UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിക്ടോറിയ കോളേജിലെ ‘ചെമ്പരത്തി’യെ ആര്‍ക്കാണ് പേടി?

Avatar

അഖില എം

വിദ്യാർത്ഥികളുടെ രാഷ്ട്രീയ- കലാ പ്രവർത്തനങ്ങളെ ആരാണ് ഭയപ്പെടുന്നത്? കേരളത്തിലെ ഏറെ പഴക്കമുള്ളതും പ്രശസ്തവുമായ പാലക്കാട് വിക്ടോറിയ കോളേജിലെ നാടക ട്രൂപ്പായ ‘ചെമ്പരത്തി’യുടെ സാധന സമഗ്രികൾ സൂക്ഷിച്ച കെട്ടിടത്തിന് തീകത്തി നശിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു.  ഒട്ടേറെ അഭ്യൂഹങ്ങൾക്കാണ് തീപ്പിടുത്തം തിരികൊളുത്തിയിരിക്കുന്നത്. ഗാന്ധിജയന്തി ദിനത്തിൽ നടന്ന തീപ്പിടുത്തത്തെ ചൊല്ലി  പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. എന്നാൽ പോലീസ് അന്വേഷണത്തിൽ ഇതുവരെ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.യൂണിയന്റെ ഭാഗത്തു നിന്നുള്ള പരാതി വാങ്ങാൻ പോലും പോലീസ് ആദ്യം തയ്യാറായിരുന്നില്ലെന്നു വിദ്യാർഥികൾ പറയുന്നു.

ഷോർട്ട് സർക്യൂട്ടാവാം എന്ന സംശയത്തെ അവിടുത്തെ വിദ്യാർത്ഥികളും അധ്യാപകരും പൂർണമായും തള്ളി കളയുന്നു. കാരണം തീപ്പിടുത്തം ബാധിച്ച വയറിങ്ങോ സ്വിച്ച് ബോർഡോ ഒന്നും തന്നെ ഇല്ല. മാത്രമല്ല മുറിക്കകത്തു വെച്ചിരുന്ന ‘ചെമ്പരത്തി’യുടെ പോസ്റ്ററുകൾ പുറത്തു പ്രത്യേകമായി കത്തിച്ചതായും കാണാൻ സാധിക്കും. മുറി പാടെ കത്തി നശിച്ച നിലയിലാണ്. തീ പടരുന്നത്  ക്വാർട്ടേഴ്‌സിലെ അദ്ധ്യാപകരുടെ ശ്രദ്ധയിൽ പെട്ടതിനാൽ വലിയ തോതിലുള്ള ഒരപകടം ഒഴിവായി.എങ്കിലും ചെമ്പരത്തിയെ സംബന്ധിച്ച് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കലോത്സവം അടുത്ത് വരാനിരിക്കെ ആണ് നാടകത്തിന്റെ മുഴുവൻ സാമഗ്രികളും കത്തിപ്പോയിരിക്കുന്നത്. ഇതിൽ പലതും വിദ്യാർഥികൾ സ്വയം നിർമിച്ചതാണ്. പത്തു വർഷത്തോളം ഇത്തരത്തിൽ ശേഖരിച്ചു വെച്ചവയാണ് കത്തിപ്പോയത്. “ഇത് തീർത്തും ചെമ്പരത്തിയെ ലക്ഷ്യമിട്ടു കൊണ്ടൊരു ആക്രമണമാണ്” , സുധർമ്മ, മൂന്നാം വർഷ ബി. എ. വിദ്യാർത്ഥിനി, പറയുന്നു.

ആശയ സംവേദനം എന്ന മൗലിക അവകാശം കേരളത്തിലെ കലാലയങ്ങളിൽ നിന്നും അപ്രത്യക്ഷമാകുന്ന സാഹചര്യമുണ്ടോ? ഉണ്ടെങ്കിൽ ആരാണ് അതിനു പിന്നിൽ എന്താണ് അവരുടെ ലക്‌ഷ്യം?

“കലോത്സവങ്ങൾക്കു വേണ്ടി എല്ലാ വർഷവും നാടകം പരിശീലിപ്പിക്കുകയും അവതരിപ്പിക്കാറുമുണ്ട്. അതിന്റ പശ്ചാത്തലത്തിലാണ് എന്തുകൊണ്ട് ഒരു കൂട്ടായ്മ ആരംഭിച്ചൂട എന്ന് ഉരുത്തിരിഞ്ഞുവന്നത്. അങ്ങനെയാണ് ‘ചെമ്പരത്തി’യുടെ പിറവി. ഓരോ അക്കാദമിക വർഷത്തിലും അഭിരുചിയുള്ളവരെ കണ്ടെത്തി പരിശീലനം കൊടുക്കും”, ശ്രുതി പറഞ്ഞു.

ചെമ്പരത്തിയുടെ ‘മീശയുടെ രൂപാന്തരണം’ എന്ന നാടകം ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഹിറ്റ്ലർ മുതൽ ഇങ്ങോട്ടുള്ള എകാധിപതികളേകുറിച്ചാണ് നാടകത്തിന്റെ ഉള്ളടക്കം. തൃശ്ശൂരിൽ നടന്ന മനുഷ്യ സംഘമത്തിൽ ഉൾപ്പെടെ പാലക്കാടിന് അകത്തും പുറത്തുമായി  പല വേദികളിലും ഈ നാടകം അവതരിപ്പിച്ചു കഴിഞ്ഞു.

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മറ്റു പല സംഭവങ്ങളെയും അവർ തീപിടുത്തത്തിന്റെ സാഹചര്യത്തിൽ കൂട്ടിവായിക്കുബോൾ ഇതെല്ലം ഫാസിസ്ററ് കടന്നു കയറ്റങ്ങളായേ കാണാൻ സാധിക്കുകയുള്ളു എന്ന് ചെമ്പരത്തിയുടെ  പ്രവർത്തകൻ അമീൻ പറയുന്നു.

ആർഷ ഭാരത വിക്ടോറിയൻ സംസ്ക്കാരം എന്ന അവരുടെ മാഗസിനെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളിൽ നിന്നും എതിർപ്പ് ഉയർന്നു വന്നിരുന്നതായി മാഗസിൻ എഡിറ്ററായിരുന്ന ശരത് പറഞ്ഞു.

മൈക്ക് കേടായതിനാൽ ദേശീയ ഗാനം സംപ്രേക്ഷണം ചെയ്യാനാവാതെ താത്കാലികമായി നിർത്തിവെച്ചപോൾ ഒരു വിഭാഗം വിദ്യാർത്ഥികൾ അതിൽ പ്രതിഷേധിക്കുകയും അന്വേഷണത്തിനായി ഇന്റലിജൻസ് ബ്യൂറോ വരെ ഇടപെട്ട സാഹചര്യവും കോളേജിൽ ഈ അടുത്താണ് ഉണ്ടായത്.

“ഒരുപാടു പേരുടെ ശ്രമഫലമായി ഉണ്ടാക്കിയതെല്ലാം കത്തിനശിച്ചതിൽ  വിഷമമുണ്ടെന്നും എന്നാൽ കലയിലൂടെ തന്നെ ഇതിനോട് പ്രതിഷേധിക്കും” മികച്ച അഭിനയത്രിക്കുള്ള അവാർഡ് നേടിയിട്ടുള്ള രഞ്ജിത പറഞ്ഞു.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് അഖില)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍