UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചാള്‍സ് കൊറയ; നിര്‍മ്മാണ വിശ്വാസ പ്രമാണങ്ങളെ ഉടച്ച ശില്‍പി

Avatar

ബിബിന്‍ ചെറിയാന്‍

“ഒരു മരുഭൂമി കടന്ന് നടുമുറ്റത്തുകൂടി ഒരു വീട്ടില്‍ പ്രവേശിക്കുക എന്നത് മനോഹരമായ ഫോട്ടോ ബിംബങ്ങളുടെ സൃഷ്ടി മാത്രമല്ല; പ്രകാശത്തിന്റെ ഗുണനിലവാരം, ചലിക്കുന്ന വായു സൃഷ്ടിക്കുന്ന അന്തരീക്ഷം ഒക്കെ ചേരുന്നതാണ് നമ്മുടെ അനുഭവങ്ങളുടെ സത്ത. പ്രകൃതിയുടെ മൂലകങ്ങളുമായി ഇടപെടുന്ന ഒരു പ്രതിഭാസം എന്ന നിലയില്‍ വാസ്തുശില്‍പകലയെ സമീപിക്കുമ്പോള്‍….”

‘ഊര്‍ജ്ജം’ എന്ന പ്രസക്തവും എന്നാല്‍ തീരെ കാവ്യഭംഗിയില്ലാത്തതുമായ തലക്കെട്ടില്‍ തന്റെ വാസ്തുശില്‍പ ആശയങ്ങള്‍ ഒരിക്കല്‍ പങ്കുവയ്ക്കുകയായിരുന്നു കൊറയ എന്ന വിഖ്യാതനായ വാസ്തുശില്‍പി. ഒരു കാലത്ത് ഇന്ത്യന്‍ വാസ്തുശില്‍പ കലയിലെ ആധുനിക പ്രസ്ഥാനങ്ങളുടെ ശബ്ദമായിരുന്നു ഈ മനുഷ്യന്‍. ഇന്ത്യന്‍ വാസ്തുശില്‍പ കലയുടെ പാരമ്പര്യത്തെ ഉന്നത തലങ്ങളില്‍ ധ്യാനിച്ചെടുത്തതിന്റെ ശുദ്ധമായ ഉദാഹരണങ്ങളായിരുന്നു അദ്ദേഹത്തിന്റെ കെട്ടിടങ്ങള്‍ എല്ലാം തന്നെ. എന്നാല്‍ ഭൂതകാലത്തെ അപ്പടി പകര്‍ത്താനായിരുന്നില്ല അദ്ദേഹത്തിന്റെ ശ്രമം. അവയ്ക്ക് സ്വന്തം ഭാഷയിലും പരിതസ്ഥിയിലും വ്യാഖ്യാനങ്ങള്‍ നല്‍കാനായിരുന്നു അദ്ദേഹം ശ്രമിച്ചത്.

അദ്ദേഹത്തിന്റെ വാസ്തുശില്‍പ കല
നിര്‍മ്മാണത്തിന്റെ ഉല്‍പന്നത്തിന് ഉപരിയായി ആ പ്രക്രിയയിലുള്ള അദ്ദേഹത്തിന്റെ വിശ്വാസമാണ് ആസൂത്രണത്തിലും ഭവന നിര്‍മ്മാണത്തിലുമുള്ള കൊറയയുടെ താല്‍പര്യങ്ങളില്‍ പ്രതിഫലിക്കുന്നത്. കൃത്യമായ ഘടന സ്ഥാപിക്കുന്നതില്‍, ശരിയായ ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍, ശരിയായ കാര്യങ്ങള്‍ സംഭവിക്കുന്നതിനുള്ള അന്തഃരീക്ഷം ഒരുക്കുന്ന കാര്യത്തില്‍ ഒക്കെ ഏതൊരു തന്ത്രജ്ഞനെക്കാളും മേലെയായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം.

നഗരപാര്‍പ്പിട നിര്‍മ്മാണ പ്രശ്‌നങ്ങളിലുള്ള കൊറയയുടെ പരിഹാരങ്ങള്‍, സ്വതന്ത്രാനന്തര ദിനങ്ങളില്‍ ഒരു മൂന്നാം ലോകരാജ്യത്തിന് വലിയ ആശ്വാസം പ്രദാനം ചെയ്തു. ഇടങ്ങള്‍ ശരിയായി അടുക്കുന്നതില്‍ നിര്‍ണായകമായ ലഭ്യമായ വിഭവങ്ങള്‍, ഊര്‍ജ്ജം, കാലാവസ്ഥ തുടങ്ങിയ പ്രധാന ഘടകങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നതാണ് നവി മുംബെയുടെ ആസൂത്രണം മുതല്‍ അഹമ്മാദാബാദിലെ സബര്‍മതി ആശ്രമത്തില്‍ കൃത്യമായ വിശദാംശങ്ങള്‍ക്ക് പ്രധാന്യം നല്‍കി അദ്ദേഹം നിര്‍മിച്ച മഹാത്മാഗാന്ധി സ്മൃതിമണ്ഡപം വരെയുള്ള അദ്ദേഹത്തിന്റെ നിര്‍മിതികള്‍.

കേരളത്തില്‍
അദ്ദേഹത്തിന്റെ നിര്‍മിതികള്‍ കേവലം കെട്ടിടങ്ങള്‍ എന്നതിനപ്പുറം ഒരു പഠനോപാധി കൂടിയാണ്. കേരളത്തിലെ കാലാവസ്ഥയെയും ഇടങ്ങളുടെ ഗുണനിലവാരത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണകള്‍ ഏതൊരു വാസ്തുശില്‍പിക്കും മുതല്‍ക്കൂട്ടാണ്. നിലവിലുള്ള വിശ്വാസങ്ങളുടെ അടിത്തറ തകര്‍ക്കുന്ന ശക്തമായ പ്രത്യയശാസ്ത്ര പിന്‍ബലത്തിലാണ് അദ്ദേഹം കോവളം ബീച്ച് റിസോര്‍ട്ട്, മലബാര്‍ സിമന്റ്‌സ് ടൗണ്‍ഷിപ്പ്, പരുമല പള്ളി തുടങ്ങിയവ നിര്‍മ്മിച്ചിരിക്കുന്നത്. വിനോദസഞ്ചാര മന്ത്രാലയത്തിന് വേണ്ടി ഇന്ത്യയിലെ ഏറ്റവും മനോഹരമായ ബീച്ചുകളില്‍ ഒന്ന് വികസിപ്പിക്കുക എന്നതായിുരന്ന കോവളം ബീച്ച് റിസോര്‍ട്ട് പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ സിമന്റ് പൂശിയ ഇഷ്ടിക ഭിത്തികളും ഓട് മേഞ്ഞ മേല്‍ക്കൂരയുമൊക്കെ കേരളത്തിലെ വാസ്തുവിദ്യാ രംഗത്ത് ഒരു പ്രസ്ഥാനമായി മാറി.

മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭയ്ക്ക് വേണ്ടി അദ്ദേഹം നിര്‍മ്മിച്ച പരുമല പള്ളി കേരളത്തില്‍ നിലനിന്നിരുന്ന വിശ്വാസ പ്രമാണങ്ങളെയൊക്കെ ലംഘിക്കുന്നതായിരുന്നു. പള്ളി എന്ന സങ്കല്‍പത്തിലും അതിന്റെ രൂപഘടനയിലും പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നുകൊണ്ടാണ് അദ്ദേഹം അങ്ങനെ ഒരു നേട്ടം സാധ്യമാക്കിയത്. അദ്ദേഹത്തിന്റെ ഗുരുവായിരുന്ന ലീ കൊര്‍ബ്യൂസറെ പോലെ തന്നെ കൊറയയും പരമ്പരാഗത ക്രിസ്ത്യന്‍ ബിംബങ്ങള്‍ വരുത്തിയ ചില ഇടപെടലുകളാണ് ആ പള്ളിയെ കൂടുതല്‍ മനോഹരമായ ഒന്നാക്കി മാറ്റിയിരിക്കുന്നത്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(ആര്‍ക്കിടെക്ചര്‍ അവസാന വര്‍ഷ വിദ്യാര്‍ഥി. എം ഈ എസ് സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ , കുറ്റിപ്പുറം)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍