UPDATES

സിനിമ

നിങ്ങള്‍ക്കെന്തോ അസുഖമാണ്, പോയി ഡോക്ടറെ കാണൂ; വിശാലിനെതിരേ പൊട്ടിത്തെറിച്ച് ചേരന്‍

പ്രൊഡ്യുസേഴ്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളിവുഡില്‍ ഉണ്ടായിരിക്കുന്ന വടംവലികള്‍ക്കിടയില്‍ നടിഗര്‍ സംഘം പ്രസിഡന്റ് കൂടിയായ നടന്‍ വിശാലിനെതിരേ രൂക്ഷ വിമര്‍ശനങ്ങളുമായി സംവിധായകനും നടനുമായ ചേരന്‍. നിര്‍മാതക്കളുടെ സംഘനടയിലേക്കും വിശാലും സംഘവും മത്സരിക്കുന്നുണ്ട്. ഇതില്‍ വിമര്‍ശനമുന്നയിച്ചാണു ചേരന്‍ ഏഴു പേജുള്ള ഒരു തുറന്ന കത്ത് വിശാലിനെതിരേ എഴതിയത്.
വിശാലിന് അസാധാരമായ എന്തോ അസുഖമാണെന്നും വേഗം നല്ലൊരു ഡോക്ടറെ കാണുന്നതാണു നല്ലതെന്നും ചേരന്‍ ഉപദേശിക്കുന്നു. തുടക്കത്തില്‍ നല്ലകാര്യങ്ങള്‍ ചെയ്തിരുന്നയാളാണെങ്കില്‍ ഇപ്പോള്‍ എല്ലാം കൈവിട്ടു പോയിരിക്കുന്നുവെന്നും എന്തൊക്കെയാണു പറയുന്നതെന്നുപോലും അറിയാത്ത അവസ്ഥയാണു വിശാലിന് ഇപ്പോള്‍ ഉള്ളതെന്നും ചേരന്‍ പരിസഹിക്കുന്നു. പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിലേക്ക് മത്സരിക്കുന്ന വിശാല്‍ താന്‍ പ്രസിഡന്റായ നടിഗര്‍ സംഘത്തിനുവേണ്ടി എന്തൊക്കെയാണു ചെയ്യുന്നതെന്നും ചേരന്‍ ചോദിക്കുന്നു. ദീപാവലിക്കും പൊങ്കാലയ്ക്കും ബോണസ് നല്‍കിയെന്നതല്ലാത്തെ മറ്റെന്തെങ്കിലും നല്ലകാര്യം സംഘടനയിലെ അംഗങ്ങള്‍ക്കായി ചെയ്‌തോഎന്നും ചേരന്‍ കുറ്റപ്പെടുതത്തുന്നു.

ഇതുവരെ പറയാനായി ഒരു നല്ല ചിത്രം വിശാലിന്റെതായി ഉണ്ടോയെന്നും ചേരന്‍ ചോദിക്കുന്നു. ഡപ്പാംകൂത്ത് നമ്പരുകളല്ലാതെ പ്രേക്ഷകനു ഗുണകരമായ എന്തെങ്കിലും വിശാല്‍ ചിത്രത്തിലുണ്ടോ എന്നാണു ചോരന്‍ ചോദിക്കുന്നത്. ഇങ്ങനെയുള്ള ഒരാള്‍ക്കു തമിഴ്‌നാട് രാഷ്ട്രീയത്തെ കുറിച്ച് പറയാന്‍ എന്ത് അര്‍ഹതയാണുള്ളതെന്നും ചേരന്‍ വിമര്‍ശിക്കുന്നു.

ജയിച്ചാല്‍ പ്രൊഡ്യുസേഴ്‌സ് കൗണ്‍സിലിനു വേണ്ടി സ്വന്തമായി സ്ഥലം വാങ്ങുമെന്നാണു വിശാല്‍ പറയുന്നത്. ഒന്നരവര്‍ഷം മുമ്പ് നടിഗര്‍ സംഘം തെരഞ്ഞെടുപ്പ് നടന്നപ്പോഴും ഇങ്ങനെ തന്നെയാണു പറഞ്ഞത്. അതിതുവരെ സംഭവിച്ചിട്ടില്ല. ഒരു തെറ്റും ചെയ്തിട്ടില്ലാത്ത മുന്നൂറു അഭിനേതാക്കളെ സംഘടനയില്‍ നിന്നും പുറത്താക്കിയ ആള്‍ കൂടിയാണ് വിശാല്‍. നിങ്ങള്‍ക്കു വേണ്ടി വോട്ട് ചെയ്തവരായിരുന്നു അവര്‍; ചേരന്റെ വിമര്‍ശനങ്ങള്‍ ഇങ്ങനെ പോകുന്നു.
നിങ്ങളെ സിനിമയില്‍ അവതരിപ്പിച്ച നിര്‍മാതാവ് ഇപ്പോള്‍ എവിടെയുണ്ടെന്ന് അറിയാമോ? അദ്ദേഹത്തിന്റെ ബാധ്യത തീര്‍ക്കാന്‍ 45 ലക്ഷം രൂപ നല്‍കാമെന്നു വാക്കു കൊടുത്തു. കോടികള്‍ പ്രതിഫലം വാങ്ങുന്ന നടനാണു നിങ്ങള്‍. പക്ഷേ ഇതുവരെ വാക്കു പാലിച്ചില്ല, ആ ഒരു നിര്‍മാതാവിനെ സംരക്ഷിക്കാന്‍ കഴിയാത്ത നിങ്ങള്‍ എങ്ങനെ ഒരു സംഘടനയിലെ എല്ലാവരെയും സംരക്ഷിക്കും; ചേരന്‍ വിശാലിനോട് ചോദിക്കുന്നു.

കമല്‍ഹാസന് എന്തു പ്രശ്‌നം നേരിട്ടാലും കൂടെ നില്‍ക്കുമെന്നു പറഞ്ഞയാളാണു നിങ്ങള്‍. വിശ്വരൂപവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അതിന്റെ രൂക്ഷതയില്‍ നില്‍ക്കുമ്പോള്‍ പോലും നിങ്ങളെ കണ്ടില്ല. ഭാവിയില്‍ ഇനിയും എന്തെങ്കിലും പ്രശ്‌നത്തില്‍ കമല്‍ സാര്‍ പെട്ടാലും നിങ്ങള്‍ ബുദ്ധിമുട്ടണമെന്നില്ല, അദ്ദേഹത്തിന്റെ ആരാധകര്‍ ഈ ലോകം മുഴുവനുണ്ട്, അവര്‍ അദ്ദേഹത്തിനൊപ്പം നിന്നോളും; ചേരന്‍ പരിഹസിക്കുന്നു.

ഞാന്‍ ഒരു സിനിമ ചെയ്യാന്‍ പോവുകയാണ്. എന്റെ നിലവിലെ സാമ്പത്തികാവസ്ഥയും ചുറ്റിനില്‍ക്കുന്ന പ്രശ്‌നങ്ങളും എല്ലാം അറിഞ്ഞിട്ടും ഒരു നടന്‍ എന്നെ കഥകേള്‍ക്കാന്‍ ക്ഷണിക്കുകയും പടം ചെയ്യാമെന്നു സമ്മതിക്കുകയും ചെയ്തു. ഹൃദയത്തില്‍ നന്മ സൂക്ഷിക്കുന്ന ആ നടന്റെ പേര് വിജയ് സേതുപതി എന്നാണ്. ഞങ്ങളുടെ സിനിമ ഉടന്‍ തന്നെ ആരംഭിക്കും. എനിക്ക് അദ്ദേഹത്തോട് നന്ദി പറയാന്‍ വാക്കുകളില്ല. മറ്റുള്ളവനെ സഹായിക്കാനുള്ള മനുഷ്യത്വം അദ്ദേഹത്തിനുണ്ട്. ഒരുപാട് വിഷമതകളിലൂടെ കടന്നുവന്നൊരാള്‍ തന്നെയാണ് വിജയ് സേതുപതിയും. ഞങ്ങളുടെ സിനിമ ഉടന്‍ തന്നെ പുറത്തു വരും. നിങ്ങള്‍ക്ക് ഞങ്ങളെ കുറിച്ച് ഒരു ചിന്തയും ഉണ്ടാകില്ലെന്നും അറിയാം. പക്ഷേ എന്റെ ആകുലത തമിഴ് ജനതയെ കുറിച്ചാണ്. അവര്‍ക്കു നിങ്ങളുടെ അസംബന്ധങ്ങള്‍ കാണേണ്ടി വരുമല്ലോ എന്നോര്‍ത്ത്; ചേരന്‍ പറഞ്ഞു നിര്‍ത്തുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍