UPDATES

വായന/സംസ്കാരം

ഭാവനയുടെ തീവ്രാനുഭവങ്ങള്‍

ഈ ആഴ്ചയിലെ പുസ്തകം

ഭാവനയുടെ കക്ഷിപരത (ലേഖനങ്ങള്‍)

കെ പി അപ്പന്‍

വില: 70 രൂപ 
മെലിന്‍ഡ ബുക്സ് 
തിരുവനന്തപുരം

 

മലയാള സാഹിത്യത്തിലെ പ്രകാശഗോപുരമാണ് കെ പി അപ്പന്‍. നവീന വിമര്‍ശനത്തിന്റെ ചിന്താധാരകളെ വിദ്യുത് തരംഗങ്ങള്‍ പോലെ മലയാള ഭാവനയിലേക്ക് പ്രസരിപ്പിച്ച അപ്പന്‍ വിമര്‍ശന കലയെ സര്‍ഗ്ഗാത്മകതയുടെ തലത്തിലേക്ക് ഉയര്‍ത്തി പ്രതിഷ്ഠിച്ചു. യാഥാസ്ഥിതിക വിമര്‍ശന പദ്ധതികളെ ആക്രമിച്ചുകൊണ്ടും പണ്ഡിത വരേണ്യരുടെ വിഗ്രഹങ്ങള്‍ ഇളക്കി പ്രതിഷ്ഠിച്ചുകൊണ്ടും അപ്പന്‍ നടത്തിയ ജൈത്രയാത്ര മലയാള വിമര്‍ശനത്തിന്‍റെ ചരിത്ര സാക്ഷ്യം കൂടിയാണ്. ഒരു കവിക്ക് നേടിയെടുക്കാവുന്നതിനേക്കാള്‍ ആരാധന പിടിച്ചെടുത്ത കെ പി അപ്പന്‍ വിമര്‍ശനത്തെ കാവ്യകലയോളം ഉയര്‍ത്തി.

 

‘ഞാനൊരു സാഹിത്യ വിമര്‍ശകനായതുകൊണ്ട് വിമര്‍ശനം നടത്തുന്നു. എനിക്കു ജീവിച്ച് തീര്‍ക്കാനുള്ളത് വിമര്‍ശകന്‍റെ ജീവിതമാണ്.’- എന്നു പറഞ്ഞ അപ്പന്‍ ഇന്ന് ജീവിച്ചിരിപ്പില്ല. വിമര്‍ശന ചക്രവാളത്തിലെ കിഴക്കുദിച്ച ഈ നക്ഷത്രം 2008ല്‍ പൊലിഞ്ഞു പോയെങ്കിലും അദ്ദേഹത്തിന്റെ അഞ്ചാം ചരമ വാര്‍ഷിക ദിനത്തില്‍ പുറത്തിറങ്ങിയ പുതിയ പുസ്തകമാണ് ‘ഭാവനയുടെ കക്ഷിപരത.’ അപ്പന്റെ സമാഹരിക്കപ്പെടാതെ കിടന്നിരുന്ന ലേഖനങ്ങള്‍ കണ്ടെടുത്ത് കോര്‍ത്തിണക്കിയതാണ് ഈ പുസ്തകം.

 

പ്രതിഭയുടെ മിന്നല്‍പ്പിണര്‍ പടരുന്ന ലേഖനങ്ങളാണ് ഭാവനയുടെ കക്ഷിപരത എന്ന പുസ്തകത്തില്‍ നമുക്ക് വായിച്ചനുഭവിക്കാന്‍ കഴിയുന്നത്. എഴുത്തിന്റെ തീവ്രത തിരിച്ചു പിടിക്കാനും സ്വതന്ത്രനായ ഒരു മനുഷ്യന്‍ ഉണ്ടാകേണ്ടുന്നതിന്‍റെ ആവശ്യകത ഊന്നിപ്പറയാനും ശ്രമിക്കുന്ന പുസ്തകമാണിത്. വ്യത്യസ്തങ്ങളായ പതിനൊന്നു ലേഖനങ്ങളാണ് ഈ കൃതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ക്ഷോഭിക്കുന്നവരുടെ സുവിശേഷകന്റെ തീവ്ര വചനങ്ങളാണ് ഓരോ ലേഖനവും.

 

 

‘എഴുത്തുകാരനും ചെരുപ്പ് കുത്തിയും’ എന്ന ആദ്യ ലേഖനത്തില്‍ ചെരുപ്പ് കുത്തിയുടെ പണിയും എഴുത്തുകാരന്‍റെ ജോലിയും ഒന്നു തന്നെയാണെന്ന് സൂചിപ്പിക്കുന്നു. മനസിനെ മറ്റു വിഷയങ്ങളില്‍ നിന്നു വേര്‍പെടുത്തിയെടുത്തുകൊണ്ടാണ് ചെരുപ്പ് കുത്തി ചെരുപ്പില്‍ ശ്രദ്ധിക്കുന്നത്. ഇടവിടാതെ ഒരേ സംഗതിയെക്കുറിച്ച് മാത്രം വിചാരിച്ചുകൊണ്ടാണ് എഴുത്തുകാരന്‍ ഗുണമേന്‍മയുള്ള രചന സൃഷ്ടിക്കുന്നത്. ഇത്തരത്തില്‍ എഴുത്തിന്റെ ലോകത്തിലേക്ക് തുറന്നിടുന്ന വാതായനമാണ് ആദ്യ ലേഖനം. ‘ഉന്‍മാദത്തിന്റെ വരികള്‍’ എന്ന രണ്ടാമത്തെ ലേഖനത്തില്‍ ആവിശ്യകതയെക്കുറിച്ചാണ് അപ്പന്‍ നിരീക്ഷിക്കുന്നത്. സ്ത്രീ അന്വേഷിക്കുന്നത് പരമ സ്വാതന്ത്ര്യമാണെന്നും അവളുടെ പ്രവര്‍ത്തനങ്ങള്‍ അവരുടെ ഉള്ളില്‍ നടക്കുന്ന ചിന്തകള്‍ പോലെ സ്വതന്ത്രമായിരിക്കണമെന്നും അപ്പന്‍ പറയുന്നു.

 

ആപല്‍ക്കരമായ ഒരു മതാധിഷ്ഠിത സാംസ്കാരിക ജീവിതം രൂപപ്പെട്ടു വരുന്നതായി കെ പി അപ്പന്‍ മുന്നറിയിപ്പ് തരുന്നു. പൊതു ജീവിതം ധ്യാനങ്ങളിലേക്കും അനുഷ്ഠാനങ്ങളിലേക്കും ആദ്ധ്യാത്മിക പ്രഭാഷണങ്ങളിലേക്കും ചുരുങ്ങുന്നു. മതവും യഥാര്‍ത്ഥ പൌരസമൂഹവും തമ്മില്‍ നടക്കേണ്ട സംവാദം ഇവിടെ നടക്കാതെ പോയി. ഇങ്ങനെയൊരു സംരംഭത്തിന് വൈകാരികമായൊരു ആരംഭമിടല്‍ ആവശ്യമാണ്. അതിന് സന്യാസി ശാസ്ത്രഞ്ജനായി മാറണം.’ദൈവങ്ങളില്ലാത്ത ലോകത്ത് സ്വപ്നങ്ങളില്ലാത്ത മലയാളി’ എന്ന ലേഖനത്തിലൂടെ കെ പി അപ്പന്‍ പങ്കു വെയ്ക്കുന്ന ചിന്തകള്‍ ഇതാണ്.

 

‘എം പി പോള്‍ ബഷീറിനോട് ചെയ്തത്’ എന്ന ലേഖനത്തില്‍ മാനവ മതാനുയായിയും മനുഷ്യ സ്നേഹിയുമായ യോഗിയുമാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് അപ്പന്‍ സ്ഥാപിക്കുന്നു. ഈ ലേഖനം മലയാളത്തിലെ ഇന്ന് പ്രസിദ്ധീകരിക്കപ്പെട്ടതില്‍ ഉജ്ജ്വലമായ ഒരു അപ്പന്‍ രചനയാണ്. ബഷീറിന്റെ ബാല്യകാല സഖിക്ക് എം പി പോള്‍ എഴുതിയ അവതാരിക പ്രസിദ്ധമാണല്ലോ. ‘ബാല്യകാല സഖി ജീവിതത്തില്‍ നിന്ന്‍ വലിച്ചു ചീന്തിയെടുത്ത ഒരേടാണെന്നും അതിന്റെ വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു’ എന്നും മറ്റും എം പി പോള്‍ എഴുതി വച്ചിരിക്കുന്ന അവതാരികയെ അപ്പന്‍ നിശിതമായി വിമര്‍ശിക്കുന്നു. ബാല്യകാല സഖിക്ക് എമിലി സോളയുടെ നോവലുകളുമായി യാതൊരു ബന്ധവുമില്ലെന്നും പാശ്ചാത്യ വിമര്‍ശകര്‍ ഉപയോഗിച്ച വാക്കുകള്‍ വേണ്ടത്ര ആലോചിക്കാതെ എം പി പോള്‍ ബാല്യകാല സഖിയുടെ മേല്‍ വെച്ചു കെട്ടുകയായിരുന്നെന്നും സോദാഹരണ സഹിതം അപ്പന്‍ സമര്‍ഥിക്കുന്നു. മഹാകവി ജിയുടെ ‘അന്ത്യമാല്യം’ ഓ എന്‍ വിയുടെ ‘ഇര’ എന്നീ കാവ്യങ്ങളെ മുന്‍ നിര്‍ത്തി ‘ഭാവനയുടെ കക്ഷിപരത’ എന്ന ലേഖനത്തിലൂടെ തന്റെ കാവ്യകാലാ സിദ്ധാന്തം അപ്പന്‍ അവതരിപ്പിക്കുന്നു.

 

 

വന്ധ്യതയുടെ ചരിത്രമാണ് കേരളത്തിലെ ഇടതുപക്ഷ ഭാവന പറയുന്നത്. സര്‍ഗ്ഗാത്മകമായ ഇടതുപക്ഷ ഭാവന് ഇടതുപക്ഷ് സാഹിത്യത്തില്‍ ഇല്ലായിരുന്നു. അതിന് ശേഷം ഇടതുപക്ഷ സാഹിത്യകാരന്‍മാര്‍ ആവിഷ്ക്കരിച്ചത് കക്ഷിപരതയുടെ വാലില്‍ തൂങ്ങി നയമായിരുന്നു. ശരിയായ ഇടതുപക്ഷ പ്രതിഭയുള്ള ക്ഷുഭിതനായ ഒരു എഴുത്തുകാരനെ സൃഷ്ടിക്കുന്ന കാര്യത്തില്‍ ഇവര്‍ പരാജയപ്പെട്ടു. ഇടതു പക്ഷ സാഹിത്യങ്ങളെ വിമര്‍ശിച്ചുകൊണ്ട് പി ഗോവിന്ദപ്പിള്ള എന്ന ചിന്തകനെയും എഴുത്തുകാരനെയും കാര്യകാരണ സഹിതം ആക്രമിക്കുകയാണ് ‘കരകൌശലങ്ങളുടെ താത്വിക ഏജന്‍സി’ എന്ന ലേഖനത്തില്‍ അപ്പന്‍. പി ഗോവിന്ദപ്പിള്ളയെ പോലുള്ളവരുടെ സാംസ്കാരിക മേല്‍ക്കോയ്മ ശരിയായ ഇടതുപക്ഷ് ഭാവനയുടെ സ്വയം വികാസത്തിന്  തടസമായി നിന്നതായി അപ്പന്‍ ചൂണ്ടിക്കാട്ടുന്നു. സാഹിത്യ ദിശാ ബോധമില്ലാതെ പുസ്തകങ്ങളെ അത്യാര്‍ത്തിയോടെ തിന്നുന്നതിലല്ല, മൌലികതയുള്ള നിരീക്ഷണങ്ങളിലാണ് സാഹിത്യ ചിന്തകരുടെ ശ്രദ്ധ പതിയേണ്ടതെന്നും പി ജിയെ ചൂണ്ടിക്കാട്ടി അപ്പന്‍ സമര്‍ഥിക്കുന്നു.

 

“ക്രിസ്തുമസും പീഢാനുഭവവും’ എന്ന ലേഖനത്തില്‍ ക്രിസ്തുവിനെക്കുറിച്ചും ബൈബിളിനെക്കുറിച്ചുമുള്ള തന്റെ വ്യക്തിനിഷ്ഠമായ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് അപ്പന്‍. ‘എന്റെ ദീര്‍ഘമായ ആന്തരിക യാത്രയ്ക്കുള്ള തൂക്കു സഞ്ചിയാണ് ബൈബിള്‍. ബൈബിളിലൂടെ ഞാന്‍ ഹൃദയം കൊണ്ട് സഞ്ചരിച്ചപ്പോള്‍ ക്രിസ്തുവിന്റെ കണ്ണുകളിലൂടെയും കരളിലൂടെയും കടന്ന് ലോക സാഹിത്യത്തെ പുനര്‍വായനയ്ക്ക് വിധേയമാക്കാന്‍ കഴിഞ്ഞു. വ്യക്തിപരമായ ആധികാരതയില്‍ നിന്നുകൊണ്ടു സംസാരിക്കണമെന്ന് എന്നെ പഠിപ്പിച്ചത് ജീസാണ്.’ ലേഖനത്തിന്റെ തുടക്കത്തിലുള്ള അപ്പന്റെ ഈ വാക്കുകള്‍ അദ്ദേഹത്തിന്റെ വായനയുടെ വിസ്തൃതിയേയും ചിന്തയുടെ ആഴങ്ങളെയും അറിയാനുള്ള അടയാള വാക്യം കൂടിയാണ്. അവശേഷിക്കുന്ന മറ്റു ലേഖനങ്ങളിലും ചിന്തയുടെ മൌലികത പ്രകടിപ്പിക്കുന്ന കെ പി അപ്പന്റെ ഈ പുസ്തകം മലയാള വിമര്‍ശനത്തിന് മാത്രമല്ല സാഹിത്യ വിദ്യാര്‍ഥികള്‍ക്കും സാഹിത്യാന്വേഷകര്‍ക്കും ഒരു സുവിശേഷ ഗ്രന്ഥമായി സൂക്ഷിച്ചു വെക്കാം.

ഡോ. ടി കെ സന്തോഷ് കുമാര്‍

ഡോ. ടി കെ സന്തോഷ് കുമാര്‍

എഴുത്തുകാരനും ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകനും മാധ്യമ അദ്ധ്യാപകനുമാണ് ഡോ. ടി കെ സന്തോഷ് കുമാര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍