UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

മാനദണ്ഡങ്ങള്‍ പാലിച്ചില്ല; സംസ്ഥാനത്തെ രണ്ടു സര്‍ക്കാര്‍ ആശുപത്രികളുടെ ദേശീയ അംഗീകാരം നഷ്ടമായി

എന്‍.എ.ബി.എച്ചിന്റെ അംഗീകാരം ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ താലൂക്ക് ആശുപത്രിയായ ചേര്‍ത്തല താലൂക്ക് ആശുപത്രിയും ഇതില്‍ ഉള്‍പ്പെടുന്നു

സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് കനത്ത തിരിച്ചടി. കേരളത്തിലെ രണ്ടു സര്‍ക്കാര്‍ ആശുപത്രികള്‍ക്കു ദേശീയ അംഗീകാരം പുതുക്കി നല്‍കിയില്ല. തിരുവനന്തപുരം തൈക്കാട് ഡബ്‌ള്യു ആന്റ് സി യുടെയും ചേര്‍ത്തല താലൂക്ക് ആശുപത്രിയുടെയും ദേശീയ അംഗീകാരമാണ് ഇല്ലാതായത്. നാഷണല്‍ അക്രഡിറേറഷന്‍ ബോര്‍ഡ് ഓഫ് ഹോസ്പിററല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് (എന്‍.എ.ബി.എച്ച്) രണ്ട് ആശുപത്രികളുടേയും ദേശീയ അംഗീകാരം പുതുക്കി നല്‍കാതിരുന്നതോടെയാണ് ഇത് സംഭവിച്ചത്. ഇനി എന്‍.എ.ബി.എച്ച് അംഗീകാരം നല്‍കുന്നതിനായി മുന്നോട്ട് വയ്ക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന മുറയ്ക്ക് മാത്രമേ അംഗീകാരം പുതുക്കി നല്‍കുകയുള്ളൂ.

എന്‍.എ.ബി.എച്ചിന്റെ അംഗീകാരം ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ താലൂക്ക് ആശുപത്രിയായിരുന്നു ചേര്‍ത്തല താലൂക്ക് ആശുപത്രി.

2012 ലാണ് തിരുവനന്തപുരം തൈക്കാട് ഡബ്യൂആന്റ് സി ക്കും ചേര്‍ത്തല ജില്ലാ ആശുപത്രിക്കും എന്‍.എ.ബി.എച്ച് അംഗീകാരം ലഭിച്ചത്. ഇവയ്ക്കുപുറമെ എറണാകുളം ജില്ലാ ആശുപത്രിക്കും മലപ്പുറം ഐക്കണ്‍ ആശുപത്രിക്കും മാത്രമാണ് സര്‍ക്കാര്‍ തലത്തില്‍ എന്‍.എ.ബി.എച്ച് അംഗീകാരം ലഭിച്ചിട്ടുള്ളത്. 2015 ല്‍ അക്രഡിറേറഷന്‍ കാലാവധി പൂര്‍ത്തിയായി. അംഗീകാരം പുതുക്കി കിട്ടാന്‍ ഇരു ആശുപത്രകളില്‍നിന്നും അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതിനായി നടത്തിയ പരിശോധനയില്‍ ബോര്‍ഡ് തൃപ്തികരമായ റിപ്പോര്‍ട്ടല്ല സമര്‍പ്പിച്ചത്. ഇതേതുടര്‍ന്ന് ഇരു ആശുപത്രികളുടെയും അംഗീകാരം തല്‍ക്കാലം പുതുക്കി നല്‍കില്ലെന്ന തീരുമാനത്തില്‍ എന്‍.എ.ബി.എച്ച്. എത്തുകയായിരുന്നു.

ദേശീയ അംഗീകാരമുണ്ടായിരുന്ന മൂന്നു വര്‍ഷങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് രണ്ട് ആശുപത്രികള്‍ക്കും ലഭിച്ചിരുന്നു. ഈ കാലയളവില്‍ ഉയര്‍ന്ന നിലവാരം തന്നെ ആശുപത്രികള്‍ക്ക് കാഴ്ചവയ്ക്കാനായി. ആലപ്പുഴ,കോട്ടയം മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ പോലും വെല്ലുന്ന തരത്തിലായിരുന്നു 2015 വരെ ചേര്‍ത്തല താലൂക്ക് ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്. ജില്ലയ്ക്കകത്തും പുറത്തു നിന്നുമുള്ള രോഗികള്‍ താലൂക്ക് ആശുപത്രിയെ ഇക്കാലയളവില്‍ ചികിത്സയ്ക്കാശ്രയിച്ചിരുന്നതായി ആശുപത്രി രേഖകളില്‍ നിന്ന് വ്യക്തമാണ്. 250 കിടക്കകളുണ്ടായിരുന്ന ആശുപത്രിയ്ക്ക് അന്ന് കേന്ദ്രമന്തിയായിരുന്ന എ.കെ.ആന്റണി 100 പുതിയ കിടക്കകളും അനുവദിച്ചിരുന്നു. ആകെ 350 കിടക്കകളുണ്ടായിട്ടും താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവരെ കിടത്താന്‍ അത് തികഞ്ഞിരുന്നില്ല. എന്നാല്‍ 2015ന് ശേഷം കിടക്കകളില്‍ ഭൂരിഭാഗവും ഒഴിഞ്ഞ് കിടക്കുകയാണ്. ദേശീയ അംഗീകാരം ലഭിക്കുന്നതിന് മാനദണ്ഡമായി ചേര്‍ത്തിരുന്ന ട്രോമാ കെയര്‍, ഡയാലിസിസ് യൂണിറ്റുകള്‍ തീര്‍ത്തും പ്രവര്‍ത്തന രഹിതമായി.

ദേശീയ അംഗീകാരം ലഭിച്ചതിന് ശേഷം കേന്ദ്ര ഫണ്ട് ലഭിക്കുന്നതിനാല്‍ എന്‍.ആര്‍.എച്ച്.എം. വഴി അറുപതിലധികം പേരെ ആശുപത്രിയില്‍ നിയമിച്ചിരുന്നു. എന്നാല്‍ കേന്ദ്രഫണ്ട് ലഭിക്കാതായതോടെ ക്ലീനിങ് തൊഴിലാളികള്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെയുള്ള അറുപതിലധികം പേരെ എന്‍.ആര്‍.എച്ച്.എം. ആശുപത്രിയില്‍ നിന്ന് പിന്‍വലിച്ചു. ഇത് ആശുപത്രി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. ജീവനക്കാരുടേയും ഡോക്ടര്‍മാരുടേയും എണ്ണത്തിലെ കുറവ് ചികിത്സയ്ക്കായെത്തുന്ന രോഗികളുടെ എണ്ണത്തിലും കാര്യമായ കുറവ് വരുത്തി. ഇതിനിടെയാണ് എന്‍.എ.ബി.എച്ച്. ആശുപത്രിയില്‍ പരിശോധനയ്ക്കായെത്തുന്നത്. ജീവനക്കാരുടെ കുറവും, ചികിത്സാസഹായ ഉപകരണങ്ങളുടെ പ്രവര്‍ത്തനമില്ലായ്മയും റിപ്പോര്‍ട്ട് ചെയ്ത എന്‍.എ.ബി.എച്ച്. സംഘാംങ്ങള്‍ ആശുപത്രിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് അന്ന് പറഞ്ഞിരുന്നു.

പാവങ്ങളുടെ മെഡിക്കല്‍ കോളേജ് എന്നാണ് ചേര്‍ത്തല താലൂക്ക് ആശുപത്രിയെ അക്കാലത്ത് വിശേഷിപ്പിച്ചിരുന്നത്. കേന്ദ്ര ഫണ്ട് നിലച്ചെങ്കിലും എന്‍.ആര്‍.എച്ച്.എം. ജീവനക്കാരെ നിലനിര്‍ത്താന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നോ ജനപ്രതിനിധികളില്‍ നിന്നോ സഹായം അഭ്യര്‍ഥിക്കേണ്ടതായിരുന്നു. എന്നാല്‍ ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് ഇത്തരത്തിലൊരു നീക്കമുണ്ടാവാത്തതാണ് അംഗീകാരം നഷ്ടമാവാന്‍ കാരണമായിരിക്കുന്നത്.’ സാമൂഹ്യ പ്രവര്‍ത്തകനായ സബീഷ് പറയുന്നു.

ഒരേ സമയം അഞ്ച് ഗൈനക്കോളജിസ്റ്റുകള്‍ ഉള്ള ആശുപത്രിയായിരുന്നു ചേര്‍ത്തല താലൂക്ക് ആശുപത്രി. ഒരു ദിവസം ഇരുപതിലധികം പ്രസവങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. എന്നാല്‍ ഡോക്ടര്‍മാരുടെ കുറവ് വന്നതോടെ ഇതില്‍ മാറ്റം വന്നു. തൈക്കാട് ഡബ്‌ള്യു ആന്‍ഡ് സി ആശുപത്രിയുടേയും അവസ്ഥ ഇത് തന്നെയായിരുന്നു. ദേശീയ അംഗീകാരം നഷ്ടമായതോടെ ആശുപത്രിയുടെ പ്രനവര്‍ത്തനങ്ങളും താളംതെറ്റി. തൈക്കാട് ആശുപത്രിയെ ആശ്രയിച്ചിരുന്നവര്‍ പലരും തിരുവനന്തപുരം മെഡിക്കല്‍ കോളേജിനേയോ സ്വകാര്യ ആശുപത്രികളേയോ ആശ്രയിക്കുകയാണ് ഇപ്പോള്‍. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ഇപ്പോള്‍ എത്തുന്ന രോഗികളെ ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യുകയാണ് പതിവ്. ജീവനക്കാരുടെ കുറവു മൂലമാണിതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

എറണാകുളം ജില്ല ആശുപത്രി തനതു ഫണ്ട് ഉപയോഗിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് അംഗീകാരം നിലര്‍ത്താനായതെന്നും ചേര്‍ത്തല ജില്ലാ ആശുപത്രിക്ക് അത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ വരുമാനമില്ലന്നും എന്‍.ആര്‍.എച്ച്.എം അധികൃതര്‍ പറയുന്നു. എന്തുതന്നെയായാലും ഏറെ നാളത്തെ പ്രയത്‌നത്തിന്റെ ഫലമായി ലഭിച്ച അംഗീകാരം നഷ്ടപ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും പരാജയമായാണ് വിലയിരുത്തപ്പെടുന്നത്.

(മാധ്യമപ്രവര്‍ത്തകയാണ് ധന്യ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍