UPDATES

വായന/സംസ്കാരം

ജീവിതത്തിന്റെ പുസ്തകശാല; 2014 ലെ 10 പുസ്തകങ്ങള്‍

വായനയുടെ വാതായനങ്ങള്‍ തുറന്നിട്ടുകൊണ്ട് രണ്ടായിരത്തി പതിനാലും പടിയിറങ്ങി.  സാഹിത്യരംഗത്ത്, വിശേഷിച്ചും മലയാളത്തില്‍, വായനയുടെ വസന്തം തിരിച്ചുവരുന്നു എന്നുള്ളതിന്റെ തെളിവുകൂടിയായിരുന്നു പോയവര്‍ഷം. മുന്പെന്നത്തെക്കാളും 2014-ല്‍ ധാരാളം പുസ്തകങ്ങള്‍ ഇറങ്ങി; എല്ലാ സാഹിത്യശാഖയിലും. കതിര്‍കനമുള്ള കുറേയധികം കൃതികള്‍. വായനക്കാരുടെ അഭിരുചിയിലും സംവേദനത്തിനും മാറ്റങ്ങള്‍ സൃഷ്ടിച്ച കൃതികളെ മലയാളികള്‍ സസന്തോഷം സ്വീകരിച്ചു. ജീവിതത്തെക്കുറിച്ചുള്ള പുതിയ ഉള്‍ക്കാഴ്ചകളും മാറിവരുന്ന കാലത്തിന്റെ സ്പന്ദനങ്ങളുമെല്ലാം നിറച്ചുവച്ച ഒട്ടനവധി കൃതികള്‍ നമുക്കുണ്ടായി.

എന്നാല്‍, പോയവര്‍ഷത്തെ മികച്ച കൃതികളെ തെരഞ്ഞെടുക്കുക എന്നത് തീര്‍ച്ചയായും വലിയൊരു വെല്ലുവിളി തന്നെയാണ് എങ്കിലും അഭിരുചിയുടെയും ശീലങ്ങളുടെയും മനസുകൊണ്ട് ശ്രദ്ധേയമെന്ന് തോന്നിയ പത്ത് കൃതികളാണ് ഇവിടെ പരാമര്‍ശിക്കുന്നത്. അതില്‍ 2013ന്റെ അന്ത്യഘട്ടത്തിലിറങ്ങിയ കൃതിയും ഉണ്ടാകാം. കതിരും പതിരും വേര്‍തിരിക്കാനല്ല ഇവിടെ ശ്രമം. മറിച്ച് ആസ്വാദനത്തിന്റെ രസ-ഭാവ നിറവുകളിലേക്ക് കയറിവന്ന കൃതികളാണ് ഇവിടെ വിവക്ഷ.

1. ലൈബ്രേറിയന്‍, സി.വി.ബാലകൃഷ്ണന്‍ 
‘ആയുസിന്റെ പുസ്തക’ത്തിലൂടെ മലയാള നോവലില്‍ അഗാധമായ അടയാളം പതിപ്പിച്ച എഴുത്തുകാരനാണ് സി.വി.ബാലകൃഷ്ണന്‍. കഥയിലും സിനിമയിലുമെല്ലാം തന്റേതായ സര്‍ഗ്ഗവൈഭവമാണ് ബാലകൃഷ്ണന്‍ തന്നിട്ടുള്ളത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലായ ‘ലൈബ്രേറിയന്‍’ മലയാള നോവലില്‍ ഒരു പുതുമയാണ് ജീവിതപുസ്തകങ്ങളുടെ വായനശാലയില്‍ കാത്തുകിടക്കുന്ന മരണമില്ലാത്ത കഥാപാത്രങ്ങളും കഥാകാരന്‍മാരും ഒരു ലൈബ്രേറിയന്റെ ജീവിതത്തെ നിര്‍ണ്ണയിക്കുന്നതെങ്ങനെയെന്ന് ഈ നോവല്‍ വിളംബരം ചെയ്യുന്നു. തകഴി, കാത്ത, നാലപ്പാടന്‍, വള്ളത്തോള്‍, എസ്.കെ.പൊറ്റക്കാട്, കെ.പി.കേശവമേനോന്‍, പൊന്‍കുന്നം വര്‍ക്കി, വി.കെ.എന്‍., ബഷീര്‍, മാധവിക്കുട്ടി, ലളിതാംബിക അന്തര്‍ജനം, ഒ.വി.വിജയന്‍, നന്തനാര്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു. ‘ആന്തരിക ശബ്ദങ്ങള്‍’ എന്ന രണ്ടാം ഭാഗത്തില്‍ വിദേശ എഴുത്തുകാരാണ്. ഡോസ്‌കോവ്‌സ്‌കി,  ടോള്‍സ്റ്റോയി, സോമര്‍ സെറ്റ്‌മോം, നെരുദ തുടങ്ങിയവരിലൂടെ നോവല്‍ സഞ്ചരിക്കുന്നു. ബാഹുലേയന്‍ എന്ന കഥാപാത്രത്തിലൂടെ പുതുമയാര്‍ന്ന ആഖ്യാനത്തിലൂടെ ബാലകൃഷ്ണന്‍ ഈ പുസ്തകം മലയാളനോവലിന്റെ ഈടുവയ്പ്പിലേക്ക് അഭിമാനപൂര്‍വ്വം സമര്‍പ്പിക്കുന്നു. 

2. ആദം, എസ്. ഹരീഷ് 
പുതുകഥാകൃത്തുക്കളില്‍ വര്‍ദ്ധിതവീര്യനായി വിലസുന്ന എഴുത്തുകാരനാണ് എസ്.ഹരീഷ്. ഹരീഷ് അടുത്തകാലത്ത് മാതൃഭൂമിയിലെഴുതിയ ‘അപ്പന്‍’ എന്ന കഥ മാത്രം മതി, മലയാള കഥയുടെ പുതിയമുഖം എന്താണെന്നറിയാന്‍. അത്രമാത്രം തീവ്രവും തീഷ്ണവുമായിരുന്നു അപ്പന്‍. കെ.പി.അപ്പന്‍ എന്ന സാഹിത്യവിമര്‍ശക പ്രതിഭയുടെ ജീവിതത്തെ കഥപറച്ചിലിന്റെ വൈദഗ്ധ്യത്തോടെ ഹരീഷ് എഴുതിയപ്പോള്‍ കഥയുടെ ഫ്രെയിമില്‍ നിന്ന് പുറത്തുപോയി ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു.

ഹരീഷിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘ആദം’. ഇതിലെ ഓരോ കഥയും വായനക്കാരന്റെ ആസ്വാദനബോധത്തെ നവീകരിക്കുകയും പുതിയതെന്തോ നിര്‍മ്മിക്കപ്പെടുകയും ചെയ്യുന്നു. പൂര്‍വ്വമാതൃകകളൊന്നുമില്ലാതെ, ആരുടെയും സ്വാധീനമില്ലാതെ ഹരീഷ് കഥപറയുമ്പോള്‍ അത് മലയാളത്തിലെ നാളെയുടെ രചനകള്‍ കൂടിയാകുന്നു.

അപരിചിതവും എന്നാല്‍ പരിചിതവുമായ അനുഭവമണ്ഡലങ്ങളാണ് ഹരീഷിന്റെ കഥകള്‍ക്ക്. ഒറ്റപ്പെട്ട മനുഷ്യരും മൃഗങ്ങളും  പ്രകൃതിയും തകിടം മറിയുന്ന ചിത്രങ്ങളാണ് ഈ സമാഹാരത്തിലെ കഥകളില്‍. ആദം എന്ന നായയിലൂടെ മറ്റ് നായ്ക്കളെയും മനുഷ്യരെയും പ്രകൃതിയെയും ഇടകലര്‍ത്തി കളിപ്പിച്ചു കൊണ്ടുപോകുന്ന അസാധാരണമായ ക്രാഫ്റ്റാണ് ഹരീഷ് ഇതില്‍ സ്വീകരിച്ചിരിക്കുന്നത്. നിര്യാതരായി, മാവോയിസ്റ്റ് എന്നീ കഥകള്‍ പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു. തീര്‍ച്ചയായും ആദം മലയാളകഥയുടെ വരലബ്ദിയാണ്.  

3. മാര്‍ക്വേസ്: എഴുത്തും ജീവിതവും, എസ്.ജയചന്ദ്രന്‍ നായര്‍ 
ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസിനെക്കുറിച്ച് മലയാളത്തില്‍ നിരവധി പുസ്തകങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ അവയില്‍ നിന്നൊക്കെ വേറിട്ടു നില്‍ക്കുന്ന കനപ്പെട്ട പുസ്തകമാണ് പ്രശസ്ത പത്രാധിപരും മാധ്യമപ്രവര്‍ത്തകനുമായ എസ്.ജയചന്ദ്രന്‍നായരുടെ ‘മാര്‍ക്വേസ്: എഴുത്തും ജീവിതവും’. മാര്‍ക്വേസിനെ സമഗ്രമായി അറിയാന്‍ ഈ പുസ്തകം ഉപകരിക്കുമെന്നതില്‍ സംശയമില്ല. മാര്‍ക്വേസിന്റെ എഴുത്തിലേക്കും ജീവിതത്തിലേക്കും കടന്നുചെല്ലുന്ന ജയചന്ദ്രന്‍നായര്‍ തന്റെ വായനയുടെ ആഴവും വൈപുല്യവും കൊണ്ട് ഈ പുസ്തകത്തെയും മികവുറ്റതാക്കുന്നു.

”ഗബ്രിയേല്‍ മാര്‍ക്വേസ് എന്നാണ് എന്റെ പേര്. ക്ഷമിക്കണം. ഇനിയും കണ്ടെത്താനാവാത്ത ഏതാനും പ്രദേശങ്ങളുടെ സങ്കലനമായ ആ പേരിനോട് എനിക്ക് ഇനിയും പ്രിയം തോന്നിയിട്ടില്ല. ഏതാണ്ട് നാല്‍പ്പത് കൊല്ലം മുമ്പ് കൊളംബിയയിലെ അരകാറ്റയില്‍ ഞാന്‍ ജനിച്ചു. എന്റെ രാശിചക്രം മത്സ്യവും ഭാര്യ മെഴ്‌സിഡസുമാണ്. എന്റെ ജീവിതത്തിലുണ്ടായ  രണ്ടു പ്രധാന കാര്യങ്ങള്‍ എനിക്ക് ആത്മബലം നല്‍കുന്നതായിരുന്നു. അതുകൊണ്ട് രചനയുടെ രംഗത്ത് ഉറച്ചുനില്‍ക്കാന്‍ എനിക്ക് സാധിച്ചു.” മാര്‍ക്വേസിന്റെ ഈ വാക്കുകള്‍ അദ്ദേഹത്തിന്റെ എഴുത്തുജീവിതത്തിലേക്കും ജയചന്ദ്രന്‍നായരുടെ പുസ്തകത്തിലേക്കുമുള്ള വാതായനമാണ്. 

4. കവിതയും രാഷ്ട്രീയഭാവനയും, പ്രസന്ന രാജന്‍ 
സാഹിത്യവിമര്‍ശനത്തെ സര്‍ഗ്ഗാത്മകതലത്തിലൂടെ നോക്കിക്കാണുകയും കലാസൃഷ്ടികളെ   സൂക്ഷ്മമായി അപഗ്രഥിക്കുകയും ചെയ്യുന്ന വിമര്‍ശകനാണ് ഡോ. പ്രസന്നരാജന്‍. അദ്ദേഹത്തന്റെ സാഹിത്യവിമര്‍ശന സിദ്ധാന്തങ്ങളുടെ  ഏറ്റവും നല്ല മാതൃകകളാണ് കവിതയും രാഷ്ട്രീയ ഭാവനയും എന്ന കൃതിയിലുള്ളത്. കവിതകളെ മറ്റു നിരൂപകര്‍ കാണാത്ത തരത്തില്‍ രാഷ്ട്രീയമായ അടിത്തറയില്‍ അപഗ്രഥിക്കുന്ന സമര്‍ത്ഥമായ രചനകളാണ് ഇതിലുള്ളത്.

ഏതൊരു സാഹിതൃസൃഷ്ടിയും അതിന്റെ ആന്തരികതയില്‍ ഒരു രാഷ്ട്രീയം പേറുന്നുണ്ടെന്നും പ്രസന്നരാജന്‍ നിരീക്ഷിക്കുന്നു. രാഷ്ട്രീയത്തെക്കുറിച്ച് സൂക്ഷ്മമായി അറിയാത്ത ഒരാള്‍ സ്വാതന്ത്ര്യം എന്തെന്ന് മനസ്സിലാക്കുന്നില്ല. അതുകൊണ്ടുതന്നെ എഴുത്തുകാരന് സാമൂഹിക ചുറ്റുപാടുകളെ അറിയാനും കഴിയുന്നില്ല. സൂക്ഷ്മരാഷ്ട്രീയത്തിന്റെ അന്തര്‍ചുറ്റുപാടുകളെ അറിയാനും കഴിയുന്നില്ല. സൂക്ഷ്മരാഷ്ട്രീയത്തിന്റെ അന്തര്‍ദ്ധാരകളില്‍ നിന്ന് നിര്‍ദ്ധാരണം ചെയ്യപ്പെടുന്ന കലാസൃഷ്ടികളെയാണ് പ്രസന്നരാജന്‍ കണ്ടെത്തുന്നത്. തീര്‍ച്ചയായും ഇങ്ങനെ ഒരു കൃതി മലയാള സാഹിത്യവിമര്‍ശനത്തില്‍ വേറിട്ട സംവേദന ശാസ്ത്രമായി മാറുന്നു.

5. മറുജീവിതം, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് 
പ്രവാസം എന്ന അപരലോകത്തെക്കുറിച്ചും പ്രവാസി എന്ന നാമരൂപിയുടെ ജീവിതത്തെക്കുറിച്ചും സംസാരിക്കുന്ന് പുസ്തകമാണ് പ്രശസ്ത കഥാകൃത്തായ ശിഹാബുദ്ദീന്‍ പൊയത്തുംകടവിന്റെ മറുജീവിതം. ഗള്‍ഫ്‌ലോകത്തിന്റെ സ്പന്ദമാപിനികളാണ് ഈ പുസ്തകത്തിലുടനീളം. മറവിയും മരണവും ഓര്‍മ്മയും എല്ലാം കൂടിക്കലര്‍ന്ന് അനുഭവങ്ങളെ അസ്വസ്ഥമാക്കുകയും അലോസരപ്പെടുത്തുകയും ചെയ്യുന്ന ‘മറുജീവിതം’ അസാധരണമായ വായനാനുഭവമാണ്.

”ആധുനിക കേരളത്തിന്റെ നിര്‍മ്മിതിയില്‍ ഗള്‍ഫ് മലയാളി വഹിച്ച പങ്കിനെപ്പറ്റി ഒരു ഡോക്യുമെന്റേഷനും ഇതുവരെ ഉണ്ടായിട്ടില്ല. ഗള്‍ഫുകാരന്‍ ചരിത്രത്തിലോ പാഠപുസ്തകത്തിലോ ഇല്ല. എല്ലാ നിലയ്ക്കും തോറ്റ ഒരു ജനത.” മുഖവുരയില്‍ ശിഹാബുദീന്‍ എഴുതുന്നു. ഒന്നാലോചിച്ചാല്‍ ഇതല്ലേ സത്യം? ആ സത്യത്തിന്റെ അനാവരണമാണ് ഈ പുസ്തകം. 

6. ചിദംബര രഹസ്യം, ഇ.സന്തോഷ്‌കുമാര്‍ 
ഇ.സന്തോഷ്‌കുമാറിന്റെ മൂന്നു നോവലുകളുടെ സമാഹാരമാണ് ‘ചിദംബര രഹസ്യം’. ‘അന്ധകാരനാഴി’ എന്ന നോവലിലൂടെ തലയെടുപ്പോടെ കടന്നുവന്ന സന്തോഷ്‌കുമാറിന്റെ അസാധാരണ രചനകളാണ് ഇതിലുള്ളത്. ചിദംബരരഹസ്യം, മറ്റൊരു വേനല്‍, മുസോളിയം എന്നീ ലഘുനോവലുകളില്‍ സാമൂഹികജീവിതത്തിന്റെ സൂക്ഷ്മയാഥാര്‍ത്ഥ്യങ്ങളും പരിപ്രേക്ഷ്യങ്ങളും നിഗൂഢവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു.  കാലം മനുഷ്യന് മീതെ വരച്ചുചേര്‍ക്കുന്ന വിധിവിപര്യയങ്ങളുടെ മരണചിത്രങ്ങളാണ് ഈ നോവലുകളെ വ്യത്യസ്തമാക്കുന്നത്.

അകാലത്തില്‍ വിട്ടുപോയ കഥാകാരന്‍ കെ.വി.അനൂപിന്റെ ഓര്‍മ്മയ്ക്കായി സമര്‍പ്പിച്ച ഈ പുസ്തകത്തില്‍ മരണം നിരന്തരമായി കടന്നുവന്നതിലും അത്ഭുതമില്ല. ആദ്യനോവലായ ‘ചിദംബര രഹസ്യം’ തന്നെ മനുഷ്യജീവിതത്തിന്റെ രഹസ്യം തേടുന്ന തീര്‍ത്ഥാടനമാണ്. ലീനയുടെയും സജീവന്റെയും ജീവിതത്തിലുണ്ടാകുന്ന അവിചാരിത മുഹൂര്‍ത്തങ്ങളും മരണത്തിന്റെ കയത്തിലേക്ക് മുങ്ങിത്താഴുന്ന സജീവന്റെ ജീവിതചിത്രവും മനുഷ്യന്റെ നിസാരതയും നിസ്സംഗതയും വെളിവാകുന്നു. 

7. സെബാസ്റ്റ്യന്റെ കവിതകള്‍, സെബാസ്റ്റ്യന്‍
നവകവിതയിലെ നവാതിഥിയായ സെബാസ്റ്റ്യന്‍ ഭാവനകളെ പിഴിഞ്ഞ് കവിതയാക്കി പുതിയൊരു അഭിരുചിയുടെ കരുത്തനായ കവിയാണ്. പാരിസ്ഥിതിക വിഷയങ്ങളും മധ്യവര്‍ത്തിസമൂഹത്തിന്റെ കപടസദാചാരങ്ങളും സെബാസ്റ്റ്യന്റെ കവിതകളില്‍ കടന്നുവരുന്നുണ്ട്. മനുഷ്യബന്ധങ്ങളുടെ വിശുദ്ധി നഷ്ടത്തിലും അകംപൊള്ളയായ ജീവിതങ്ങളിലും അസ്വസ്ഥനാണ്.

തന്റെ ചുറ്റിലുമുള്ള ജീവിതത്തെ സത്യസന്ധമായി ആവിഷ്‌ക്കരിക്കുന്ന കവിതകളാണ് ഈ സമാഹാരത്തില്‍. വര്‍ത്തമാനകാലയാന്ത്രികതയില്‍ സ്‌നേഹിതരാകുന്ന മനുഷ്യരെ മറ്റൊരു ലോകത്തേക്ക് ആനയിച്ച് ആര്‍ദ്രതയുടെയും ആത്മവിശുദ്ധിയുടെയും ഉപഹാരങ്ങള്‍ നല്‍കുന്നു.

8.നിശബ്ദം, എസ്.ഭാസുരചന്ദ്രന്‍
മലയാള നോവലിന്റെ പുതുവായനയില്‍ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്ന കൃതിയാണ് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ എസ്.ഭാസുരചന്ദ്രന്റെ ‘നിശബ്ദം’. എഴുത്തിന്റെ നിനച്ചിരിക്കാത്ത വഴികളും സങ്കല്‍പ്പിക്കാനാവാത്ത പ്രതിപാദനവും കൊണ്ട് വായനയുടെ സിരകളെ ത്രസിപ്പിക്കുന്നതാണ് ഈ കൃതി. പൂര്‍വ്വമാതൃകകളെ കഴുത്തിന്  പിടിച്ച് പുറംതള്ളിയിട്ട് സ്വന്തം ശൈലിയുടെയും  ക്രാഫ്റ്റിന്റെയും കസേര പിടിച്ചിട്ട് നിവര്‍ന്നിരിക്കുകയാണ് ഭാസുരചന്ദ്രന്‍.

നായകകഥാപാത്രമായ സൗണ്ട് എഞ്ചിനിയറിലൂടെയാണ് നോവലിന്റെ വികാസപരിണാമങ്ങള്‍. തിരക്കഥാകൃത്ത് കൂടിയായ ഭാസുരചന്ദ്രന്‍ നോവലിന് ചടുലതയും ചലനഭംഗിയും ദൃശ്യബിംബ സമാകര്‍ഷകതയും നല്‍കുന്നു. ജീവിതത്തില്‍ നിന്ന് മരണത്തിലേക്കെഴുകുന്ന  അവസാന താളുകള്‍. തികച്ചും വ്യത്യസ്തവും  കരുത്തുറ്റതായ രചന.

9. ടാഗോറിന്റെ 120 കവിതകള്‍: ലിസി ജേക്കബ്
വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ സായംകാലകവിതകളാണ് ചിത്രകാരി കൂടിയായ ലിസി ജേക്കബ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. മലയാളത്തില്‍ വന്നിട്ടുള്ള ടാഗോര്‍ കവിതകളുടെ വിവര്‍ത്തനങ്ങളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നതാണ് ഈ പരിഭാഷ. പരിഭാഷയില്‍ നഷ്ടപ്പെടുന്നതാണ് കവിത എന്ന പരാതിക്ക് ഇടംതരാത്തവിധം ടാഗോര്‍ ശൈലിയുടെ മുദ്രകള്‍ ഇതില്‍ പതിഞ്ഞുകിടക്കുന്നു. ടാഗോര്‍ കവിതയെ അതിന്റെ ഭാവമഹിമയില്‍ മലയാളത്തില്‍ പുനര്‍ജ്ജനിപ്പിച്ചിരിക്കുകയാണ് ലിസി ജേക്കബ്.

10. പുതുമഴച്ചൂരുള്ള ചുംബനങ്ങള്‍, ഷാഹിന ഇ.കെ.  
മലയാളകഥയിലെ പുതിയ പെണ്‍സാന്നിദ്ധ്യമാണ് ഷാഹിന ഇ.കെ. സ്ത്രീജീവിതത്തിന്റെ വിഭിന്ന മുഹൂര്‍ത്തങ്ഹള്‍ സമര്‍ത്ഥമായി ആവിഷ്‌ക്കരിക്കുന്ന കഥകളാണ് ഈ സമാഹാരത്തില്‍. വ്യത്യസ്തമായ കഥാസന്ദര്‍ഭങ്ങളും അതിസാധാരണക്കാരായ കഥാപാത്രങ്ങളുമാണ് ഷാഹിനയുടേത്.

അയത്‌നലളിതമായി എഴുതാന്‍ ഈ കഥാകാരിക്ക് കഴിയുന്നുണ്ട്. സ്ത്രീസ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന ധീരമായ നിരീക്ഷണങ്ങളും പ്രസ്താനവകളും ഈ സമാഹാരത്തിലെ കഥകളിലുണ്ട്. ‘ഉള്ളും പുറവുമാണ് എനിക്കെന്റെ കഥകളെ തരുന്നത്’ എന്ന് പറയുന്ന കഥാകാരി  തന്നിലേക്കും പുറത്തേക്കും നോക്കിക്കൊണ്ട് ജീവിതയാഥാര്‍ത്ഥ്യങ്ങളെ ആവിഷ്‌ക്കരിക്കുന്നു.

ഡോ. ടി കെ സന്തോഷ് കുമാര്‍

ഡോ. ടി കെ സന്തോഷ് കുമാര്‍

എഴുത്തുകാരനും ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകനും മാധ്യമ അദ്ധ്യാപകനുമാണ് ഡോ. ടി കെ സന്തോഷ് കുമാര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍