UPDATES

ക്ഷേത്രക്കുളത്തിന്റെ മതിലില്‍ ചെഗുവേര: കോവളത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു

ആര്‍എസ്എസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷത്തില്‍ എസ്‌ഐയുടെ കയ്യൊടിഞ്ഞു

ക്ഷേത്രക്കുളത്തിന്റെ മതിലില്‍ ചെഗുവേരയുടെ ചിത്രം വരച്ചതുമായി ബന്ധപ്പെട്ട് കോവളം മുട്ടയ്ക്കാട്ടിലുണ്ടായ ആര്‍എസ്എസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷത്തില്‍ എസ്‌ഐയുടെ കയ്യൊടിഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പിന്നീട് വിട്ടയച്ചതില്‍ പ്രതിഷേധിച്ച് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ ആക്രമണങ്ങളിലാണ് എസ്‌ഐയുടെ കൈയൊടിഞ്ഞത്.

കടയടപ്പിക്കാന്‍ വന്ന സമരക്കാരും പോലീസുകാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. തിരുവല്ലം എസ്‌ഐ ശ്രീകാന്ത് മിശ്രയുടെ കയ്യാണ് ഒടിഞ്ഞത്. സംഘര്‍ഷത്തിനിടെ പിടികൂടിയ യുവാവിനെ സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി.

തിങ്കളാഴ്ച രാത്രിയോടയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. കോവളം മുട്ടയ്ക്കാട് വലിയകുളത്തിന്‍ കരയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലടിക്കുകയായിരുന്നു. കുളത്തിന്റെ മതിലില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചെഗുവേരയുടെ ചിത്രം വരച്ചുകൊണ്ടിരിക്കെ സ്ഥലത്തെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇത് തടഞ്ഞു. ഏറ്റുമുട്ടലില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ റാണാ പ്രതാപ്(28), മണിക്കുട്ടന്‍(27) എന്നിവര്‍ക്ക് തലയ്ക്ക് പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കണ്ണന്‍(20), രാജേഷ്(26), ശ്യാംലാല്‍(20), രഞ്ജിത്ത്(26) എന്നിവരെ പോലീസ് പിടികൂടി. പിന്നീട് ഇവരെ വിട്ടയച്ചതില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. കോവളം ജംഗ്ഷനിലെ അക്ഷയ കേന്ദ്രം അടപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പാര്‍ട്ടി പ്രവര്‍ത്തകരെ പോലീസ് തടയുകയായിരുന്നു.

ഇതിനിടെ കയ്യൊടിഞ്ഞ എസ്‌ഐ ശ്രീകാന്ത് മിശ്രയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ടാണ് ആര്‍എസ്എസ് പ്രവര്‍ത്തകനും കോവളം സ്വദേശിയുമായ ഗോകുലിനെ പോലീസ് പിടികൂടിയത്. ഇയാളെ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി വിഴിഞ്ഞം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച ഗോകുല്‍ അവിടെ കുഴഞ്ഞുവീണു. യുവമോര്‍ച്ച പ്രവര്‍ത്തകനായ ഗോകുലിനെ കൈ പിന്നില്‍കെട്ടിയാണ് പോലീസ് മര്‍ദ്ദിച്ചതെന്നും ഇതിനിടയിലാണ് എസ്‌ഐ ശ്രീകാന്ത് മിശ്രയ്ക്ക് പരിക്കേറ്റതെന്നുമാണ് ബിജെപിയുടെ വാദം. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഗോകുലിനെ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.

അതേസമയം ഏതാനും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അടുത്തിടെ ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്നതിലുള്ള പ്രതികാരമാണ് ഇവിടെയുണ്ടായതെന്ന് ഡിവൈഎഫ്‌ഐ കോവളം ഏരിയ സെക്രട്ടറി അനൂപ് വേണുഗോപാല്‍ അഴിമുഖത്തോട് പറഞ്ഞു. ചെഗുവേരയുടെ ചിത്രം ക്ഷേത്രക്കുളത്തിന്റെ മതിലില്ല ഒരു ഇലക്ട്രിക് പോസ്റ്റിലാണ് വരച്ചതെന്നും അനൂപ് വ്യക്തമാക്കി. റാണാ പ്രതാപിന്റെ നേതൃത്വത്തിലുള്ള സംഘം മുന്‍കൂര്‍ വൈരാഗ്യത്തോടെ ഈ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തുകയും സംഘര്‍ഷമുണ്ടാകുകയുമായിരുന്നെന്ന് അനൂപ് പറയുന്നു. പോലീസിന് തങ്ങളുടെ നിരപരാധിത്വം ബോധ്യമായതിനാലാണ് റാണാ പ്രതാപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് തലയ്ക്ക് പരിക്കേറ്റിട്ടും ഇവരെ വെറുതെ വിട്ടതെന്നും അനൂപ് ചൂണ്ടിക്കാട്ടി.

സ്ഥലത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഫോര്‍ട്ട് സിഐ ഗോപകുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

(representative image ആണ് വാര്‍ത്തയില്‍ ഉപയോഗിച്ചിരിക്കുന്നത്‌)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍