UPDATES

ട്രെന്‍ഡിങ്ങ്

ഖാദി കലണ്ടറില്‍ നിന്നും ഗാന്ധി പോയപ്പോള്‍ പേയ് ടിഎം കലണ്ടറില്‍ ചെ ഗുവേര

റവല്യൂഷന്‍ 2017 എന്ന തീമിലാണ് പേയ് ടിഎം കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത്.

മഹാത്മാ ഗാന്ധിക്കു പകരം നരേന്ദ്ര മോദിയെ ഉള്‍പ്പെടുത്തിക്കൊണ്ടിരിക്കുന്ന കാലത്ത് കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരേയുള്ള പ്രതിഷേധമോ അതോ മറ്റൊരു ബിസിനസ് തന്ത്രമോ എന്നു തിരിച്ചറിയാനാവാത്ത ഒരു നീക്കം നടത്തിയരിക്കുകയാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും പ്രാധാന്യം നേടിയിരിക്കുന്ന ഇ-വാലറ്റ് കമ്പനി പേയ് ടിഎം.

അവര്‍ പുറത്തിറക്കിയിരിക്കുന്ന 2017 ലെ ഡെസ്‌ക് ടോപ്പ് കലണ്ടറില്‍ അപ്രതീക്ഷിതമായ ചില അതിഥികള്‍ എത്തിയിരിക്കുകയാണ്. അവരില്‍ പ്രധാനി ലാറ്റിന്‍ അമേരിക്കന്‍ കമ്യൂണിസ്റ്റ് പോരാളി ചെ ഗുവേരയാണ്. ‘BE REALISTIC, DEMAND THE IMPOSSIBLE’ എന്ന ചെ യുടെ ആഹ്വാനവും അദ്ദേഹത്തിന്റെ ചിത്രത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ചെ യെ കൂടാതെ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍, ഐന്‍സ്റ്റീന്‍ എന്നിവരും കലണ്ടറില്‍ മുഖചിത്രങ്ങളായിട്ടുണ്ട്.

റവല്യൂഷന്‍ 2017 എന്ന തീമിലാണ് പേയ് ടിഎം കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. വിപ്ലവകാരികള്‍ യഥാര്‍ത്ഥ പ്രചോദനം ആണെന്നും ഒരു വര്‍ഷ കലണ്ടറിലൂടെ അവരില്‍ ചിലരെ ആദരിക്കുകയാണ് തങ്ങളെന്നുമാണ് മുഖവുരയില്‍ പറഞ്ഞിരിക്കുന്നത്.

ഇതിലെ വിരോധാഭാസം എന്താണെന്നാല്‍, മോദി നടത്തിയ നോട്ട് നിരോധനത്തിന്റെ യഥാര്‍ത്ഥഗുണഭോക്താക്കള്‍ ഇ-വാലറ്റ് കമ്പനിയായ പേയ് ടിഎം ആണെന്ന ആരോപണം ശക്തമാണ്. മോദി വിഭാവനം ചെയ്യുന്ന കാഷ്‌ലെസ് ഇന്ത്യ പേയ് ടിഎം പോലുള്ള ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനങ്ങളുടെ ബിസിനസ് വളര്‍ച്ചയ്ക്കുവേണ്ടിയാണെന്ന ആക്ഷേപം കേള്‍ക്കുമ്പോഴും പേയ് ടിഎമ്മിന് അവരുടെ വളര്‍ച്ച ത്വരിതവേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നുണ്ട്. ഇതില്‍ അവര്‍ക്ക് കേന്ദ്രസര്‍ക്കാരിനോടും വിശിഷ്യ പ്രധാനമന്ത്രിയോടുമുള്ള നന്ദി പരസ്യരൂപത്തില്‍ ഉള്‍പ്പെടെ പ്രകടമാക്കിയിട്ടുമുണ്ട്. എന്നാല്‍ അവര്‍ ഇറക്കിയ ഡസ്‌ക് ടോപ്പ് കലണ്ടറില്‍ ഹിന്ദുരാഷ്ട്രീയം പ്രധാന എതിരാളിയായി കാണുന്ന ചെ ഗുവേരയെ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്തെങ്കിലും പ്രത്യാഘാതംപേയ് ടിഎമ്മിനു നേരിടാന്‍ കാരണമാകുമോന്നറിയില്ല.

പ്രത്യേകിച്ച് കേരളത്തിലെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനയില്‍ ചെ ഗുവേര യുവജനങ്ങളെ വഴി തെറ്റിക്കുന്നുണ്ടെന്നും ഗ്രാമങ്ങളില്‍ നിന്നെല്ലാം ചെ യുടെ ചിത്രങ്ങള്‍ എടുത്തു മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതേ രാധാകൃഷ്ണന്റെ പാര്‍ട്ടിയോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു കോര്‍പ്പറേറ്റ് കമ്പനി തന്നെ ചെ യെ യഥാര്‍ത്ഥ വിപ്ലവകാരിയായി കണ്ട് ആദരിക്കുകയും ചെയ്യുന്നു.

ഇനി മറ്റൊരു വശം കൂടി പരിശോധിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം വൃത്തിഹീനമായ ഇടങ്ങളില്‍ ഗാന്ധിയുടെ ചിത്രം ഉപയോഗിക്കരുത് എന്നാണ്. ടോയ്‌ലെറ്റുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഗാന്ധിയുടെ ചിത്രം തൂക്കുകയോ ഫോട്ടോ വയ്ക്കുകയോ ചെയ്യരുതെന്നു പറയുമ്പോള്‍ അതില്‍ നന്മ മാത്രം കാണുന്നവര്‍ അതിനു പിന്നിലെ രാഷ്ട്രീയം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഏതൊക്കെ സ്ഥലമാണ് ‘ വൃത്തിഹീനം’ എന്നു സര്‍ക്കാരാണു തീരുമാനിക്കുന്നതെങ്കില്‍ ഖാദി കലണ്ടറില്‍ നിന്നു പോകേണ്ടി വന്നതുപോലെ നിരത്തുകളില്‍ നിന്നും സ്‌കൂള്‍ മതിലുകളില്‍ നിന്നുമെല്ലാം ഒരുപക്ഷേ ഗാന്ധിക്കു മാറി കൊടുക്കേണ്ടി വരും. മരിച്ചിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന ഗാന്ധിയേയും ചെ ഗുവേരയേയുമൊക്കെ വര്‍ത്തമാനകാലത്തു നിന്നും മായ്ച്ചു കളയാന്‍ ശ്രമം നടക്കുമ്പോള്‍ അതിനുള്ളിലും ഒരു ബിസിനസ് കണ്ടെത്തുകയായിരുന്നോ പേയ് ടിഎം എന്നതാണ് ചോദ്യം!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍