UPDATES

വായന/സംസ്കാരം

ആത്മബലിയുടെ തോന്ന്യാക്ഷരങ്ങള്‍: ജോണ്‍ എബ്രഹാമിന്റെ കഥകള്‍- ഒരു വായന

ഈ ആഴ്ചയിലെ പുസ്തകം
ജോണ്‍ എബ്രഹാമിന്റെ കഥകള്‍ (കഥകള്‍)
ജോണ്‍ എബ്രഹാം
ഡി.സി.ബുക്‌സ്
വില: 225 രൂപ

കാലത്തിലൂടെ ഒരു കലാകാരന്‍ നടത്തിയ വ്രണിത തീര്‍ത്ഥാടനമാണ് ജോണ്‍ എബ്രഹാം. സ്വന്തം ചോരകൊണ്ട് സാക്ഷ്യപ്പെടുത്തിയ ഒരു ജീവിതഖണ്ഡം. മുഴുക്കുടിയല്‍ എന്നറിയപ്പെട്ടിരുന്നെങ്കിലും പച്ചയായ മനുഷ്യന്‍. ജീവിച്ചിരുന്നപ്പോള്‍ ജോണിന്റെ മേല്‍ പ്രതിച്ഛായകളുടെ ഒത്തിരി മേലങ്കികള്‍ അണിയിച്ചു. അവധൂതന്‍മാരിലെ അവധൂതനായും നാടോടികളിലെ നാടോടിയായും അരാജകവാദികളിലെ അരാജകവാദിയായും കലഹപ്രിയരിലെ കലാപകാരിയായും ഒക്കെ പകര്‍ന്നാടിയ ജോണ്‍ എബ്രഹാം ആത്യന്തികമായി സര്‍ഗ്ഗശക്തിയുടെ തീക്ഷ്ണമായ ഒരു മിത്താണ്. അതില്‍ നിന്നാണ് അമ്പരപ്പിക്കുന്ന സിനിമകളും അതിശയിപ്പിക്കുന്ന കഥകളം പിറന്നത്. ഒടുവില്‍ അവിസ്മരണീയമായ ഒരു ആത്മബലിയായി മാറി ആ ജീവിതം. 

ജോണ്‍ എബ്രഹാം പലപ്പോഴായി എഴുതിയിട്ടുള്ള കഥകളുടെ സമാഹാരമാണ് ഇവിടെ പരാമര്‍ശിക്കപ്പെടുന്ന ‘ജോണ്‍ എബ്രഹാമിന്റെ കഥകള്‍’ എന്ന പുസ്തകം. ഇതില്‍ അനുബന്ധമായി ജോണിന്റെ മൃഗശാല, അഗ്രഹാരത്തില്‍ കഴുത എന്നീ സിനിമകളുടെ തിരക്കഥയും ചേര്‍ത്തിട്ടുണ്ട്.

ജോണ്‍ എബ്രഹാം എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടെ മനസ്സിലും ആദ്യം തെളിയുന്നത് ഒരു ഫിലിം മേക്കര്‍ എന്ന പേരാണ്. എന്നാല്‍ അതിലുപരി വ്യത്യസ്തങ്ങളായ കഥകളെഴുതി വായനക്കാരെ പുതിയ സംവേദനതലത്തിലേക്ക്  ആനയിച്ച കഥാകൃത്താണ് ജോണ്‍ എന്ന് ആര്‍ക്കും അറിയില്ല. തന്റെ സര്‍ഗ്ഗാത്മകതയുടെ ധൂര്‍ത്തും തീവ്രതയും അനുഭവിപ്പിക്കുന്ന എഴുത്താണ് ജോണ്‍ കഥകളിലൂടെ വായിച്ചെടുക്കാനാവുന്നത്.

മലയാള കഥാസാഹിത്യത്തില്‍ ആധുനികതയുടെ കാലത്താണ് ജോണ്‍ എബ്രഹാമിന്റെ കഥകള്‍ വരുന്നത്. എന്നാല്‍ ആധുനികതയില്‍ നിന്ന് വിഘടിച്ചു നില്‍ക്കുന്ന കഥകളും പരിസരവുമാണ് ജോണിന്റെ രചനകളിലുള്ളത്. പ്രമേയ വൈവിദ്ധ്യമാണ് ജോണ്‍കഥകളുടെ മുഖമുദ്ര. നാഗരികതയുടെ നീരാളിപ്പിടുത്തത്തില്‍ കിടന്ന് പിടയുന്ന കേരളീയ ജീവിതത്തിന്റെ വിഹ്വലതകള്‍ മുഴുവന്‍ ജോണ്‍കഥകളിലുണ്ട്. ‘കോട്ടയത്ത് എത്ര മത്തായിമാരുണ്ട്?’ എന്ന കഥയാണ് ജോണ്‍ എബ്രഹാം എന്ന കഥാകാരനെ അടയാളപ്പെടുത്തിയത്. കമ്പികളുടെ തുടര്‍ച്ച കാണാനായി പിഴുതെടുത്ത ടെലിഫോണ്‍ പോസ്റ്റുമായി ലൈറ്റ്‌പോസ്റ്റുകളുടെ ഉള്ളിലേക്ക് നടന്നുനീങ്ങുന്ന മത്തായി തന്നെ മാടിവിളിക്കന്ന ദുരന്തത്തെക്കുറിച്ച് അറിയാതെയല്ല. അതേസമയം ഇലക്ട്രിക് കമ്പിയുടെയും ടെലിഫോണ്‍ കമ്പിയുടെയും വൈവിധ്യങ്ങള്‍ സമന്വയിപ്പിക്കാന്‍ ശ്രമിക്കുകയാണ് കഥാകാരന്‍. ജോണിലെ വിദൂഷകനാണ് ഇവിടെ പ്രത്യക്ഷപ്പെടുന്നത്.

അഭിമുഖ സംഭാഷണങ്ങളുടെ ഘടനയിലാണ് ‘നേര്‍ച്ചക്കോഴി’ എന്ന കഥയുടെ ആഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത്. മാധ്യമങ്ങളുടെ നേര്‍ച്ചച്ചടങ്ങുകള്‍ പോലുള്ള ഇന്റര്‍വ്യു എന്ന പ്രഹസനത്തെ പാരഡിയുടെ പശ്ചാത്തലത്തോടെ ആവിഷ്‌ക്കരിച്ചിരിക്കുകയാണിവിടെ. ”ഞാന്‍ കൂവിയാണ് വെളിച്ചമുണ്ടാക്കുന്തന്. ഞാന്‍ കൂവിയില്ലെങ്കില്‍ സൂര്യന്‍ ഉദിക്കുകയില്ല. എന്റെ കൂവലിന്റെ താളമാണ് ഈ ചരാചരങ്ങളുടെയെല്ലാം സ്പന്ദനങ്ങള്‍ ക്രമീകരിക്കുന്നത്” എന്ന് പ്രഖ്യാപിക്കുന്ന പൂവന്റെ ഇഷ്ടപ്പെട്ട വിഷയങ്ങള്‍ മരണവും സംഗീതവുമാണ്.

‘പ്ലാസ്റ്റിക് കണ്ണുകളുള്ള ആള്‍സേഷ്യന്‍ പട്ടി’ എന്ന കഥ ഭാഷയിലും ശില്‍പ്പത്തിലും വ്യത്യസ്തമാണ്. ടെറി എന്ന ഭാര്യയുടെ വളര്‍ത്തുപട്ടിയുടെ പ്ലാസ്റ്റിക് കണ്ണുകള്‍ക്ക് മുമ്പില്‍ ‘ജോണി’ അനുഭവിക്കുന്ന അസ്വസ്ഥതയും നിലനില്‍പ്പിന്റെ അര്‍ത്ഥശൂന്യതയും കഥാകൃത്ത് ആവിഷ്‌ക്കരിക്കുന്നു. നിസ്സഹായതയുടെ പാരമ്യത്തില്‍ ടോമിയെ വെടിവച്ചുവീഴ്ത്തി ബോധം വെടിയുന്ന ജോണിക്കും പ്ലാസ്റ്റിക് കണ്ണുകള്‍ തന്നെയോ എന്ന് അയാളുടെ ഭാര്യ സംശയിക്കുന്നു. ആഖ്യാനത്തിന്റെ മികവുകൊണ്ട് മുന്‍നിരയിലേക്ക് വരുന്ന കഥയാണിത്.

‘ആമയുടെ ആത്മഹത്യ’ എന്ന ചെറിയ കഥ വലിയ ഒരു ജീവിതദര്‍ശനമാണ് തുറന്നുതരുന്നത്. ആ കഥ ഇങ്ങനെ:
”കഥ ഞാന്‍ പറയാം – ഒരു ചെറിയ കഥയാണ് – വളരെ ചെറിയ കഥയാണ്. എഴുതുമ്പോള്‍ നീണ്ടുപോകുമെന്നതുകൊണ്ട് വലുതാണെന്ന് വിചാരിക്കരുത്. കഥ ചെറുതാണ് – എന്നല്ല, അക്ഷരങ്ങള്‍  എഴുതുമ്പോള്‍ ദൈര്‍ഘ്യം കൂടുമ്പോള്‍ ദുഃഖമുണ്ട്. അതിനെപ്പറ്റി ദുഃഖിക്കുമ്പോള്‍ വിഷമമുണ്ട്. രത്‌നചുരുക്കം ഇത്രയേയുള്ളു – ആമ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. ഏത് ദിവസം എന്ന് അവന് ഓര്‍മ്മയില്ല. പന്തീരാണ്ടു കാലങ്ങളായി തോടിനുള്ളില്‍ കഴിഞ്ഞ ആമ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച വിവരം കുളത്തിലെ വിപ്ലവകരമായ ഒരു വര്‍ത്തമാനമായി മാറി. വരാലും തവളയും ഈ വര്‍ത്തമാനം കേട്ട് പ്രയാസപ്പെട്ട് കുളത്തിലേക്ക് മുങ്ങി. ചില തവളകള്‍ കരയ്ക്ക് കയറിനിന്ന് മുക്രയിട്ടു. പക്ഷെ, ഈ തീരുമാനം തീരുമാനമായിരുന്നു. അപ്പോഴാണ് വാര്‍പ്പുമായി തള്ളവരാലും തന്തവരാലും വന്നത്. ചുവന്ന മുളക് ചൂണ്ടയിലിട്ട് തന്തവരാലിനെ പിടിച്ചപ്പോള്‍ വാര്‍പ്പുകള്‍.

വിയറ്റ്‌നാമിലേക്ക് ഒളിച്ചോടി-

അതിന്റെ കാര്യമില്ലായിരുന്നു –

തള്ളവരാലിത് ഓടിച്ചിട്ട് പിടിച്ചത് സാന്‍ഡിയാഗോവിലായിപ്പോയി – ഇന്നു ഗാന്ധി മരിച്ച ദിവസമായതുകൊണ്ട് വന്ദേമാതരം എന്ന വാക്കോടെ അവസാനിപ്പിക്കുന്നു.”

പരിഹാസത്തിന്റെയും പരിവേദനത്തിന്റെയും സാമൂഹിക വിമര്‍ശനത്തിന്റെയും സര്‍ഗ്ഗാത്മക ധിക്കാരത്തിന്റെയും ഒക്കെ അന്തര്‍ദര്‍ശനങ്ങള്‍ അടങ്ങിയിരിക്കുന്ന ഇക്കഥ തന്നെയാണ് ജോണ്‍ എബ്രഹാമിന്റെ ജീവിതയാത്രയുടെ ഹംസഗാനവും.

ഡോ. ടി കെ സന്തോഷ് കുമാര്‍

ഡോ. ടി കെ സന്തോഷ് കുമാര്‍

എഴുത്തുകാരനും ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകനും മാധ്യമ അദ്ധ്യാപകനുമാണ് ഡോ. ടി കെ സന്തോഷ് കുമാര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍