UPDATES

ഹിന്ദുത്വവാദികളുടെ ഭീഷണിക്കിരയായ കന്നട എഴുത്തുകാർ ഇന്ന് തിരുവനന്തപുരത്ത്

അഴിമുഖം പ്രതിനിധി

വർഗ്ഗീയഫാസിസ്റ്റുകൾ ബലാത്സംഗം ചെയ്യുമെന്നും ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തിയ കന്നട എഴുത്തുകാരിയും ചലച്ചിത്രകാരിയുമായ ചേതന തീർത്ഥഹള്ളിയും എഴുതിയാൽ വിരൽ മുറിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ആക്രമിക്കപ്പെടുകയും ചെയ്ത കന്നട എഴുത്തുകാരനായ ദളിത് യുവാവ് സി. ഹുഛാംഗി പ്രസാദും ഇന്ന് തിരുവനന്തപുരത്ത് എത്തുന്നു. വൈകിട്ട് അഞ്ചിനു കിഴക്കേക്കോട്ട ഗാന്ധി പാർക്കിൽ നടക്കുന്ന പരിപാടിയിൽ ഇവർ സ്വന്തം അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ഭീഷണികൾക്കെതിരെ പൊരുതിനിൽക്കാനുള്ള നിശ്ചയദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യും.

വർഗ്ഗീയഫാസിസത്തിന്റെ കടന്നുകയറ്റത്തിനെതിരെ തലസ്ഥാനത്തു തീർക്കുന്ന സാംസ്ക്കാരികപ്രതിരോധത്തിൽ കേരളത്തിലെ പ്രമുഖ സാംസ്ക്കാരികനായകർക്കൊപ്പം അണിചേരാനാണ് ഇരുവരും തിരുവനന്തപുരത്ത് എത്തുന്നത്. എൻ.എസ്. മാധവൻ, ഡോ: കെ.എൻ. പണിക്കർ, പെരുമ്പടവം ശ്രീധരൻ, ലെനിൻ രാജേന്ദ്രൻ, എൻ. പ്രഭാവർമ്മ, മധുപാൽ, ഡോ: ബിജു തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും.
.
ജാതിസമ്പ്രദായത്തെ വിമർശിക്കുന്ന ‘ഓഡല കിച്ചു’ എന്ന പുസ്തകം എഴുതിയതിനാണ് 23 കാരനായ ഹുച്ഛാംഗിയെ ഒരുകൂട്ടം ഗൂണ്ടകൾ അദ്ദേഹം പഠിക്കുന്ന സര്‍വ്വകലാശാലയിലെ പട്ടികവിഭാഗക്കാരുടെ ഹോസ്റ്റലിൽ കയറി ആക്രമിക്കുകയും മുഖത്തു കുങ്കുമം പൂശുകയും ചെയ്തത്. ദളിതനായത് നിന്റെ മുജ്ജന്മപാപം കൊണ്ടാണെന്ന് ആക്രോശിച്ച അവർ ഇനി ഹിന്ദുത്വത്തെ വിമർശിച്ച് എഴുതിയാൽ വിരലുകൾ മുറിച്ചു കളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈമാസം 21 ന് അർദ്ധരാത്രി ആയിരുന്നു സംഭവം. എന്നാൽ ഭീഷണിക്കു വഴങ്ങില്ലെന്നും തന്റെ സാംസ്ക്കാരികപ്രവർത്തനം തുടരുമെന്നും ഈ യുവാവു പ്രഖ്യാപിക്കുകയായിരുന്നു.

സാസ്ക്കാരികപ്രവർത്തകർക്കൊപ്പം ബീഫ് നിരോധനത്തിനെതിരെ റാലിയിൽ പങ്കെടുക്കുകയും ഹിന്ദുമതത്തിലെ ദുരാചാരങ്ങളെ വിമർശിച്ച് എഴുതുകയും ചെയ്തതിനാണ് 34 കാരിയായ ചേതന തീർത്ഥഹള്ളി ഭീഷണിക്ക് ഇരയായത്. ഏതാനും മാസത്തിനിടെ നിരവധി ഭീഷണികളാണ് സാമൂഹികമാദ്ധ്യമങ്ങളിലൂടെയും മറ്റുമായി ഇവർക്കു ലഭിച്ചത്.

ഭക്ഷണവും വസ്ത്രവും സൗഹൃദവും പ്രണയവും തൊട്ട് വിശ്വാസങ്ങളും ആശയങ്ങളും എഴുത്തും ജീവിതശൈലിയും വരെ സമസ്തമേഖലയിലും അപകടകരമാം വിധം സ്വന്തം ആശയങ്ങൾ അടിച്ചേൽപ്പിക്കുകയും ചരിത്രവും സംസ്ക്കാരവും ശാസ്ത്രവും വിദ്യാഭ്യാസവും പോലും സങ്കുചിതവർഗ്ഗീയ താല്പര്യത്തിനനുസരിച്ച് അട്ടിമറിക്കുകയും പൊതുസ്ഥാപനങ്ങളിൽ അധിനിവേശം നടത്തുകയും രാജ്യത്താകെ വർഗ്ഗീയവിദ്വേഷം ആളിക്കത്തിച്ചു സംഘർഷങ്ങൾ തീർക്കുകയുമൊക്കെ ചെയ്യുന്ന സാഹചര്യത്തിലാണ് സാംസ്ക്കാരികരംഗത്തുള്ളവർ തെരുവിലിറങ്ങേണ്ടി വന്നിരിക്കുന്നത് എന്ന് സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു. 

പുരോഗമന കലാസാഹിത്യ സംഘം, ശാസ്ത്രസാഹിത്യ പരിഷത്ത്, യുവകലാസാഹിതി, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇൻഡ്യ, വനിതാസാഹിതി, കേരള യുക്തിവാദിസംഘം, എഫ്.എസ്.ഇ.റ്റി.ഒ. സാസ്ക്കാരികവിഭാഗം, ജോസഫ് മുണ്ടശ്ശേരി പഠനകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണു പരിപാടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍