UPDATES

കനത്ത മഴയില്‍ മുങ്ങി ചെന്നൈ

അഴിമുഖം പ്രതിനിധി

കനത്ത മഴ തുടരുന്ന ചെന്നൈയില്‍ ജനജീവതം സ്തംഭിച്ചു. റോഡുകളിലും റെയില്‍വേ ട്രാക്കിലും വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് ബസ്, ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. പലയിടത്തും സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. തീരപ്രദേശത്ത് കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ചെംബരംബാക്കം അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് 20,000 ക്യുബിക് അടി ജലം അഡയാര്‍ നദിയിലേക്ക് തുറന്നു വിട്ടു. ഇതേതുടര്‍ന്ന് നദിയുടെ ഇരുകരയിലേയും ജനങ്ങളോട് സുരക്ഷിത പ്രദേശത്തേക്ക് മാറാന്‍ ചെന്നൈ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുരക്ഷാ ഭീതിയുള്ളതിനാല്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചതും ജനജീവിതത്തെ ദുസ്സഹമാക്കി.

ചെന്നൈയില്‍ നിന്നുള്ള വിമാന സര്‍വീസുകളേയും മഴ ബാധിച്ചു. ഇറങ്ങാന്‍ സാധിച്ച വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് അവരുടെ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് പോകാന്‍ വളരെ ബുദ്ധിമുട്ടേണ്ടി വന്നു. 4000-ത്തോളം പേര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. വിമാനത്താവളത്തില്‍ നിന്നും റോയപ്പേട്ടയിലേക്ക് പോകാന്‍ ടാക്‌സി കാര്‍ ഡ്രൈവര്‍ യാത്രക്കാരനോട് 12,000 രൂപ ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുണ്ട്. റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വിമാനത്താവളം പൂര്‍ണമായും പ്രവര്‍ത്തനം നിര്‍ത്തി വച്ചിട്ടുണ്ട്. 100 വര്‍ഷത്തിനിടെ ഉണ്ടായിട്ടുള്ള ഏറ്റവും കനത്ത മഴയാണ് ഇപ്പോള്‍ ചെന്നൈയിലുണ്ടായിരിക്കുന്നത്.

സ്‌കൂളുകള്‍ക്കും കോളെജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകളും മാറ്റിവച്ചു. വെള്ളം കയറിയതിനെ തുടര്‍ന്ന് ഓഫീസുകളിലും വീടുകളിലും കുടങ്ങിപ്പോയവരെ രക്ഷപ്പെടുത്താന്‍ ബോട്ട് സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. പുതുച്ചേരിയിലും കനത്ത മഴയാണ് പെയ്യുന്നത്. വിഴുപുരത്തേയും കൂഡല്ലൂരിനേയും ബന്ധിപ്പിക്കുന്ന റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. തടാകങ്ങളും കുളങ്ങളും നിറഞ്ഞു കവിഞ്ഞു. ദീപാവലിക്ക് ശേഷം ചെന്നൈ, കൂഡല്ലൂര്‍ ജില്ലകളില്‍ പെയ്ത മഴ ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ജയലളിത അറിയിച്ചു. ദേശീയ ദുരിതാശ്വാസ സേനയുടെ എട്ടു സംഘങ്ങളെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്. അടുത്ത നാല് ദിവസത്തേക്ക് മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചനം. രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സൈന്യത്തിന്റെ സഹായം തമിഴ് നാട് സര്‍ക്കാര്‍ തേടിയിരുന്നു. താംബരം, ഉറപ്പാക്കം മേഖലകളില്‍ സൈന്യത്തിന്റെ രണ്ട് സംഘങ്ങള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പകര്‍ച്ച വ്യാധികള്‍ പടരാന്‍ സാധ്യതയുള്ളതായി വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍