UPDATES

ട്രെന്‍ഡിങ്ങ്

സമാധന ചര്‍ച്ച വിജയം; വീടുകളില്‍ കയറിയിറങ്ങാന്‍ പൊലീസ് എത്തില്ല; ചെല്ലാനത്ത് സമാധാനാന്തരീക്ഷം തിരിച്ചെത്തുന്നു

ചെല്ലാനം പ്രദേശത്ത് പോലീസ് അനാവശ്യമായി യാതൊരു റെയ്ഡും നടത്തുകയാണെന്നതായിരുന്നു നാട്ടുകാരുടെ പരാതി

വേട്ടയാടലിന്റെയും അക്രമങ്ങളുടേയും ആഴ്ചകള്‍ക്കൊടുവില്‍ ചെല്ലാനത്ത് സമാധാനം കൈവരുന്നു. വീടുപേക്ഷിച്ച് പലയിടങ്ങളിലേക്ക് പോയ സ്ത്രീകളും പെണ്‍കുട്ടികളും തിരിച്ചെത്തി. പോലീസിനെ പേടിച്ച് ഒളിവില്‍ പോയ മത്സ്യത്തൊഴിലാളികളായ പുരുഷന്‍മാര്‍ തൊഴിലെടുക്കാന്‍ ഇറങ്ങി. പള്ളിപ്പെരുന്നാളിനിടെയുണ്ടായ സംഘര്‍ഷങ്ങളുടെ പേരില്‍ ഇനി നാട്ടുകാരെ വേട്ടയാടില്ല എന്ന പോലീസുകാരുടെ ഉറപ്പിലാണു ചെല്ലാനത്ത് വീണ്ടും സാധാരണ ജീവിതം തിരിച്ചുവന്നിരിക്കുന്നത്.

ഞായറാഴ്ച കൊച്ചി എം.എല്‍.എ. കെ.ജെ.മാക്‌സിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത സമാധാന ചര്‍ച്ച വിജയം കണ്ടതോടെയാണു പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്. ചെല്ലാനം പ്രദേശത്ത് പോലീസ് അനാവശ്യമായി യാതൊരു റെയ്ഡും നടത്തുകയില്ല. പ്രതികളെ അന്വേഷിക്കാനെന്ന പേരില്‍ നിരപരാധികളുടെ വീടുകളില്‍ കയറുകയില്ല. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയാല്‍ മാനസികമായോ ശാരീരികമായോ യാതൊരു പീഡനങ്ങളും ഏല്‍പ്പിക്കുകയില്ല. തുടങ്ങിയ ഉറപ്പുകള്‍ മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷ്ണറില്‍ നിന്ന് രേഖാമൂലം എഴുതി വാങ്ങിയാണ് ചര്‍ച്ച അവസാനിച്ചത്. പോലീസ് അതിക്രമം അവസാനിപ്പിക്കുക എന്ന ആവശ്യവുമായി പ്രദേശവാസികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ചേര്‍ന്ന് തിങ്കളാഴ്ച പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്താനിരിക്കെയാണ് എം.എല്‍.എ. സമാധാന ചര്‍ച്ച വിളിച്ചുകൂട്ടിയത്.

‘ജനസൗഹൃദ’ പോലീസ് ഇങ്ങനെയും; കഞ്ചാവ് പിടുത്തത്തിന്റെ ചെല്ലാനം മോഡല്‍

‘അക്രമ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാമെന്ന പോലീസുകാരുടെ ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ നിന്ന് വീടുപേക്ഷിച്ചു പോയവര്‍ ഓരോരുത്തരായി മടങ്ങിയെത്തിത്തുടങ്ങി. എസ്.ഐ. അടക്കമുള്ളവര്‍ക്ക തെറ്റുകള്‍ സംഭവിച്ചതായി യോഗത്തില്‍ പോലീസുകാര്‍ സമ്മതിച്ചു. രമ്യമായി പരിഹരിക്കാമായിരുന്ന ചെറിയ പ്രശ്‌നത്തെ ഇത്രത്തോളം എത്തിച്ചത് പോലീസുകാരാണ്. പ്രതികളായി പേര് ചേര്‍ത്തവരുടെ ജാമ്യാപേക്ഷ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലാത്ത കേസാണെങ്കിലും ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ സഹകരിക്കാമെന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്.’ മനുഷ്യാവകാശ പ്രവര്‍ത്തകനായ ജെയ്‌സണ്‍.സി.കൂപ്പര്‍ പറഞ്ഞു.

കഴിഞ്ഞ മാസം 22ന് ചെല്ലാനം പള്ളി പെരുന്നാളിന്റെ ഭാഗമായി നടന്ന ഗാനമേളയിലുണ്ടായ സംഘര്‍ഷത്തില്‍ നിന്നായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. പോലീസും നാട്ടുകാരും തമ്മില്‍ തല്ലി. ഇതില്‍ പ്രതികളായുള്ളവര്‍ ഒളിവില്‍ പോയി. പ്രതികളെ അന്വേഷിച്ച് പ്രദേശത്തെ വീടുകളിലെത്തി അക്രമം അഴിച്ചുവിട്ട പോലീസ് നടപടിയെച്ചൊല്ലി വ്യാപക പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. പോലീസിനെ ഭയന്ന് പലരും വീട് വിട്ട്് ബന്ധു വീടുകളിലേക്ക് താമസം മാറിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍