UPDATES

യാത്ര

ചെറുവയല്‍ രാമന്‍ എന്ന ജീന്‍ ബാങ്കര്‍ അഥവാ അന്തകവിത്തുകളുടെ അന്തകന്‍

Avatar

ചെറുവയല്‍ രാമനുമായി സംസാരിച്ചു നടക്കുമ്പോള്‍ യാത്രികന് സിയാറ്റില്‍ മൂപ്പന്റെ ഐതിഹാസികമായ പ്രഭാഷണം ഓര്‍മ്മവന്നു. 160 വര്‍ഷം മുമ്പ് മൂപ്പന്‍ നടത്തിയ പ്രഭാഷണം തങ്ങളുടെ അവശേഷിക്കുന്ന ഭൂമി വാങ്ങാമെന്ന സര്‍ക്കാരിന്റെ വാഗ്ദാനത്തിനുള്ള മറുപടിയായിരുന്നു. കവിത തുളുമ്പുന്ന ആ പ്രഭാഷണത്തില്‍ അസാധാരണവും തീവ്രവുമായ ഒരു പ്രപഞ്ചദര്‍ശനം ഉള്‍ച്ചേര്‍ന്നിരുന്നു. ആ പ്രഭാഷണം ഇങ്ങനെ അവസാനിച്ചു. ”എന്റെ ജനതയോട് കാരുണ്യം കാട്ടണമേ… മരിച്ചവര്‍ ശക്തിയില്ലാത്തവരല്ല… മരണം എന്നു ഞാന്‍ പറഞ്ഞുവോ… മരണം എന്നൊന്നില്ല… ലോകങ്ങളുടെ മാറ്റമേയുള്ളു.” 

തലക്കര ചെറിയ രാമന്‍ എന്ന ചെറുവയല്‍ രാമന്‍ പഴശ്ശിരാജാവിന്റെ വീരപോരാളിയായ തലയ്ക്കല്‍ ചന്തുവിന്റെ വംശമഹിമ പേറുന്ന പോരാളിയാണ്. ഈ ഭൂമിയുടെ നിലനില്‍പ്പിനായാണ് രാമന്റെ യുദ്ധം. അന്തകവിത്തുകളുടെ അന്തകന്‍. കഷ്ടിച്ച് മുട്ടോളമെത്തുന്ന മുഷിഞ്ഞ തോര്‍ത്തുമുണ്ടും കുടുക്കുപൊട്ടിയ കുപ്പായവുമിട്ടു നടക്കുന്ന ചെറിയ രാമന്‍ സൃഷ്ടിച്ച രാമന്‍ ഇഫക്ടിനെക്കുറിച്ച് നമുക്കെത്രമാത്രം അറിയാം. ലോകം രാമനെ ശ്രദ്ധിച്ചിട്ടുണ്ട്. പാശ്ചാത്യരാജ്യങ്ങള്‍ ജീന്‍ബാങ്കര്‍ എന്ന് വിശേഷിപ്പിക്കുന്ന ഒരു കാവലാളാണ് രാമന്‍. വിദേശത്തുനിന്നുള്ള ജീന്‍ ബാങ്കുകള്‍ പോലും രാമനെ തേടിവരുന്നു. ഈയിടെ വയനാട് നടന്ന ഇരുപത്തിയാറാമത് ശാസ്ത്ര കോണ്‍ഗ്രസിന്റെ  പ്രൗഡഗംഭീരമായ വേദിയില്‍ കാലില്‍ ചെരിപ്പുപോലുമില്ലാതെ രാമനെന്ന കര്‍ഷകന്‍ കയറിവന്നു. എഴുതി തയ്യാറാക്കിയ പ്രബന്ധമായിരുന്നില്ല… സ്വന്തം ജീവിതപുസ്തകമായിരുന്നു രാമന്‍ വായിച്ചത്. വയനാട് മാനന്തവാടിയിലെ കമ്മനയില്‍ നെല്‍പ്പാടത്തോട് ചേര്‍ന്നുള്ള പുല്ലുമേഞ്ഞ മണ്‍വീടിന്റെ മുറ്റത്തിരുന്ന് രാമന്‍ യാത്രയ്ക്ക് മുന്നില്‍ തന്റെ ജീവിത പുസ്തകം തുറന്നു.    

രാമന്‍: രണ്ടാം വയസില്‍ ഞാന്‍ അമ്മാവന്റെ അടുത്തെത്തി. അച്ഛനോടുള്ള വിരോധം കൊണ്ട് അച്ഛന്റെ കുടുംബക്കാര്‍ അമ്മയെ ഇവിടെ കൊണ്ടു വിടുകയായിരുന്നു. ഞങ്ങള്‍ ഏഴ് മക്കളുണ്ട്. ആ സമയം വലിയ ദാരിദ്ര്യമാ… ഞങ്ങള്‍ക്കൊരു ദിവസം തന്നെ കാര്യമായിട്ട് കിട്ടീലാന്ന് വരും. കിട്ടുന്നത് തന്നെ വല്ല ചേമ്പോ കാട്ടിലെ എന്തെങ്കിലും വസ്തുക്കളൊക്കെയോ ആയിരിക്കും. വളരെ വിഷമത്തിലാ ഞങ്ങള്‍ വളര്‍ന്നത്. വിഷമമെന്ന് പറഞ്ഞാല്‍ വലിയ വിഷമം. ഉടുക്കാനുണ്ടാവില്ല… അഞ്ചാറുപേരുണ്ടല്ലോ… അമ്മാവന്റെയടുത്ത് കൊണ്ടുവിട്ടിട്ട് പോയതല്ലേ… അമ്മാവന് മക്കളും കുടുംബവും വേറെയുണ്ട്. അവരെയും നോക്കണ്ടേ. എനിക്ക് തോന്നുന്നത് അത്രയും ഒരു ദാരിദ്ര്യത്തില്‍ കൂടി തിന്നാണ്ട്.. കുടിക്കാണ്ട്… വസ്ത്രമില്ലാതെ വളര്‍ന്നതുകൊണ്ടാണ്, ഈശ്വരനിപ്പോള്‍ എനിക്ക് നിങ്ങളെപ്പോലുള്ള ആള്‍ക്കാര് എന്റെ മുന്നിലെത്താനുള്ള ഒരു വഴിയൊരുക്കിവച്ചതെന്നാണ് എന്റെ വിശ്വാസം.   

ജീവിതപ്രയാസങ്ങള്‍ മൂലം കാര്‍ഷികജീവിതത്തില്‍ നിന്ന് രാമന്‍ തെന്നിപ്പോകാനിരുന്നതാണ്. പക്ഷേ വിധിയുടെ മുഹൂര്‍ത്തത്തില്‍ രാമന്‍ കൃഷിക്കളം വിട്ടെങ്ങും പോയില്ല. നാമിന്നറിയുന്ന രാമന്‍ ജനിക്കുന്നത് ആ മുഹൂര്‍ത്തത്തിലാണ്.   

രാമന്‍: 68ലാണെന്ന് തോന്നുന്നു, ഞങ്ങള്‍ കണ്ണൂര് പോയി എംപ്ലായ്മെന്‍റില്‍ പേര് രജിസ്റ്റര്‍ ചെയ്തു. അന്ന് 16-17 വയസ്സിന്റടുത്തേ ആകുന്നുള്ളു. 69 ല്‍ എനിക്ക് ഒരു ജോലിയും കിട്ടി. എംപ്ലോയ്‌മെന്റ് മുഖേന. കണ്ണൂര് ഡി.എം.ഒ. ഓഫീസില്‍ വാര്‍ഡനായിട്ടാണ്. 150 രൂപയാണെന്ന് തോന്നുന്നു ശമ്പളം. മെമ്മോ വന്നു. ഇതു ഞാന്‍ അമ്മാവനോട് പറഞ്ഞു. എന്താ ചെയ്യേണ്ടെന്ന് ചോദിച്ചു. അമ്മാവന്‍ മിണ്ടൂല. രണ്ടു തവണ ചോദിച്ചു. മൂന്നാമത്തെ തവണയാണ് അമ്മാവന്‍ പറയുന്നത്. എടാ പത്ത് നാല്‍പ്പത് ഏക്കര്‍ ഭൂമിയുണ്ടിവിടെ… 22 ഏക്കര്‍ വയലുണ്ട്. 18 ഏക്കര്‍ കരഭൂമിയുണ്ട്…. ഇത് പിന്നെ ആരാ സംരക്ഷിക്കുക? അത്യാവശ്യം എഴുത്തും വായനയും നീ പഠിച്ചിട്ടുമുണ്ട്. ഇതൊക്കെ ചെയ്യാന്‍ അങ്ങനെ പഠിച്ചിട്ടുള്ള ഒരാളുമില്ല ഇവിടെ. നീയല്ലാതെ വേറാരുമില്ല ഒരു പയ്യനായിട്ട്… നീ പോയിക്കഴിഞ്ഞാല്‍ ഇതാരാ നോക്കുക… ഒരു കാര്യം ചെയ്യ്… വേണ്ടെങ്കില്‍ കളഞ്ഞിട്ട് പൊയ്‌ക്കോ…  അവസാനത്തെ ഒരു മാന്‍ഡേറ്റ് പോലാണ് എനിക്കത് കിട്ടിയത്. വേണ്ടെങ്കില്‍ കളഞ്ഞേക്കെന്ന്. അത് കേട്ടപ്പോള്‍ എന്റെ മനസ്സങ്ങ് മടുത്തു. പിന്നെ എനിക്ക് വിഷമവും തോന്നി. വേണ്ടെങ്കില്‍ കളഞ്ഞേക്കെന്ന് പറയുമ്പോള്‍ അമ്മാവന്‍ അത്രയ്ക്ക് വിഷമിച്ചിട്ടായിരിക്കുമല്ലോ പറയുക. അതുകൊണ്ട് ഞാന്‍ ജോലിക്ക് പോകാണ്ടിരുന്നു. പിന്നെ ഞാന്‍ കൃഷിയിലേക്ക് വന്നു. കൃഷി ചെയ്തുകൊണ്ട് തന്നെ അത്യാവശ്യം തുന്നല്‍പ്പണി പഠിക്കാന്‍ പോയി. ഡ്രൈവിംഗ് പഠിക്കാന്‍ പോയി. അങ്ങനെ ഓരോ തൊഴിലുകളും പഠിക്കാന്‍ പോയി. മാത്രമല്ല വീട്ടുജോലികളെല്ലാം പഠിച്ചു. കഞ്ഞിവെക്കല്‍, കറിവെപ്പ്, മുറ്റമടിക്കുക, തളിക്കുക, പാത്രം കഴുകുക, അരിയിടിക്കുക, നെല്ലുകുത്തുക…. ഇങ്ങനുള്ള ജോലികളും പഠിച്ചു. കാരണം പെണ്‍കൊച്ചുങ്ങളില്ല. അതുകൊണ്ട് തന്നെ എല്ലാ ജോലികളും പഠിച്ചു.    

കഴിഞ്ഞ നൂറ്റാണ്ടുവരെയും കേരളത്തില്‍ രണ്ടായിരത്തിലേറെ തദ്ദേശിയ നെല്‍വിത്തുകളുണ്ടായിരുന്നു. കാണെക്കാണെ അവയോരോന്നും അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. വയനാട്ടില്‍ നൂറിലേറെ നെല്‍വിത്തിനങ്ങള്‍ ഉണ്ടായിരുന്നു. അവയ്ക്കും അതേ ദുര്‍വിധിയുണ്ടായി. അമ്മാവന്റെ പക്കലുണ്ടായിരുന്ന ആറിനം നെല്‍വിത്തുകളുമായിട്ടാണ് രാമന്‍ പാടത്തിറങ്ങുന്നത്. കൃഷിയോടൊപ്പം പരമ്പരാഗതമായ വിത്തിനങ്ങള്‍ തേടി നിലയ്ക്കാത്ത യാത്രകള്‍. 

രാമന്‍: അമ്മാവന്‍ മരിച്ചിട്ടിപ്പോള്‍ 25 വര്‍ഷമായി. അമ്മാവന്റെ കൈയില്‍ ഒരാറിനം പഴയ നെല്‍വിത്തുകളുണ്ടായിരുന്നു. അത് ഞാന്‍ തുടര്‍ന്നു. അമ്മാവന്റെ കൃഷിരീതികളും അമ്മാവന്റെ വീടും സ്ഥലവുമൊക്കെ ഞാനങ്ങനെ പരിപാലിച്ചുവരികയാ… അങ്ങനെയിരിക്കുമ്പോഴാണ് കുറേ നെല്‍വിത്തുകള്‍ ശേഖരിക്കണമെന്നൊരു തോന്നല്‍ വന്നത്. അങ്ങനെയാണ് പലയിടത്തു നിന്നും വിട്ടുപോന്നതും കളഞ്ഞുപോന്നതും ഒക്കെയായിട്ട് വയനാട് മുഴുവന്‍ തേടിയിട്ട് കുറേ നെല്‍വിത്തുകള്‍ കിട്ടി. മുപ്പത്തെട്ടോളം വയനാടിന്റെ തനിമയായും നാലിനം കോഴിക്കോട്, കണ്ണൂര്‍ ഭാഗങ്ങളില്‍ നിന്നും കിട്ടിയിട്ടുണ്ട്. രാസവളവും കീടനാശിനിയും ഒന്നുംതന്നെ ഞാന്‍ ഉപയോഗിക്കുന്നില്ല. ഇന്നുവരെയും എന്റെ കൈകൊണ്ട് കീടനാശിനി ഉപയോഗിച്ചിട്ടില്ലാന്ന് തന്നെ പറയേണ്ടിവരും. കീടനാശിനി അടിക്കുമ്പോള്‍ ഒരൊറ്റ ജീവിയും വരുന്നില്ല.. തവളകള്‍, വണ്ടുകള്‍, മീനുകള്‍, ചെറുജീവികള്‍ എല്ലാം നശിച്ചുപോവുകയല്ലേ… നിങ്ങള്‍ വാഴയുടെ മൂട്ടില്‍ രാസവളമിട്ടിട്ട് രണ്ടുമൂന്നു ദിവസം കഴിഞ്ഞിട്ട് നോക്കു.. അവിടെ വേവിച്ചപോലെയാണ്  മണ്ണുകാണുക. ഇങ്ങനെ ചില അനുഭവങ്ങളൊക്കെ വന്നപ്പോഴാണ് അന്നേ ഞാനിത് നിര്‍ത്തിയത്. ഈ വീട് തന്നെ അന്നുമെനിക്ക് തോന്നിയിട്ടുണ്ട്. ഇത് കളയാന്‍ പാടില്ല. വരുന്ന ആള്‍ക്കാര്‍ ഇത് കാണട്ടെ. ഇങ്ങനെയുള്ള വീടുകള്‍ നിലനിന്നിരുന്നുവെന്ന് ജനങ്ങള്‍ കാണാന്‍ വേണ്ടിയാണ് വീടും ഇങ്ങനെ നിലനിര്‍ത്തുന്നത്. ആരോ വന്ന് പറയുന്നതുപോലെ എനിക്കൊരു തോന്നല്‍ വന്നു. സാധാരണ തനിമ ജീവിതത്തില്‍ നിന്നും വ്യത്യസ്തമായൊരു ജീവിതം കൊണ്ടുപോവുകയാണല്ലോ. വ്യത്യസ്തമായ ഒരു ജീവിതത്തിലേക്കും വ്യത്യസ്തമായ ഒരു സംസ്‌കാരത്തിലേക്കും നമ്മള്‍ പോവുകയാണ്. അതത്ര ഗുണമുണ്ടെന്ന് തോന്നുന്നില്ല. അന്ന് ഞാന്‍ പൈതൃക വിത്തുകളുമായി. ഹൈബ്രീഡ് വിത്തുകള്‍ ഉപയോഗിച്ച് ചെയ്യാതെ  രാസവളമുപയോഗിച്ച് ചെയ്യാതെ നില്‍ക്കുമ്പോള്‍ ഇവിടെയുള്ള ആളുകളൊക്കെ എന്നെ ഭ്രാന്തന്‍ എന്ന് വിളിച്ചിട്ടുണ്ട്. അയാള്‍ വട്ടനാണെന്നും ഭ്രാന്തനാണെന്നും യാതൊരു പരിഷ്കാരവുമില്ലാത്തയാളാണയാള്‍… അയാള്‍ പഴയ ആളാണെന്നൊക്കെ പറഞ്ഞിട്ട് എന്നെ മുദ്രയടിച്ചിട്ടുണ്ട്. എന്റെ കൈയിലുള്ളത് വ്യത്യസ്ത മൂപ്പുള്ള നെല്‍വിത്തുകളാ. ആറുമാസം മൂപ്പ്… അതായത് 180 ദിവസം.. അഞ്ച് മാസം മൂപ്പ്… നാല് മാസം മൂപ്പ്… പിന്നെ മൂന്നുമാസം ഇങ്ങനെ മൂപ്പുള്ള വിത്തുകളാ നമ്മുടെയടുത്ത്. നെല്ല് ഗവേഷണ കേന്ദ്രത്തില്‍ നിന്ന്‍ ഇങ്ങനത്തെ വിത്തുകളൊന്നും കിട്ടില്ല. ഏകദേശം  ഒരു പത്തുനാനൂറ് കൊല്ലത്തെ പഴക്കമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഇത് കൈമാറി കൈമാറിയിങ്ങനെ വരികയല്ലേ. ഇതിനൊന്നും ഒരു മാറ്റവും കാണുന്നില്ല. നമ്മള്‍ നെല്ലുകള്‍ പരാഗണം നടത്തി വ്യത്യാസങ്ങള്‍ വരുത്തുന്നില്ലേന്നൊക്കെ ചിലരെല്ലാം ചോദിക്കാറുണ്ട്. ഒരുദാഹരണം നിങ്ങളോട് പറയാം. ഈ ഗന്ധകശാല, ജീരകശാല എന്നൊക്കെ പറയാന്‍ തുടങ്ങിയിട്ട് കാലമെത്രയായി. അതിനിന്ന് ഒരു മാറ്റവും കാണുന്നില്ലല്ലോ. പക്ഷേ ഒരു മാറ്റം വന്നു. മണം കുറഞ്ഞു. അതിന്റെ കാരണക്കാര്‍ പ്രകൃതിയാണ്. കാരണം വായുവില്‍കൂടി ഒട്ടനവധി മാലിന്യങ്ങള്‍ നടക്കുന്നുണ്ട്. പുകപടലങ്ങള്‍, റേഡിയേഷനുകള്‍, രാസവളത്തിന്റെയും കീടനാശിനികളുടെയും മാലിന്യങ്ങള്‍ ഇതൊക്കെ വായുവില്‍ കൂടി വരുമ്പോള്‍ അത് നമ്മുടെ ഈ നെല്ലിനെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് വ്യത്യാസങ്ങളും വരാം.  

ഒരുവേള വയനാടിന്റെ ഭൂതകാലത്തിലേക്ക് രാമന്റെ ഓര്‍മ്മ സഞ്ചരിച്ചു. ഇന്ന് അറുപത്തിനാല് വയസ്സിലെത്തിനില്‍ക്കുന്ന രാമന്റെ തന്നെ ഓര്‍മ്മയിലുള്ള ഭൂതകാലം.

രാമന്‍: അന്നൊക്കെ വയനാട്ടില്‍ ഇഷ്ടംപോലെ മൃഗങ്ങളുണ്ടായിരുന്നു. പലതരം പക്ഷികള്‍… പുഴയിലാണെങ്കില്‍ ഏകദേശം 70-80 ഇനം മത്സ്യങ്ങളുണ്ടാകും… ഇന്ന് ഒരു മത്സ്യം പോലും അവിടില്ല. ഏറ്റവും വലിയ മത്സ്യമാണ് വെമ്മീന്‍. അതിനെ കൊണ്ടുവരണമെങ്കില്‍ അഞ്ചാറ് പേര് വേണം. അത്രയും വലിയ സാധനമാ അത്. അതാണ് മാനന്തവാടി പുഴയിലെ ഒന്നാമത്തെ മത്സ്യം. കടലിലെ തിമിംഗലം പോലെ. ഇപ്പോള്‍ പക്ഷികള്‍ പോയി, മൃഗങ്ങള്‍ പോയി, കാട് പോയി, മേട് പോയി…

അത്യുല്‍പ്പാദനശേഷിയുള്ള വിത്തിനങ്ങളും വിവിധങ്ങളായ പേരുകളില്‍ പ്രത്യക്ഷപ്പെട്ട രാസവളങ്ങളും കീടനാശിനികളും ഹരിതവിപ്ലവം പോലുള്ള ആശയങ്ങളും കേരളീയ കൃഷിരീതിയെ ആവേശിച്ച് അതിനോടൊപ്പം ഒഴുക്കിക്കൊണ്ടുപോയ കാലഘട്ടത്തില്‍ രാമന്‍ ഒഴുക്കിനെതിരെ നീന്തി.  

രാമന്‍: ഒരു കാര്യം ഉറപ്പാണ്. നമ്മള്‍ ഇപ്പോള്‍ അത്യുല്‍പ്പാദനശേഷിയുള്ള വിത്ത് കൃഷിചെയ്താല്‍ കൂടുതല്‍ കിട്ടും. പക്ഷേ അതിന് ആയുസ് കുറവാണ്. ഇപ്രാവശ്യം നമുക്ക്  ഒരു ടണ്‍ കിട്ടുകയാണെങ്കില്‍ അടുത്ത പ്രാവശ്യം ഒരു ടണ്‍ കിട്ടിയില്ലാന്ന് വരും. രാസവളമാണ് ഇതിനെ കൊണ്ടുപോകുന്നത്. ഈ രാസവളമാണ് ഈ ടണ്‍ കൂട്ടുന്നതും കുറയ്ക്കുന്നതും. അങ്ങനെ രാസവളം കൂട്ടലും കുറയ്ക്കലും വരുമ്പോഴ് മണ്ണാണ് പോകുന്നത്. മണ്ണിന്റെ ഭാവിയാണ് പോകുന്നത്. ഇത് നമ്മള്‍ അറിയുന്നില്ല. അതേ സമയം ജൈവവളമായി ചാണകവും ചവറും നമ്മള്‍ കൃഷിചെയ്യുകയാണെങ്കില്‍, ആ ചാണകവും ചവറും ആ മണ്ണില്‍ അവിടെ സ്റ്റോക്ക് ചെയ്യുകയാണ്.  ചെടിയെടുത്തതിനുശേഷം ചാണകവും ചവറും ബാക്കി ജൈവവളങ്ങളും അവിടെ നിലനില്‍ക്കും. മാത്രമല്ല അതിലുള്ള പ്രാണികള്‍ക്ക്.. ജീവികള്‍ക്ക് ഭക്ഷിക്കാനുള്ള സൗകര്യവും കൂടി കിട്ടും. രാസവളം എന്താണ് ചെയ്യുകയെന്നു വച്ചാല്‍ ചെടിക്കാവശ്യമുള്ള വളം വലിച്ചതിനുശേഷം ബാക്കിവരുന്ന വളം അവിടെ നീരാവിയായി മണ്ണിനെ നശിപ്പിച്ചുകൊണ്ടിരിക്കുകയെന്നല്ലാതെ വേറൊന്നും ചെയ്യില്ല. മറ്റൊരു ജീവിക്ക് തിന്നാനും പറ്റില്ല. ജൈവവളം അതല്ല. മറ്റുള്ള ജീവികള്‍ അത് ഭക്ഷിക്കുന്നുണ്ട്. ഇരകള്‍, മറ്റുപ്രാണികള്‍ ഇതൊക്കെ ഇത് കഴിക്കുന്നുണ്ട്. ഞാന്‍ ഒരു വളം ചെയ്യുമ്പോള്‍ എത്ര അണുക്കളാ ജീവിക്കുന്നതെന്നറിയുമോ. മാത്രമല്ല പരിസ്ഥിതിക്ക് ദോഷമില്ല, വെള്ളത്തിന് ദോഷമില്ല..  ഒന്നിനും ദോഷവുമില്ല. മറ്റേത് പത്ത് ടണ്‍ കിട്ടുമ്പോള്‍ ഇതെനിക്ക് അഞ്ച് ടണ്‍ കിട്ടിയാല്‍ മതി. ഈ അഞ്ച് ടണ്‍ എന്റെ ആയുഷ്‌ക്കാലം മുഴുവന്‍ പോകും. യാതൊരു വ്യത്യാസവുമില്ലാതെ.   

ഈ ഭൂമിയുടെ അവകാശികള്‍ ആരാണ് മനുഷ്യര്‍ മാത്രമാണോ. പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ രണ്ടുപേര്‍ എത്തിച്ചേര്‍ന്നത് ഒരേ ദര്‍ശനത്തിലാണ്. അതിലൊരാള്‍ മറ്റാരുമല്ല. ഭൂമിയുടെ അവകാശികള്‍ എന്ന കഥയെഴുതിയ വൈക്കം മുഹമ്മദ് ബഷീര്‍.

രാമന്‍: ഇപ്പോള്‍ എല്ലാരും പറയുന്നുണ്ടല്ലോ പ്രകൃതി സംരക്ഷിക്കണമെന്ന്. നമ്മള്‍ മനുഷ്യര്‍ മാത്രം വിചാരിച്ചാല്‍ പോര പ്രകൃതി സംരക്ഷിക്കുന്നതിന്. ഇവിടെ മൃഗങ്ങള്‍ വേണം. പക്ഷികള്‍ വേണം. വായു വേണം. വെള്ളം വേണം. പ്രകൃതി സംരക്ഷിക്കുന്നതിന്. അതെങ്ങനെയാ? വായുവില്‍ കൂടി വിത്തുകള്‍ വരുന്നുണ്ട്. വെള്ളത്തില്‍ കൂടി വിത്തുകള്‍ ഒഴുകി എവിടെയെങ്കിലും പോയി പൊടിക്കണം. പക്ഷികള്‍ പഴങ്ങളൊക്കെ തിന്ന് കാഷ്ഠമിടണം. അതവിടുന്ന് പൊടിക്കണം. മൃഗങ്ങളുടെ വിസര്‍ജ്യത്തില്‍ നിന്നും പൊടിച്ചുവരണം. മനുഷ്യര് വേണം. മൃഗങ്ങള്‍ വേണം. പക്ഷികള്‍ വേണം, വായു വേണം, വെള്ളം വേണം… ഇങ്ങനെ അഞ്ചാറ് പേര്‍ ഉണ്ടെങ്കിലേ ഈ പ്രകൃതിയെ നമുക്ക് കൊണ്ടുവരാന്‍ പറ്റൂ. അല്ലാണ്ട് നിങ്ങള്‍ മാത്രം വിചാരിച്ചിട്ട് പ്രകൃതി നടക്കില്ല. നമ്മള്‍ മനുഷ്യര്‍ പറയുന്നതെന്താണ്. പക്ഷികള്‍ വേണ്ട, മൃഗങ്ങള്‍ വേണ്ട ഒന്നുംവേണ്ട നമ്മള്‍ തന്നെ മതി ഇവിടെ. അങ്ങനെ വരുമ്പോള്‍ നമ്മള്‍ വലിയൊരു മഹാപാപമാ ചെയ്യാന്‍ പോകുന്നത്. നമ്മള്‍ മാത്രമല്ല… ഈ പ്രകൃതി തന്നെ ഒട്ടനവധി വിത്തുകള്‍ പാകിയിട്ടുണ്ട്. ഇവിടെ കോടാനുകോടി ജീവികള്‍ക്ക് ജീവിക്കാന്‍ പ്രകൃതി ഒരുപാട് വിത്തുകള്‍ പാകിയിട്ടുണ്ട്. ആ ജീവനും വിത്തുകളുമൊക്കെ പ്രകൃതിയുടെ മക്കളാ. അവര്‍ക്ക്  ഇവിടെ ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്. അത് നമ്മള്‍ ഖണ്ഡിക്കുകയാണ്. കുന്നുകള്‍ വെട്ടി നിരത്തി, കാടുകള്‍ വെട്ടിനിരത്തി, തോടുകള്‍ നികത്തി, പുഴകള്‍ നികത്തി വരുമ്പോള്‍ ഇവയൊക്കെ നശിക്കും. അവസാനം നമ്മള്‍ മാത്രമാകും. നമ്മള്‍ മാത്രം ഒറ്റയ്ക്കാകുമ്പോള്‍ നമുക്കിവിടെ നില്‍ക്കാന്‍ കഴിയില്ല. ഇവിടുത്തെ കോടാനുകോടി ജീവികളോട് നമ്മള്‍ വലിയ വഞ്ചനയും വലിയ ചതിവുമാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങള്‍ പള്ളിയില്‍ പോയതുകൊണ്ടോ, അമ്പലത്തില്‍ പോയതുകൊണ്ടോ, ശബരിമലയില്‍ പോയതുകൊണ്ടോ ഒരനുഗ്രഹവും കിട്ടാന്‍ പോകുന്നില്ല. അത്ര ദ്രോഹം നിങ്ങള്‍ ചെയ്യുന്നുണ്ട്. മനുഷ്യര്‍ ചെയ്യുന്നുണ്ട്. ഇവിടുത്തെ ജീവജാലങ്ങളെ. ഇതിനൊക്കെ ഒരു അനുഗ്രഹം കിട്ടാന്‍ വേണ്ടിയാണല്ലോ നമ്മള്‍ അമ്പലത്തിലൊക്കെ പോകുന്നത്. ഈശ്വരാ രക്ഷിക്കണേയെന്ന് പറഞ്ഞ്. രക്ഷിക്കുമോ… ഇയാള്‍ ഇത്രമാത്രം ദോഷം ഇവിടെ ചെയ്‌തോണ്ടിരിക്കുകയാ. എല്ലാ ജീവികളെയും നശിപ്പിച്ചിട്ട് ഇയാള്‍ വലിയ മാന്യനായി നില്‍ക്കുവാ… ഉറുമ്പിന് രക്ഷയില്ല.. പക്ഷികള്‍ക്ക് രക്ഷയില്ല.. മരങ്ങളില്ല… ഒന്നുമില്ല. അതാത് സ്ഥലങ്ങളിലെ ആ വ്യവസ്ഥിതി നിലനില്‍ക്കണം. ആവാസ വ്യവസ്ഥ നിലനിന്നാലേ അതുകൊണ്ട് ഗുണമുണ്ടാവൂ…    ഇവിടെ ഒരു മരം വളരേണ്ടതാണോ ആ മരം അവിടെ വളരണം. അവിടെ മരമില്ലാത്ത പ്രദേശമാണോ. അവിടെ മരമുണ്ടാവാന്‍ പാടില്ല. അങ്ങനെയാ വേണ്ടത്. ഇതിവിടെയിപ്പം എന്താണെന്ന് ചോദിച്ചാല്‍ എല്ലാം മൊട്ടയടിച്ച് എല്ലാം കൊളമാക്കി. എന്നിട്ടിപ്പോള്‍ നമ്മള്‍ കരയുകയാണ് കാലാവസ്ഥ വ്യതിയാനം, കുടിക്കാന്‍ വെള്ളമില്ല, രോഗം പടരുന്നു, ഇതിനെയൊക്കെ ഒന്ന് ക്ലീന്‍ ചെയ്യാന്‍… നമ്മുടെ പ്രകൃതിക്കൊരു ഫില്‍റ്ററുണ്ട്.. ഫില്‍റ്റര്‍…  

ചെറുവയല്‍ രാമന്റേത് മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ വാക്കായിരുന്നു സമീപകാലം വരെയും. പിന്നെപ്പിന്നെ ആ വാക്കുകള്‍ ആളുകള്‍ ശ്രദ്ധിച്ചു. ആളുകളെ ആ അതിരുവരെ കൊണ്ടെത്തിച്ചപ്പോള്‍ ആളുകള്‍ക്ക് അത് ചെവികൊടുക്കേണ്ടി വന്നു എന്നു പറയുന്നതാവും ശരി.

രാമന്‍: കേരളത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും ജൈവസംഗമ സമിതികള്‍ വരുന്നുണ്ട്. സംഘം വരുന്നുണ്ട്. സ്‌കൂളുകളില്‍ പരിസ്ഥിതി ക്ലബ്ബുകള്‍ വരുന്നുണ്ട്. സ്‌കൂള്‍ കോമ്പൗണ്ടുകളില്‍ പച്ചക്കറി കൃഷികള്‍ തുടങ്ങുന്നുണ്ട്. ഇപ്പോള്‍ അടുക്കളത്തോട്ടം കൃഷികള്‍ ഓരോരുത്തര് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. മാത്രമല്ല. മണ്‍വീട്.. ഇത് പ്രകൃതിയല്ലേ.. ഇത് പ്രകൃതിയുമായിട്ട് ഒരു ഏറ്റുമുട്ടലും വരുന്നില്ല. ഇതിലിരുന്നാല്‍ ഒരു രോഗവും വരുന്നില്ല. നിങ്ങളുടെ വീട് അങ്ങനെയല്ലല്ലോ. സിമന്റ്, കമ്പി, മാര്‍ബിള്‍ ഇതൊക്കെ പ്രകൃതിക്കെതിരായിട്ടാണ്…. പ്രകൃതി അതിനെ ഉപദ്രവിച്ചുകൊണ്ടിരിക്കും. ആ ഉപദ്രവം നിങ്ങള്‍ക്കും പറ്റും. ഈ മിന്നലടിക്കുമ്പോള്‍ ഷോക്കടിക്കും പോലെ.

ചെറുവയല്‍ രാമന്റെ വീട്ടില്‍ സൂക്ഷിച്ചിട്ടുള്ള സന്ദര്‍ശക പുസ്തകത്തില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി കുറിച്ചിട്ടത് യാത്രികന്‍ ഉള്‍ത്തുടിപ്പോടെ വായിച്ചു. ”രാമേട്ടാ നിങ്ങള്‍ വരുംതലമുറയുടെ പുണ്യമാണ്. ഈ നെല്‍വിത്തുകള്‍ മാത്രം മതി വരുംതലമുറകള്‍ നിങ്ങളെ ഓര്‍മ്മിക്കാന്‍.”


രാമന്‍: സ്‌കൂളില്‍ ക്യാമ്പിന് പോകുമ്പോള്‍ കുട്ടികളോട് ഞാന്‍ മൂന്നേമൂന്ന് കാര്യങ്ങളാ നിര്‍ദ്ദേശിക്കുന്നത്. ഒന്ന്. നിങ്ങളുടെ വസ്ത്രം, പിന്നെ ഭക്ഷണം, പാര്‍പ്പിടം. ഈ മൂന്നും കഴിഞ്ഞേ നിങ്ങള്‍ക്ക് ജീവിതമുള്ളു. ഈ മൂന്നും എന്തുതന്നെയാണെന്ന് നിങ്ങള്‍ തന്നെ തിരഞ്ഞെടുക്കുക. ഞാനതിപ്പം പറയുന്നില്ല. പറഞ്ഞാല്‍ എന്നെ വട്ടനെന്ന് വിളിക്കും. അതുകൊണ്ട് ഞാനിപ്പം പറയുന്നില്ല.  

വയനാട് ഒരു സഹസ്രാബ്ദം മുമ്പേ വീരവയല്‍നാടായിരുന്നു. കാദംബരുടെ കാലംതൊട്ടേ വയല്‍നാട് എന്നറിയപ്പെട്ട വയനാട് വയല്‍നാടല്ലാതെയായി മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. തലക്കര ചെറിയ രാമന് വയലുകള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞെന്ന് വരില്ല. പക്ഷേ നെല്‍കൃഷി അതിന്റെ പരമ്പരാഗത മഹിമയോടെ വിശുദ്ധിയോടെ പ്രകൃതിയുടെ താളമറിഞ്ഞ് വീണ്ടെടുക്കാന്‍ അവതാരമെടുത്ത രാമനാണ് ഈ ചെറിയ രാമന്‍.

(കടപ്പാട്: ഏഷ്യാനെറ്റ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍