UPDATES

ലിപിന്‍ രാജ് എം.പി

കാഴ്ചപ്പാട്

ലിപിന്‍ രാജ് എം.പി

ന്യൂസ് അപ്ഡേറ്റ്സ്

ചെന്നൈ അനുഭവം; ഒരു മഴ നമ്മളെ പഠിപ്പിക്കുന്നത്‌ എന്താണ്?

പല മഴകള്‍ കണ്ടിട്ടുണ്ട്. ലേശം പോലും ഉറങ്ങാന്‍ കൂട്ടാക്കാത്ത ഒരു മഴയെ ഞാന്‍ ആദ്യമായി കാണുകയായിരുന്നു ചെന്നൈയില്‍ ഡിസംബര്‍ ആദ്യവാരം. ചന്നം പിന്നം പെയ്യുന്ന മഴയെ കവികളും കഥാകാരന്മാരും ആവര്‍ത്തിച്ചു വര്‍ണ്ണിച്ചിട്ടുണ്ട്. രാത്രിമഴയുടെ  ഈണം കേട്ട് പ്രണയചൂടില്‍ പുതപ്പിനടിയില്‍ ഉറങ്ങിയവരുടെ കഥകളേറെയുണ്ട്. മഴച്ചൂരില്‍ വിറച്ചു, പനികൂര്‍ക്ക തേടി പനിക്കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന ബാല്യാനുഭവങ്ങള്‍ എനിക്കുമുണ്ട്. പിറവിയിലെ മലയരികത്ത് നിന്ന് തുടങ്ങി കാല്‍ച്ചുവട്ടില്‍ വരെ പെയ്യുന്ന ഒരു മഴ ഷാജി.എന്‍.കരുണിന്‍റെ ക്യാമറ പകര്‍ത്തിയിട്ടുണ്ട്.

മഴ ഒരു ഫീലാണ് എന്ന് പറയുന്നവര്‍ ഒരു വശത്തും മഴ ഒരു പോക്കിരിയാണെന്ന് പഴിച്ച് കടത്തിണ്ണയില്‍ ഉറങ്ങാതിരിക്കുകയും ചെയ്യുന്നവര്‍ മഴയെ വിഭജിക്കുന്നത് അവരുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ്. എന്നാല്‍ ചെന്നൈ കണ്ട മഴ ആ പ്രദേശത്തെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചു കുലുക്കുന്നതായിരുന്നു. മഴ ശമിക്കും എന്ന പ്രതീക്ഷയില്‍ നിന്ന ഗവണ്‍മെന്‍റ് സംവിധാനം പോലും ആദ്യഘട്ടത്തില്‍ പകച്ചു നിന്നെങ്കിലും പിന്നീടു ശക്തി വീണ്ടെടുത്തു എന്തും നേരിടാന്‍ ഇറങ്ങി തിരിച്ചവര്‍ക്കൊപ്പം മഴയെ തോല്പിക്കാന്‍ ശ്രമം തുടങ്ങി. മഴ ശമിക്കും എന്നൊരു നല്ല വാക്ക് കാലാവസ്ഥാ നിരീക്ഷണകേന്ദ്ര തലവന്‍റെ നാവില്‍ നിന്ന് വീണു കിട്ടാന്‍  അദ്ദേഹത്തിന്‍റെ ഫോട്ടോ ജനങ്ങള്‍ ഈശ്വരന്‍മാര്‍ക്കൊപ്പം പൂജിക്കാന്‍ തുടങ്ങിയിടം വരെ കാര്യങ്ങള്‍ ചെന്നു നിന്നു.

ഞങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ചെന്നിറങ്ങുമ്പോള്‍ എല്ലായിടവും വെള്ളത്തിനടിയില്‍. ആളുകള്‍ ഫ്ലാറ്റുകളില്‍ കുടുങ്ങി പോയിരിക്കുന്നു. അവര്‍ക്ക് ഭക്ഷണമെത്തിക്കണം. ഞങ്ങളുടെ എഞ്ചിനീയറിംഗ് ടീം ചെങ്കല്‍പ്പെട്ട് ഭാഗത്തെ റെയില്‍വേ ട്രാക്ക് പുന:സ്ഥാപിക്കുന്ന കഠിനജോലിയിലാണ്. സാധാരണ ഒരു മാസമെടുക്കുന്ന ജോലി മുന്നൂറു പേര്‍ ചേര്‍ന്ന് രണ്ടു ദിവസം കൊണ്ട് പൂര്‍ത്തിയാക്കണം. എല്ലാം തമ്മില്‍ പരിചയമില്ലാത്തവര്‍. അവരെ ഒന്നിപ്പിക്കുന്നത് ഒറ്റ വാക്ക് – ഗവണ്‍മെന്റ്. ഈ ദുരിത കാഴ്ചകള്‍ക്കിടയില്‍ മൂന്നു പേര്‍ എന്‍റെ കണ്ണിലുടക്കി; അതില്‍ രണ്ടു പേര്‍ മനസ് കുറേക്കൂടി വലുതാക്കാന്‍ പഠിപ്പിച്ചു.

ഒന്നാമത്തെ വ്യക്തിയുടെ പേര് മലര്‍കല സെബാസ്റ്റ്യന്‍. മുപ്പത്തിയാറ് വയസുള്ള മലര്‍കല ഒരു ഐ ടി കമ്പനിയിലെ മാനേജര്‍ ലെവലില്‍ ഉള്ള സ്റ്റാഫ്‌ ആണ്. വാര്‍ഷിക ശമ്പളം പത്തൊന്‍പതു ലക്ഷം രൂപ. ബാങ്കില്‍ ഇഷ്ടം പോലെ പണം. പക്ഷേ എ.ടി.എമ്മില്‍ പോകാന്‍ നിവര്‍ത്തിയില്ല. രണ്ടു ദിവസത്തിനു ശേഷം ഞങ്ങള്‍ കൊടുത്ത ഭക്ഷണം, അതും പ്ലാസ്റ്റിക് കവറിലാക്കിയ കുടിവെള്ളം സഹിതം പതുക്കെ കഴിക്കുമ്പോള്‍ അവര്‍ എന്നോട് പറഞ്ഞു.

“ഒരിക്കലും എനിക്കീ ഗതി വരുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. ഇന്നേ വരെ ഈ ഫ്ലാറ്റില്‍ താമസിക്കുന്ന മറ്റുള്ളവരെ ഞാന്‍ തിരക്കിനിടയില്‍ ഗൌനിച്ചിരുന്നില്ല. കഴിഞ്ഞ നാലു ദിവസം ഞങ്ങള്‍ ഒരേ കുടുംബത്തിലെ അംഗങ്ങളെ പോലെ, നിങ്ങള്‍ വരുമെന്ന പ്രതീക്ഷയില്‍, കറണ്ടും വെള്ളവുമില്ലാതെ, എന്നാല്‍ ചുറ്റിനും വെള്ളം മൂടി കഴിയുകയായിരുന്നു. ഇടയ്ക്കിടെ നിങ്ങള്‍ വരുമെന്ന പ്രതീക്ഷയില്‍ ഒന്നിടവിട്ട് ഓരോരുത്തര്‍ ടെറസില്‍ പോയി നോക്കും.”

ആശ്വസിപ്പിച്ച്, എല്ലാവര്‍ക്കും ഭക്ഷണം നല്‍കി ആ മുഖങ്ങളില്‍ ഒരു സമാധാനം പരത്തി, തിരികെ ബോട്ടില്‍ കയറുമ്പോള്‍ മലര്‍കല എന്‍റെ കയ്യിലൊരു ചെക്ക് വെച്ച് തന്നു. അഞ്ചു ലക്ഷത്തിന്‍റെ ചെക്ക്. ഗവണ്‍മെന്റിന്റെ ദുരിതാശ്വാസനിധിയിലേക്ക്.

അവര്‍ പതുക്കെ പറഞ്ഞു: “അവശ്യമുള്ളപ്പോള്‍ പണം ഉപകാരപ്പെട്ടില്ലെങ്കില്‍ അതിനു പേപ്പര്‍ കഷ്ണത്തിന്‍റെ വിലയേ ഉള്ളൂ.”

ഒലിച്ചു പോയ ട്രാക്ക് സംരക്ഷിക്കുമ്പോള്‍ സ്വന്തം ജീവിതം വിട്ടു കൊടുത്ത ട്രാക്ക്മാനാണ് അടുത്തയാള്‍. കൂറ്റന്‍ മഴ കണ്ട്, ഭാര്യയുടെ വാക്ക് കേട്ട് അയാള്‍ക്ക് വീട്ടിലിരിക്കാമായിരുന്നു. പക്ഷേ എല്ലാവരുടെയും വാക്ക് അവഗണിച്ച്, അയാള്‍ സ്വയം മറ്റൊരു ‘നൌഷാദായി’ മാറി. അയാളുടെ ഇടപെടല്‍ കൊണ്ട് മലയാളികള്‍ ഉള്‍പ്പെടെയുള്ള അയ്യായിരത്തിലധികം പേര്‍ സഞ്ചരിച്ച ട്രെയിന്‍ ഒരു അപകടവും കൂടാതെ സ്റ്റേഷന്‍ കടന്നു പോയി. സ്വയം രക്ഷപ്പെടാനുള്ള കൊതിക്കിടയില്‍ ആര് ഓര്‍ക്കുന്നു, പാവം ഒരു ട്രാക്ക്മാനെ?

ഒരു അഭയകേന്ദ്രത്തിനുള്ള സ്ഥലം തേടിയലയുമ്പോള്‍ ചര്‍ച്ച് തുറന്നു തന്ന വൈദികനാണ് അടുത്തത്. മതവും ജാതിയും വര്‍ഗ്ഗവും വര്‍ണ്ണവും നോക്കാതെ ആളുകള്‍ മദ്ബഹയിലെക്കും അള്‍ത്താരയിലേക്കും ഇടിച്ചു കയറി എവിടെയെങ്കിലും ഒന്നിരിക്കാന്‍ വെപ്രാളം കാട്ടുമ്പോള്‍ ഞങ്ങള്‍ മനുഷ്യനന്മയ്ക്ക് ഉള്ളില്‍ നന്ദി പറയുകയായിരുന്നു.

ആ അഭയകേന്ദ്രത്തിലെ ആളുകളുടെ വിവരം ശേഖരിക്കാനുള്ള മൈക്കിനു പ്രവര്‍ത്തിക്കാന്‍ ബാറ്ററി പവര്‍ സിസ്റ്റം നല്‍കിയത് തൊട്ടടുത്ത അമ്പലത്തിലെ പൂജാരി.

ചെങ്കല്‍പ്പെട്ട് ഭാഗത്തേക്കുള്ള ട്രാക്ക് ഒരു വിധം പുന:സ്ഥാപിച്ചത് ഞങ്ങളെ കൂടുതല്‍ ആവേശവാന്‍മാരാക്കി. എഞ്ചിനീയര്‍മാര്‍ കൈമെയ് മറന്ന് രാത്രി ഉറക്കമിളച്ചു ട്രാക്കിലൂടെ നടന്ന് ഓരോ ഭാഗത്തെയും ഉറപ്പു പരിശോധിച്ചു. ഒരു ചെറിയ പിഴവ് പോലും ആയിരങ്ങളുടെ ജീവിതം അപകടത്തിലാക്കും, അത് മഴക്കെടുതിയുടെ ചിത്രത്തെ കൂടുതല്‍ ഭയാനകമാക്കും. ഞങ്ങളുടെ വകുപ്പ് തലവന്മാര്‍ ഓഫീസിനു ചുറ്റും മഴവെള്ളം കയറിയിട്ടും രാപ്പകല്‍ ഭേദമില്ലാതെ നിര്‍ദേശങ്ങള്‍, ചര്‍ച്ചകള്‍, അഭിപ്രായങ്ങള്‍, പ്ലാനുകള്‍ എന്നിവ ഉത്പാദിപ്പിച്ചു കൊണ്ടേയിരുന്നു. അത് താഴെക്കിടയിലുള്ളവര്‍ക്ക് നല്‍കി അവരെ എകോപിപ്പിക്കുകയും ഉടന്‍ തീരുമാനമെടുക്കുകയുമാണ് ഞങ്ങളുടെ ചുമതല. സ്കൌട്ട്സ് ആന്‍ഡ് ഗൈഡ്സ് ടീമിന്‍റെ നേതൃത്വത്തില്‍ സഹായവസ്തുക്കള്‍ വിതരണം ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ടീം എടുത്ത മറ്റൊരു തീരുമാനം. അതിനിടയില്‍ മൊബൈല്‍ ടവറുകള്‍ നിശ്ചലമായി. റെയില്‍വേ സിഗ്നല്‍-ടെലികമ്മ്യുണിക്കേഷന്‍ ശൃംഖല അപ്പോഴും തകരാറില്‍ ആവാതെ നിന്നതായിരുന്നു ഏക ആശ്വാസം. ട്രാഫിക്-സിഗ്നല്‍ അംഗങ്ങള്‍ ഓരോ സ്റ്റേഷന്‍ മാസ്റ്റര്‍മാരുമായി നിരന്തരം സംസാരിച്ച്, ഓരോ നിര്‍ദേശങ്ങള്‍ നല്‍കുന്നു. ചെന്നൈയില്‍ കുടുങ്ങിയവരെ നാട്ടിലേക്കു തിരികെ വിടുക എന്നതായിരുന്നു ആദ്യമെടുത്ത തീരുമാനം. എല്ലാ ട്രെയിനുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സ്പെഷ്യല്‍ ട്രെയിനുകളാക്കി ഓടിക്കാന്‍ ഉന്നത നിര്‍ദേശം വന്നു.

ചെന്നൈയ്ക്ക് അടുത്തുള്ള അന്‍പതിലധികം സ്റ്റേഷനുകള്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഉള്ള തല്ക്കാല അഭയകേന്ദ്രങ്ങളാക്കി മാറ്റുകയായിരുന്നു മറ്റൊരു ലക്ഷ്യം. മത-ജാതിവ്യത്യാസങ്ങള്‍ ഇല്ലാതെ എല്ലാവരും ഒരുമിച്ച് സ്റ്റേഷനിലിരുന്നു, സ്കൌട്ട്സ് അംഗങ്ങള്‍ കൊടുത്ത ബ്രെഡും പാലും മുട്ടയും കഴിച്ചു. അതിനിടയില്‍ പ്രസവവേദന കൊണ്ട് പുളഞ്ഞ ഒരു സ്ത്രീയേയും കൊണ്ട് ക്യാമ്പ് അംഗങ്ങള്‍ എത്തി.  ഉടന്‍ ഒരു തീരുമാനമെടുക്കണം. ആശുപത്രി ഒന്നും അടുത്തില്ല. വൈദ്യുതി നിലച്ചതിനാല്‍ സ്വകാര്യആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നില്ല. പക്ഷേ സ്റ്റേഷന് അടുത്തുള്ള സബ്-സ്റ്റേഷനില്‍ നിന്ന് ആവശ്യത്തിനു വൈദ്യുതി ലഭിക്കുന്നുണ്ട്. മഴ ശക്തമായാല്‍ സ്റ്റേഷനും കൂരിരുട്ടില്‍ ആവും. അതിനു മുന്‍പേ ഒരു തീരുമാനം വേണം. അടുത്തുള്ള റെയില്‍വേ ആശുപത്രിയിലെ സിസ്റ്റര്‍മാര്‍ ക്യംപിലുണ്ട്. ഉടന്‍ തന്നെ എനിക്കൊരു ആശയം തോന്നി. ഒഴിഞ്ഞ ഒരു ട്രാക്കില്‍ രണ്ടു ദിവസം കഴിഞ്ഞു ഉത്തരേന്ത്യക്ക്‌ പുറപ്പെടേണ്ട ഒന്നിലധികം കോച്ചുകള്‍ സൂക്ഷിച്ചിട്ടുണ്ട്. അതിലൊന്ന് തല്‍ക്കാലത്തെക്ക് പ്രസവമുറിയാക്കി മാറ്റുക. ഇലക്ട്രിഷ്യന്‍ന്മാര്‍ കോച്ചിലേക്ക് വൈദ്യുതി പകര്‍ന്നു. ലൈറ്റും ഫാനും എ സിയും ഉണര്‍ന്നു. ട്രെയിന്‍ കോച്ചിലുള്ള ഫസ്റ്റ് എയ്ഡ് ബോക്സും അവശ്യം വസ്തുക്കളുമായി സിസ്റ്റര്‍മാര്‍ കൂടെ നിന്നു. സിസേറിയന്‍ ആവരുതേ എന്ന ഞങ്ങളുടെ പ്രാര്‍ത്ഥന ദൈവം കേട്ടു. സുഖപ്രസവം എന്ന വാര്‍ത്ത എത്തുമ്പോള്‍ ട്രാക്ക് വീണ്ടും ഇടിഞ്ഞ ചെങ്കല്‍പ്പെട്ടിലേക്ക് പോകാന്‍ നിര്‍ദേശം. എല്ലാം കഴിഞ്ഞു അവിടെ നിന്നും പുറപ്പെടുമ്പോള്‍ പ്രസവിച്ച സ്ത്രീയുടെ ഭര്‍ത്താവ് കൂപ്പുകൈകളോടെ ഞങ്ങള്‍ക്ക് മുന്‍പില്‍.

തിരികെ ട്രിച്ചിയിലേക്ക് ക്ഷീണിതനായി മടങ്ങുമ്പോള്‍ മറഞ്ഞു പോയ ഇന്റര്‍നെറ്റ് തിരികെ വന്നു. അപ്പോള്‍ സുഹൃത്തുക്കള്‍ ഫേസ്‌ബുക്കില്‍ ആവേശത്തോടെ ‘ഐ ആം സേഫ്’ എന്ന് മാര്‍ക്ക് ചെയ്തു തുടങ്ങുന്നു. അവര്‍ നിര്‍ബാധം ഓരോ പോസ്റ്റും സേഫ് ആയി ഇരുന്നു ഷെയര്‍ ചെയ്യുന്നു. അല്ലെങ്കില്‍ ഹോട്ടല്‍ മുറികളില്‍ ഇരുന്നു യുദ്ധം റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടയില്‍ ചിലര്‍ സോഷ്യല്‍ മീഡിയയെ ഒരു രക്ഷാകവചമാക്കി, വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്നു.

പ്രകൃതിയുടെ മുലപ്പാലായ മഴയ്ക്ക്‌ മറുമരുന്നില്ല. എന്നാല്‍ മഴക്കെടുതിയ്ക്ക് മറുമരുന്നുണ്ട്. തിരികെ വരുമ്പോള്‍ എന്‍റെ ആലോചനയില്‍ വന്നത് നാളെ കേരളം ഇത്തരമൊരു പ്രതിസന്ധിയെ എങ്ങനെ നേരിടുമെന്നായിരുന്നു. ചെന്നൈ അനുഭവങ്ങള്‍ കേരളത്തിന്‍റെ ദുരന്തനിവാരണത്തെക്കുറിച്ചുള്ള ധാരണകളെ പൊളിച്ചെഴുതണം. കാരണം ചെന്നൈ തിരുവനന്തപുരത്തും കൊച്ചിയിലും ആവര്‍ത്തിച്ചാല്‍ നമുക്കും പോംവഴികള്‍ ഇല്ല. ഒരു ചെറുമഴ പെയ്താല്‍ വെള്ളം പൊങ്ങുന്ന തിരുവനന്തപുരത്തെ ശാസ്ത്രീയമായ നഗരവികസനം ഇനിയും സാധ്യമാക്കാനേ ഉള്ളൂ. കൊച്ചിയുടെ ഹൃദയഭാഗത്ത് ‘ഫ്രീക്കന്‍മാരുടെ’ ഫ്ലാറ്റുനിലകള്‍ പൊങ്ങുന്നത് ചതുപ്പിലാണെന്നും, അതില്‍ തെങ്ങിന്‍കുറ്റി നിറച്ചാണ് അടിത്തറ ഉണ്ടാക്കുന്നതെന്നും വില്‍ക്കുന്നവനും പ്ലാന്‍ വരയ്ക്കുന്നവനും അതിന് അംഗീകാരം നല്‍കുന്നവനും അറിയാമെങ്കിലും ഇതൊന്നും ആരും മുന്‍കൂട്ടി ഫ്ലാറ്റ് വാങ്ങുന്നവനോട് പറയില്ല. ചെന്നൈയില്‍ സംഭവിച്ച മറ്റൊരു അത്ഭുതം, കുറഞ്ഞ പക്ഷം ഗവണ്‍മെന്റ് ആയിരം കോടികള്‍ ചിലവഴിച്ച് ചെയ്യേണ്ട വര്‍ഷങ്ങളായി അടിഞ്ഞുകൂടിയ മാലിന്യശുചീകരണവും ഡ്രൈയിനേജ് അവശിഷ്ടങ്ങളും മഴ ടെന്‍ഡര്‍ വിളിക്കാതെ കോണ്‍ട്രാക്റ്റ് എടുത്തു പത്ത് ദിവസം കൊണ്ട് ചെന്നൈയെ വൃത്തിയാക്കി മാലിന്യങ്ങള്‍ കടലിലെത്തിച്ചു.

വരുമ്പോള്‍ കാണാം, ദുരന്തനിവാരണ സേനയെ വിളിക്കാം, ടോള്‍ ഫ്രീ നമ്പര്‍ ഉണ്ട്, ദുരന്തനിവാരണ ഫണ്ടുണ്ട്, സൈന്യത്തെ വിളിക്കാം എന്നൊക്കെ ഒട്ടേറെ അലസന്‍ മറുപടികള്‍ ഉണ്ടെങ്കിലും ന്യൂനമര്‍ദ്ദവും അറബിക്കടലും ഉള്ളിടത്തോളം കാലം കേരളവും മഴയെ പേടിച്ചേ പറ്റൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ലിപിന്‍ രാജ് എം.പി

ലിപിന്‍ രാജ് എം.പി

ലിപിന്‍രാജ് എം.പി 2012-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ മൊത്തം വിഷയങ്ങളും മലയാളത്തില്‍ എഴുതി റാങ്ക് നേടി. അതില്‍ തന്നെ ഉപന്യാസം പേപ്പറിന് ദേശീയതലത്തില്‍ ഉയര്‍ന്ന മാര്‍ക്കും ഒന്നാം സ്ഥാനവും. പ്ലസ്-ടുവില്‍ മലയാളത്തില്‍ നൂറില്‍ നൂറു മാര്‍ക്ക്. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ മാര്‍ ഇവാനിയോസ് കോളേജില്‍ നിന്ന് രണ്ടാം റാങ്കോടെ ജയം. തുടര്‍ച്ചയായി മൂന്നുതവണ കേരള യൂണിവേഴ്‌സിറ്റി കഥാരചന മത്സരത്തില്‍ ഒന്നാം സ്ഥാനം. ലേഖന വിഭാഗത്തില്‍ രണ്ടുതവണ ഒന്നാം സ്ഥാനം. ഐക്യരാഷ്ട്ര സംഘടനയും യൂണിസെഫും ചേര്‍ന്ന് ഏര്‍പ്പെടഒത്തിയ 2009-ലെ യുവനേതൃതത അന്താരാഷ്ട്ര അവാര്‍ഡ് ജേതാവാണ്. മൂന്നുതവണ യുവദീപം കഥാപുരസ്‌കാരം. ബാലജനസഖ്യം മുന്‍ ഭാരവാഹി. പത്തനംതിട്ട ജില്ലയിലെ നാരങ്ങാനും സ്വദേശി. ആനുകാലികങ്ങളില്‍ ചെറുകഥകളും ലേഖനങ്ങളും എഴുതുന്നു. ചെറുകഥാ സമാഹാരമായ സ്വര്‍ണത്തവളള പണിപ്പുരയില്‍. മുന്‍പ് സിറാജ് ദിനപത്രം, എസ്.ബി.ടി, ഐ.ഡി.ബി.ഐ ബാങ്ക് എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍