UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉറച്ച സീറ്റിന് തനിക്ക് അവകാശമുണ്ടായിരുന്നു: ചെറിയാന്‍ ഫിലിപ്പ്

അഴിമുഖം പ്രതിനിധി

50 വര്‍ഷത്തെ രാഷ്ട്രീയ ജീവതത്തില്‍ രാഷ്ട്രീയ അംഗീകാരം കിട്ടാതെ പോയ പരാജയപ്പെട്ട മനുഷ്യനായിട്ടാകും സമൂഹം തന്നെ വിലയിരുത്തുകയെന്ന് അഞ്ചാം തവണയും തോല്‍ക്കാന്‍ മനസ്സില്ലാത്തതിനാല്‍ ഒരിക്കലെങ്കിലും നിയമസഭാഗം ആകാനുള്ള മോഹം ഉപേക്ഷിക്കുകയാണ് എന്ന് ഫേസ് ബുക്കില്‍ കുറിച്ച ഇടതു സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് തുറന്നു പറയുന്നു. എന്നാല്‍ തന്റെ വ്യക്തി ജീവിതം സമ്പൂര്‍ണ വിജയമാണെന്ന് ചെറിയാന്‍ സ്വയം വിലയിരുത്തുന്നു.

15 വര്‍ഷം സിപിഐഎമ്മിനുവേണ്ടി സജീവ പ്രവര്‍ത്തനം നടത്തിയ തനിക്ക് ജയിക്കുന്ന ഒരു ഉറച്ച സീറ്റ് ലഭിക്കാന്‍ അര്‍ഹതയോ അവകാശമോ ഉണ്ടായിരുന്നു. അത് ലഭിക്കുന്നില്ലെന്ന് തോന്നിയപ്പോള്‍ മത്സരത്തിനില്ലെന്ന് തീരുമാനിച്ചു. എല്ലാ തെരഞ്ഞെടുപ്പിലും തോല്‍ക്കുന്നു എന്ന പേരുദോഷം മാറ്റാന്‍ ആഗ്രഹിക്കുന്നത് സ്വാഭാവികം മാത്രമാണെന്നും അദ്ദേഹം പറയുന്നു.

ഇന്ദിര ഗാന്ധിയെ എതിര്‍ത്ത ആന്റണിയല്ല ഇന്നത്തെ ആന്റണിയെന്നും അദ്ദേഹം പറയുന്നു. കാലം മാറിയതിന് അനുസരിച്ചുള്ള നിലനില്‍പ്പിന്റെ പ്രായോഗികത ആന്റണി ഉള്‍ക്കൊണ്ടുവെന്നും അതിനാലാണ് അദ്ദേഹം കോണ്‍ഗ്രസില്‍ രണ്ടാമനായി ഇരിക്കുന്നതെന്നും ചെറിയാന്‍ പറയുന്നു. ആദര്‍ശാത്മകതയെ പ്രായോഗികമാക്കിയ ആന്റണി നടത്തിയ വിട്ടു വീഴ്ചകളാണ് അദ്ദേഹത്തെ രാഷ്ട്രീയ ഔന്നത്യത്തിലേക്ക് എത്തിച്ചതെന്നും ചെറിയാന്‍ കരുതുന്നു.

മാധ്യമം ആഴ്ചപതിപ്പിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറയുന്നത്.

ആര്‍ക്കെങ്കിലും മുന്നില്‍ തല കുനിച്ചോ യാചിച്ചോ അതുമല്ലെങ്കില്‍ കുതികാല്‍ വെട്ടിയോ നേടുന്ന സ്ഥാനമാനങ്ങള്‍ക്കൊന്നും ഒരു വിലയുമില്ലെന്ന് അദ്ദേഹം അഭിമുഖത്തില്‍ ഒരിടത്ത് പറയുന്നുണ്ട്. തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് ഒരു കോണ്‍ഗ്രസുകാരനും നല്ല ഖദര്‍ ഇടുന്നില്ലന്നും എല്ലാം കള്ള ഖദര്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍