UPDATES

മായ ലീല

കാഴ്ചപ്പാട്

മായ ലീല

ന്യൂസ് അപ്ഡേറ്റ്സ്

സ്ത്രീവിരുദ്ധര്‍ക്ക് ഇവിടെ വ്യവഹരിക്കുക ബുദ്ധിമുട്ടാകും; ബുദ്ധിമുട്ടാക്കും

മായ ലീല

സ്ത്രീത്വത്തെ അവഹേളിക്കല്‍ സ്ത്രീവിരുദ്ധം ആണ്. ആ ഒരു ആശയത്തെ അടിസ്ഥാനപ്പെടുത്തി നിങ്ങള്‍ ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്താവന വായിക്കണം. സ്ത്രീകള്‍ തുണി അഴിച്ചാണ് സീറ്റ് നേടിയത് എന്ന് പറയുമ്പോള്‍ അവിടെ സബ്‌ജെക്റ്റിന്റെ (കര്‍ത്താവിന്റെ) സ്ഥാനത്ത് സ്ത്രീകള്‍ ആണ്. അതായത് ക്രിയ ചെയ്തത് സ്ത്രീകള്‍ ആണെന്ന് സാരം. സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ചൂഷണത്തെ പറ്റി പറയുമ്പോള്‍ അവിടെ ക്രിയ ചെയ്യുന്ന സ്ഥാനത്തല്ല സ്ത്രീ. അങ്ങനെയല്ലാതെ മറ്റെങ്ങനെ വാക്യഘടന വന്നാലും അതിന് മലയാളത്തിന്റെ വ്യാകരണം വച്ച് ഒരൊറ്റ അര്‍ത്ഥമേ ഉള്ളൂ, യൂഡിഎഫിലെ സ്ത്രീകള്‍ ശരീരം ഉപയോഗിച്ചാണ് സീറ്റുകള്‍ നേടുന്നത് എന്ന്. അവിടെ പുരുഷനോ പുരുഷാധിപത്യമോ കുറ്റക്കാരായി വരുന്നില്ല. ഞാന്‍ മറ്റെന്തോ ആണ് ഉദ്ദേശിച്ചത് എന്ന് പ്രസ്തുത പ്രസ്താവന നടത്തിയ ചെറിയാന്‍ ഫിലിപ്പ് പറയുന്നത് ശുദ്ധ കളവാണ്. മലയാളം മാതൃഭാഷ ആയുള്ള ആര്‍ക്കും ബോധപൂര്‍വ്വം നടത്താന്‍ കഴിയാത്ത ഒന്നാണ് ചെറിയാന്‍ ഫിലിപ്പ് വ്യാഖ്യാനം കൊണ്ട് പറയാന്‍ ശ്രമിക്കുന്നത്. മനസ്സിലുള്ള ആശയം ഭാഷയിലൂടെ വെളിയില്‍ വരുമ്പോള്‍ ക്രിയ ചെയ്ത ആളെയാണ് സബ്‌ജെക്റ്റിന്റെ സ്ഥാനത്ത് വരുത്തുക (കര്‍ത്തരി പ്രയോഗങ്ങളില്‍). ചുരുക്കി പറഞ്ഞാല്‍ ഉള്ളിലുള്ള ആശയം സ്ത്രീകളുടെ നേര്‍ക്കുള്ളത് തന്നെയായിരുന്നു. ആ വാക്യം അങ്ങനെ തന്നെയേ പറയാനും പറ്റുമായിരുന്നുള്ളൂ. ഇന്നവര്‍ വസ്ത്രം ഊരി കാര്യങ്ങള്‍ നേടാന്‍ ശ്രമിച്ചു, ഇന്നവര്‍ വസ്ത്രം ഊരി കാര്യങ്ങള്‍ നേടിയിട്ടുണ്ട് എന്നായിരുന്നു പറഞ്ഞത്‌.

എത്ര പുനര്‍വ്യാഖ്യാനങ്ങള്‍ വന്നാലും പ്രസ്താവന സ്ത്രീ വിരുദ്ധം അല്ലാതാകുന്നില്ല.

ഇനി വാക്യം അങ്ങനെ തന്നെ എടുത്താലും, സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി തുണി ഉരിഞ്ഞു കൊടുക്കുന്ന സ്ത്രീകള്‍ ഉണ്ടല്ലോ അപ്പോള്‍ ഇതെങ്ങനെയാണ് സ്ത്രീ വിരുദ്ധം ആകുന്നത് എന്നാണ് പുരുഷാരത്തിന്റെ ഇടയില്‍ നിന്ന് വന്ന മറ്റൊരു ചോദ്യം. ആരോപണം വന്നതിങ്ങനെ, യു ഡി എഫിലെ സ്ത്രീകള്‍ സീറ്റ് വാങ്ങിയത് അവരുടെ ശരീരം ഉപയോഗിച്ചാണ്. അതായത് സ്ത്രീക്ക് സീറ്റ് നേടാന്‍ മറ്റൊരു രീതിയിലും യോഗ്യത ഇല്ലാതിരിക്കുമ്പോള്‍ അവള്‍ തന്റെ ശരീരം ഉപയോഗിച്ച് കാര്യങ്ങള്‍ നേടുന്നു എന്ന്. സ്ത്രീക്ക് അവിടെ ബുദ്ധി, അറിവ്, യോഗ്യത, കഴിവുകള്‍ എന്നിവയൊക്കെ നിഷേധിക്കുകയാണ്. സ്ത്രീയെ വെറും ഒരു ശരീരം മാത്രമാക്കി ചുരുക്കുകയാണ്. അവളത് സ്വയം ചെയ്യുന്നു എന്ന് പറഞ്ഞു വച്ചുകൊണ്ടാണ് അധിക്ഷേപം. ചൂഷണം ആണ് നടന്നതെങ്കില്‍ അതിനെ പാടെ മറച്ചു വച്ചുകൊണ്ട് ചെറിയാന്‍ കുറ്റം സ്ത്രീകളുടെത് ആക്കി മാറ്റി. തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാന്‍ ഒരു സ്ത്രീയ്ക്ക് മുന്നോട്ടു വയ്ക്കാനുള്ള ആകെ യോഗ്യത അവളുടെ ശരീരമാണ് എന്നും, അതുപയോഗിച്ചാല്‍ മറ്റെന്ത് കുറവുണ്ടെങ്കിലും അതിനൊക്കെ നേരെ കണ്ണടക്കയ്ക്കപ്പെടും എന്നുമൊക്കെയുള്ള പൊതുബോധ ധാരണകള്‍ ഊട്ടിയുറപ്പിക്കുന്നു. പൊതുസമക്ഷം വരുന്ന സ്ത്രീകളെ, അതെന്തിനായാലും, കലയോ സിനിമയോ പൊതുപ്രവര്‍ത്തനമോ എന്ത് തന്നെയായാലും കുടുംബം, മാതൃത്വം എന്ന പൊട്ടക്കിണറിന് വെളിയില്‍ അംഗീകാരം നേടുന്ന സ്ത്രീകളെ, അവരുടെ കഴിവുകളെ ഇകഴ്ത്തി കാണിക്കാന്‍ ഉപയോഗിക്കുന്ന ആയുധം ആണ് ഈ ശരീരം ഉപയോഗിക്കുന്നു എന്ന ആരോപണം. ചുരുക്കത്തില്‍ സ്ത്രീയെന്നാല്‍ ഒരു ശരീരം മാത്രമാണെന്ന ധാരണയും സ്ത്രീകളുടെ മറ്റെല്ലാ കഴിവുകളേയും നിഷേധിക്കുകയും ചെയ്യുന്ന സ്ത്രീ വിരുദ്ധ പ്രസ്താവനയാണ് ചെറിയാന്‍ ഫിലിപ്പ് നടത്തിയത്.

ഒരു സ്ത്രീ ചെന്ന് തൊലിപ്പുറം കാണിച്ചു കൊടുത്താല്‍ ഇടിഞ്ഞു വീഴുന്ന അത്രയേ ഉള്ളോ നിങ്ങളുടെ സമൂഹത്തിലെ ജനാധിപത്യത്തിന്റെ ആത്മാര്‍ഥത എന്ന് സ്വയം ചോദിക്കണം. അവിടെ പുരുഷനെ നല്ലപിള്ള ചമയ്ക്കാന്‍ നിന്നിട്ട് കാര്യമില്ല. മേനകമാര്‍ നൃത്തം ആടുമ്പോള്‍ പൊത്തോന്ന് വീഴാന്‍ മാത്രമേ ആണിന് കഴിയൂ എന്ന രീതിയില്‍ മുന്നോട്ടോടുന്ന സമൂഹം സ്ത്രീയെ ചൂഷണം ചെയ്യാന്‍ ന്യായീകരണങ്ങള്‍ കണ്ടെത്തുകയാണ്. ഏതു മേനകയ്ക്ക് പിന്നിലും ഒരു ദേവേന്ദ്രന്‍ ഉണ്ടാവും എന്ന കാര്യം മറക്കരുത്. അപ്പൊ പുരുഷന്‍ പുരുഷനെതിരെ സ്ത്രീ ശരീരത്തെ കരുവാക്കുമ്പോള്‍ അവിടെ സ്ത്രീ വിരുദ്ധതയും ചൂഷണവും ക്രിമിനല്‍ കുറ്റങ്ങളും അല്ലേ നടക്കുന്നത്? ജനാധിപത്യ സംവിധാനത്തില്‍ ഇത്ര വലിയ അക്രമം നടക്കുന്നു എങ്കില്‍ ചെറിയാന്‍ ഫിലിപ്പ് ഇത്രയും കാലം ആരെ സംരക്ഷിക്കാന്‍ ആണ് ഇത് ഒളിപ്പിച്ചു വച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് ചെറിയാന്‍ ഫിലിപ്പിന്റെ പക്കല്‍ നിന്നും തെളിവെടുപ്പ് നടത്തി കര്‍ശനമായ നടപടികള്‍ യൂഡിഎഫിനെതിരെ സ്വീകരിക്കേണ്ടതാണ്. വളരെ കൗതുകകരമായി സംഭവിച്ചത് ഇതൊന്നുമല്ല. പ്രസ്താവന ഇറക്കിയ ചെറിയാന്‍ ഫിലിപ്പ് പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടി പഴി കേള്‍ക്കേണ്ടി വന്നു, ചില നേതാക്കന്മാര്‍ പ്രസ്താവനയെ പാടേ അവഗണിച്ചു കൊണ്ട് ചെറിയാന്‍ മറ്റെന്തോ ആണ് പറഞ്ഞതെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു. പുരുഷാധിപത്യം വാക്കുകളില്‍ കൊണ്ടാടുന്ന ചില അണികള്‍ ചെറിയാനെയും പ്രസ്താവനയെയും ന്യായീകരിച്ച് വീണ്ടും സംഭവം സങ്കീര്‍ണ്ണമാക്കി. സ്ത്രീവിരുദ്ധത ദൈനംദിന ജീവിതത്തില്‍ പല രൂപത്തില്‍ നമ്മുടെ സമൂഹത്തില്‍ നടപ്പിലാവുന്നുണ്ട്. അതിനെ മനസ്സിലാക്കി എതിര്‍ക്കേണ്ട ഭീമമായ ചുമതലയുള്ള ഇടതുപക്ഷത്തെ ചിലരെങ്കിലും അങ്ങനെ ചെയ്യാതെ ഫ്യൂഡല്‍ മുതലാളിത്ത വ്യവസ്ഥകളിലെ പുരുഷന്റെ വേഷം എടുത്തണിഞ്ഞു. ചെറിയാനെ വിമര്‍ശിച്ച സ്ത്രീകളെ അവര്‍ക്ക് സൗകര്യമുള്ള രീതിയിലൊക്കെ എതിര്‍ക്കുകയും ചെയ്തു. അവിടെയും തമാശയെന്താണെന്ന് നോക്കിയാല്‍, വിഎസ് അച്യുതാനന്ദന്‍ എന്ന പുരുഷനും തോമസ് ഐസ്സക്ക് എന്ന പുരുഷനും ചെറിയാന്റെ പ്രസ്താവനയെ എതിര്‍ത്തപ്പോള്‍ ഇതേ അണികള്‍ അവരെ പറഞ്ഞു തിരുത്താന്‍ ശ്രമിക്കുന്നത് കാണാന്‍ കഴിഞ്ഞില്ല. ബൃന്ദ കാരാട്ട് എന്ന അധികാര സ്ഥാനത്തിരിക്കുന്ന സ്ത്രീയെ അവര്‍ പറഞ്ഞു തിരുത്താനും ഉപദേശിച്ച് നന്നാക്കാനും ശ്രമിച്ചില്ല. പകരം സോഷ്യല്‍ മീഡിയയില്‍ ഉള്ള സാധാരണക്കാരായ സ്ത്രീകളുടെ മേല്‍ കുതിരകയറാനും പ്രതിഷേധ നടപടികളെ ഫാഷിസം എന്നൊക്കെ മുദ്രകുത്താനും ഉള്ള പ്രവര്‍ത്തികളാണ് നടന്നത്. 

വിഷയം ഏതായാലും മലയാളി ആണത്തത്തിന് അങ്ങനൊരു സ്വഭാവം കൂടെയുണ്ട്, പ്രതികരിക്കുന്ന സ്ത്രീകളുടെ നേര്‍ക്ക് തിരിയും. പൊതുരംഗത്ത് പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വരുന്ന സ്ത്രീകളെ ആക്ഷേപിക്കാന്‍ ചെറിയാന്‍ ഉപയോഗിച്ച അതേ സ്വഭാവം തന്നെ മറ്റൊരു രീതിയില്‍ ഈയുള്ള ആണുങ്ങളും നടപ്പിലാക്കുന്നു. ഫാഷിസം കൊടികുത്തി വാഴുന്ന കാലത്ത് വ്യക്തിസ്വാതന്ത്ര്യം എന്നാലെന്ത്, കടന്നുകയറ്റം എന്നാല്‍ എന്ത്, സ്ത്രീവിരുദ്ധത, രാഷ്ട്രീയ ശരികേട് ഇവയെന്ത് എന്നറിയാതെ എല്ലാത്തിനേയും കൂട്ടിക്കുഴച്ച് പുരുഷന്മാര്‍ താണ്ഡവമാടുന്നത് സമൂഹത്തിനു ഒരു പ്രയോജനവും ചെയ്യുകയില്ല. ഫാഷിസം ആദ്യം ചെയ്യുന്നത് വ്യക്തിസ്വാതന്ത്ര്യം ഹനിക്കല്‍ ആണ്. അപര വ്യക്തിത്വങ്ങളെ സൃഷ്ടിച്ച് ആദ്യം അവരുടെ സ്വാതന്ത്ര്യങ്ങള്‍ ഹനിക്കും. സ്ത്രീവിരുദ്ധത പറയാനും പ്രവര്‍ത്തിക്കാനും ഉള്ള ചെറിയാന്റെ വ്യക്തിസ്വാതന്ത്ര്യം എല്ലാവരും അംഗീകരിക്കും എന്ന് വാശിപിടിക്കാന്‍ കഴിയില്ല. ഇത്തരം പ്രതിലോമകരമായ ഡയലോഗ് വിട്ടുകൊണ്ട് സമാധാനത്തോടെ സോഷ്യല്‍ മീഡിയയില്‍ കഴിയാം എന്ന് ആര്‍ക്കും വ്യാമോഹിക്കാന്‍ കഴിയില്ല. പ്രതികരിക്കുന്ന സ്ത്രീകളുടെ ശക്തമായ പ്ലാറ്റ്‌ഫോം ആണ് സോഷ്യല്‍ മീഡിയ. അവിടെ ഇതെല്ലാം ചോദ്യം ചെയ്യപ്പെടും, സ്ത്രീകള്‍ പ്രതികരിക്കും. അതിനെ നേരിടാന്‍ തയ്യാറാണെങ്കില്‍ മാത്രമേ ഇതിനൊക്കെ ഇറങ്ങാവൂ. ടിവിയോ പത്രമോ പോലെ നിങ്ങള്‍ക്ക് വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞിട്ട് പാട്ടും പാടി വീട്ടില്‍ പോകാം എന്ന സ്ഥിതിവിശേഷം സോഷ്യല്‍ മീഡിയയില്‍ നടപ്പുള്ള കാര്യമല്ല. ഇവിടെ നിങ്ങളുടെ വാക്കുകള്‍ക്ക് മേല്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണ ഉത്തരവാദിത്തം ഉണ്ടാകണം. യുക്തിയും ഇടതുപക്ഷ രാഷ്ട്രീയവും മുഴുവനായും ഇല്ലാതാക്കി കളയുന്ന തരത്തിലെ സ്ത്രീവിരുദ്ധത കൈമുതലാക്കി വച്ച് കൊണ്ട് ഈ മാധ്യമത്തില്‍ വ്യഹരിക്കുക ബുദ്ധിമുട്ടാകും. ബുദ്ധിമുട്ടാക്കും. 

വാഗ്ദാനങ്ങള്‍ നടത്തി സ്ത്രീയെക്കൊണ്ട് തുണി അഴിപ്പിക്കുന്ന സാഹചര്യം ഉണ്ടാക്കി വച്ചിരിക്കുന്നതും സമൂഹമാണ്, പുരുഷാധിപത്യ സമൂഹം. അവളുടെ ശരീരത്തിന് മാര്‍ക്കറ്റ് വാല്യൂ ഉണ്ടാക്കി വച്ചിരിക്കുന്നത് പുരുഷാധിപത്യം ആണ്. ഏതെങ്കിലും ആണിന് അയാളുടെ തുണി അഴിച്ച് കാര്യങ്ങള്‍ നേടാന്‍ കഴിയില്ല എന്നത് അവന്റെ പരാജയമല്ല, അവന്റെ വിജയമാണ്. അവനതിന്റെ ആവശ്യം വരുന്നില്ല. ആണാണ് എന്ന ഒറ്റ കാരണം കൊണ്ട് ജീവിതത്തില്‍ ഒരു സ്ഥലത്തും അവനു പരാജയങ്ങള്‍ നേരിടേണ്ടി വരുകയില്ല. പക്ഷേ എത്ര കഴിവുകള്‍ ഉള്ള സ്ത്രീയായാലും, അതിനെയൊക്കെ തിരസ്‌കരിച്ച്, അവളുടെ ശരീരത്തിനു മാത്രം മൂല്യം ഉണ്ടാകുന്നത് കാമവെറി പിടിച്ച പുരുഷാധിപത്യ സമൂഹത്തിന്റെ ചെയ്തിയാണ്. സ്വയം സമ്മതത്തോടെ ആണ് സ്ത്രീയത് ചെയ്യുന്നത് എങ്കില്‍ കൂടെയും അവളുടെ സമ്മതം അവിടെ മനുഫാക്ച്ചര്‍ ചെയ്‌തെടുക്കുന്നതാണ്. ലൈംഗികബന്ധത്തിന്റെ സമ്മതത്തിന്റെ മാനദണ്ഡം അത് കഴിഞ്ഞാല്‍ കിട്ടാവുന്ന വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തില്‍ അല്ല. അങ്ങനെ ഒരു ബിസിനസ് ട്രാന്‍സാക്ഷന്‍ പോലെ നടക്കുന്ന ലൈംഗിക ബന്ധങ്ങളില്‍ സ്ത്രീയെ കരുവാക്കുകയാണ് ചെയ്യുന്നത് പുരുഷാധിപത്യ സമൂഹം.

സ്ത്രീവിരുദ്ധനല്ല എന്ന് വാദിക്കുന്ന ചെറിയാന്‍ വീണ്ടും അതുതന്നെയാണ് ചെയ്യുന്നത്. സ്ത്രീകള്‍ക്ക് നേരേ നടക്കുന്ന അതിക്രമങ്ങള്‍ക്ക് എതിരേ ടി എന്‍ സീമ നിരാഹാരം കിടക്കണം എന്നാണ് പുതിയ ആവശ്യം. അതെന്താ ടി എന്‍ സീമയാണോ ഇന്ത്യയിലെ സ്ത്രീത്വത്തിന്റെ മുഴുവന്‍ സംരക്ഷകയും ഉത്തരവാദിയും? സ്ത്രീകള്‍ക്കെതിരെ ഉള്ള അതിക്രമങ്ങള്‍ നില്‍ക്കണം എന്നത് സ്ത്രീകളുടെ മാത്രം ആവശ്യമാണോ? ഒരു സമൂഹത്തിനു കൂട്ടായി പുരോഗമിക്കണം എന്ന ഒരാവശ്യവും ഇവിടില്ലേ? ടിഎന്‍ സീമ ചെറിയാന്റെ ആദ്യത്തെ പ്രസ്താവനയെ എതിര്‍ത്ത ഒരു സ്ത്രീയാണ്. ഞാന്‍ സ്ത്രീവിരുദ്ധന്‍ അല്ല, പക്ഷേ സ്ത്രീ വിരുദ്ധത പറയും, അതിനെ എതിര്‍ക്കുന്ന സ്ത്രീകളെ ഇമ്മാതിരി വെല്ലുവിളിക്കുകയും ചെയ്യും ഇതാണോ പൊതുപ്രവര്‍ത്തനം? ശരിക്ക് പറഞ്ഞാല്‍ ഇതാണ് പുരുഷുവിന്റെ പൊതുപ്രവര്‍ത്തനം. കൂടെയുള്ള സ്ത്രീകളെ ചിലപ്പോള്‍ തങ്ങളെക്കാള്‍ അംഗീകാരം കൂടുതല്‍ കിട്ടുന്ന സ്ത്രീകളെ ഇങ്ങനെയൊക്കെ അധിക്ഷേപിച്ചുകൊണ്ടേയിരിക്കും.

ഇതൊക്കെ വളരെ ആഴത്തില്‍ ചിന്തിക്കുകയും വായിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രം മനസ്സിലാകുന്ന കാര്യങ്ങള്‍ ആയിരിക്കുമോ? അതുകൊണ്ടായിരിക്കുമോ സമൂഹത്തില്‍ പ്രബുദ്ധര്‍ എന്ന് നമ്മള്‍ കരുതുന്നവര്‍ പോലും സ്ത്രീ വിഷയത്തില്‍ ഇത്ര ദയനീയമായി വെറും ലിംഗമായി പരിണമിക്കുന്നത്? മലയാളി സമൂഹത്തില്‍ മഹാഭൂരിക്ഷവും ചിലപ്പോള്‍ സകലരും സ്ത്രീവിരുദ്ധത ദൈനംദിനം രുചിക്കുന്നവരും വിളമ്പുന്നവരും ആണ്. നിങ്ങള്‍ക്ക് ഒരു നിമിഷം ഒന്ന് ചിന്തിക്കാമോ, നിങ്ങളുടെ ജീവിതത്തില്‍ പുരുഷാധിപത്യ പ്രവണതകള്‍ എന്തൊക്കെയാണ് ഉള്ളതെന്ന്. നിങ്ങള്‍ തന്നെ അതിശയിച്ച് പോയേക്കും. 

ഇനി ഇതിലും പരിതാപകരമാണ് ചെറിയാനെ എതിര്‍ത്ത ചില പുരുഷന്മാരുടെ അവസ്ഥ. ചെറിയാന്റെ കുടുംബത്തിലെ സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ടാണ് അവര്‍ ചെറിയാന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ നേരിട്ടത്. ഫലത്തില്‍ ചെയ്യുന്നതെല്ലാം സ്ത്രീവിരുദ്ധമാണ് എന്ന് തലയില്‍ കൈവെച്ച് പറയേണ്ട അവസ്ഥയാണ് മലയാളി പുരുഷാരം തരുന്നത്. ഭാഷയിലും ജീവിതത്തിലും രാഷ്ട്രീയ ശരികള്‍ കൊണ്ടുവന്നേ പറ്റൂ, അതിന് ആദ്യം ചിന്തകളില്‍ അതുണ്ടാവണം. പറ്റില്ല എന്ന് നിങ്ങള്‍ക്ക് വാശിപിടിക്കാം, പക്ഷേ നിങ്ങളെ ഓരോ ചുവടിലും കാത്തിരിക്കുന്നത് കടുത്ത വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ആയിരിക്കും. അപ്പോള്‍ വലിയവായില്‍ കരഞ്ഞിട്ട് കാര്യമില്ല. സ്ത്രീകളെ ചൂഷണം ചെയ്ത് ഇത്ര വലിയോരനീതി യു ഡി എഫ് പാളയത്തില്‍ നടക്കുന്നുണ്ടെങ്കില്‍ ആരും ഇതിനെതിരേ ഒന്നും ചെയ്യാത്തത് എന്തെന്ന് നിങ്ങളെ അത്ഭുതപ്പെടുത്തുന്നില്ലേ. ഞാന്‍ സ്ത്രീവിരുദ്ധനല്ല എന്ന് ആവര്‍ത്തിച്ച് പറയുന്ന ചെറിയാന്‍ ചെയ്തത് അനീതിയ്ക്ക് നേരെ കണ്ണടക്കുകയാണ്, അത് തന്നെ സ്ത്രീവിരുദ്ധമാണ്, ജനാധിപത്യ വിരുദ്ധമാണ്. അനീതി എവിടെ കണ്ടാലും പ്രതികരിക്കാന്‍ ഉള്ള ആര്‍ജ്ജവം ഉണ്ടാകണം. അവിടെ രാഷ്ട്രീയ കുതിരക്കച്ചവടങ്ങള്‍ ലാക്കാക്കി നിശബ്ദത പാലിച്ച് കൊണ്ട് നിങ്ങള്‍ സ്ത്രീവിരുദ്ധത തന്നെയാണ് നടപ്പിലാക്കിയത്. ഇതൊക്കെ അവിടെ നടക്കുന്നതാണ് എന്ന് മൂന്നു നേതാക്കന്മാര്‍ ആണ് പറഞ്ഞത്. ഇവര്‍ക്കൊക്കെ ഇതറിയാം എങ്കില്‍ എന്തുകൊണ്ട് ഇവരൊന്നും ഇതിനെതിരേ നിയമനടപടികള്‍ എടുക്കുന്നില്ല? എന്തുകൊണ്ട് ഈ മൗനം? ആരെ സംരക്ഷിക്കാന്‍??

എന്തുകൊണ്ട്? എന്തുകൊണ്ട്?? എന്തുകൊണ്ട്???

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മായ ലീല

മായ ലീല

പാവപ്പെട്ടവരെ എല്ലാക്കാലത്തും ചൂഷണം ചെയ്യുന്നതും അസമത്വം വളര്‍ത്തുന്നതും സ്ത്രീകളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നതും അവരെ സമൂഹത്തിന്റെ പാര്‍ശ്വധാരയിലേക്ക് തള്ളി മാറ്റുന്നതുമായ വ്യവസ്ഥിതിയോട് ഒരു തരത്തിലുള്ള സന്ധിയും പാടില്ല. അതാണ് എന്റെ രാഷ്ട്രീയവും എന്റെ ഐഡന്റിറ്റിയും. അത്തരം വ്യവസ്ഥിതിയോടുള്ള കലഹങ്ങളും പോരാട്ടങ്ങളുമാണ് Perpendicular to the system. അത് സമൂഹത്തിന്റെ മുഖ്യധാരയോട് ചേര്‍ന്നു നില്‍ക്കുന്നതായിക്കൊള്ളണമെന്നുമില്ല. അധ്യാപികയും ഗവേഷകയുമാണ് മായ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍