UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോതുരുത്തുകാര്‍ക്ക് ഇത് ‘കള്ളനാടക’മല്ല; വേരുകളിലേക്കുള്ള മടക്കമാണ്

Avatar

ജെ. ബിന്ദുരാജ്

”എങ്കും പുകഴ്ചിറൈ
പൊങ്കും പ്രാംസൈനകരില്‍
തുങ്കനായ് വാഴ്കിതൈ
തങ്കമുടിയരശന്‍, ആണ്ടോനരുള്‍പ്പടിക്ക് 
മണ്ടല മീതിലെങ്കും
കുണ്ടണി വീരര്‍കളെ 
തുണ്ടായ് തുരത്തിടുവേന്‍”

സന്ധ്യാവേളയില്‍ ഗോതുരുത്തില്‍ പെരിയാറില്‍ വലയില്‍ ലൈറ്റിടുന്ന നേരത്ത് മത്സ്യത്തൊഴിലാളി അനിരുദ്ധന്റെ ഈ ചെന്തമിഴ് പാട്ടുകേള്‍ക്കാത്ത നാട്ടുകാരുണ്ടാവില്ല. ചിലര്‍ അതേറ്റുപാടും. ചിലര്‍ താളം കൊട്ടും, കൗമാരക്കാര്‍ മൊബൈല്‍ ഫോണില്‍ പാട്ടുപകര്‍ത്താന്‍ അതുയര്‍ത്തിപ്പിടിക്കും. കുറ്റിത്താടിയില്‍ തലോടി കുറച്ചുനേരം പുഴയോരത്തിരുന്നശേഷം അനിരുദ്ധന്‍ പിന്നെ ഒരൊറ്റപോക്കാണ്. മീന്‍ കയറിയാല്‍ വലപൊക്കണമെന്ന വിചാരമൊന്നുമില്ലാതെ… ഈ നടത്തം അവസാനിക്കുന്നത് വടക്കുംപുറം പാലത്തിനടുത്തുള്ള കോണത്ത് തറവാട്ടിലാണ്. എഴുപതുകാരനായ ചുമ്മാര്‍ കുഞ്ഞപ്പന്‍ എന്ന ജോസഫ് സ്റ്റാലിന്റെ വീടാണത്. സി പി ഐ എമ്മിന്റെ ഗോതുരുത്തിലെ ബ്രാഞ്ച് സെക്രട്ടറിയാണ് കുഞ്ഞപ്പന്‍. വീടിന്റെ ഒന്നാം നിലയില്‍ അനിരുദ്ധനെ കാത്ത് പലരുമിരിപ്പുണ്ടാകും. എല്ലാ പ്രായക്കാരുമുണ്ട് അക്കൂട്ടത്തില്‍. ഇരുപതുകാരനായ ഐ ടി ഐ വിദ്യാര്‍ത്ഥി വിജിത്ത്, കാര്‍പെന്ററായ 56-കാരന്‍ പോള്‍സണ്‍, വാര്‍ക്കപ്പണിക്കാരനായ 46-കാരന്‍ വര്‍ഗീസ്, പെയിന്ററായ 51-കാരന്‍ തോമസ്, ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സിനു പഠിക്കുന്ന 19-കാരിയായ സെറ്ററി സ്റ്റീഫന്‍, പത്തുവയസ്സുകാരിയായ അഞ്ചാം ക്ലാസുകാരിയായ കുസൃതിക്കുടുക്ക സിമ്രന്‍, മേസ്തിരിയായ 33-കാരന്‍ ബിജു, അങ്ങനെ പോകുന്നു കാത്തിരിപ്പുകാരുടെ പട്ടിക.

മത്സ്യത്തൊഴിലാളിയായ അനിരുദ്ധന്‍ മാഷ് അവര്‍ക്കെല്ലാം ഗുരുവാണ്. ജോസഫ് സ്റ്റാലിന്റെ വീട്ടിന്റെ ഒന്നാം നിലയാകട്ടെ ചവിട്ടുനാടകത്തിന്റെ പരിശീലനക്കളരിയും ഗോതുരുത്തിലെ ചവിട്ടുനാടക അക്കാദമിയുടെ ആസ്ഥാനവും. ഗോതുരുത്തിലെ കോണത്ത് മനയ്ക്കല്‍, തറവാട്ടുകാരുടെ താല്‍പര്യമെടുത്ത് പ്രദേശത്ത് സംരക്ഷിച്ച കേരളത്തിലെ ഈ രംഗകലയുടെ വിരലിലെണ്ണാവുന്ന ചുരുക്കം ചില കളരികളിലൊന്നാണിത്. താളത്തില്‍ പാട്ടുപാടി നൃത്തച്ചുവടുകള്‍ പഠിപ്പിച്ചു കഴിയുമ്പോഴേക്കും രാത്രി ഒമ്പതുകഴിയും. മീനുണ്ടെങ്കിലും ഇല്ലെങ്കിലും വിളക്കണച്ച്, വല വലിച്ച് അനിരുദ്ധന്‍ മാഷ് ചവിട്ടുനാടക പദവും പാടി വീട്ടിലേക്ക് തിരിച്ചുനടക്കുകയും ചെയ്യും.

ഒരു കാലത്ത് വ്യാജമദ്യത്തിന്റെ ദുഷ്‌കീര്‍ത്തിയുണ്ടായിരുന്ന എറണാകുളം ജില്ലയിലെ ഗോതുരുത്തില്‍, ”കള്ളനാടക”മായി ആക്ഷേപിക്കപ്പെട്ടിരുന്ന ചവിട്ടുനാടകം എന്ന രംഗകല പുതിയ തലമുറയിലൂടെ പുനര്‍ജനിക്കുകയാണ്. അറുനൂറു വര്‍ഷം മുമ്പ്, പോര്‍ച്ചുഗീസ് കാലത്ത് പിറവി കൊണ്ട ഒരു കലാരൂപം അതിന്റെ സര്‍വപ്രൗഢിയോടും ജാതിമതദേദമന്യേ ഒരു നാടിന്റെ ആവേശമായി മാറുന്ന കാഴ്ചയാണവിടെ. ”അമ്പതുകളില്‍ സെബീനാ റാഫിയുടെ (പോഞ്ഞിക്കര റാഫിയുടെ ഭാര്യ) നേതൃത്വത്തില്‍ നാടിന്റെ സാംസ്‌കാരിക ചരിത്രം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അവര്‍ യുവജന കലാസമിതിയെന്ന പേരില്‍ ചവിട്ടുനാടകം പരിശീലിപ്പിക്കുന്നതിന് കളരിയുണ്ടാക്കിയത്. പിന്നീട് വേരറ്റുപോയ്‌ക്കൊണ്ടിരുന്ന കലാരൂപത്തെ വീണ്ടും തിരിച്ചെത്തിച്ചത് 2006-ല്‍ ഈ രംഗകലയെ സ്‌നേഹിക്കുന്ന ഒരു കൂട്ടം പേര്‍ ചേര്‍ന്ന് സ്ഥാപിച്ച ചവിട്ടുനാടക അക്കാദമിയിലൂടെയാണ്,” അനിരുദ്ധന്‍ ‘മാഷ്’ ആവേശത്തോടെ പറയുന്നു. പാട്ടും ചുവടും പയറ്റുമൊക്കെ ഒന്നിക്കുന്ന ഈ പോര്‍ച്ചുഗീസ് കലാരൂപം ലത്തീന്‍ ക്രിസ്ത്യാനികളിലൂടെയാണ് കേരളത്തില്‍ വ്യാപിച്ചതെങ്കിലും കലയുടെ ഉപജ്ഞാതാവായി അറിയപ്പെടുന്നത് തെങ്കാശിയില്‍ നിന്നുമെത്തിയ ചിന്നത്തമ്പിപ്പിള്ളയാണ്. ”ക്രിസ്തുമത പ്രചാരണം പോര്‍ച്ചുഗീസുകാരുടെ ഒരു പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു. മതപ്രഭാഷണങ്ങള്‍ നടക്കുന്ന സമയത്ത് ഹിന്ദുക്കള്‍ പരിസരത്ത് അവരുടെ കലാരൂപങ്ങളായ കഥകളിയും മോഹിനിയാട്ടവുമൊക്കെ അവതരിപ്പിച്ച് നാട്ടുകാരെ അവിടേയ്ക്ക് ആകര്‍ഷിച്ച് മതപ്രസംഗത്തില്‍ നിന്നും അകറ്റുന്ന ഒരു കാലമുണ്ടായിരുന്നു. അത് മറികടക്കുന്നതിനായാണ് പാട്ടും നൃത്തവുമൊക്കെയുള്ള പോര്‍ച്ചുഗീസ്, യൂറോപ്യന്‍ ചക്രവര്‍ത്തിമാരുടെ കഥകള്‍ വര്‍ണിച്ചുകൊണ്ടും ക്രിസ്തുമത കഥകള്‍ പറഞ്ഞുകൊണ്ടുമുള്ള ചവിട്ടുനാടകങ്ങള്‍ക്ക് ചിന്നത്തമ്പി രൂപകല്‍പന ചെയ്തതെന്നാണ് ഐതിഹ്യം,” അനിരുദ്ധന്‍ പറയുന്നു. മട്ടാഞ്ചേരിയിലെ കൂനന്‍ കുരിശിനു പരിസരത്ത് ക്രിസ്ത്യാനികള്‍ കഥകളിപദങ്ങള്‍ പാടി ആടിയിരുന്നത് ഈ നാടകം ചിട്ടപ്പെടുത്താന്‍ ചിന്നത്തമ്പിക്ക് പ്രേരണയുമായിട്ടുണ്ടാകും. ചവിട്ടുനാടകം പഠിപ്പിക്കുന്ന ഗുരുക്കന്മാരെ അണ്ണാവിയെന്നാണ് വിളിക്കുന്നതെന്നതിനാല്‍ ചിന്നത്തമ്പി അണ്ണാവിയെന്നാണ് അദ്ദേഹം അറിയപ്പെട്ടത്. ഈ അണ്ണാവിയാണത്രേ ഗോതുരുത്തുകാരുടെ ചവിട്ടുനാടക ആചാര്യന്‍. ഇപ്പോഴിതാ കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി കെ ജി ആന്റോ എന്ന കലാകാരന്‍ ചിന്നത്തമ്പി അണ്ണാവിക്ക് ഗോതുരുത്തില്‍ ഒരു ശില്‍പവും പണിതിരിക്കുന്നു.

ക്രിസ്തുമതത്തിലെ വിശുദ്ധന്മാരുടേയും യൂറോപ്യന്‍ ചക്രവര്‍ത്തിമാരുടേയുമൊക്കെ ചരിത്രം പറയുന്ന കഥകളാണ് പൊതുവേ ചവിട്ടുനാടകങ്ങള്‍ക്ക് ആസ്പദമാക്കുന്നതെങ്കിലും ഇപ്പോഴിതാ ഗോതുരുത്തിലെ ഈ ചവിട്ടുനാടകക്കാരുടെ കൂട്ടായ്മ സ്വാമി അയ്യപ്പന്റെ ചരിത്രവും ചവിട്ടുനാടകമാക്കി കാഴ്ചക്കാരെ അപ്പാടെ അമ്പരപ്പിക്കാനുള്ള നീക്കത്തിലാണ്. ”ഏതെങ്കിലുമൊരു കലാരൂപത്തെ ഏതെങ്കിലുമൊരു സമുദായത്തിലേക്ക് മാത്രം ഒതുക്കിനിര്‍ത്തുന്നത് ശരിയല്ല. പുതിയ പുതിയ പരീക്ഷണങ്ങള്‍ അതില്‍ ഉള്‍ച്ചേരുമ്പോള്‍ മാത്രമേ കല ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലുകയുള്ളു,” കേരള ചവിട്ടുനാടക അക്കാദമിയുടെ അധ്യക്ഷനും മുന്‍ അധ്യാപകനുമായ ലോറന്‍സ് പറയുന്നു. പാരമ്പര്യകലാരൂപം വിശുദ്ധരുടേയും പുരാതന ഗ്രീക്ക് റോമന്‍ ഭടന്മാരുടേയും ചക്രവര്‍ത്തിമാരുടേയും കണ്ണഞ്ചിപ്പിക്കുന്ന വിവിധ വര്‍ണങ്ങളിലുള്ള വേഷങ്ങളില്‍ നിന്നും കേരളീയതയിലേക്ക് പറിച്ചുനടപ്പെടുമ്പോഴുണ്ടാകുന്ന കാഴ്ചയെ ഇനി ചരിത്രം അടയാളപ്പെടുത്തും. അതിനിടെ 2012 മുതല്‍ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ചവിട്ടുനാടകം കൂടി സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത് ഗോതുരുത്തുകാരെ സംബന്ധിച്ചിടത്തോളം അവരുടെ കലാരൂപത്തിന് കിട്ടുന്ന വലിയൊരു അംഗീകാരം കൂടിയാണ്. 

ഇനി ചുമ്മാര്‍ കുഞ്ഞപ്പന്റെ വീട്ടിന്റെ ഒന്നാം നിലയിലേക്ക് പോകാം. ഗോതുരുത്തിലെ കടല്‍വാതുരുത്തില്‍ ഡിസംബറില്‍ അരങ്ങേറുന്ന ചവിട്ടുനാടക മഹോത്സവത്തിന്റെ പരിശീലനമാണ് അവിടെ നടക്കുന്നത്. വാറു ആശാന്‍ എഴുതിയ ഉല്‍ഘാടന നാടകമായ വിശുദ്ധ ഗീവര്‍ഗീസ് സംവിധാനം ചെയ്യുന്നത് എ എന്‍ അനിരുദ്ധനാണെങ്കില്‍ ചവിട്ടുനാടക ആചാര്യനായ ചിന്നത്തമ്പി അണ്ണാവി എഴുതിയ കാറല്‍സ്മാന്‍ ചരിത്രം സംവിധാനം ചെയ്യുന്നത് യുവജന ചവിട്ടുനാടക കലാസമിതിയിലെ തമ്പി പയ്യപ്പിള്ളിയാണ്. ജോസഫ് സ്റ്റാലിന്റെ അഞ്ചാം ക്ലാസുകാരിയായ മകള്‍ സിമ്രന്‍ (10) നാടകത്തില്‍ ഭടന്റെ റോളിലാണ്. ”എന്റെ നാടിന്റെ സ്വന്തം കല പഠിക്കുന്നതില്‍പരം സന്തോഷം വേറെയെന്തുണ്ട്. ഓരോ നാടകവും കാണാന്‍ ക്ലാസിലെ കുട്ടികള്‍ മുഴുവന്‍ എത്താറുണ്ട്,” സ്‌കൂളില്‍ നാടോടിനൃത്തത്തിലും സിനിമാറ്റിക് ഡാന്‍സിലുമൊക്കെ പങ്കെടുക്കാറുണ്ടെങ്കിലും സിമ്രന്‍ ആദ്യമായി വേദിയില്‍ കയറിയത് ചവിട്ടുനാടകത്തിലൂടെയാണ്. ”മൂന്നര വയസ്സില്‍ വിശുദ്ധ ഗീവര്‍ഗീസ് നാടകത്തില്‍ ഗീവര്‍ഗീസിന്റെ കുട്ടിക്കാലം ഞാനാണ് അവതരിപ്പിച്ചത്,” സുന്ദരിക്കുടുക്കയുടെ മൊഴി. വര്‍ണപ്പകിട്ടാര്‍ന്ന വേഷവും കിരീടവുമൊക്കെ വച്ചുനില്‍ക്കുമ്പോള്‍ തൊട്ടു മുമ്പു വരെ ശബരിമലയ്ക്ക് പോകാന്‍ കറുപ്പുവേഷം ധരിച്ചുനിന്നിരുന്ന രാജുവിന് (40) ഒരു ഗ്രീക്ക് ചക്രവര്‍ത്തിയുടെ ഭാവവും ഗൗരവവും. അനിരുദ്ധന്റെ സഹോദരനായ രാജു കഴിഞ്ഞ 28 വര്‍ഷമായി ചവിട്ടുനാടകം പഠിക്കുന്നുണ്ട്. ഇതിനകം പല പല റോളുകളില്‍ അരങ്ങിലെത്തുകയും ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ ഫോണിലെ റിങ്‌ടോണ്‍ പോലും ചവിട്ടുനാടകത്തിലെ ബാലാപ്പാര്‍ട്ടാണ്. നാടകം ആരംഭിക്കുന്നതിനു മുമ്പ് നാടകത്തിന്റെ കഥാസന്ദര്‍ഭങ്ങള്‍ വിവരിച്ചുകൊണ്ടുള്ള സ്തുതിയോഗര്‍ നടത്തുന്ന വിരുത്തംമൂളലാണ് അത്. തുടര്‍ന്നാണ് ഡര്‍ബാര്‍ രംഗത്തോടെ കളി തുടങ്ങുക. 


എ എന്‍ അനിരുദ്ധന്‍ ‘മാഷ്’

ചവിട്ടിയാല്‍ ചെണ്ടപ്പുറത്തെന്നപോലെ ശബ്ദമുണ്ടാക്കുന്ന മരത്തിന്റെ തട്ടുകളിലാണ് ചവിട്ടുനാടകം അരങ്ങേറുക. ചുവടിന് അഥവാ ചവിട്ടിന് പ്രാധാന്യം നല്‍കുന്നതിനാലാണ് ഈ കലാരൂപം ചവിട്ടുനാടകം എന്നറിയപ്പെടാന്‍ തുടങ്ങിയത്. അതുകൊണ്ടു തന്നെ തട്ടുപൊളിപ്പന്‍ നാടകമെന്ന പേരും ഇതിന് കൈവന്നു. രാജാവും രാജാവിന്റെ പാര്യമാരും (പടത്തലവന്മാര്‍) നൃത്തത്തിനിടയും ഗാനരൂപത്തിലുള്ള സംഭാഷണങ്ങള്‍ക്കിടയിലും മരത്തട്ടില്‍ ആഞ്ഞു ചവിട്ടി ശബ്ദമുണ്ടാക്കുന്നത് ചവിട്ടുനാടകത്തിന്റെ സവിശേഷതയാണ്. ”ചവിട്ടുമ്പോള്‍ കൂടുതല്‍ ശബ്ദമുണ്ടാകാന്‍ പണ്ട് വീപ്പകള്‍ക്കുമേലാണ് തട്ട് ഒരുക്കിയിരുന്നത്,” ലോറന്‍സ് പറയുന്നു. സ്ത്രീ കഥാപാത്രങ്ങളായ തോഴിമാര്‍ക്കും റാണിക്കുമൊക്കെ ലാസ്യപ്രധാനമായ ചുവടുകളാണുള്ളത്. വീരരൗദ്രഭാവങ്ങള്‍ക്കായി ചെണ്ട, പടത്തമ്പേറ്, മദ്ദളം ഇലത്താളം എന്നിവയാണ് ഉപയോഗിക്കുന്നതെങ്കില്‍ പതിഞ്ഞാട്ടങ്ങള്‍ക്കായി തബല, ഫിഡില്‍, ഫ്ലൂട്ട്, ബുള്‍ബുള്‍ എന്നിവയാണ് ഉപയോഗിക്കുന്നത്. പക്ഷേ കാലം മാറിയപ്പോള്‍ പുതിയ വാദ്യോപകരണങ്ങളായ കീബോര്‍ഡും ഗിത്താറുമൊക്കെ ചവിട്ടു നാടകങ്ങളില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു.

ഗോതുരുത്തിലെ ഒട്ടുമിക്ക വീടുകളിലേയും സ്ത്രീകളും കുട്ടികളും പുരുഷന്മാരുമൊക്കെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ചവിട്ടുനാടകവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗുജറാത്തില്‍ ഉദ്യോഗസ്ഥനായ ജോര്‍ജിന്റെ ഭാര്യ നിതാ ജോര്‍ജ്(34) ഭര്‍ത്താവ് ഗുജറാത്തില്‍ നിന്നു വരുമ്പോള്‍ എന്തുകൊണ്ടുവരണമെന്നു ചോദിച്ചാല്‍ ”ചവിട്ടുനാടകത്തിനായുള്ള വര്‍ണത്തുണികള്‍” എന്നാണ് മറുപടി നല്‍കാറുള്ളത്. ”ഗുജറാത്തില്‍ തുണിക്ക് വിലക്കുറവായതിനാലാണ് നാടകത്തിനുള്ള തുണി അവിടെ നിന്നുമെത്തിക്കുന്നത്. ഞാനും ചില നാടകങ്ങളിലൊക്കെ വേഷമിടാറുണ്ട്. കല്യാണത്തിനുശേഷം നാടകം കാണാന്‍ ഭര്‍ത്താവും ഒപ്പം വരാറുണ്ട്. അങ്ങേര്‍ക്കും ചവിട്ടുനാടകം ഇപ്പോള്‍ വലിയ ആവേശമായിരിക്കുന്നു,” നിത പറയുന്നു. ഇപ്പോള്‍ ഗര്‍ഭിണിയായിരിക്കുന്നതിനാല്‍ ചവിട്ടുനാടക മഹോത്സവത്തില്‍ പങ്കെടുക്കാന്‍ പറ്റില്ലല്ലോ എന്ന വിഷമമാണ് നിതയ്ക്ക്. ഗോതുരുത്തുകാരിയായ 26-കാരി സുനിയാണ് നാടകങ്ങള്‍ക്കുള്ള പ്രധാന പിന്നണി പാട്ടുകാരി. ”ഭര്‍ത്താവ് സെബവിന് വെല്‍ഡിങ്ങാണ് പണിയെങ്കിലും നാടകമുണ്ടെന്നറിഞ്ഞാല്‍ പണിയൊക്കെ വിട്ട് കര്‍ട്ടന്‍ വലിക്കാരന്റെ റോളിലെത്തും. എന്റെ രണ്ടു മക്കളും നാടകത്തിലെ അഭിനേതാക്കളാണ്,” സുനി പറയുന്നു. പെയിന്ററായ തോമസാണ് ചവിട്ടുനാടക കലാകാരന്മാര്‍ക്കുള്ള വേഷങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നത്. ഗ്രീക്ക് ചക്രവര്‍ത്തിമാരുടെ ഉടയാടകളും വിശുദ്ധ ഗീവര്‍ഗീസ് നാടകത്തിലേക്കുള്ള പാമ്പും രണ്ടു പേര്‍ക്ക് കയറിയിരിക്കാവുന്ന ഇരുമ്പുകൊണ്ടുള്ള വെള്ളക്കുതിരയുമൊക്കെ അസാമാന്യമായ മികവോടെ ഈ കലാകരന്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്.

സംഗീത നാടകങ്ങളുടെ വരവോടെയാണ് ചവിട്ടുനാടകങ്ങള്‍ പൊതുവേ അപ്രത്യക്ഷമായി തുടങ്ങിയത്. പക്ഷേ ദശാബ്ദങ്ങള്‍ക്കിപ്പുറം സ്വന്തം വേരുകളിലേക്കുള്ള തിരിച്ചുനടത്തത്തിലാണ് ഈ ഗ്രാമം. ”പണ്ടൊക്കെ പതിനഞ്ച് ദിവസം വരെ നീളുന്ന നൂറില്‍പരം കലാകാരന്മാര്‍ അണിനിരക്കുന്ന ഒന്നായിരുന്നു ചവിട്ടുനാടകങ്ങള്‍. കാറല്‍മാന്‍ ചരിതം അത്തരമൊരു നാടകമാണ്. പിന്നെയത് മൂന്നു ദിവസമായി ചുരുക്കി. പിന്നീട് അഞ്ച് വിഭാഗങ്ങളായി തിരിച്ചു. അതര്‍മാന്‍, കാറല്‍മാന്‍, അഞ്ജലീക്ക, കൊച്ചു റോള്‍തന്‍, പാര്യന്മാരുടെ മരണം എന്നിങ്ങനെ,” ജോസഫ് സ്റ്റാലിന്‍ പറയുന്നു. ഒരു നാടകത്തിന്റെ രംഗാവതരണമടക്കമുള്ള മുഴുവന്‍ കാര്യങ്ങളും തയാറാക്കുന്നതിനായി 30,000 രൂപയോളം മൊത്തം ചെലവുവരും. അതുകൊണ്ട് സ്ഥിരം ഡ്രസ്സുകളും റെക്കോര്‍ഡ് ചെയ്ത ഗാനങ്ങളും ഇന്ന് ചവിട്ടുനാടകത്തിന്റെ ഭാഗമായി തുടങ്ങിയിരിക്കുന്നു. ചവിട്ടുനാടകത്തിന് ഗോതുരുത്തില്‍ പ്രചാരം കൈവന്നതോടെ സംസ്ഥാനത്തിന്റെ പലയിടത്തും അതിന് പ്രാമുഖ്യം ലഭിച്ചു തുടങ്ങിയിരിക്കുന്നു. ആലപ്പുഴയില്‍ കൃപാസനം രംഗകലാപീഠത്തില്‍ ഫാദര്‍ വി പി ജോസഫ് വലിയവീട്ടിലും കൊച്ചിയില്‍ അലക്‌സ് താഴുപ്പാടനും ഫോര്‍ട്ട് കൊച്ചിയില്‍ ബ്രിട്ടോ വിന്‍സന്റും ആന്റണി കടവത്തും ആല്‍ബര്‍ട്ട് മാളിയേക്കലുമൊക്കെ ഇതിന്റെ ആചാര്യന്മാരായി രംഗത്തുണ്ട്. ഗോതുരുത്തിനു പുറമേ പള്ളിപ്പുറത്തും ആലപ്പുഴയുടെ ചില ഭാഗങ്ങളിലും ചവിട്ടുനാടകം പാരമ്പര്യമായി തന്നെ നിലനിന്നിരുന്നതാണ്. മറ്റുപല തീരദേശഗ്രാമങ്ങളിലും അത് കുറ്റിയറ്റുപോയി. 

യുവജനോത്സവത്തില്‍ ചവിട്ടുനാടകം മത്സരയിനമായി 2012 മുതല്‍ രംഗപ്രവേശം ചെയ്തതോടെ പരിശീലനത്തിന്റെ ഭാഗമായി നിന്നു തിരിയാനുള്ള സമയമില്ല അനിരുദ്ധന്‍ മാഷിന്. 2012ല്‍ കാസര്‍കോട്ടും കണ്ണൂരും മലപ്പുറത്തും തൃശൂരും എറണാകുളത്തു നിന്നുമുള്ള കുട്ടികളെ മുഴുവന്‍ പരിശീലിപ്പിച്ചത് അനിരുദ്ധനായിരുന്നു. ഗോതുരുത്തുകാരെ പരിശീലിപ്പിക്കാന്‍ പണം വാങ്ങില്ലെങ്കിലും ദക്ഷിണയായി നല്‍കുന്ന ചെറിയ തുകയാണ് അനിരുദ്ധന്റെ ഇപ്പോഴത്തെ വരുമാനം. ”മീന്‍ വല ഞാന്‍ ഞാന്‍ വീട്ടില്‍ കൊണ്ടുപോയി കെട്ടിവച്ചു. എനിക്ക് ജീവിക്കാന്‍ വേണ്ടത് വലയിലൂടെ ലഭിക്കും. പക്ഷേ ചവിട്ടുനാടകം പഠിപ്പിക്കാനിറങ്ങിയിരിക്കുന്നത് സ്വന്തം നാടിനോടും കലയോടുമുള്ള സ്‌നേഹമാണ്,” അനിരുദ്ധന്‍ പറയുന്നു. കല ഈ മനുഷ്യന്റെ ഹൃദയത്തിലേക്ക് വലയെറിഞ്ഞിരിക്കുന്നുവെന്ന് ചുരുക്കം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

(ഓട്ടോമൊബൈല്‍ മാസികയായ സ്മാര്‍ട്ട്‌ഡ്രൈവിന്റെ എഡിറ്ററാണ് ലേഖകന്‍)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍