UPDATES

വായന/സംസ്കാരം

ഇത്തിരികഥകളിലെ ഒത്തിരി സാമൂഹ്യപാഠങ്ങള്‍- പി കെ പാറക്കടവിന്റെ ‘പൂക്കുന്നതിന്റെ രഹസ്യം’ ഒരു വായന

പൂക്കുന്നതിന്റെ രഹസ്യം (കഥകള്‍)
പി.കെ.പാറക്കടവ്
മാതൃഭൂമി ബുക്‌സ്
വില: 90 രൂപ

പണ്ട് പണ്ട് പൂക്കള്‍ കൊഴിയാറുണ്ടായിരുന്നില്ല. യുഗങ്ങളോളം വാടാതെ, കൊഴിയാതെ പൂ ചെടിയില്‍ത്തന്നെ നിന്നു.
ഭൂമി മുഴുവന്‍ സൗരഭ്യമായിരുന്നു. അങ്ങനെയിരിക്കെ ഒരുക്കില്‍ ഒരു പൂമ്പാറ്റ ഒരു പൂവിന്‍മേല്‍ വന്നിരുന്നു.
പല പൂമ്പാറ്റകള്‍ പല പൂവിന്‍മേല്‍ വന്നിരുന്നു.
തേന്‍ കുടിച്ചുപോവും നേരം പൂമ്പാറ്റ പൂവിനോടു പറഞ്ഞു, ”ഞാനിപ്പോ തിരിച്ചുവരാം. എനിക്ക് നീയും നിനക്കും ഞാനും മാത്രമേയുള്ളു.”
ഇതു കേട്ട് മറ്റ് പൂക്കള്‍ ചിരിച്ചു. എല്ലാ പൂക്കളും തലയറഞ്ഞ് ചിരിച്ച് താഴേക്ക് വീണു. അങ്ങനെയാണ് പൂക്കള്‍ കൊഴിഞ്ഞുവീഴാന്‍ തുടങ്ങിയത്.
– കുമാരനാശാന്‍ വീണപൂവ് എഴുതുന്നതങ്ങനെയാണ്.

അതിമനോഹരമായ അലിഗറി! പി.കെ.പാറക്കടവിന്റേതാണ് രചന. പാറക്കടവിന്റെ ഏറ്റവും പുതിയ കഥാസമാഹാരമായ ‘പൂക്കുന്നതിന്റെ രഹസ്യം’ തുറക്കുന്നതിന്റെ ആദ്യകഥയാണിത്.  നാല്‍പ്പത്തിയഞ്ച് ഇത്തിരിപ്പോന്ന കുഞ്ഞുകഥകള്‍. അതേസമയം അതില്‍ സംഭൃതമായിരിക്കുന്ന ഒത്തിരിയൊത്തിരി ജീവിതദര്‍ശനങ്ങള്‍. വായനക്കാരന്റെ ഉള്ളുകുളിര്‍പ്പിക്കുകയും പൊള്ളിക്കുകയും ചെയ്യുന്ന ‘കഥാകാവ്യങ്ങള്‍’.

പ്രണയത്തെയും മരണത്തെയും പിഴിഞ്ഞെടുത്ത്, ചെറുകഥയിലൂടെ അരിച്ചെടുത്ത് ചെറിയകഥകള്‍ എഴുതുന്ന പി.കെ.പാറക്കടവ് മലയാളകഥയിലെ വേറിട്ട എഴുത്തുകാരനാണ്. കഥയേത് കവിതയേത് എന്ന സന്ദേഹമുണര്‍ത്തിക്കൊണ്ട് പാറക്കടവ് പറയുന്ന കുഞ്ഞഅ കഥകള്‍ക്ക് മലയാളത്തില്‍ ഇന്ന് വലിയ അംഗീകാരമാണ്. കൊച്ചുകൊച്ചുകഥകളിലൂടെ തീക്ഷ്ണവും തീവ്രവുമായ അനുഭവങ്ങളുടെ വലിയ കാന്‍വാസ് സൃഷ്ടിക്കാന്‍ പാറക്കടവിന് കഴിയുന്നു. ആറ്റിക്കുറുക്കിയെടുത്ത ഈ കഥകള്‍ക്ക് ആര്‍ജ്ജവവും ആഴവുമുണ്ട്. കഥകളെ  വലയം ചെയ്തുപോകുന്ന കവിത പാറക്കടവ് രചനകളുടെ സവിശേഷതയാണ്

ചുറ്റും കാണുന്ന കാഴ്ചകളും അനുഭവപ്പെടുന്ന വീഴ്ചകളും പാറക്കടവിന്റെ രചനകള്‍ക്ക് വിഷയമാണ്. സാമൂഹികമായ അനാചാരങ്ങള്‍ക്കും നീതികേടുകള്‍ക്കുമെതിരെ പ്രതിഷേധിക്കുന്ന മനസ്സ് പാറക്കടവ് കഥകളിലുണ്ട്. ആക്ഷേപഹാസ്യത്തിന്റെ മധുരം പൊതിഞ്ഞ് കയ്പ്പാക്കി മാറ്റുന്ന രാസവിദ്യയും അതിലുണ്ട്.  മൂല്യച്യുതി സംഭവിച്ച രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളോടും പ്രവര്‍ത്തനങ്ങളോടും അമര്‍ഷമുണ്ട്. അതിന്റെ ഏറ്റവും നല്ല ഉദാഹരണം ഈ സമാഹാരത്തിലെ ‘ആലിംഗനം’ എന്ന കഥയാണ്. 

”ചായം തേച്ച തുണിക്കഷണം നടന്നുവരികയായിരുന്നു. മറ്റൊരു ചായം തേച്ച തുണിക്കഷണം എതിര്‍വശത്തുനിന് വരുന്നു. രാഷ്ട്രീയ ശത്രുക്കള്‍. കണ്ടപ്പോള്‍ പരസ്പരം ഹൃദ്യമായി ചിരച്ചു. കുശലാന്വേഷണങ്ങള്‍. കുടുംവബിശേഷങ്ങള്‍. പിന്നെ പിരിയാന്‍ നേരം അവര്‍ പരസ്പരം ആശ്ലേഷിച്ചു. ആ പരസ്പരാലിംഗനത്തില്‍ നിന്ന് അവരൊരിക്കലും പുറത്തുവന്നില്ല. രണ്ടുപേരുടെയും പുറത്ത് ആഴത്തില്‍ കത്തികള്‍ ആഴ്ന്നിറങ്ങിയിരുന്നു.”

ചിരിക്കുള്ളില്‍ മൂര്‍ച്ചയുള്ള കത്തികള്‍ എങ്ങനെയാണ് ഒളിപ്പിച്ചുവയ്ക്കുക എന്ന് ‘ചായംതേച്ച  തുണിക്കഷണങ്ങള്‍’ പറഞ്ഞുതരും.

‘ആലിംഗനം’ എന്ന കഥ ഇത്രയേയുള്ളു. പക്ഷെ, ഇതിലടങ്ങിയിരിക്കുന്ന ഉപസംഹാരവും ഉപലാഭവും എത്ര ഗംഭീരമാണെന്നു നോക്കുക. കഥയിലൂടെ സാധിക്കുന്ന തീക്ഷ്ണമായ വിമര്‍ശനമാണിത്.

മരുമകളായി വരുന്ന പെണ്‍കുട്ടികള്‍ സ്ത്രീധനത്തിന്റെയും മറ്റും പേരില്‍ ഭര്‍ത്തൃഗൃഹത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടി മരണമടഞ്ഞു എന്ന വാര്‍ത്തകള്‍ നമ്മള്‍ക്ക് സുപരിചിതമാണല്ലോ. അത്തരം പ്രശ്‌നങ്ങളിലേക്കും പാറക്കടവ് തന്റെ കഥയെ കടത്തിവിടുന്നുണ്ട്. ‘വയ്യ’ എന്ന കുഞ്ഞുകഥ ഇതിലേക്ക് വെളിച്ചം വീശുന്നു.

‘അടുക്കളയില്‍ ചെന്നപ്പോള്‍ ഗ്യാസ് സിലിണ്ടര്‍ പറഞ്ഞു: അമ്മായി അമ്മ അടുത്ത വീട്ടിലോ അങ്ങാടിയിലോ ഒന്നു പോയിവരിക. അപ്പോഴേക്കും എനിക്കൊന്നു പൊട്ടിത്തെറിക്കണം. എനിക്കു വയ്യ. എന്നെ നോക്കാന്‍ മരുമകളെ ഇങ്ങോട്ടയയ്ക്കുക!’ – എത്ര മര്‍മ്മഭേദിയായിട്ടാണ് ഇതിലെ ആശയം അനുവാചകനിലേക്ക് കഥാകാരന്‍ പ്രസരിപ്പിക്കുന്നത്!

സാമൂഹികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങളെല്ലാം പാറക്കടവ് കഥകളില്‍ പ്രത്യക്ഷപ്പെടുന്നത് കാണാം. നമുക്ക് നഷ്ടമാകുന്ന പ്രകൃതിയുടെ ഹരിതഭംഗിയും നന്മകളും എല്ലാം ഈ എഴുത്തുകാരനെ വേദനിപ്പിക്കുന്നു. ആ വേദന അക്ഷരങ്ങളിലൂടെ പകര്‍ത്താന്‍ ബദ്ധശ്രദ്ധനാണ് ഈ കഥാകാരന്‍. ‘പരിസ്ഥിതി ദിനം’ എന്ന കഥ അതിന്റെ പ്രത്യക്ഷോദാഹരണമാണ്.

അനുയായികളാല്‍ ചുറ്റപ്പെട്ട രാഷ്ട്രീയ നേതാവ് വൃക്ഷത്തൈ നടാന്‍ നില്‍ക്കുന്നതും മണ്ണ് കൈകൊണ്ട് തൊടാതിരിക്കാന്‍ പാടുപെടുന്നതും കഥാകൃത്ത് വരച്ചുകാട്ടുന്നു. ഈ സമയത്താണ് മജീഷ്യന്‍ മുതുകാട് പ്രത്യക്ഷപ്പെട്ട് നേതാവിന്റെ കീശയില്‍ നിന്ന് ഭൂമി എടുത്ത് യഥാസ്ഥാനത്ത് വയ്ക്കുന്നത്. അതുകൊണ്ട് ഇക്കൊല്ലത്തെ പരിസ്ഥിതിദിനം ഭംഗിയായി നടത്താനായി എന്ന് കഥാകൃത്ത് കഥ അവസാനിപ്പിക്കുമ്പോള്‍ അവശേഷിക്കുന്ന സാമൂഹിക വിമര്‍ശനവും പ്രതിഷേധസ്വരവും നല്ല വായനക്കാരന്‍ തിരിച്ചറിയുകയാണ്. സുധീഷ് കോട്ടേമ്പ്രത്തിന്റെ രേഖാചിത്രങ്ങള്‍ ഈ സമാഹാരത്തെ മനോഹരമാക്കുന്നു.

വരുംകാലം ശുദ്ധജലത്തിനും വായുവിനും വേണ്ടിയുള്ള യുദ്ധമായിരിക്കും എന്ന മുന്നറിയിപ്പും കഥാകൃത്ത് നല്‍കുന്നുണ്ട്. ‘യുദ്ധം’ എന്ന കഥയില്‍ വെള്ളത്തിന്റെ കാര്യം വ്യംഗ്യഭംഗിയില്‍ പറയുന്നുണ്ട്. കൊട്ടാരസദൃശ്യമായ  വീട്ടില്‍ താമസിക്കുന്ന ഉടമസ്ഥന്‍ ബാങ്ക് ലോക്കറില്‍ നിന്നും കൊണ്ടുവച്ച വെള്ളം കള്ളന്‍മാര്‍ കടന്ന് മോഷ്ടിച്ച സംഭവമാണ് ഈ കഥയില്‍. കള്ളന്‍മാര്ക്ക് പണമോ സ്വര്‍ണ്ണമോ മറ്റുവിലപിടിപ്പുള്ള സാധനമോ വേണ്ടായിരുന്നു. വെള്ളം മാത്രമായിരുന്നു അവരുടെ ലക്ഷ്യം. ആലോചനാമൃതമായ ഇക്കഥയും സമൂഹത്തിന്റെ നേര്‍ക്കുള്ള ഒരു ചോദ്യചിഹ്നമാണ്.

സുഹൃത്തിന്റെ ഭാര്യ പ്രസവിച്ചതറിഞ്ഞ് കുഞ്ഞിനെ കാണാന്‍ പോയതും അടുത്തമുറിയിലിരുന്ന് കുഞ്ഞ് കവിതയെഴുതുന്നതും അവതരിപ്പിച്ചുകൊണ്ട് ‘കവിത’ എന്ന കഥയില്‍ പാറക്കടവ്, ഇന്നത്തെ സാഹചര്യത്തില്‍ ആര്‍ക്കും കവിത തട്ടിക്കുട്ടാമെന്ന പ്രസ്താവനയെ എടുത്തുകാണിക്കുകയാണ്. ‘മുത്തശ്ശിയും ആംആദ്മിയായി’ എന്ന കഥയും നിശിതമായ സാമൂഹികവിമര്‍ശനമാണ്.

കൊച്ചുകൊച്ചുകഥകളിലൂടെ കഥ പറഞ്ഞ് മലയാളവായനക്കാരുടെ ഹൃദയത്തില്‍ ഒരു പ്രത്യേക ഇടം നേടിയ പാറക്കടവ് പലപ്പോഴും (എപ്പോഴും) കവിതയുടെ മേലങ്കി അണിയിച്ചാണ് തന്റെ രചനകള്‍ നിര്‍വ്വഹിക്കാറുള്ളത്. ‘റൂമിയോടൊപ്പം’ എന്ന കഥ നോക്കുക.

‘ജലാലുദ്ദീന്‍ റൂമിയോടൊപ്പം ആകാശത്ത് പഞ്ഞിക്കെട്ടുകള്‍ക്കിടയിലൂടെ പറന്നു നടക്കുകയായിരുന്നു നീ. നിലാവില്‍ മുങ്ങിക്കുളിച്ച നിന്റെ കൈകളില്‍ നിറയെ പനിനീര്‍പ്പൂക്കള്‍. ഭൂമി ചെവിയിലോതി, അവനറിയട്ടെ, മുറിവുകളിലൂടെയാണ് വസന്തം വരികയെന്ന്. ഇപ്പോള്‍ അവന്റെ മുറിവുകളില്‍ നിറയെ നക്ഷത്രങ്ങള്‍.’  കഥയോ കവിതയോ ഇത്? നിങ്ങള്‍ തീരുമാനിക്കൂ!

ഡോ. ടി കെ സന്തോഷ് കുമാര്‍

ഡോ. ടി കെ സന്തോഷ് കുമാര്‍

എഴുത്തുകാരനും ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകനും മാധ്യമ അദ്ധ്യാപകനുമാണ് ഡോ. ടി കെ സന്തോഷ് കുമാര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍