അമേരിക്കന്‍ പിന്തുണയോടെ ക്യൂബയെ അടക്കി ഭരിച്ച ക്രൂരനും അഴിമതിവീരനുമായ ഫുല്‍ജന്‍സിയോ ബാറ്റിസ്റ്റയുടെ പാവഗണ്‍മെന്റിനെതിരെ ഗറില്ലായുദ്ധം സംഘടിപ്പിച്ചുകൊണ്ടാണ് ഫിഡലും സഖാക്കളും ക്യൂബന്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. ഉറ്റ സഖാവായ ചെഗുവേരയോടൊപ്പം നിരവധി സായുധപോരാട്ടങ്ങള്‍ക്ക് ഫിഡല്‍ കാസ്ട്രോ നേതൃത്വം നല്കി. മാർൿസിസ്റ്റ് ലെനിനിസ്റ്റ് ചിന്തയും പ്രയോഗപദ്ധതിയും ഫിഡല്‍-ചെഗുവേരാ സഖ്യത്തിന്റെ സമരമാര്‍ഗ്ഗത്തിന് ആശയപരമായ അടിത്തറ നല്കി. എന്നാല്‍ ജനകീയ ജനാധിപത്യവിപ്ലവമെന്ന’ കാഴ്ചപ്പാടിന്റെ സ്ഥാനത്ത് ഗറില്ലാ പോരാട്ടത്തിലൂടെ അധികാരം പിടിച്ചെടുക്കുക എന്ന തന്ത്രമാണ് ഫിദലും ചെഗുവേരയും സ്വീകരിച്ചത്. അമേരിക്കയുടെ സാമ്പത്തിക സൈനിക രാഷ്ട്രീയാധിപത്യത്തിന് കീഴില്‍ ഭരണം നടത്തിയിരുന്ന ബാറ്റിസ്റ്റയുടെ സാമന്ത ഭരണകൂടത്തിനെതിരെ ലാറ്റിനമേരിക്കയുടെ വിമോചകന് സൈമണ്‍ ബൊളിവറുടെ സമരതന്ത്രവും കമ്യൂണിസ്റ്റ് വിപ്ലവ തന്ത്രവും സംയോജിപ്പിച്ച് ഒരു പുതിയ സമരമാര്‍ഗ്ഗം രൂപപ്പെടുത്തുകയായിരുന്നു ഫിഡലും സഖാക്കളും.
ക്യൂബന്‍ വിപ്ലവ നേതാവ് ഫിഡല്‍ കാസ്ട്രോയെ കുറിച്ചു ചെഗുവേര എഴുതിയ കവിതയാണ് ഫിദലിന് ഒരു ഗീതം. ഭൂപടങ്ങളില്‍ കാണാത്ത വഴികലൂടെ സഞ്ചരിച്ചു നമുക്ക് വിജയത്തിലെത്താം. ഒന്നുകില്‍ നാം വിജയം നേടും അല്ലെങ്കില്‍ മരണത്തിനപ്പുറത്തേക്ക് നാം നിറയൊഴിക്കും. സ്വേച്ഛാധിപതികല്ക്കെവ്തിരെ ചിട്ടയോടെ നടത്തുന്ന ആക്രമണങ്ങളില്‍ ഞങ്ങള്‍ നിന്നോടോത്തുണ്ടാവുമെന്നും ഒരു വെടിയുണ്ടായ്ക്കും ഉള്ളിലെ വിപ്ലവീര്യം കെടുത്താനാവില്ലെന്നും ചെഗുവേര പറയുന്നു. രണ്ടു വിപ്ലവകാരികള്‍ക്കിടയിലെ വിശുദ്ധ സൌഹൃദം ഈ കവിതയില്‍ കാണാം. കവി സച്ചിദാനന്ദന് വിവര്‍ത്തനം ചെയ്ത ഈ കവിത മൂന്നാം ലോക കവിത എന്ന പുസ്തകത്തില്‍ നിന്നാണ്.
ഫിദലിന് ഒരു ഗീതം
(ചെഗുവേര
വിവര്‍ത്തനം: സച്ചിദാനന്ദന്)
നീ പറഞ്ഞു,
സൂര്യന് ഉദിക്കുകതന്നെ ചെയ്യുമെന്ന്.
നീ സ്നേഹിക്കുന്ന ഹരിതവര്‍ണ്ണമാര്‍ന്ന
മുതലയെ വിമോചിപ്പിക്കാന്‍
ഭൂപടങ്ങളില്‍ കാണാത്ത പാതകളിലൂടെ
നമുക്കു പോവുക.
ഉദയതാരകങ്ങള് ജ്വലിച്ചുനില്ക്കുന്ന
നമ്മുടെ ഇരുണ്ട ശിരസ്സുകളാല്
അവമതികളെ തുടച്ചു തൂത്തുകളഞ്ഞ്
നമുക്കു പോവുക.
ഒന്നുകില്‍ നാം വിജയം നേടും, അല്ലെങ്കില്‍
മരണത്തിന്നുമപ്പുറത്തേക്ക് നാം നിറയൊഴിക്കും.
ആദ്യത്തെ വെടി പൊട്ടുമ്പോള്‍ കാടു മുഴുവന്‍
പുതുവിസ്മയവുമായി ഞെട്ടിയുണരും
വിശുദ്ധമായ സൗഹൃദവുമായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.
നിന്റെ ശബ്ദം നാലു കാറ്റുകളെ നാലായി പകുക്കും.
നീതി, അപ്പം, ഭൂപരിഷ്കരണം, സ്വാതന്ത്ര്യം.
അതേ ശബ്ദത്തിന്റെ പ്രതിദ്ധ്വനികളുമായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.
സ്വേച്ഛാധിപതികള്ക്കെതിരേ
ചിട്ടയോടെ നടത്തുന്ന ആക്രമണം
പകലറുതിയില്‍ അവസാനിക്കും.
അന്തിമയുദ്ധത്തിന്നു തയ്യാറായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.
ക്യൂബയുടെ അസ്ത്രം തറച്ചുകയറി
കാട്ടുമൃഗം ഉടലിലെ മുറിവു നക്കിക്കിടക്കും
അഭിമാനഭരിതമായ ഹൃദങ്ങളുമായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.
സമ്മാനങ്ങളുമേന്തി ചാടിച്ചാടിനടക്കുന്ന
സര്വ്വാലങ്കാരഭൂഷിതരായ കീടങ്ങള്‍ക്ക്
ഞങ്ങളുടെ ആര്‍ജ്ജവം കെടുത്താനാവില്ല
ഞങ്ങള്‍ക്കു വേണ്ടത് ഒരു പാറക്കെട്ട്
അവരുടെ തോക്കുകള്‍, വെടിയുണ്ടകള്‍, അത്രമാത്രം.
ഇരുമ്പ് ഞങ്ങളുടെ വഴി തടയുന്നുവെങ്കില്,
അമേരിക്കന്ചരിത്രത്തിലേക്കുള്ള യാത്രയില്‍
ഞങ്ങളുടെ ഗെറില്ലാ അസ്ഥികള്‍ മൂടുവാന്‍
തരിക: ക്യൂബന്കണ്ണീരിന്റെ ഒരു പുതപ്പ്.
അത്രമാത്രം.