UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കരുണാകരനെ അട്ടിമറിച്ചതിന് മാപ്പ്: ചെറിയാന്‍ ഫിലിപ്പ്

അഴിമുഖം പ്രതിനിധി

കെ കരുണാകരനെ 1995-ല്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കുന്നതിനുള്ള ഗ്രൂപ്പ് പ്രവര്‍ത്തനത്തില്‍ പങ്കാളിയായതിന് ചെറിയാന്‍ ഫിലിപ്പ് മാപ്പ് ചോദിച്ചു. കരുണാകരന്റെ അഞ്ചാം ചരമ വാര്‍ഷിക ദിനത്തില്‍ ചെറിയാന്‍ ഫേസ്ബുക്കിലാണ് മാപ്പപേക്ഷ പോസ്റ്റ് ചെയ്തത്.

ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ് ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം

ഇന്ന് ലീഡര്‍ കെ കരുണാകരന്റെ അഞ്ചാം ചരമ വാര്‍ഷിക ദിനമാണ്. 1995-ല്‍ കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അട്ടിമറിച്ച ഹീനവൃത്തിയില്‍ ഭാഗികമായി പങ്കാളിയാകേണ്ടി വന്നതില്‍ പരസ്യമായി മാപ്പ് അപേക്ഷിക്കുന്നു. ഇരുപതു വര്‍ഷം കഴിഞ്ഞിട്ടും ഈ അപരാധത്തില്‍ കുറ്റബോധം എന്നെ വേട്ടയാടുന്നത് കൊണ്ടാണ് അദ്ദേഹത്തിന്റെ അഞ്ചാം ചരമ വാര്‍ഷിക ദിനത്തില്‍ ക്ഷമാപണത്തിന് മുതിരുന്നത് . 1994-95 കാലഘട്ടത്തില്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി കോണ്‍ഗ്രസിലെ ‘എ’ വിഭാഗം കരുണാകരനെ ചാരനായും രാജ്യദ്രോഹിയായും ചിത്രീകരിച്ചാണ് ജനമദ്ധ്യത്തില്‍ താറടിച്ചത്. മുഖ്യമന്ത്രി കരുണാകരനെതിരെ കോണ്‍ഗ്രസ് ഹൈക്കമാണ്ടിനു കുറ്റപത്രം സമര്‍പ്പിക്കുകയും, രാജി വെക്കണമെന്നു ആവശ്യപ്പെട്ടു കൊണ്ട് നാടുനീളെ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തവര്‍ക്ക് ഇപ്പോഴെങ്കിലും മനസ്താപം ഉണ്ടാകേണ്ടതാണ്. കരുണാകരപക്ഷത്ത് ഉണ്ടായിരുന്ന ഏഴു എം എല്‍ എ മാരെ അടര്‍ത്തിയെടുത്ത് നിയമസഭകക്ഷിയില്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുത്തിയതിന്റെ പിന്നിലെ കുതിരക്കച്ചവടം അധാര്‍മികവും നീചവും ആയിരുന്നു. ഞാന്‍ ചെയ്ത കാര്യങ്ങള്‍ 1998 ല്‍ ലീഡറോട് തുറന്നു പറയുകയും, പ്രായശ്ചിത്തമെന്നോണം ലോകസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് അദ്ദേഹത്തെ ജയിപ്പിക്കാന്‍ കഠിനയത്‌നം നടത്തുകയും ചെയ്തിരുന്നു. പിന്നീട് മരണം വരെ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ സ്ഥാനം നേടി . കെ കരുണാകരനെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്കു മുമ്പില്‍ ദുഖഭാരത്തോടെ തല കുനിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍