UPDATES

വിദേശം

ലോകത്തിലെ ഏറ്റവും വലിയ രാസായുധ ശേഖരങ്ങളിലൊന്ന് ഇല്ലാതാക്കുമ്പോള്‍

Avatar

കാരന്‍ ഡി യംഗ്
(വാഷിങ്ങ്ടണ്‍ പോസ്റ്റ്)

 

ഈയാഴ്ചയിലെ ഏതെങ്കിലുമൊരു ദിവസം ലോകത്തിലെ ഏറ്റവും മാരകമായ രാസായുധങ്ങൾ വഹിച്ചുകൊണ്ടു വരുന്ന ഒരു ഡാനിഷ് ചരക്കു കപ്പൽ ഇറ്റാലിയൻ തുറമുഖത്തെത്തുകയും അതിലെ ചരക്ക് പഴയൊരു അമേരിക്കൻ ചരക്കുകപ്പലിലേക്ക് മാറ്റാനുള്ള ശ്രമം തുടങ്ങുകയും ചെയ്യും.

രാസായുധങ്ങളെ നിർവീര്യമാക്കാനുള്ള രണ്ടു ഭീമൻ യന്ത്രങ്ങളടങ്ങിയ യു എസ് എംവി കേപ് റെ എന്ന കപ്പൽ പുറംകടലിലെത്തിയാൽ മസ്റ്റാർഡ്‌ ഗാസിനെയും നെർവ് എജെന്റ്സുകളേയും(mustard gas and nerve agents) മലിന ജലമാക്കി മാറ്റും. വരുന്ന സെപ്റ്റംബറിനു മുന്പ് തന്നെ കേപ് റെ സിറിയയിലെ ആയുധപ്പുരകളിൽ ബാക്കിയുള്ള രാസായുധങ്ങൾ ടെക്സാസിലേയും ഫിൻലാൻഡിലേയും തുറമുഖങ്ങളിലേക്ക് വ്യാവസായികാവശിഷ്ടങ്ങളെന്ന പേരിൽ പുറംതള്ളാൻ വേണ്ടി എത്തിക്കും. 

സിറിയൻ ആയുധങ്ങൾ കണ്ടുപിടിക്കാനും, തിരിച്ചറിയാനും, സുരക്ഷിതമായ രീതിയിൽ നശിപ്പിക്കാനുമുള്ള അന്താരാഷ്‌ട്ര ശ്രമങ്ങൾ ആരംഭിച്ച മുതൽക്കു തന്നെ കീഴ്‌ നടപ്പില്ലാത്ത ഒരുപാട് കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. 

വെടിയുണ്ട കടക്കാത്ത പെട്ടികളിലാക്കി ഉയരം കുറഞ്ഞ ലോറികളിൽ യുദ്ധക്കളത്തിന്റെ മുൻഭാഗത്തൂടെ ഒരിക്കലും ഇത്തരത്തിലുള്ള മാരകായുധങ്ങൾ കടത്തപ്പെട്ടിട്ടില്ല. മുന്‍പൊരിക്കലും ഇത്തരത്തിലുള്ള ആയുധങ്ങൾ കടലിൽ നശിപ്പിക്കപ്പെട്ടിട്ടുമില്ല.

തടസങ്ങളും, കാല താമസവും, വാദപ്രതിവാദങ്ങളുമുണ്ടായിട്ടുണ്ട്. ഒരിക്കൽ രാസായുധങ്ങൾ നിറച്ച പെട്ടികൾ ഒരു കപ്പലിൽ മാസങ്ങളോളം കേട്ടിക്കിടന്നപ്പോൾ മെഡിറ്ററേനിയൻ സൂര്യന്റെ താപമേറ്റ് വിഷ വായു ചോര്‍ന്ന സംഭവവും ഉണ്ടായിട്ടുണ്ട്.

അനേകം രാജ്യങ്ങളുടെ പൂർണ്ണ സഹകരണത്തിന്റെ ഫലമായിരുന്നു ഈ നീക്കം, ഇവയിൽ പലരാജ്യങ്ങളും കടുത്ത ശത്രുക്കളുമാണ്. 

രാസായുധത്തെക്കാൾ ക്രൂരമായ ആഭ്യന്തരയുദ്ധത്തിന്റെ ഇരകളായ സിറിയൻ ജനതയുടെ ജീവിതത്തിൽ ഈ നീക്കം യാതൊരു മാറ്റവുമുണ്ടാക്കില്ല. സ്വന്തം ജനങ്ങളുടെ മേൽ ബോംബിടുന്ന പട്ടാളത്തിനെതിരെയോ സിറിയയിലും ഇറാഖിലുമുള്ള കാടത്തത്തിന്റെ മൂർത്തീ രൂപങ്ങളായ മുസ്ലിം സായുധ പോരാളികൾക്കെതിരെയോ ചൂണ്ടുവിരലൂന്നാൻ പോലും സാധിക്കില്ല. 

ഉദ്യമത്തിൽ പങ്കാളികളായ ഉദ്യോഗസ്ഥർ വളരെ സന്തോഷവാന്മാരാണ്. ലോകത്തിലെ മാരക രാസായുധങ്ങളിലെ പ്രധാനപ്പെട്ട ഒരു ഭാഗം ഇല്ലാതാക്കിയതിലൂടെ വരാനിരുന്ന അശാന്തിയുടെ മേഘങ്ങളെയാണവർ അതിർത്തി കടത്തി വിട്ടത്. ഈയൊരു കാഴ്ച്ചപ്പാടിലൂടെ നോക്കിയാൽ ഈ കഠിന പ്രയത്നം വിജയകരമായിരുന്നു.  

“ഇത് ഒരു തുടക്കം മാത്രമാണെന്നറിയാമെങ്കിലും ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തതിൽ തൃപ്തരാണ് ഞങ്ങൾ. മിഡിൽ ഈസ്റ്റിനേയും പ്രത്യേകിച്ച് സിറിയയേയും അവിടുത്തെ ജനങ്ങൾക്ക് എന്താണ് സംഭവിക്കുന്നതെന്നും മനസ്സിലാക്കിയാൽ ഞങ്ങളുടെ ജോലി വളരെ എളുപ്പമുള്ളതായിരുന്നുവെന്ന് തോന്നും”. ഐക്യ രാഷ്ട്ര സംഘടനയുടെയും ഓര്‍ഗനൈസേഷന്‍ ഫോര്‍ ദി പ്രോഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പന്‍സിന്റെയും (OPCW) സഹകരണത്തിൽ നടന്ന ഉദ്യമത്തിന്റെ തലവനായ സിഗ്രിഡ് കാഗ് ദമാസ്കസിൽ പറഞ്ഞു. 

2012 ൽ സിറിയയിലെ യുദ്ധം വ്യാപിച്ചപ്പോൾ പ്രസിഡന്‍റ് ബഷർ അസ്സാദിന്റെ സർക്കാർ തങ്ങളുടെ പക്കൽ രാസായുധങ്ങളുണ്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു. സിറിയൻ ജനതയുടെ മേൽ ഒരിക്കലും ഉപയോഗിക്കില്ലെന്ന് പറഞ്ഞ വിദേശകാര്യ മന്ത്രിയുടെ വക്താവ് ‘പുറമേ നിന്നുള്ള കൈയേറ്റത്തിനെതിരെ ‘ പ്രയോഗിക്കുമെന്ന് സൂചിപ്പിക്കുകയും ചെയ്തു. 

“അസ്സാദിനെ താഴെയിറക്കാൻ ശ്രമിക്കുന്ന വിമതരെ സഹായിക്കേണ്ടി വന്ന ഒബാമ ഭരണകൂടത്തിന്റെ ശ്രദ്ധ മുഴുവനും സിറിയയുടെ അങ്ങോളമിങ്ങൊളമായ് പരന്നു കിടക്കുന്ന രാസായുധപ്പുരകളും നിർമ്മാണ ശാലകളും തെറ്റായ കൈകളിൽ എത്തരുതെന്നായിരുന്നു”.  ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.   

സിറിയൻ സർക്കാറിനെതിരെ പട നയിക്കുന്ന വിപ്ലവകാരികൾക്കിടയിൽ അൽ-ഖ്വൈദയെപ്പോലുള്ള ഇസ്ലാമിക തീവ്രവാദികൾ ശക്തരായ് വന്നപ്പോൾ അമേരിക്കയുടെ രണ്ടു വർഷത്തെ സിറിയൻ നയത്തിലെ അജ്ഞാതാവസ്ഥ ചോദ്യ ചിഹ്നമായ് ഉയർന്നു വന്നു. 

വർഷത്തിന്റെ അവസാനത്തിൽ അമേരിക്ക തങ്ങളുടെ പടിഞ്ഞാറൻ സഖ്യരാജ്യങ്ങളുമായ് ചർച്ച നടത്തുകയും രാസായുധങ്ങൾ കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതക്ക് കൂടുതൽ ഊന്നൽ നൽകുകയും ചെയ്തു. 

ആയുധപ്പുരകൾ സുരക്ഷിതമാക്കി നിർത്തേണ്ടതിനു വേണ്ട പദ്ധതികളും സാങ്കേതിക വിദ്യകളും പെന്റഗണ്‍ ഒരുക്കിത്തുടങ്ങി. “സിറിയയിൽ പോയി രാസായുധ ശാലകൾ തകർക്കുകയെന്നതായിരുന്നു ആദ്യം വിഭാവനം ചെയ്ത പദ്ധതി, ആയിരക്കണക്കിന് പട്ടാളക്കാരും പിന്നെ നിർവീര്യമാക്കാനുള്ള ഒരു യന്ത്രവും ആവശ്യമുള്ളതായിരുന്നു ആ പദ്ധതി “,അദ്ദേഹം കൂട്ടിച്ചേർത്തു.

ആസൂത്രണം ചെയ്തത് പോലെത്തന്നെ പെന്റഗണിന്റെ Defense Threat Reduction Agency അങ്ങനെയൊരു ഉപകരണം നിർമ്മിച്ചു തുടങ്ങി. 2013 ജൂണ്‍ മാസത്തിൽ രാസായുധങ്ങള്‍ നീര്‍വീര്യമാക്കുന്നതിനുള്ള ആദ്യത്തെ ഫീല്‍ഡ് ഡിപ്ലോയബിള്‍ ഹൈഡ്രോളിസിസ് സംവിധാനം പരീക്ഷണത്തിനു തയ്യാറായി. വലിയൊരു ട്രാൻസ്പോർട്ട് കണ്ടെയിനറുടെ വലുപ്പത്തിലുള്ള ആ യന്ത്രം വളരെ ചെറിയ സാങ്കേതിക വിദ്യ മാത്രമാണ് ഉപയോഗിച്ചിരുന്നത് (രാസയുധത്തെ നിർവീര്യമാക്കാനുള്ള കുറച്ചു രാസവസ്തുക്കളും പിന്നെ വ്യാവസായിക അവശിഷ്ടത്തിന്റെ മാതൃകയിലേക്ക് മാറ്റാൻ ധാരാളം വെള്ളവും). 

പക്ഷെ ഓഗസ്റ്റ്‌ ആദ്യവാരം സിറിയ കിഴക്കൻ ദമാസ്ക്കസിൽ രാസായുധം പ്രയോഗിച്ചെന്ന വാർത്ത അമേരിക്കയുടെ കണക്കു കൂട്ടലുകളെ പാടെ തെറ്റിച്ചു. ഇതേ തുടര്‍ന്ന് അസ്സാദിന്റെ ആയുധ വിതരണ ശൃംഖലയിൽ ആകാശാക്രമണം നടത്തുമെന്ന് ഒബാമ ഉടനെത്തന്നെ ഭീഷണി മുഴക്കി. 

” ഈ സന്ദർഭത്തിൽ ആക്രമണം തടയാൻ അസ്സദിന്റെ സർക്കാർ എന്താണ് ചെയ്യേണ്ടതെന്ന”  ചോദ്യത്തിന് ലണ്ടനിൽ സെപ്റ്റംബർ 9ന് നടന്ന വാർത്താ സമ്മേളനത്തിൽ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി നിരാശയോടെയാണ് മറുപടി നൽകിയത്. 

ബെസ്റ്റ് ഓഫ് അഴിമുഖം

ചാവേറുകളുടെ ലോകത്തിലൂടെ
അത്ര സമാധാനവാദികളോ ബുദ്ധമതക്കാര്‍?
ഈജിപ്തില്‍ നിന്ന്‍ അമേരിക്ക പിന്‍മാറേണ്ടതിന്റെ കാരണങ്ങള്‍
വഖാന്‍ : അഫ്ഘാനിസ്ഥാനില്‍ ഇങ്ങനെയും ഒരു സ്ഥലമുണ്ട്
അറാഫത്തിനെ കൊന്നതാര്?

” അദ്ദേഹത്തിനു അടുത്ത വാരം തന്റെ കൈയിലുള്ള ഓരോ തുള്ളി രാസായുധവും അന്താരാഷ്ട്ര സമൂഹത്തിന്റെ മേൽ പ്രയോഗിക്കാം. അവസാന തുള്ളിയും പ്രയോഗിച്ചതിനു ശേഷമതിന്റെ ഉത്തരവാദിത്ത്വവും ഏറ്റെടുക്കാം. പക്ഷെ തീർച്ചയായും അദ്ദേഹത്തിനൊരിക്കലുമത് ചെയ്യാൻ സാധിക്കില്ല.” 

മണിക്കൂറുകൾക്കു ശേഷം അറ്റ്‌ലാന്റിക്കിനു മുകളിലൂടെ തന്റെ തിരിച്ചു പറക്കുമ്പോള്‍ റഷ്യൻ വിദേശകാര്യ മന്ത്രി സെർഗി ലാവ്റോവിന്റെ ഫോണ്‍ കെറിയെ തേടിവന്നു. അസ്സദിനു തീർച്ചയായും രാസായുധങ്ങൾ അന്താരാഷ്‌ട്ര സമൂഹത്തിനുമേൽ പ്രയോഗിക്കാനാവും എന്നതായിരുന്നു സന്ദേശം.  

ആ ദിവസം അവസാനിക്കുന്നതിനു മുന്പ് തന്നെ സിറിയ ഒത്തുതീർപ്പിന് താൽപര്യം പ്രകടിപ്പിച്ചു. യുദ്ധം തുടരാൻ വേണ്ടിയുള്ള സമയത്തിനായുള്ള കുതന്ത്രമായോ അല്ലെങ്കിൽ റഷ്യയുടെ ശക്തമായ പ്രേരണ കാരണമോ അതുമല്ലെങ്കിൽ അമേരിക്കൻ ആക്രമണ ഭയം കാരണമോ നടത്തിയ നീക്കമായാണ് അമേരിക്കൻ ഉദ്യോഗസ്ഥർ ഈ സംഭവത്തെ കണ്ടത്.

അതിനുശേഷമുള്ള ദിവസങ്ങളിൽ കെറിയും ലാവ്റോവും ആയുധങ്ങൾ പിടിച്ചെടുക്കാനും നശിപ്പിക്കാനുമുള്ള പദ്ധതികൾ രൂപീകരികുകയും, ഐക്യ രാഷ്ട്ര സംഘടന അത് അംഗീകരിക്കുകയും ഉടനടിതന്നെ ഒരു അന്താരാഷ്‌ട്ര OPCW സംഘത്തെ ദാമാസ്ക്കസിൽ നിയോഗിക്കുകയും ചെയ്തു. രാസായുധങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ റിപ്പോർട്ടിൽ നിന്നും വലിയ മാറ്റമൊന്നുമില്ലാത്തൊരു റിപ്പോർട്ട് തന്നെയാണ്‌ സിറിയയും സമർപ്പിച്ചത്. 

രാസവസ്തുക്കളുടേയും ഉപകരണങ്ങളുടേയും നിർമ്മാണ സൂക്ഷിപ്പ് ശാലകളുടേയും നശീകരണത്തിനായ് 2014 ജൂണ്‍ അവസാനം വരെയാണ്  സമയപരിധി നൽകിയത്. പക്ഷെ എങ്ങനെ എന്നതായിരുന്നു ഉദ്യോഗസ്ഥർക്ക് മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ ചോദ്യം. 

ഹേഗ് ആസ്ഥാനമായുള്ള OPCW 190 രാഷ്ട്രങ്ങൾ ഒപ്പു വെച്ചതും സിറിയ അംഗമാവാൻ തയ്യാറായതുമായ അന്താരാഷ്‌ട്ര രാസായുധ ഉടമ്പടിയുടെ നടത്തിപ്പുകാരാണ്. രാസായുധ നശീകരണത്തിന്റെ ചുമതലക്കാരാണെങ്കിലും സിറിയ പോലുള്ള വലിയരീതിയിലുള്ള ഉദ്യമങ്ങൾ ഇതുവരെ നടത്തിയിട്ടില്ല.

ഈ ദൗത്യ സംഘത്തിന്റെ നേതൃത്വം വഹിക്കുന്ന യു.എൻ ന്റെ മുതിർന്ന ഉദ്യോഗസ്ഥയായ കാഗിന് മിഡിൽ ഈസ്റ്റിൽ പ്രവൃത്തി പരിചയമുണ്ടെങ്കിലും ആയുധ നശീകരണത്തിൽ യാതൊരു മുൻപരിചയവുമുണ്ടായിരുന്നില്ല. അമേരിക്കയിൽ നിന്നും, റഷ്യയിൽ നിന്നും മറ്റുള്ള രാഷ്ട്രങ്ങളിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ ഒത്തൊരുമിച്ച് കാറ്റിന്റെ ഗതിയനുസരിച്ച് നീങ്ങുകയായിരുന്നു.

സിറിയയുടെ ആയുധപ്പുരകൾ OPCW യുടെ മേല്‍നോട്ടത്തിൽ സിറിയക്കാർ തന്നെ നശിപ്പിക്കുക എന്നതായിരുന്നു പദ്ധതി. മിസൈൽ വാഹിനികൾ, ഏരിയൽ ബോംബ്‌ തുടങ്ങിയവയെ നശിപ്പിക്കാൻ കട്ടിംഗ് ടോർച്ചുകളും ആങ്കിൾ ഗ്രൈൻഡറുകളും ഉപയോഗിച്ചു. 

രാസവസ്തുക്കളെ എന്തു ചെയ്യണമെന്ന ചോദ്യം അവശേഷിച്ചു. മുന്പ് നടന്ന നീക്കങ്ങളിലൊക്കെ ആയുധങ്ങളോട് കൂടി രാസവസ്തുകളും നശിപ്പിക്കുകയായിരുന്നു പതിവ്, പക്ഷെ സിറിയൻ യുദ്ധം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് അങ്ങനെയൊരു നീക്കം സാധ്യമല്ലെന്നും രാസവസ്തുക്കളെ നീക്കം ചെയ്യലാണ് ഒരേയൊരു മാർഗമെന്നുമുള്ള തീരുമാനത്തിലവരെത്തി. 

നിരവധി രാജ്യങ്ങൾ ആയുധശേഖരം ഏറ്റെടുക്കാൻ വേണ്ടി സിറിയൻ തുറമുഖമായ ലടാകിയയിലേക്ക് തങ്ങളുടെ കപ്പലുകളെ അയക്കാമെന്നു പറഞ്ഞു, ഇതിൽ ഡെൻമാർക്കും നോർവേയും അപകടകരമായ ‘ Priority 1’ ഏറ്റെടുക്കാമെന്നു സമ്മതിച്ചു. മറ്റൊരു രാജ്യത്തിലേക്ക് കൊണ്ടു വന്ന് രാസവസ്തുക്കളെ നശിപ്പിക്കുക എന്നതായിരുന്നു ആദ്യമെടുത്ത തീരുമാനം.ഒരുപാട് രാജ്യങ്ങളെ സമീപിച്ചെങ്കിലും ആരും സമ്മതിച്ചില്ല. 

“പ്രകൃതിയിലുണ്ടാകാൻ പോകുന്ന നാശത്തെയോർത്ത് ഒരു രാജ്യവും സമ്മതിച്ചില്ല, മനസ്സിലാക്കാൻ പറ്റുന്നതേയുള്ളൂ അവരുടെ തീരുമാനം.” കാഗ് പറഞ്ഞു. 

കഴിഞ്ഞ വർഷം നിർമ്മിച്ച രണ്ടു യന്ത്രങ്ങളും കേപ് റേയുടെ കപ്പൽ തട്ടിൽ കൂട്ടിയോജിപ്പിച്ച് രാസവസ്തുകളെ കടലിൽ നശിപ്പിക്കുക എന്നതായിരുന്നു ഒരേയൊരു പോം വഴി.

പ്രത്യേകം നിർമ്മിച്ച കണ്ടെയിനറുകളിൽ രാസവസ്തുക്കൾ നിറക്കാൻ സിറിയക്കാരെ ചുമതലപ്പെടുത്തി, പക്ഷെ യുദ്ധം കാരണം ഈ ജോലിയുടെ  മേൽനോട്ടം വഹിക്കാൻ നിയോഗിക്കപ്പെട്ട അന്താരാഷ്‌ട്ര ഉദ്യോഗസ്ഥർക്ക് അവിടങ്ങളിൽ എത്താൻ പലപ്പോഴും സാധിച്ചില്ല. “വളരെ അപകടകരമായിരുന്നു അവിടുത്തെ സ്ഥിതി, ഞങ്ങൾക്ക് സിറിയക്കാരിൽ വിശ്വാസമർപ്പിക്കേണ്ടി വന്നു.” കാഗ് കൂട്ടിച്ചേർത്തു.

യു.എന്നിന്‍റെയും OPCW യുടേയും ഉദ്യോഗസ്ഥർക്ക് തത്സമയ ചിത്രങ്ങൾ എത്തിക്കാൻ സിറിയക്കാർക്ക് കാമറകളും GPS ട്രാക്കറുകളും നൽകുകയുണ്ടായി. വളരെ നല്ല പരിശീലനമാണവർക്ക് നല്കിയത്, പരിശീലത്തിനു ശേഷം മാരകമായ വസ്തുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സർട്ടിഫിക്കറ്റുകളും നൽകുകയുണ്ടായി.

രാസവസ്തുകൾ മാറ്റുന്നതിനു മുന്പ് പതിറ്റാണ്ടുകളായ് സൂക്ഷിച്ചു വെച്ചിരുന്ന വീപ്പയിൽ നിന്നും നീക്കം ചെയ്യേണ്ടതുണ്ട്. എല്ലാ വിധ സുരക്ഷാ ക്രമീകരണങ്ങൾ നടത്തുകയും മെഡിക്കൽ ഉദ്യോഗസ്ഥരെ തയ്യാറാക്കി നിർത്തുകയും ചെയ്തതിനു ശേഷമാണ് അവരെ ഉള്ളിൽ കടക്കാൻ അനുവദിച്ചത്. 

ലടാക്കിയയിൽ കണ്ടെയിനർ എത്തിയപ്പോൾ തുറമുഖം 48 മണിക്കൂർ നേരത്തേക്ക് അടച്ചിടുകയുണ്ടായി. യാത്ര ചെയ്തു കൊണ്ടിരുന്ന കപ്പലിലിലെ ഒരു കണ്ടെയിനറിൽ ചോർച്ച കണ്ടെത്തിയപ്പോൾ രാസവസ്തുക്കൾ വീണ്ടും പാക്ക് ചെയ്യാനായ് ലടാക്കിയയിലേക്ക് കപ്പൽ തിരിച്ചു പോയി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 

സിറിയൻ സർക്കാരുദ്യോഗസ്ഥർ ചില സമയങ്ങളിൽ പ്രശ്നങ്ങളുണ്ടാക്കിയെങ്കിലും മാനുഷിക പ്രവർത്തങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മറ്റുള്ള യു.എൻ ഏജൻസികളുമായുള്ള അവരുടെ ബന്ധവുമായ് താരതമ്യം ചെയ്തു നോക്കിയാൽ വളരെ നല്ല സഹകരണമായിരുന്നു അവരുടെ ഭാഗത്ത് നിന്നും ലഭിച്ചത്.

രാസപദാര്‍ത്ഥങ്ങൾ സ്ഥിതി ചെയ്യുന്ന ചില സ്ഥലങ്ങളിൽ യുദ്ധം നടക്കുന്നതുകൊണ്ടോ വേണ്ട സാമഗ്രികൾ ലഭ്യമല്ലാത്തതുകാരണമോ പലപ്പോഴും ജോലി വളരെ സാവധാനമാണ് നീങ്ങിയത്. സിറിയ അസ്സാദിന്റെ മറ്റുള്ള പിന്തുണക്കാരിലും ഇറാന്‍ എന്നിവരോട് ജോലി എളുപ്പത്തിൽ തീര്‍ക്കാനുള്ള സഹകരണംഅഭ്യര്‍ഥിക്കാനാണ് കാഗ് തന്റെ ഒട്ടുമിക്ക സമയവും ചിലവഴിച്ചത്. 

ഇറാനികൾ സാങ്കേതിക സഹായം നൽകി സഹായിച്ചു. 1980 കളിലെ ഇറാൻ- ഇറാഖ് യുദ്ധത്തിൽ സദ്ദാം ഹുസൈൻ മാരകമായ രാസായുധങ്ങൾ ഉപയോഗിച്ചതിന്റെ വേദന ഇപ്പോഴും അവരുടെ ശരീരത്തിൽ മായാതെ കിടപ്പുണ്ട്. രാസായുധങ്ങൾ ഇല്ലാതാക്കുന്നതിൽ അവരും പ്രതിജ്ഞാബദ്ധരാണ്. “സിറിയൻ ഉദ്യോഗസ്ഥരുമായ് നല്ലൊരു ബന്ധം സ്ഥാപിക്കാനും ഇറാനികൾ സാഹചര്യമൊരുക്കി.”,കാഗ് പറഞ്ഞു 

ഉക്രൈനിന്റെ പേരിലും സിറിയൻ നയങ്ങളുടെ പേരിലും അമേരിക്കയുമായുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കയാണെങ്കിലും റഷ്യയും രാസയുധങ്ങളുടെ കാര്യത്തിൽ നല്ല സഹകരണമാണ് നൽകിയത്. പ്രശ്നങ്ങൾ ഉയർന്നു വന്നതിനനുസരിച്ച് തീരുമാനങ്ങളെടുക്കാനും അവർ സമയം കണ്ടെത്തി.

ഇറാഖിലെ മുസ്ല്ലിം തീവ്രവാദികളുമായുള്ള യുദ്ധം നടക്കുന്ന ദമാസ്ക്കസിന് 70 മൈൽ ദൂരെയുള്ള സ്ഥലത്ത് അവശേഷിച്ച 8 ശതമാനം രാസവസ്തുക്കൾ നീക്കം ചെയ്യുക പ്രയാസകരമായ് വന്നു. സമയപരിധി കഴിയാറായതിനാൽ സംഘത്തിന് എല്ലാവരിൽ നിന്നുമുള്ള കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നു. വിമാനമിറക്കി അവശേഷിക്കുന്ന രാസപദാര്‍ത്ഥങ്ങൾ നീക്കം ചെയ്യാനുള്ള നീക്കം സുരക്ഷാ കാരണങ്ങളാൽ നിർത്തലാക്കേണ്ടിയും വന്നു. 

10 ദിവസം മാത്രം അവശേഷിക്കെ രംഗം ശാന്തമാവുകയും ട്രക്കുകൾ നീങ്ങിത്തുടങ്ങുകയും ചെയ്തു. അവശേഷിക്കുന്ന രാസപദാര്‍ത്ഥങ്ങൾ ലടാക്കിയയിൽ എത്തുകയും ഡാനിഷ് കപ്പലായ Ark Futura യിൽ കയറ്റുകയും ചെയ്തെന്ന് ജൂണ്‍ 23 ന് OPCW പ്രഖ്യാപിച്ചു. 

OPCW യുടെ സിറിയയിലെ ദൌത്യം രാസായുധ പരിപാടിയുടെ അവസാന അവശിഷ്‌ടങ്ങളും പൂർണ്ണമായും തുടച്ചു നീക്കുന്നതുവരെ തുടരും. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍