UPDATES

ചേതന്‍ ഭഗത്തിന്റെ നാലാമത്തെ തെറ്റ്

അഴിമുഖം പ്രതിനിധി

ചേതന്‍ ഭഗത് ഇന്ത്യയിലെ അറിയപ്പെടുന്ന നോവലിസ്റ്റ്‌ ഒക്കെ തന്നെ. ട്വിറ്ററില്‍ സജീവമായ കക്ഷി ഇടയ്ക്കിടയ്ക്ക് ചില അഭിപ്രായങ്ങള്‍ പറയുന്നതു വരെയേ ഉള്ളൂ അത്. അതൊക്കെ ബൂമറാങ്‌ പോലെ കക്ഷിക്കു തന്നെ പണിയാവുകയാണ് പതിവ്. ഓരോന്ന് പറയുമ്പോഴും ട്വിറ്ററാറ്റികള്‍ ചേതന്‍ ഭഗത്തിന്റെ ട്വിറ്റര്‍ ഹാന്‍ഡിലിനെ മെന്‍ഷന്‍ ചെയ്തു പൊങ്കാലയിടും. എല്ലാമൊന്നു കെട്ടടങ്ങുമ്പോ ഞാനിതു തമാശയ്ക്ക്‌ പറഞ്ഞതാണെന്ന് കക്ഷിയുടെ ഒരു തടിയൂരല്‍ ട്വീറ്റും ഉണ്ടാവും.

സാഹിത്യഅക്കാദമി അവാര്‍ഡ് തിരിച്ചു നല്‍കിയ എഴുത്തുകാരെയും ദേശീയ അവാര്‍ഡുകള്‍ തിരിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ച സിനിമാപ്രവര്‍ത്തകരെയും കളിയാക്കി ഇട്ട ട്വീറ്റിനു കിട്ടിയ മറുപടികള്‍ കാരണം കക്ഷി ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി സ്ഥലം വിടുമെന്നാണ് ട്വിറ്ററാറ്റികള്‍ വിചാരിച്ചത്. അവരുടെ പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ടാണ് ചേതന്‍ ഭഗത് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തിയത്. ചേതന്‍ ഭഗത്തിന്റെ പുസ്തകങ്ങള്‍ അദ്ദേഹത്തിന് തന്നെ തിരിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചവര്‍ ഏറെയുണ്ട്. അതുപോലെ തന്നെ ശരാശരി നിലവാരമുള്ള അദ്ദേഹത്തിന്റെ നോവലുകള്‍ക്ക് അവാര്‍ഡ് കിട്ടിയാല്‍ തന്റെ റേഷന്‍ കാര്‍ഡ് തിരിച്ചു നല്‍കാമെന്ന് പറഞ്ഞ വായനക്കാരുമുണ്ട്.

ചരിത്രത്തില്‍ ബിജെപി നടത്തുന്ന ദോഷകരമായ ഇടപെടലുകള്‍ക്കെതിരെ റോമിലാ ഥാപ്പര്‍, ഇര്‍ഫാന്‍ ഹബീബ്, എംജിഎസ് നാരായണന്‍ തുടങ്ങി  രാജ്യത്തെ 53 പ്രശസ്ത ചരിത്രകാരന്മാര്‍ നടത്തിയ പ്രതിഷേധത്തിനെ കളിയാക്കിക്കൊണ്ട് ചേതന്‍ ഭഗത് ഇട്ട ട്വീറ്റ് കണ്ടതോടെ ട്വിറ്ററാറ്റികള്‍ അക്ഷരാര്‍ത്ഥത്തില്‍ കക്ഷിയെ കൊന്നു കൊലവിളിച്ചു. പിന്നെയൊരു ട്രോളേറ്റമാണ് ഉണ്ടായത്. സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡിങ്ങിലും ചേതന്‍ എത്തി. വഴിയെ പോയവര്‍ വരെ പൊങ്കാലയിട്ടിട്ടുപോയി.മെന്‍ഷന്‍ ചെയ്തു കുമിഞ്ഞു കൂടിയ ട്വീറ്റുകളുടെ വരവൊന്നു കുറഞ്ഞപ്പോള്‍ സ്ഥിരം പരിപാടിയായ ഞാന്‍ തമാശ പറഞ്ഞതാ എന്നൊരു ട്വീറ്റു കൂടി ഇഷ്ടന്റെ വക.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദിക്ക് അനുകൂലമായ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തപ്പോള്‍ ചേതനെ സോഷ്യല്‍ മീഡിയ കൊണ്ടാടിയിരുന്നു. എന്നാല്‍ ഇന്ന് നേരെ തിരിച്ചാണ് ചേതന്റെ സോഷ്യല്‍ മീഡിയ ഗ്രാഫ്.

എന്തോ കക്ഷിയുടെ കോമഡികള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാവാത്ത ഇന്റലക്ച്വല്‍ ആയതുകൊണ്ടാണെന്നു തോന്നുന്നു ട്വിറ്ററില്‍ തീരെ മാര്‍ക്കറ്റ് ഉണ്ടാവാറില്ല. പക്ഷേ ചേതന്‍ ഭഗത്തിനെ ട്രോള്‍ ചെയ്തുള്ള ട്വീറ്റുകള്‍ക്ക് നല്ല മാര്‍ക്കറ്റ് ആണു താനും. ഇപ്പൊ നടന്ന പൊങ്കാലയോടെ അത് വീണ്ടും വ്യക്തമാവുകയും ചെയ്തു.  പൊങ്കാലയ്ക് വിളമ്പിയ വിഭവങ്ങളിലൂടെ.
 

 

    

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍