രജ്ഞന്റെ കട്ടില്‍, ജീവിതത്തിന്റെ നിഗൂഢതകളെ കുറിച്ച് അത്ഭുതപ്പെടുന്ന പട്ടി തുടങ്ങിയ ആവര്‍ത്തിക്കുന്ന നിരവധി പ്രമേയങ്ങള്‍ അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകളില്‍ കാണാം. വ്യക്തമെങ്കിലും വ്യതിരക്തമായ കോണിലൂടെ കാണുന്ന ഒരു കണ്ണാടി കാഴ്ചയിലെന്ന പോലെ വളരെ പരിചിതമായ ചൊല്ലുകള്‍ ഉദ്ധരിക്കുന്ന രീതി അദ്ദേഹത്തിന്റെ സവിശേഷത ആയിരുന്നു. 

‘വളരെ ലളിതവും നേരിട്ടുള്ളതും അന്യാദൃശ്യവുമായ ഒരു ശൈലി ചാര്‍ലി ബര്‍സോട്ടി അവതരിപ്പിച്ചു’, ന്യയോര്‍ക്കറിന്റെ കാര്‍ട്ടൂണ്‍ എഡിറ്റര്‍ റോബര്‍ട്ട് മാന്‍കോഫ് 1998ല്‍ ഡള്ളാസ് മോര്‍ണിംഗ് ന്യൂസിനോട് പറഞ്ഞു. ‘തലച്ചോറിലേക്ക് നേരിട്ട് പ്രവേശിക്കുന്ന ഒരു അവബോധ ശരം പോലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ വര്‍ത്തിച്ചു’. 

ബര്‍സോട്ടിയുടെ ലോകത്തിലെ ഒരു മുതിര്‍ന്ന പട്ടി ‘എല്ലാ വിരുതുകളും ചെറുപ്പത്തിലെ പഠിക്കണം എന്നാണ് എനിക്ക് നിന്നോട് ഉപദേശിക്കാനുള്ളത്’ എന്ന് പട്ടിക്കുട്ടിയോട് പറയുന്നുണ്ട്. 

മുഖമ്മൂടിയിട്ട ഒരു കള്ളന്‍ ബാറില്‍ വച്ച് ഒരു പണസഞ്ചി തട്ടിപ്പറിക്കുന്നതിനിടയില്‍ മറ്റൊരു ഉപഭോക്താവിനോട് ഇങ്ങനെ പറയുന്നു, ‘ആരോപിച്ചു, ദയവായി, ആരോപിച്ചു’. 

അദ്ദേഹത്തിന്റ പ്രസിദ്ധമായ മറ്റൊരു കാര്‍ട്ടൂണില്‍ റിഗാറ്റോണി (വ്യത്യസ്ത നീളത്തിലും വ്യാസത്തിലുമുള്ള ഒരു തരം പാസ്ത) ടെലിഫോണില്‍ ഇങ്ങനെ സംസാരിക്കുന്നു: ‘എടാ ഫുസില്ലി (മുറുക്കിനെ പോലെ ചുരുണ്ട് നീണ്ടിരിക്കുന്ന ഒരു തരം പാസ്ത), തന്തയില്ലാത്ത ഭ്രാന്താ, എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?’. 

ബര്‍സോട്ടിയുടെ വരണ്ട, സംസ്‌കൃതീകരിച്ച ഹാസ്യം ന്യൂയോര്‍ക്കറിന്റെ ഭാവി നിര്‍ണയിച്ചു. എന്നാല്‍ 1962ല്‍ മാസികയില്‍ അദ്ദേഹത്തിന്റെ ആദ്യ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ശേഷം, രാജ്യത്തെ എറ്റവും വലിയ സിംഗ്ള്‍ പാനല്‍ കാര്‍ട്ടൂണിസ്റ്റായി അദ്ദേഹം അംഗീകരിക്കപ്പെടാന്‍ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് വേണ്ടി വന്നു.

അദ്ദേഹത്തിന്റെ ഒഴുക്കുള്ള, മെലിഞ്ഞ വരകളില്‍ ന്യൂയോര്‍ക്കറിലെ ആദ്യകാല കാര്‍ട്ടൂണിസ്റ്റുകളായ ജയിംസ് തര്‍ബര്‍, ഒട്ടോ സോഗ്ലോവ്, സൗള്‍ സ്‌റ്റെയ്ന്‍ബര്‍ഗ് തുടങ്ങിയവരുടെ സ്വാധീനം തെളിഞ്ഞു കാണാം. ഓരോ ആഴ്ചയിലും ഡസന്‍ കണക്കിന് ആശയങ്ങള്‍ അദ്ദേഹം ന്യൂയോര്‍ക്കറിലൂടെ ആവിഷ്‌കരിച്ചു എന്ന് മാത്രമല്ല പ്ലേബോയ്, എസ്‌ക്വയര്‍, ദ ന്യൂയോര്‍ക്ക് ടൈംസ്, ടെക്‌സാസ് മന്തിലി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും നിരവധി കാര്‍ട്ടൂണ്‍ ശേഖരങ്ങളിലും ഗാര്‍ഹിക ഉപകരണങ്ങളിലും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. 

‘ഒരു ചായക്കോപ്പയിലോ, ഫ്രിഡ്ജിലോ എവിടെയുമാകട്ടെ, അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണുന്ന മാത്രയില്‍ നിങ്ങള്‍ക്ക് തിരിച്ചറിയാനാവും അത് അദ്ദേഹത്തിന്റെതാണെന്ന്’, കഴിഞ്ഞ ആഴ്ച ഒരു അഭിമുഖത്തില്‍ ന്യൂയോര്‍ക്കറിലെ കാര്‍ട്ടൂണിസ്റ്റായ മൈക്കിള്‍ മാസ്ലിന്‍ പറഞ്ഞു. ‘ലാളിത്യം കൂടും തോറും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കൂടുതല്‍ മനോഹരങ്ങളായി തീരുന്നതായി തോന്നിയിട്ടുണ്ട്’.

ടെക്‌സാസിലെ സാന്‍ മാര്‍ക്കോസില്‍ 1933, സപ്തംബര്‍ 28ന് പിറന്ന ചാള്‍സ് ബ്രാനെം ബര്‍സോട്ടി വളര്‍ന്നത് സാന്‍ അന്റോണിയോവിലാണ്. അദ്ദേഹത്തിന്റെ അച്ഛന്‍ ഒരു ഫര്‍ണിച്ചര്‍ കടയിലെ ജീവനക്കാരനും അമ്മ ഒരു അദ്ധ്യാപികയും ആയിരുന്നു.

തന്റെ ചെറുപ്പകാലം മുതല്‍ തന്നെ കാര്‍ട്ടൂണുകള്‍ വരയ്ക്കാന്‍ തുടങ്ങിയിരുന്നു. 1955ല്‍ ബിരുദം നേടിയ സാന്‍ മാര്‍കോസിലെ ഇപ്പോഴത്തെ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ മാഗസിനില്‍ ഉള്‍പ്പെടെ പല പ്രസിദ്ധീകരണങ്ങളിലും അവ പ്രസിദ്ധീകരിക്കപ്പെട്ടു. അദ്ദേഹം രണ്ട് വര്‍ഷം കരസേനയില്‍ ജോലി ചെയ്തു. അതിന് ശേഷം ആറ് വര്‍ഷം മാനസിക സംഘര്‍ഷങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്‌കൂളില്‍ പണിയെടുത്തു. പക്ഷെ ഇടനേരങ്ങളിലെല്ലാം അദ്ദേഹം തുടര്‍ച്ചയായി കാര്‍ട്ടൂണ്‍ വരച്ചുകൊണ്ടിരുന്നു.

ഹാള്‍മാര്‍ക്കിന് ആശംസ കാര്‍ഡുകള്‍ വരയ്ക്കുന്നതിനും അടിക്കുറിപ്പുകള്‍ എഴുതുന്നതിനുമായി 1964ല്‍ അദ്ദേഹം കാന്‍കാസ് സിറ്റിയിലേക്ക് താമസം മാറ്റി. 1968ല്‍ അദ്ദേഹം സാറ്റര്‍ഡേ ഈവനിംഗ് പോസ്റ്റിന്റെ കാര്‍ട്ടൂണ്‍ എഡിറ്ററും കവിത എഡിറ്ററുമായി നിയമിതനായി. നിര്‍ഭാഗ്യവശാല്‍ ഒരു വര്‍ഷം കൊണ്ട് മാസിക പൂട്ടിപ്പോയി. 1970 ല്‍ കാന്‍കാസ് സിറ്റി പ്രദേശത്തേക്ക് അദ്ദേഹം മടങ്ങുമ്പോള്‍ പോക്കറ്റില്‍ ദ ന്യൂയോര്‍ക്കറില്‍ കാര്‍ട്ടൂണ്‍ വരയ്ക്കാനുള്ള കരാറും ഉണ്ടായിരുന്നു.

വിയറ്റ്‌നാം യുദ്ധത്തോടുള്ള അദ്ദേഹത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് റിപ്ലിക്കന്‍ പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷമുള്ള കാന്‍കാസ് ജില്ലയിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക എന്ന ഭഗീരഥ പ്രയത്‌നം 1972ല്‍ അദ്ദേഹം ഏറ്റെടുക്കേണ്ടി വന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ദിവസത്തിന് വളരെ മുമ്പെ തന്നെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ഉപേക്ഷിച്ചു.

അദ്ദേഹത്തിന്റെ ഒരു കാര്‍ട്ടൂണ്‍ ഹ്രസ്വായുസ്സായ രാഷ്ട്രീയ ജീവിതത്തെ വളരെ ധ്വന്യാത്മകമായി പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് വേണമെങ്കില്‍ വായിച്ചെടുക്കാം. ഒരു രാജാവ് ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ പറയുന്നു: ‘തീര്‍ച്ചായും അഴിമതി ഉണ്ട്- നിങ്ങളോ?’.

രാഷ്ട്രീയത്തിന്റെ കോമാളിത്തരത്തില്‍ മുങ്ങുന്നതിനേക്കാല്‍ നല്ലത് കാര്‍ട്ടൂണിന്റെ ഗൗരവമേഖലകളില്‍ സ്വയം സമര്‍പ്പിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം തീരുമാനിച്ചു. 

‘ബൗദ്ധികമായ ഒന്നല്ല എന്ന അര്‍ത്ഥത്തില്‍ ഇതൊരു കാലം ചെന്ന കലയായിരിക്കാം,’ 1986 ല്‍ അദ്ദേഹം ചിക്കാഗോ ട്രിബ്യൂണിനോട് പറഞ്ഞു, ‘എന്നാല്‍ ഇതില്‍ ഒരു ആത്മാര്‍ത്ഥതയുമണ്ട്, ഭയപ്പെടുത്തുന്ന ഒരു തരം ആത്മാര്‍ത്ഥത, അല്ലെങ്കില്‍ അത് അങ്ങനെയാവുക തന്നെ വേണം.’

‘ഒരു കൂന കടലാസുമായാണ് ഞാന്‍ വരയ്ക്കാന്‍ ഇരിക്കുന്നത്. നിരവധി തവണ മയ്ച്ചാലും കേടുപാടു പറ്റാത്ത വിധം ഗുണനിലവാരമുള്ള കടലാസ്. കാരണം കൃത്യമായ ഒരു ആശയവുമായി ഞാന്‍ ഒരിക്കലും കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ ഇരിക്കാറില്ല,’ ഈ വസന്തകാലത്തിന്റെ ആരംഭത്തില്‍ അദ്ദേഹം ന്യൂയോര്‍ക്കറിന്റെ വെബ്‌സൈറ്റില്‍ എഴുതി. ‘പിന്നെ ഞാന്‍ പെന്‍സില്‍ ഉപയോഗിച്ച് വരയ്ക്കാന്‍ തുടങ്ങും, വരയ്ക്കുകയും മായ്ക്കുകയും.’

പിന്നെ ലോകത്തിന്റെ യുക്തിഹീനമായ കാഴ്ചപ്പാടുകള്‍ എങ്ങനെയോ പുറത്ത് വന്നു. കോപാകുലനായ ഒരു കോമാളി ഇങ്ങനെ ഫോണില്‍ ചോദിക്കാവുന്ന രീതിയില്‍, ‘അടുത്ത ഏറ്റവും നല്ല മരുന്ന് ഏതാണ്?’.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍