UPDATES

ബൈജു എന്‍ നായര്‍

കാഴ്ചപ്പാട്

ബൈജു എന്‍ നായര്‍

ന്യൂസ് അപ്ഡേറ്റ്സ്

7 സീറ്ററില്‍ ഹോട്ട് ആകാന്‍ ജനറല്‍ മോട്ടോഴ്‌സിന്റെ സ്പിന്‍

ഇന്ത്യയില്‍ ആഢംബര വാഹന വിപണി തളിരിട്ടു തുടങ്ങുമ്പോള്‍ തന്നെ പ്രത്യക്ഷപ്പെട്ട കമ്പനിയാണ് ജനറല്‍ മോട്ടോഴ്‌സ്. ഓപ്പല്‍ എന്ന ബ്രാന്‍ഡ് നെയിമില്‍ ആസ്ട്ര, കോര്‍സ എന്നീ മോഡലുകളാണ് അമേരിക്ക ആസ്ഥാനമായുള്ള ആഗോള വാഹന ഭീമന്മാരായ ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്. അമേരിക്കന്‍ വാഹനങ്ങളുടെ ഗുണമേന്മ കണ്ട് ഇന്ത്യക്കാര്‍ അന്തം വിട്ടതിന് ആസ്ട്ര സാക്ഷിയാണ്. ഇപ്പോഴും വലിയ കുഴപ്പമില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന നൂറുകണക്കിന് ആസ്ട്രകളും കോര്‍സകളും കേരളത്തിലുണ്ട്.

കോര്‍സയ്ക്കു ശേഷം ഓപ്പല്‍ എന്ന ബ്രാന്‍ഡ് നിര്‍ത്തി, ഷെവര്‍ലേ ബ്രാന്‍ഡിലാണ് ജനറല്‍ മോട്ടോഴ്‌സ് പിന്നീട് ഇന്ത്യയില്‍ വാഹനങ്ങള്‍ പുറത്തിറക്കിയത്. അവിയോ, യുവ, ക്രൂസ്, ക്യാപ്റ്റിവ എന്നിങ്ങനെ അമേരിക്കന്‍ ഗുണമേന്മ തുടിച്ചു നില്‍ക്കുന്ന വാഹനങ്ങളാണ് ഷെവര്‍ലേ ബ്രാന്‍ഡില്‍പ്പെടുന്നവയെല്ലാം.

മാരുതി, ഹ്യുണ്ടായ് എന്നിവരെപ്പോലെ ഓരോ സെഗ്‌മെന്റിലും നിരന്തരമായി മോഡലുകള്‍ നിര്‍മ്മിച്ച് വിപണിയിലെത്തിക്കുന്ന പതിവൊന്നും ഷെവര്‍ലേയ്ക്കില്ല. പക്ഷേ, അടുത്ത കാലത്ത് കാര്യമായ വില്പന മാന്ദ്യം നേരിട്ടതുകൊണ്ടാവാം, വിപണിയില്‍ കൂടുതല്‍ ‘അഗ്രസീവ്’ ആകാനാണ് ഷെവര്‍ലേയുടെ ശ്രമം. അതിനായി, ട്രെയ്ല്‍ ബ്ലേസര്‍ എന്ന വലിയ എസ് യു വിയും സ്പിന്‍ എന്ന 7 സീറ്റര്‍ മള്‍ട്ടി യൂട്ടിലിറ്റി മോഡലും ഇന്ത്യയിലെത്തിക്കുമെന്ന് കമ്പനി മേധാവികള്‍ പ്രസ്താവിച്ചു കഴിഞ്ഞു. നമുക്ക് ‘സ്പിന്‍’ ഒന്ന് ഓടിച്ചു നോക്കാം. തായ്‌ലന്റിന്റെ തലസ്ഥാനമായ ബാങ്കോക്കിന്റെ നഗരവീഥികളാണ് ടെസ്റ്റ് ഡ്രൈവിന്റെ വേദി.

സ്പിന്‍
മാര്‍ട്ടി എര്‍ട്ടിഗ, ഹോണ്ട മൊബീലിയോ എന്നിവയാണ് ഇന്ത്യയിലെ 7 സീറ്റര്‍ മള്‍ട്ടിപര്‍പ്പസ് വാഹനങ്ങളിലെ താരങ്ങള്‍. വലിയ കുടുംബങ്ങള്‍ക്ക് ഒരുമിച്ച് യാത്ര ചെയ്യാമെന്നതാണ് 7 സീറ്ററുകളുടെ ഗുണം. എസ് യു വികളുടേതു പോലെ വലിയ എഞ്ചിനല്ലാത്തതുകൊണ്ട് മൈലേജ് കുറയില്ല, കാറുകളുടെ യാത്രാ സുഖവുമുണ്ട് എന്നീ കാര്യങ്ങളും എം പി വികളെ ജനപ്രിയമാക്കുന്നു. ഷെവര്‍ലേയുടെ എന്‍ജോയ് എന്നൊരു മള്‍ട്ടിപര്‍പ്പസ് വാഹനം നിലവിലുണ്ടെങ്കിലും അത് ടാക്‌സി സ്റ്റാന്റുകളിലാണ് ഏറെയും കാണപ്പെടുന്നത്, വീടുകളിലല്ല.

എന്‍ജോയ്‌യെക്കാള്‍ വലിപ്പമുണ്ട് സ്പിന്നിന്. 4360 മി.മീ. നീളവും, 1735 മി.മീ. വീതി, 1656 മി.മീ ഉയരം എന്നിങ്ങനെയാണ് അളവുകള്‍. അതായത്, മാരുതി എര്‍ട്ടിഗയെക്കാള്‍ അല്പം വലുതും ഹോണ്ട മൊബീലിയയെക്കാള്‍ അല്പം ചെറുതുമാണെന്നര്‍ത്ഥം.

കാഴ്ച
മുന്‍വശത്തു നിന്നു നോക്കുമ്പോള്‍ ഷെവര്‍ലേ ബീറ്റ് എന്ന ചെറിയ ജനപ്രിയ കാറിന്റെ മുന്‍ഭാഗമാണെന്നു തോന്നിയേക്കാം. രണ്ട് സ്ലോട്ടുകളുള്ള ഹണികോംബ് ഗ്രില്‍ ആണ് ഈ സാദൃശ്യത്തിന് പ്രധാന കാരണം (പക്ഷേ, സ്പിന്നിന്റെ പ്ലാറ്റ്‌ഫോം ബീറ്റിന്റേതു തന്നെയാണ് എന്നതും സത്യമാണ്) ഗ്രില്ലിനു നടുവില്‍ ഷെവര്‍ലേ എംബ്ലം. വശങ്ങളിലേക്കു കയറി നില്‍ക്കുന്ന വലിയ ഹെഡ്‌ലാമ്പും ഫ്രണ്ട് ബമ്പറില്‍ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന ഫോഗ് ലാമ്പുകളും സുന്ദരം. വലിയ വീല്‍ ആര്‍ച്ചുകളും ഗ്രാബ് റെയ്‌ലും വശങ്ങളുടെ ഭംഗിയേറ്റുന്നു. ബോഡിലൈനുകളും വിസ്താരമേറിയ മൂന്ന് വിന്‍ഡോ ഗ്ലാസുകളും സൈഡ് പ്രൊഫൈലിന് ഗൗരവമേകുന്നുണ്ട്.

പിന്‍ഭാഗം വളരെ വ്യത്യസ്തമാണ്. മുകളിലേക്കു തുറക്കുന്നതാണ് വലിയ ടെയ്ല്‍ ഗേറ്റ്. ഡയമണ്ട് ഷേപ്പ്ഡ് ടെയ്ല്‍ ലാമ്പും ടെയ്ല്‍ ഗേറ്റിലെ ലൈനുകളും പിന്നിലേക്ക് തള്ളി നില്‍ക്കുന്ന രൂപവുമാണ് പിന്‍ഭാഗത്തിന് വ്യത്യസ്തത സമ്മാനിക്കുന്നത്.

ഉള്ളില്‍
ഉള്‍ഭാഗത്തിനും ബീറ്റ് എന്ന ഹാച്ച്ബായ്ക്കുമായി നിരവധി സാദൃശ്യങ്ങളുണ്ട്. ചാരനിറത്തോടൊപ്പം അവിടവിടെയായി ബീജ് നിറവും പ്രയോഗിച്ചിട്ടുണ്ട് ഡാഷ് ബോര്‍ഡില്‍. ഡാഷ്‌ബോര്‍ഡിന്റെ മേല്‍ഭാഗത്ത് ചാരനിറമാണ്. നടുവില്‍ വലിയ ഇന്റഗ്രേറ്റഡ് മ്യൂസിക് സിസ്റ്റം. അതിനു താഴെ എ സിയുടെ കണ്‍ട്രോളുകള്‍. ഡിജിറ്റലും അനലോഗും ചേര്‍ന്നതാണ് മീറ്റര്‍ കണ്‍സോള്‍. ഫ്യൂവല്‍ ഗേജ് ഡിജിറ്റലാണ്. എത്ര കിലോമീറ്റര്‍ ഓടാനുള്ള ഇന്ധനം ബാക്കിയുണ്ട് തുടങ്ങിയ വിവരങ്ങളും ഡിജിറ്റലായി അറിയാം. നീലനിറമാണ് മീറ്ററുകള്‍ക്ക്. പശ്ചാത്തല ഭംഗിയേകുന്നത്.

സ്റ്റിയറിംഗ്‌ വീല്‍ ത്രീസ്‌പോക്ക് ആണ്. അലൂമിനിയം ഫിനിഷുമുണ്ട് സ്റ്റിയറിംഗ്‌വീലിന്. സീറ്റിന്റെ നിറങ്ങളും ആഷ്-ബീജ് കോമ്പിനേഷനാണ്. 2620 മി.മീ. വീല്‍ബെയ്‌സുള്ള സ്പിന്നിന് മൂന്ന് നിര സീറ്റുകളാണുള്ളത്. ഒന്നും രണ്ടും നിരകളില്‍ ലെഗ്‌സ്‌പേസ് ധാരാളമുണ്ട്. മൂന്നാം നിരയില്‍ തരക്കേടില്ലാത്ത ലെഗ്‌സ്‌പേസ് എന്നേ പറയാനാവൂ. പിന്നിലെ സീറ്റുകൂടി മടക്കിയാല്‍ 1668 ലിറ്റര്‍ ബൂട്ട്‌സ്‌പേസുണ്ട്, സ്പിന്നിന്.

എഞ്ചിന്‍
തായ്‌ലന്റില്‍ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് സ്പിന്നിനുള്ളത്. ഇത് 105 ബി എച്ച് പിയാണ്. എനിക്ക് ടെസ്റ്റ് ഡ്രൈവിനായി ലഭിച്ചത് 5 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡലാണ്.

ഇന്ത്യയില്‍ സ്പിന്നിന് ഏത് എഞ്ചിനാണ് ഘടിപ്പിക്കുക എന്ന് ഷെവര്‍ലേ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്‍ജോയ്‌യിലെ 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാകാനാണ് സാദ്ധ്യത. ഇത് യഥാക്രമം 102 ഉം 74ഉം ബി.എച്ച്.പി പവര്‍ ഉള്ളവയാണ്. മാക്‌സിമം ടോര്‍ക്ക് യഥാക്രമം 131 ന്യൂട്ടണ്‍ മീറ്ററും 190 ന്യൂട്ടണ്‍ മീറ്ററും ഇന്ത്യയില്‍ 5 സ്പീഡ് മാനുവല്‍/5 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡലുകള്‍ പ്രതീക്ഷിക്കാം.

191 മി.മീ ഗ്രൗണ്ട് ക്ലിയറന്‍സുള്ള സ്പിന്‍ നഗരത്തിലെ ഹമ്പുകളും മറ്റും അനായാസം ചാടിക്കടന്ന് ഓടിക്കൊള്ളും. എ ബി എസ്, ഇ ബി ഡി എന്നീ സുരക്ഷോപാധികളും രണ്ട് എയര്‍ബാഗുകളും സ്പിന്നിനുണ്ട്. ഇതെല്ലാം ഇന്ത്യയിലും പ്രതീക്ഷിക്കാം. 16 ഇഞ്ച് അലോയ്‌വീലുകളും ഇന്ത്യന്‍ മോഡലിലുണ്ടാകും.

വിധി
ഇന്ത്യയിലെ ഏറ്റവും ‘ഹോട്ട്’ വാഹന സെഗ്‌മെന്റാണ് 7 സീറ്റര്‍ എം പി വികളുടേത്. മാരുതിയും ഹോണ്ടയും വെന്നിക്കൊടി പാറിച്ചു കഴിഞ്ഞ ആ സെഗ്‌മെന്റില്‍ സ്പിന്നിന് സ്ഥാനമുണ്ടാകുമെന്നു തീര്‍ച്ച. വിലയിടുന്ന കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പരാജയം സംഭവിക്കുകയും ചെയ്യാം. ഇന്ത്യയില്‍ നിന്നു പഠിച്ച പാഠങ്ങള്‍ ഇക്കാര്യത്തില്‍ ജനറല്‍ മോട്ടോഴ്‌സിനെ തുണയ്ക്കട്ടെ എന്നാശിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ബൈജു എന്‍ നായര്‍

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍