UPDATES

വിദേശം

മുസ്ലീങ്ങള്‍ ക്രൂരമായി കൊല്ലപ്പെടുമ്പോള്‍ എന്തുകൊണ്ട് ലോകനേതാക്കള്‍ ഒത്തുകൂടുന്നില്ല?- ഇസ്ലാമിക ലോകം ചോദിക്കുന്നു

Avatar

യാസ്മിന്‍ ബഹ്‌റാനി 
(വാഷിംഗ്ടണ്‍ പോസ്റ്റ്)

പ്രവാചകന്‍ മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ ചിത്രത്തിനു താഴെ ‘ ടൗട്ട് എസ്ത് പാരഡോനെ’ (നിങ്ങള്‍ക്ക് ഞാന്‍ മാപ്പു തന്നിരിക്കുന്നു) എന്നെഴുതിയതാണ് ഫ്രഞ്ച് ആക്ഷേപഹാസ്യ പ്രസിദ്ധീകരണമായ ഷാര്‍ളി ഹെബ്ദോയുടെ പുതിയ മുഖചിത്രം. ‘നിങ്ങളെ വെറുക്കാന്‍ ഞങ്ങള്‍ക്കു സാധിക്കില്ല’ എന്ന സന്ദേശമാണ് ഈ തലവാചകം സൂചിപ്പിക്കുന്നതെന്ന് ഷാര്‍ളി ഹെബ്ദോയുടെ കോളമിസ്റ്റ് അറിയിച്ചു. 

ഷാര്‍ളി ഹെബ്ദോയുടെ മുസ്ലീങ്ങളെ അപമാനിക്കാനുള്ള പ്രവണതയുടെ തുടര്‍ച്ച മാത്രമാണിതെന്ന് ദുബായില്‍ പലരും അഭിപ്രായപ്പെടുന്നത്. കാര്‍ട്ടൂണിസ്റ്റുകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിച്ച് കൊണ്ട് തന്നെ ഈ പ്രവൃത്തി വെറും നിസ്സാരമായ കാര്യമായിപ്പോയെന്ന് എന്റെ ഒരു സഹപ്രവര്‍ത്തക പ്രതികരിച്ചു. ഇത് ബാലിശമായ നീക്കമാണെന്ന് മറ്റൊരാള്‍ പറഞ്ഞു. കൂടുതല്‍ പ്രശ്‌നങ്ങള്‍ അവര്‍ വീണ്ടും വിളിച്ചു വരുത്തുകയാണെന്നാണ് വേറൊരാളുടെ വിലയിരുത്തല്‍. 

ഫ്രാന്‍സിലെ ‘9/11’ എന്നറിയപ്പെടുന്ന ഈ ഭീകരാക്രമണം മുസ്ലീങ്ങളും പടിഞ്ഞാറും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കും. കഴിഞ്ഞ ആഴ്ച 17 പേരുടെ മരണത്തിന് കാരണമായ ആക്രമണം മുസ്ലീങ്ങളോടുള്ള സമീപനത്തെ വീണ്ടും പ്രശ്‌നങ്ങളുടെ വക്കിലെത്തിച്ചിരിക്കുകയാണ്. ഇതൊരു വലിയ ദുരന്തമാണ്. 

ഫ്രാന്‍സില്‍ നടന്ന തീവ്രവാദ ആക്രമണത്തിനോടുള്ള പ്രതികരണം പല രീതിയിലുള്ളതാണ്. ജര്‍മനിയിലും ട്രെസ്ഡനിലും കുടിയേറ്റ ഇസ്ലാം വിരുദ്ധ സമരങ്ങള്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായിരുന്നു. ഒക്ടോബറില്‍ 350 പേര്‍ പങ്കെടുത്ത് തുടങ്ങിയ ഈ മുന്നേറ്റം പിന്നീട് 18,000 ആളുകള്‍ കൂടി ചേര്‍ന്ന് വലിയ ജനസമ്മിതി നേടിയിരുന്നു. ഷാര്‍ളി ഹെബ്ദോ കലാപത്തില്‍ പ്രതിഷേധിച്ചുള്ള പ്രകടനത്തില്‍ 25,000 പേര്‍ പങ്കെടുത്തു എന്നത് വളരെ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ യൂറോപ്പില്‍ പല ഇടങ്ങളിലും മുസ്ലീങ്ങള്‍ക്കെതിരെയുള്ള ആക്രമണം വര്‍ദ്ധിച്ചു വരികയാണ്. 

ഫ്രാന്‍സില്‍ നടന്ന ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അര്‍പ്പിക്കാന്‍ പല രാജ്യത്തു നിന്നുള്ള നേതാക്കള്‍ ഒത്തുകൂടിയിരുന്നു. എന്നാല്‍ ഗാസയിലും, ഇറാഖിലും, സിറിയയിലും, നൈജീരിയയിലും മറ്റു പല സ്ഥലങ്ങളിലും മുസ്ലീങ്ങള്‍ ക്രൂരമായി കൊല്ലപ്പെടുമ്പോള്‍ എന്തു കൊണ്ടാണ് ലോകം മറ്റൊരു രീതിയില്‍ പ്രതികരിക്കുന്നതെന്ന് മധ്യ കിഴക്കന്‍ പ്രദേശങ്ങളിലെ പലര്‍ക്കും മനസ്സിലാകുന്നില്ല. ഡിസംബറില്‍ പാകിസ്താനിലെ 132 കുട്ടികള്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടപ്പോള്‍ എന്തു കൊണ്ട് ലോകരാഷ്ട്ര നേതാക്കള്‍ ഇങ്ങനെ ഒത്തുകൂടിയില്ല എന്നവര്‍ ചോദിക്കുന്നു. 

ഈ കുട്ടികളുടെ മരണം അതിന്റെ പ്രാധാന്യത്തില്‍ ഉള്‍ക്കൊള്ളാതിരിക്കുകയും ബോധപൂര്‍വം പ്രകോപന കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതിന് കൊലചെയ്യപ്പെട്ട മനുഷ്യനെ വാഴ്ത്തുകയും ചെയ്യുന്ന പടിഞ്ഞാറന്‍ ലോകത്തിന്റെ സമീപനം മുസ്ലീങ്ങള്‍ക്ക് വിഷമം ഉണ്ടാക്കുന്നുണ്ട്. ഫ്രാന്‍സിലെ ദുരന്തത്തിന് കാരണക്കാരായ കലാപകാരികളെ ആരും അംഗീകരിക്കുന്നില്ലെങ്കിലും അവരുടെ അമര്‍ഷം മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടെന്ന് പലരും സൂചിപ്പിച്ചിട്ടുണ്ട്. 

ഈ സംഭവത്തോടു കൂടി ബ്രിട്ടനിലെ പ്രാദേശിക വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടിയായ യു.കെ.ഐ.പി, ജര്‍മനിയിലെ പെഗിട, ഫ്രാന്‍സിലെ നാഷനല്‍ ഫ്രണ്ട് എന്നീ പാര്‍ട്ടികളുടെ സ്വാധീനം യൂറോപ്പില്‍ വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മധ്യകിഴക്കന്‍ രാജ്യങ്ങളിലെ മുസ്ലീങ്ങള്‍ ഭീഷണിയിലാണ്. കൂടാതെ പ്രതിരോധപരമായ സമീപനം സ്വീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുകയുമാണ്. 

ബോസ്റ്റണ്‍ ബോംബാക്രമണത്തില്‍ സംശയിക്കപ്പെടുന്ന യോക്കാര്‍ സര്‍നെയ്‌വ് കുറ്റക്കാരനാണെന്ന് എന്റെ ക്ലാസിലെ ആരും വിശ്വസിക്കുന്നില്ല. തെളിവുകളുടെ പേരിലാണ് അയാള്‍ സംശയിക്കപ്പെട്ടതെന്ന് ഞാന്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും അയാളെ മനഃപൂര്‍വം കുറ്റക്കാരനാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് കുട്ടികള്‍ വിശ്വസിക്കുന്നത്. അമേരിക്ക വിശ്വാസയോഗ്യമല്ലെന്നും സദ്ദാം ഹുസൈന്റെ കയ്യില്‍ നിന്നും കൂട്ട നശീകരണ ആയുധങ്ങളൊന്നും കണ്ടെത്തിയില്ലെന്നും അവരെന്നെ ഓര്‍മ്മപ്പെടുത്തി. ഒസാമ ബിന്‍ ലാദനെ പിടിക്കാന്‍ വേണ്ടി അമേരിക്ക പാകിസ്താനില്‍ വ്യാജ കുത്തിവയ്പ്പ് നീക്കം നടത്തി, സിറിയയുടെ ഏകാധിപതി ബാഷര്‍ ആസദിനെ കൊണ്ട് രാസായുധങ്ങള്‍ പ്രയോഗിപ്പിച്ചതു തുടങ്ങിയ കുറെ സംഭവങ്ങളെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു. 

കാര്‍ട്ടൂണുകള്‍ പ്രകോപനമാണെങ്കിലും കലാകാരന്മാര്‍ക്ക് അവര്‍ക്കിഷ്ടമുള്ളത് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അവരുടെ ജോലിയെക്കുറിച്ച് നമ്മള്‍ അന്വേഷിക്കേണ്ടതില്ലെന്നും ഞാന്‍ അവരോടു പറഞ്ഞു. ചിലരത് മനസ്സിലാക്കി, ചിലര്‍ക്കത് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായി, മറ്റു ചിലര്‍ എതിരഭിപ്രായം പ്രകടിപ്പിച്ചു. പല മതങ്ങളെയും അപമാനിക്കുന്നതിനു പകരം ആ കാര്‍ട്ടൂണിസ്റ്റിന് സ്വയം നിയന്ത്രണം കാണിക്കാമായിരുന്നെന്ന് ഒരു കുട്ടി പ്രതികരിച്ചു. എന്നാല്‍ സ്വയം പിടിച്ചു നിര്‍ത്തല്‍ എന്നത് ഒരു വ്യക്തിയെ സംബന്ധിച്ചെടുത്തോളം മോശമായ അവസ്ഥയാണെന്ന് ഞാന്‍ പറഞ്ഞു. ഞങ്ങള്‍ ഇപ്പോഴുള്ള അവസ്ഥയെക്കാളും മോശമായ അവസ്ഥയാണോ അതെന്നായിരുന്നു ആ കുട്ടിയുടെ മറുചോദ്യം; അതൊരു ഉത്തരവുമായിരുന്നു.

(ദുബായിലെ അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ ജേര്‍ണലിസം അദ്ധ്യാപകനാണ് ലേഖകന്‍)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍