UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇത് കയ്യേറ്റത്തിനും അശാസ്ത്രീയ വികസനത്തിനും ചെന്നൈ നല്‍കുന്ന വില

Avatar

സന്ദീപ് വെള്ളാരംകുന്ന്

ഇന്ത്യയിലെ പ്രമുഖ ദിനപത്രങ്ങളിലൊന്നായ ദി ഹിന്ദു പ്രസിദ്ധീകരണം തുടങ്ങി 137 വര്‍ഷത്തിനിടെ കഴിഞ്ഞ ദിവസം ആദ്യമായി പത്രത്തിന്റെ ആസ്ഥാനമായ ചെന്നൈയില്‍ പത്രം പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല. കനത്ത മഴയില്‍ റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മറമലൈ നഗറിലുള്ള പ്രസില്‍ എത്താന്‍ ജീവനക്കാര്‍ക്ക് കഴിയാത്തതിനാലാണ് പത്രം പ്രസിദ്ധീകരണം മുടങ്ങിയത്. മെട്രോ നഗരമെന്നും വികസനത്തിന്റെ കേന്ദ്രമെന്നും പേരു കേട്ട ചെന്നൈയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും വികസന സങ്കല്‍പ്പങ്ങളെ ആകെ തച്ചു തകര്‍ത്തിരിക്കുന്നു. ഒരു കവര്‍ പാലിന് നൂറു രൂപ നല്‍കേണ്ടി വരുന്നതും ഫ്‌ളാറ്റുകള്‍ക്കു മുകളില്‍ ഭക്ഷണപ്പൊതികളുമായി വരുന്ന ബോട്ടുകളേയും ഹെലികോപ്റ്ററുകളേയും വരെ കാത്തിരിക്കേണ്ട അവസ്ഥയിലേക്ക് മാറിയിരിക്കുന്നു നഗരവാസികള്‍. കുറേ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതല്ല വികസനമെന്നും അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം ഗുരുതരമായ പാരിസ്ഥിതിക ഭവിഷ്യത്തുകള്‍ സൃഷ്ടിക്കും എന്നതിനുമുള്ള ഉദാഹരണമാകുകയാണ് ചെന്നൈയില്‍ ഇപ്പോഴത്തെ വെള്ളപ്പൊക്കം.

ഏതാണ്ട് മൂന്നാഴ്ചകളായി നഗരം മഴക്കെടുതിയുടെ പിടിയിലാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ തുടര്‍ച്ചയായി രൂപംകൊണ്ട ന്യൂനമര്‍ദങ്ങള്‍ പേമാരിയായി നഗരത്തില്‍ പെയ്തിറങ്ങിയപ്പോള്‍ ചെന്നൈ പ്രളയത്തിന്റെ ഭീകരത അറിഞ്ഞു. നഗരത്തിലെ പ്രധാന വികസന കേന്ദ്രങ്ങളായ വേളാച്ചേരി, താംബരം, സെയ്ദാപേട്ട്, തേയ്‌നാംപേട്ട്, ഹണ്‍ഡ്രഡ് ഫീറ്റ് റോഡ് തുടങ്ങിയ മേഖലകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ചെന്നൈ വിമാനത്താവളം ഡിസംബര്‍ ആറുവരെ അടയ്ക്കുകയും ട്രെയിന്‍, ബസ് സര്‍വീസുകള്‍ പൂര്‍ണമായും നിലയ്ക്കുകയും ചെയ്തിരിക്കുന്നു.

സംസ്ഥാന സര്‍ക്കാരും കോര്‍പ്പറേഷനും സൈന്യവും ഒക്കെ ഹെല്‍പ് ലൈന്‍ നമ്പരുകള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നുവെങ്കിലും അവ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. കരസേനയുടെ ഹെല്‍പ് ലൈന്‍ നമ്പര്‍ പോലും പ്രവര്‍ത്തനരഹിതമായി. നേവിയുടെ ഹെല്‍പ് ലൈനാകട്ടെ സദാസമയവും എന്‍ഗേജ്ഡും ആയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് അവശ്യം വേണ്ട സൗകര്യങ്ങള്‍ ഇല്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നുണ്ട്. അവര്‍ നിസഹായത വെളിപ്പെടുത്തുകയും ചെയ്യുന്നു. വേളാചേരിയില്‍ രണ്ടാഴ്ച പ്രായമുള്ള ഒരു കുഞ്ഞുള്ള കുടുംബത്തിനുവേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് കോസ്റ്റ് ഗാര്‍ഡിനെ ബന്ധപ്പെട്ടപ്പോള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കൂ, അടുത്ത ഏതാനും മണിക്കൂറുകള്‍ മഴ പെയ്തില്ലെങ്കില്‍ ഞങ്ങള്‍ എന്തെങ്കിലും ചെയ്യാം എന്ന മറുപടിയായിരുന്നു ദ ഹിന്ദുവില്‍ മാധ്യമ പ്രവര്‍ത്തകനായ സ്റ്റാന്‍ലി ജോണിക്ക് ലഭിച്ചത് എന്ന് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം രാത്രിയില്‍ തിരുവാണ്‍മിയൂരില്‍ ഒരു കടയ്ക്ക് മുന്നില്‍ മെഴുകുതിരിക്കുവേണ്ടി പോരടിക്കുന്ന ഒരു കൂട്ടം ആളുകളെ കണ്ടതായി ജോണിയുടെ സഹപ്രവര്‍ത്തകന്‍ പറഞ്ഞു. മൂന്ന് ദിവസം തുടര്‍ച്ചയായി വൈദ്യുതി ഇല്ല. വെള്ളം ഇറങ്ങുന്നതുവരെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനും സാധ്യതയില്ല. ഷോക്കേറ്റുള്ള അപകടങ്ങള്‍ ഒഴിവാക്കാനാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുന്നത്. നഗരത്തില്‍ വളരെ കുറച്ച് ഹോട്ടലുകള്‍ മാത്രമാണ് തുറന്നിട്ടുള്ളത്. അവയില്‍ നല്ല തിരക്കും. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പോലും ഭക്ഷ്യവസ്തുക്കള്‍ ലഭ്യമല്ലാതായി തുടങ്ങിയിട്ടുണ്ട്. സബ് അര്‍ബന്‍ റെയില്‍വേ സ്റ്റേഷനുകള്‍ മഴയില്‍ വീട് മുങ്ങിപ്പോയ ആളുകള്‍ക്ക് അഭയമായി. ഇങ്ങനെ റെയില്‍വേ സ്റ്റേഷനുകളില്‍ അഭയം തേടിയവരില്‍ ഭൂരിപക്ഷവും ദരിദ്രരാണ്. ജീവനൊഴികെ മറ്റൊന്നും അവരുടെ കൈയില്‍ ഇല്ല. പണവും ആഹാരവും ഒന്നും. നനയാത്ത, വെള്ളം ഇല്ലാത്ത സ്ഥലം ആയതിനാലാണ് അവര്‍ റെയില്‍വേ സ്‌റ്റേഷനുകളിലേക്ക് എത്തുന്നത്. ഡിഎംകെയുടെ ഭരണകാലത്ത് നിര്‍മ്മിച്ച പുതിയ സെക്രട്ടറിയേറ്റ് മന്ദിരം ഇപ്പോള്‍ ആശുപത്രിയായി പരിവര്‍ത്തനം ചെയ്തുവെങ്കിലും വിശാലമായ കെട്ടിടം മഴ ദുരിത ബാധിതര്‍ക്കായി തുറന്നു കൊടുത്തിട്ടില്ല. സര്‍ക്കാര്‍ എന്ന സംവിധാനം തന്നെ ദുരന്തബാധിത പ്രദേശങ്ങളില്‍ ഇല്ലായെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

സൈന്യം ഇറങ്ങി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു ഇവിടം. ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളം കയറിയതോടെ മുന്‍കരുതലെന്ന നിലയ്ക്ക് വൈദ്യുതി ബന്ധം വിഛേദിച്ചതോടെ ജനങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. ഒറ്റപ്പെട്ട കെട്ടിടങ്ങളില്‍ കുടുങ്ങിപ്പോയവരെ ബോട്ടുകളിലും മറ്റും മാറ്റിപ്പാര്‍പ്പിക്കുന്നുണ്ടെങ്കിലും അടുത്ത മൂന്നു ദിവസങ്ങള്‍ കൂടി മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ജനങ്ങളുടെ ഭീതി വര്‍ധിപ്പിക്കുകയാണ്.

ഭക്ഷണമില്ലാതെ ഫ്‌ളാറ്റുകളുടെ മുകള്‍ നിലകളില്‍ അകപ്പെട്ടു പോയ നൂറുകണക്കിന് കുടുംബങ്ങളാണ് രക്ഷാപ്രവര്‍ത്തകരുടെ കനിവു കാത്തു കഴിയുന്നത്. എടിഎമ്മുകള്‍ കാലിയാകുകയും തകരാറിലാവുകയും കടകളില്‍ വെള്ളം കയറുകയും ചെയ്തതോടെ സമ്പന്നനും ദരിദ്രനുമെല്ലാം ഇവിടെ ഭക്ഷണമെന്ന അടിസ്ഥാന ആവശ്യത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു. മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് തീര്‍ന്ന് സ്വിച്ച് ഓഫായതും മൊബൈല്‍ ടവറുകള്‍ പ്രവര്‍ത്തനരഹിതമായതും ആശയവിനിമയത്തെ ബാധിച്ചു. അവശ്യ സാധനങ്ങളുടെ ലഭ്യതയും വിലയും കുതിച്ചു കയറി തുടങ്ങിയിട്ടുണ്ട്. ഇത് മഴ തീര്‍ന്നശേഷമുള്ള ജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കും. ചെന്നൈയുടെ നട്ടെല്ലായ അണ്ണാശാലെയിലെ തേയ്‌നാംപേട്ടില്‍ ഒരു കവര്‍ പാല്‍ 50 രൂപ, ഒരു ലിറ്റര്‍ വെള്ളത്തിന് നൂറു രൂപ, പെട്രോളിന് 150 രൂപ എന്നിങ്ങനെയാണ് വില നിലവാരം.

അശാസ്ത്രീയ നിര്‍മ്മാണങ്ങളും ജലസ്രോതസുകള്‍ മണ്ണിട്ട് നികത്തിയതും പ്രളയം സൃഷ്ടിച്ചു

അശാസ്ത്രീയ നിര്‍മാണങ്ങള്‍ സൃഷ്ടിച്ച ഉത്തരഖണ്ഡ് പ്രളയ ദുരന്തം നമുക്ക് മുന്നിലുള്ള പാഠപുസ്തകമാണ്. പെയ്യുന്ന മഴ വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതാണ് ചെന്നൈ നഗരത്തില്‍ ഉടനീളം വെള്ളക്കെട്ടുണ്ടാകാന്‍ കാരണമെന്ന് ചെന്നൈയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അഭിപ്രായപ്പെടുന്നു. കൂവം, അഡയാര്‍ എന്നീ നദികളും ചെമ്പരമ്പാക്കം, പൂണ്ടി, റെഡ് ഹില്‍സ്, ഷോളയാര്‍ എന്നീ റിസര്‍വോയറുകളുമാണ് ചെന്നൈ നഗരത്തില്‍ പെയ്യുന്ന മഴയെ ശേഖരിക്കാന്‍ ഉള്ളത്. എന്നാല്‍ ഈ റിസര്‍വോയറുകള്‍ എല്ലാം നിറഞ്ഞു കവിഞ്ഞതും നദികളില്‍ വെള്ളം ഒഴുകിപ്പോകാന്‍ കാര്യമായ സൗകര്യങ്ങളില്ലാത്തതുമാണ് നഗര പ്രദേശങ്ങളിലേക്ക് വെള്ളം കയറാന്‍ കാരണം. സംഭരണ ശേഷിയുടെ പരിധി കഴിഞ്ഞതോടെ ചെമ്പരമ്പാക്കം റിസര്‍വോയറില്‍ നിന്നുള്ള വെള്ളം തുറന്നു വിട്ടതാണ് ഇപ്പോള്‍ നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളെയും വെള്ളക്കെട്ടിലാക്കിയത്. പരമാവധി അഞ്ചു സെന്റിമീറ്റര്‍ മഴ പെയ്താല്‍ മാത്രം ഉള്‍ക്കൊള്ളാവുന്ന തരത്തിലാണ് ചെന്നൈയിലെ അഴുക്കു ചാല്‍ സംവിധാനമുള്ളത്. ഇത്തവണ പെയ്തത് 50 സെന്റീമീറ്ററോളം മഴയാണ്. ഈ ജലപ്രവാഹത്തെ വഹിക്കാനുള്ള കഴിവ് നിലവിലെ അഴുക്കു ചാല്‍ സംവിധാനത്തിന് ഉണ്ടായിരുന്നില്ല. ഇതു കാരണം ഡ്രെയിനേജ് സംവിധാനം പൂര്‍ണമായും തകരാറിലാവുകയും വെള്ളം കെട്ടി നില്‍ക്കുകയുമായിരുന്നു. നഗര വികസനത്തിന്റെ ആസൂത്രണമില്ലായ്മയും തടാകങ്ങള്‍ കൈയേറുന്നതിന് അഴിമതി നിറഞ്ഞ സംവിധാനം സൗകര്യം ഒരുക്കി കൊടുത്തതും വ്യക്തമാക്കുന്നതാണ് ചെന്നൈ വെള്ളപ്പൊക്കം. വലിയ ഐടി കമ്പനികളും എഞ്ചിനീയറിംഗ് കോളെജുകളും വന്‍മന്ദിരങ്ങളാണ് ആസൂത്രണമില്ലാതെ ചെന്നൈയില്‍ കെട്ടിപ്പൊക്കിയത്.


2005-ല്‍ ഇതിനുമുമ്പ് ഒരു വലിയ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ ചെന്നൈ ലയോള കോളജിലെ ശാസ്ത്ര സാങ്കേതിക വിഭാഗത്തിലെ ഡോക്ടര്‍ എസ് വിന്‍സെന്റിന്റെ നേതൃത്വത്തില്‍ ഏരിയല്‍ മാപ്പിംഗ് നടത്തുകയും വെള്ളക്കെട്ട് സാധ്യതയുള്ള പ്രദേശങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ സഹിതം 2009 ല്‍ സര്‍ക്കാരിനു സമര്‍പ്പിച്ചെങ്കിലും ഈ റിപ്പോര്‍ട്ടിന്‍മേല്‍ ഇതുവരെ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പത്തു വര്‍ഷത്തിനിടെ മാലിന്യ നിര്‍മാര്‍ജനത്തിനും വെള്ളക്കെട്ട് തടയാനും കോടികളുടെ നിരവധി പദ്ധതികളാണ് നടപ്പാക്കിയതെങ്കിലും ഒന്നും ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ലായെന്നതാണ് ഇപ്പോഴത്തെ ദുരന്തത്തിന് ആത്യന്തിക കാരണം. മാധ്യമ പ്രവര്‍ത്തകന്‍ അഭിപ്രായപ്പെടുന്നു.

ചെന്നൈയിലെ ഇപ്പോഴത്തെ പ്രളയത്തിനു പിന്നില്‍ അനവധി കാരണങ്ങളുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ ഹരീഷ് വാസുദേവന്‍ പറയുന്നു. നഗരത്തില്‍ മാത്രം ഇപ്പോള്‍ പെയ്യുന്ന കനത്ത മഴയ്ക്കു പിന്നില്‍ ആഗോള താപനം പോലുള്ളവ കാരണമാണെന്ന വിലയിരുത്തലുകള്‍ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഇത്തരം കാരണങ്ങള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഇതോടൊപ്പം വികസനം ഏതു രീതിയില്‍ ആയിരിക്കരുത് എന്നതിനുള്ള ഉത്തമ ഉദാഹരണം കൂടിയാണ് ചെന്നൈ നഗരത്തില്‍ ഇപ്പോഴുണ്ടായിട്ടുള്ള പ്രളയവും വെള്ളക്കെട്ടും. മനുഷ്യന്റെ ആവശ്യങ്ങള്‍ കൂടുതലും വിഭവങ്ങള്‍ പരിമിതം ആയിരിക്കുന്ന സാഹചര്യത്തിലാണ് ടൗണ്‍ പ്ലാനിംഗ് പോലുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടത്. എന്നാല്‍ ചെന്നൈയില്‍ ഇതെല്ലാം കാറ്റില്‍പ്പറത്തിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങല്‍ നടത്തിയിരുന്നത് എന്നതാണ് വെള്ളക്കെട്ടും പ്രളയവും ഇത്രയധികം ദുരിതം വിതയ്ക്കാന്‍ കാരണം. ദേശീയ ഹരിത ട്രിബ്യൂണല്‍ പ്രവര്‍ത്തിക്കുന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കെട്ടിടം പോലും സ്ഥിതി ചെയ്യുന്നത് നദിയുടെ കാച്ച്‌മെന്റ് ഏരിയായിലാണ്. പ്രധാന വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള ഭാഗങ്ങളെല്ലാം ചതുപ്പു നിലങ്ങളായിരുന്നു. ഇതെല്ലാം നികത്തപ്പെട്ടതോടെ വെള്ളം ഒഴുകിപ്പോകാന്‍ സ്ഥലമില്ലാതായതിന്റെ ദുരന്തം കൂടിയാണ് ചെന്നൈ നഗരം ഇപ്പോള്‍ അനുഭവിക്കുന്നത്. ഇതോടൊപ്പം ദുരന്ത നിവാരണ സംവിധാനം കൂടി പൂര്‍ണമായി തകര്‍ന്നതോടെയാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിക്കുന്നത്. മഴ വന്നാല്‍ എല്ലാം ഇല്ലാതാകുന്ന വികസനമല്ല വേണ്ടതെന്ന് ഇനിയെങ്കിലും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഹരീഷ് വാസുദേവന്‍ കൂട്ടിച്ചേര്‍ക്കുന്നു.


ചെന്നൈ നഗരത്തില്‍ ഏറ്റവും കൂടുതല്‍ ടൗണ്‍ഷിപ്പ് ആയി മാറിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങളിലൊന്നാണ് വേളാച്ചേരി. ഇവിടത്തെ ഭൂരിഭാഗം നിര്‍മാണ പ്രവര്‍ത്തനങ്ങളും കൈയ്യേറ്റമാണെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു സ്രോതസ് ചൂണ്ടിക്കാട്ടുന്നു. ചതുപ്പു നിലങ്ങളിലും ആറിന്റെ തീരത്തും കെട്ടിപ്പൊക്കിയവയാണ് ഇവിടത്തെ ഭൂരിഭാഗം നിര്‍മാണങ്ങളും. ഇതാണ് മഴപെയ്താലുടന്‍ ഇവിടം വെള്ളത്തിനടിയിലാകാന്‍ കാരണം. 25 വര്‍ഷം മുമ്പ് മഴവെള്ളം സംഭരിക്കാനുള്ള 100 തടാകങ്ങളെങ്കിലും ചെന്നൈ നഗരത്തിലുണ്ടായിരുന്നുവെങ്കില്‍ ഇന്നത് പത്തില്‍ താഴെ ചുരുങ്ങിയിരിക്കുന്നു. ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പടെയുള്ളവരാണ് ചെന്നൈയിലെ പ്രളയത്തിന്റെ ദുരന്തം പേറുന്നത്.

മൂന്നോ നാലോ റിസര്‍വോയറുകളിലും രണ്ടു നദികളിലും വെള്ളം പൊങ്ങുമ്പോള്‍ ഒരു നഗരം അപ്പാടെ വെള്ളത്തിലാകുന്നു എന്നത് തമിഴ്‌നാടിനെ സംബന്ധിച്ച് ഇത് ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ്.  

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍