UPDATES

വായന/സംസ്കാരം

ദുഃഖത്തിന്റെ കുന്നുകളില്‍ മൃത്യുവിന്റെ നക്ഷത്രങ്ങള്‍ ജ്വലിക്കുമ്പോള്‍

ഈ ആഴ്ചയിലെ പുസ്തകം
കുന്നുകള്‍ നക്ഷത്രങ്ങള്‍ (നോവല്‍)
ഇ. സന്തോഷ്‌കുമാര്‍
മാതൃഭൂമി ബുക്‌സ്
വില: 55 രൂപ

‘അന്ധകാരനഴി’ യിലൂടെ മലയാള നോവലിന്റെ പുതിയ അഴിമുഖം കടന്ന് ആഖ്യാനകലയുടെ അഭിജാത വിസ്മയങ്ങള്‍ തീര്‍ത്തുകൊണ്ടിരിക്കുന്ന എഴുത്തുകാരനാണ് ഇ. സന്തോഷ്‌കുമാര്‍. ചെറിയ ചെറിയ വാക്യങ്ങളിലൂടെ അര്‍ത്ഥങ്ങളുടെയും അനുഭവങ്ങളുടെയും ലോകം തുറക്കാനുള്ള രചനാ വൈഭവം സന്തോഷ്‌കുമാറിനുണ്ട്. അതിന്റെ മികച്ച ഉദാഹരണമാണ് പുതിയ നോവലായ ‘കുന്നുകളും നക്ഷത്രങ്ങളും’. ഈ ചെറുനോവലില്‍ ജീവിതത്തിനറെ വലിയ അര്‍ത്ഥവും അര്‍ത്ഥശൂന്യതയുമാണ് സംഭൃതമായിരിക്കുന്നത്. മനുഷ്യബന്ധങ്ങള്‍ക്കിടയിലെ ഏകാകിതയും സ്‌നേഹത്തിന്റെ ആപേക്ഷികതയും അനാവരണം ചെയ്യുന്നതോടൊപ്പം അടുത്തറിയും തോറും അപരിചിതമാകുന്ന ജീവിതാവസ്ഥയേയും മനോഹരമായി ഈ നോവലില്‍ സന്തോഷ്‌കുമാര്‍ അവതരിപ്പിക്കുന്നു. ആള്‍ക്കൂട്ടത്തില്‍ തനിച്ചാവുന്നപോലെ, ആരവങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുന്നപോലെ ആത്മാവിന്റെ നിഗൂഢതകളിലേയ്ക്ക് ചാഞ്ഞിറങ്ങുന്ന മൗനത്തിന്റെ മുഴക്കമായി ഈ നോവല്‍ സംഗീതം പെയ്യുന്നു.

‘ഓര്‍മ്മകള്‍: പായല്‍പച്ച
പടരും സായന്തനം
കുന്നുകള്‍ മീതേ, നാനാ
നിറങ്ങള്‍, ശലഭങ്ങള്‍.
ചില്ലകള്‍ തോറും ചെറു
പൂവുകള്‍, ഇളംമഞ്ഞ-
ച്ചേല ചുറ്റിയവെയില്‍.
നാട്ടുമാവുകള്‍ തണല്‍ചൂടിക്കും മദ്ധ്യാഹ്നങ്ങള്‍
കാട്ടുഞാവലിന്‍ കായ്കള്‍ പാകമായതിന്‍ മണം
കുട്ടികള്‍ കളിക്കുമ്പോള്‍ പൂത്ത താഴ്‌വാരം ചുറ്റി
കൂട്ടുവന്നെത്തും കാറ്റിന്‍ കാതടപ്പിക്കും രവം.
കുന്നുകള്‍ നക്ഷത്രങ്ങള്‍;
മൂകതാരകള്‍ പോലെ ജ്ഞാനികള്‍, വെളിച്ചത്തിന്‍
നാട്ടിടവഴികളില്‍ നടന്നൂ നമ്മള്‍, ദ്രുതം
എപ്പോഴോ ശിശിരത്തിന്‍ മഞ്ഞുതുള്ളികള്‍ വാഴ്‌വിന്‍
നാരകത്തോപ്പില്‍ നമ്മെ നനച്ചു, സ്‌നാനം ചെയ്തു.
എത്രയും ക്ഷണം! ചുറ്റും
കണ്ണുകള്‍ തുറന്നു നാം
നോക്കുന്നു, ലോകത്തിന്റെ ചുറ്റളവുകള്‍ മാറി
ദിക്കുകള്‍ സ്വയം മാഞ്ഞു.
തുമ്പികള്‍ ചിറകറ്റു
വീഴുന്ന നേരം കൊണ്ടേ
തീരുന്നു, കുട്ടിക്കാലം.
അമ്പരപ്പൊരു കയം,
വീണുനാമതില്‍; മേലെ
സാക്ഷികള്‍ കണക്കപ്പോള്‍
കുന്നുകള്‍, നക്ഷത്രങ്ങള്‍!!

നോവല്‍ തുടങ്ങും മുമ്പേയുള്ള പ്രവേശികയാണിത്. സന്തോഷ്‌കുമാറിന്റെ കവിത. നോവലിന്റെ ജലപര്‍വ്വത്തിലേയ്ക്കുള്ള സ്രോതസ്സാണിത്. ആക്രാന്തങ്ങളുടേയും ആക്രന്ദനങ്ങളുടെയും വ്യാമോഹങ്ങളുടെയും വ്യാഘ്രനീതികളുടെയും അര്‍ത്ഥരാഹിത്യങ്ങളുടെയും അന്തസ്സാര ശൂന്യതയുടെയും മഹാകാവ്യമായ ജീവിതത്തിന്റെ രഹസ്യങ്ങളെ അടുത്തറിയാന്‍ ശ്രമിക്കുന്ന ഒരു നോവലിസ്റ്റിന്റെ ഹൃദയസ്പന്ദനങ്ങളാണ് ഈ കൃതിയില്‍ നാം തൊട്ടറിയുന്നത്. പശ്ചാത്തലത്തിന്റെ പുതുമയും കഥാപാത്ര സൃഷ്ടിയിലെ സൂക്ഷ്മതയും എഴുത്തിന്റെ ഭാവാത്മകമായ മറ്റൊരു തലത്തിലേയ്ക്ക് ഈ നോവലിനെ എടുത്തുയര്‍ത്തുന്നു.

നോവല്‍ തുടങ്ങുന്നത് ഇങ്ങനെ:
‘മലഞ്ചെരുവില്‍ മൂന്നു വീടുകളുണ്ടായിരുന്നു. മൂന്നു വീടുകളിലുമായി നാലഞ്ചു കുട്ടികള്‍. മലയിറങ്ങിയാല്‍ ചെന്നെത്താവുന്ന ഒരു കൊച്ചുപട്ടണത്തിലുള്ള തൊഴിലിടങ്ങളിലേയ്ക്ക് അവരുടെ അച്ഛനമ്മമാര്‍ വെളുപ്പിനെ തന്നെപോകും. അച്ഛനമ്മമാര്‍ തിരിച്ചെത്തുന്ന സമയം വരേയ്ക്കും ആ കുട്ടികള്‍ തനിച്ചായിരുന്നു. കാട്ടുവഴികളിലൂടെ  നടന്ന് അവര്‍ സ്‌കൂളില്‍ പോയി. മുയലുകളും പക്ഷികളും അപ്പോള്‍ അവരെ കാത്തുനിന്നു. തലപ്പൊക്കമുള്ള വയസ്സന്‍ മരങ്ങള്‍ വാത്സല്യത്തോടെ ചില്ലകള്‍ താഴ്ത്തി. അരുവികള്‍ ഒച്ചവച്ച് കുറേദൂരം കൂട്ടുനടന്നു. മടങ്ങിവരുമ്പോള്‍ മലഞ്ചെരുവില്‍ ധ്യാനിച്ചു നില്‍ക്കുന്ന ജ്ഞാനികളായ ആ മൂന്നു വീടുകളെ വളരെ ദൂരെ നിന്നുതന്നെ അവര്‍ കണ്ടു. വീടുകള്‍ക്ക് പിറകിലെ ആകാശത്ത് ദിക്കുകള്‍ വഴികാണിക്കാനെന്നോണം അപ്പോള്‍ വിളറിയ മൂന്നു നക്ഷത്രങ്ങള്‍ ഉദിച്ചിരുന്നു’ – ഇത്രയുമാണ് ഒന്നാം അദ്ധ്യായം. 

ഇനി നോവല്‍ അവസാനിക്കുന്നത് നോക്കുക:
‘ബസ് സാവധാനം മലയിറങ്ങിത്തുടങ്ങി. നല്ലതണുപ്പുണ്ടായിരുന്നു. ഉയരംകൂടിയ മരങ്ങളില്‍ ചേക്കേറാനെത്തുന്ന പക്ഷികളുടെ ശബ്ദം അവര്‍ കേട്ടു. സന്ധ്യയായിരുന്നു അപ്പോള്‍. ബസ് കുറച്ചുകൂടി താഴേയ്ക്ക് സഞ്ചരിച്ചു. കുന്നുകള്‍ക്ക് താഴെയുള്ള വിതാനത്തിലെത്തിയപ്പോള്‍ മലഞ്ചെരിവില്‍ ധ്യാനിച്ചു നില്‍ക്കുന്ന ജ്ഞാനികളായ ആ മൂന്നുവീടുകളെ മങ്ങിയ പ്രകാശത്തില്‍ അവര്‍ കണ്ടു. വീടുകളില്‍ വിളക്കുകള്‍ തെളിഞ്ഞിരുന്നു. വീടുകള്‍ക്ക് പിറകിലെ ആകാശത്ത് ദിക്കുകള്‍ക്ക് വഴികാണിക്കാനെന്നോണം വിളറിയ മൂന്നുനക്ഷത്രങ്ങളും ഉണ്ടായിരുന്നു’ – ഇത്രയുമാണ് അവസാന അദ്ധ്യായം.

സരളമായ ശൈലിയിലൂടെ സാരഗര്‍ഭമായ ആശയത്തെ വായനക്കാരന്റെ ആലോചനയ്ക്ക് വിട്ടുകൊണ്ടുള്ള ക്രാഫ്റ്റാണ് സന്തോഷ്‌കുമാര്‍ നോവലിന്റെ തുടക്കത്തിലും ഒടുക്കത്തിലും സ്വീകരിച്ചിരിക്കുന്നത്. ജ്ഞാനികളായ മൂന്നു വീടുകള്‍. വിളറിയ മൂന്ന് നക്ഷത്രങ്ങള്‍. നോവലിലെ പ്രധാന ബിംബങ്ങളാണിവ. ഇവയെ ഏതുതരത്തിലും നമുക്ക് വ്യാഖ്യാനിക്കാം. ജീവിതത്തിന്റെ വീടുകള്‍. മരണത്തിന്റെ നക്ഷത്രങ്ങള്‍. അതുമല്ലെങ്കില്‍ ത്രികാലങ്ങളുടെ മൂന്ന് വീടുകള്‍. ത്രിലോകങ്ങളുടെ മൂന്ന് നക്ഷത്രങ്ങള്‍. എങ്ങനെയായാലും ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ട മനുഷ്യന്റെ അവസ്ഥാന്തരങ്ങളെയാണ് ഇവ എടുത്തുകാട്ടുന്നത്.

ബെസ്റ്റ് ഓഫ് അഴിമുഖം 

വായനയുടെ രഹസ്യവാതില്‍ തുറക്കുന്ന പ്രസന്നരാജന്റെ ലേഖനങ്ങള്‍
കവിത എഴുതിയാല്‍ തേവിടിശ്ശി ആകുമോ?
പെണ്ണുടലിനെ വായിച്ചെടുക്കുന്നത്
നമ്മുടെ സന്ദിഗ്ദ്ധതകളെക്കുറിച്ച് സംസാരിക്കുന്ന മൂന്ന് നോവലുകള്‍
പൂര്‍വ്വമാതൃകകളെ ഉടച്ചു വാര്‍ക്കുന്ന ജലച്ഛായ- നോവല്‍ വായന

ദൂരെ മലകളില്‍ നിന്ന് താഴേയ്ക്ക് മെലിഞ്ഞുവരുന്ന റോഡുകള്‍. വല്ലപ്പോഴും ഭാരം കയറ്റി വരുന്ന ലോറികള്‍. പട്ടണത്തിലേക്കാണ് പോകുന്നത്. രാത്രിയില്‍ വൈകി ക്ഷീണിച്ച് അവ മലമുകളിലേയ്ക്ക് കയറിപ്പോകുന്നു. ജീവിത ദുഃഖങ്ങളുടെയും ദുരിതങ്ങളുടെയും ഭാരം കയറ്റിയും ഇറക്കിയും ക്ഷീണിച്ചവശനാകുന്ന മനുഷ്യന്‍ ഒടുവില്‍ മൃത്യുവിന്റെ മലകയറാന്‍ വിധിക്കപ്പെടുന്ന ചിത്രം നമുക്കിവിടെ വായിച്ചെടുക്കാവുന്നതേയുള്ളു. നോവലിലെ കുസൃതിയായ കുട്ടി റോഡില്‍ വണ്ടി ചക്രങ്ങള്‍ കയറിയിറങ്ങിപ്പോകാന്‍ പാകത്തില്‍ നാണയങ്ങള്‍ വിതറുന്നു. അവന്റെ ആദ്യ ശ്രമം പരാജയപ്പെടുന്നു. പിന്നീടവന്‍ ചില്ലു കഷ്ണങ്ങള്‍ വിതറുന്നു. ഒടുവിലൊരു പഴഞ്ചന്‍ കാറ് ചില്ലിന്റെ ചതിക്ക് ഇരയായി. കാറിന്റെ ടയറ് പൊട്ടി. അത് വശം ചെരിഞ്ഞു. ചില്ലുവച്ച കുട്ടി ആഹ്ലാദത്തോടെ തന്റെ ലക്ഷ്യം പ്രാപ്തമായി എന്നു കരുതുന്നിടത്ത് നോവലിന്റെ വഴിത്തിരിവ് സംഭവിക്കുകയായി. പ്രായം ചെന്ന ഒരു മനുഷ്യനായിരുന്നു കാറോടിച്ചുവന്നത്. പിന്‍ സീറ്റില്‍ അയാളുടെ ഭാര്യ നീണ്ടുനിവര്‍ന്നു കിടക്കുന്നു. പട്ടണത്തിലെ ആശുപത്രിയിലേയ്ക്ക് അവരെയും കൊണ്ടുവന്നതാണ് ആ മനുഷ്യന്‍. ചില്ലുവച്ച കുട്ടി പ്രായമായ മനുഷ്യന്റെ അടുത്തെത്തി സഹായം വാഗ്ദാനം ചെയ്യുന്നു. അവര്‍ കാത്തുനില്‍ക്കെ അതുവഴി വന്ന ലോറി ഡ്രൈവറ് കാറിന്റെ പഞ്ചറായ ടയര്‍ മാറ്റിക്കൊടുക്കുന്നു. അനക്കമറ്റ് കിടക്കുന്ന സ്ത്രീയെയും കൊണ്ട് ആ മനുഷ്യന്‍ പട്ടണത്തിലേയ്ക്ക് പോവുന്നു.

അന്ന് രാത്രി കുട്ടി അസ്വസ്ഥനായിരുന്നു. അവന്റെ മനസ്സ് കുറ്റബോധത്തിന്റെയും വിഷാദത്തിന്റെയും അലകടലായി. ഒടുവില്‍ അച്ഛനോട് അവന്‍ ചെയ്ത പ്രവൃത്തി – കാറിന് കേടുവന്ന സംഭവം – വിവരിച്ചു. പിന്നീട് അവന് മനസ്സമാധാനമുണ്ടായില്ല. അച്ഛനോടൊത്ത് അവന്‍ പട്ടണത്തിലെ ആശുപത്രികളില്‍ കാറിന്റെ ഉടമയേയും അയാളുടെ ഭാര്യയേയും അന്വേഷിച്ചലഞ്ഞു. ഒടുവിലൊരു ആശുപത്രി രജിസ്റ്ററില്‍ നിന്ന് പ്രായം ചെന്ന മനുഷ്യന്റെ വാസസ്ഥലവും മറ്റും രേഖപ്പെടുത്തുന്ന അറിവു കിട്ടി. അങ്ങനെ അച്ഛനും മകനും കൂടി മലമുകളിലേയ്ക്ക് ബസില്‍ യാത്ര തിരിച്ചു. അവന്റെ ആദ്യയാത്രയായിരുന്നു അത്. എങ്ങനെയും ആ മനുഷ്യന്റെ വീട് അച്ഛനും മകനും കൂടി കണ്ടുപിടിച്ചു. ചാരുകസേരയില്‍ മയങ്ങുകയായിരുന്ന ആ മനുഷ്യന്റെ മുമ്പില്‍ അവര്‍ നിന്നു. ആഗമന ദോത്യം ആ മനുഷ്യനെ അറിയിച്ചു. പട്ടാളക്കാരനായിരുന്ന ആ മനുഷ്യന്‍ കുട്ടിയുടെ കുസൃതിത്തരം കണക്കിലെടുത്തില്ല. പകരം അവനെ അഭിനന്ദിക്കുകയായിരുന്നു. പിന്നീട് പട്ടാളക്കാരനായ ആ മനുഷ്യന്‍ തന്റെ ജീവിത കഥയിലേക്ക്, ഭൂതകാലത്തിലേയ്ക്ക്, യുദ്ധമുഖങ്ങളിലേയ്ക്ക് തിരിച്ചുപോകുന്ന കഥാകഥനമാണ് നോവലിസ്റ്റ് നിര്‍വഹിക്കുന്നത്.

മൂന്ന് യുദ്ധങ്ങളില്‍ പങ്കെടുത്ത, രാഷ്ട്രസേവനത്തിന് കിട്ടിയ മെഡലുകളും ഫലകങ്ങളും സൂക്ഷിക്കുന്ന ആ മനുഷ്യന്‍ തന്റെ ദാമ്പത്യ ജീവിതത്തിന്റെ താളുകളും മറിക്കുന്നു. ഭാര്യയുമൊത്ത് സംതൃപ്തമായി കഴിഞ്ഞ നാളുകള്‍. ഒടുവിലൊടുവില്‍ ആ ബന്ധത്തിലുണ്ടായ താളപ്പിഴകള്‍. ഭാര്യയുടെ സംശയങ്ങള്‍. അടുപ്പമുണ്ടെങ്കിലും അകലത്തിന്റെ വ്യാപ്തം വര്‍ദ്ധിച്ച നിമിഷങ്ങള്‍. ഭാര്യയുടെ പരിഹാസങ്ങള്‍, ശാപവാക്കുകള്‍ എന്നു വേണ്ട ജീവിതത്തിന്റെ സായാഹ്നത്തില്‍ സഹനങ്ങളുടെ സമതലങ്ങള്‍ തെറ്റിവീണ നാളുകള്‍. ഒക്കെയും പട്ടാളക്കാരന്റെ ജീവിതാവസ്ഥയിലൂടെ നോവലിസ്റ്റ് വരച്ചു കാട്ടുന്നു. ആസന്നമരണയായ ഭാര്യയുടെ അവസാന നിമിഷങ്ങളെ പട്ടാളക്കാരനിലൂടെ സന്തോഷ്‌കുമാര്‍ അവതരിപ്പിക്കുന്നതു നോക്കൂ:

‘പതുക്കെ, ജീവിതത്തിന്റെ ഭാരമെല്ലാം ചോര്‍ന്നുപോയ ആ ശരീരത്തെ ഞാന്‍ കിടക്കയില്‍ നിന്ന് ഉയര്‍ത്തിയെടുത്തു. മഹാപാപത്തിന്റെ കൊടും തീയില്‍ ഞാന്‍ ഉരുകിക്കൊണ്ടിരുന്നു. കഠിനമായ ഒരു ശകാരം. ശാപം, അല്ലെങ്കില്‍ ദണ്ഡനം പോലും അതുമാത്രമേ എനിക്കവളില്‍ നിന്ന് ആവശ്യമുണ്ടായിരുന്നുള്ളു. അതിനുവേണ്ടി ഒരു നിമിഷത്തിന് വേണ്ടി മാത്രമായിട്ടെങ്കിലും നിശ്ചലമായ ആ ശരീരം ഉണര്‍ന്ന് തിരിച്ചുവരണമെന്ന് ഞാന്‍ ആഗ്രഹിച്ചു:-‘ സ്‌നേഹത്തിന്റെ ആപേക്ഷികതയും ജീവിതത്തോടുള്ള അടങ്ങാത്ത ആസക്തിയും ഇടകലര്‍ന്ന് വൈകാരികമായ മറ്റൊരു തലത്തിലേയ്ക്ക് ഒരാളിന്റെ മനസ് കടന്നുപോകുന്ന ചിത്രം എത്ര ഹൃദയഹാരിയായിട്ടാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്!

ഈ നോവലിലെ കഥാപാത്രങ്ങള്‍ക്ക് പേരില്ല. നാമരഹിതരാണവര്‍. പേരിന്റെ കവചമില്ലാതെ നേരിന്റെ യുദ്ധഭൂമിയിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന മനസുകളാണവര്‍. അവിടെ മോഹങ്ങളുടെ കുന്നുകളുണ്ട്. സ്വപ്നങ്ങളുടെ നക്ഷത്രങ്ങളുണ്ട്. ജീവിതത്തിന്റെ രാസപരിണാമങ്ങള്‍ക്കനുസൃതമായി അവ ഒടുവില്‍ ദുഃഖത്തിന്റെ കുന്നുകളായും മൃത്യുവിന്റെ നക്ഷത്രങ്ങളായും നോവലിനെ ദാര്‍ശനികമായ മറ്റൊരു തലത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നു.

ഡോ. ടി കെ സന്തോഷ് കുമാര്‍

ഡോ. ടി കെ സന്തോഷ് കുമാര്‍

എഴുത്തുകാരനും ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകനും മാധ്യമ അദ്ധ്യാപകനുമാണ് ഡോ. ടി കെ സന്തോഷ് കുമാര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍