UPDATES

വരുന്നു ജനറല്‍ മോട്ടോഴ്‌സിന്‍റെ ട്രെയ്ല്‍ ബ്ലെയ്‌സര്‍ ഇന്ത്യയിലേക്ക്

ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണക്കമ്പനികളിലൊന്നാണ് അമേരിക്ക ആസ്ഥാനമായുള്ള ജനറല്‍ മോട്ടോഴ്‌സ്. ഇന്ത്യയുടെ വാഹന ലോകം ഉണര്‍ന്നു വരുന്ന കാലത്തു തന്നെ ‘ഓപ്പല്‍’ എന്ന ബ്രാന്റുമായി ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയിലെത്തിയിരുന്നു. ആസ്ട്ര, കോര്‍സ തുടങ്ങിയ ജനറല്‍ മോട്ടോഴ്‌സ് മോഡലുകള്‍ ഇന്ത്യയില്‍ വലിയ വില്പന നേടുകയും ചെയ്തു. അതിനു ശേഷമാണ് ഓപ്പല്‍ ബ്രാന്റ് പിന്‍വലിച്ച്, ഷെവര്‍ലേ ബ്രാന്റിനെ ഇന്ത്യയ്ക്ക് കമ്പനി സമ്മാനിച്ചത്. ടവേര എന്ന, ഇപ്പോഴും വിറ്റുകൊണ്ടിരിക്കുന്ന മള്‍ട്ടി പര്‍പ്പസ് വാഹനമായിരുന്നു ഷെവര്‍ലേ ബ്രാന്റില്‍ ഇന്ത്യയിലെത്തിയ ആദ്യമോഡല്‍. പിന്നീട് സ്പാര്‍ക്ക്, ഒപ്ട്ര, ബീറ്റ് തുടങ്ങിയ നിരവധി മോഡലുകളിലൂടെ ഷെവര്‍ലേ ഇന്ത്യയുടെ മനം കവര്‍ന്നു. ചെറിയ ഡീസല്‍ എഞ്ചിനുമായി വന്ന ബീറ്റ് ഇന്നും ഇന്ത്യന്‍ കുടുംബങ്ങളുടെ ഇഷ്ടവാഹനമാണ്.

ജാപ്പനീസ്, കൊറിയന്‍ വാഹന കമ്പനികള്‍ സര്‍വ അടവും പയറ്റി ഇന്ത്യന്‍ വാഹന വിപണിയില്‍ വമ്പന്‍ കടന്നുകയറ്റം നടത്തിയപ്പോള്‍ ഷെവര്‍ലേയ്ക്ക് കാലിടറി. രണ്ടു മാസത്തിലൊരിക്കല്‍ ഒരു പുതിയ മോഡല്‍ എന്ന ജാപ്പനീസ് കൊറിയന്‍ കമ്പനികളുടെ നയം പിന്തുടരാനും ഷെവര്‍ലേയ്ക്ക് കഴിഞ്ഞില്ല. ഒടുവില്‍ വിപണിയിലെത്തിയ സെയില്‍ പോലെയുള്ള മോഡലുകള്‍ക്ക് വലിയ ‘സെയില്‍’ നേടാനും കഴിഞ്ഞില്ല.

ട്രെയ്ല്‍ ബ്ലെയ്‌സര്‍
ഇന്ത്യയില്‍ അശ്വമേധം നടത്തിക്കൊണ്ടിരിക്കുന്ന എസ്.യു.വികളാണ് ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡേവര്‍, മിത്‌സുബിഷി, പജേര സ്‌പോര്‍ട്ട് എന്നിവ. ഫോര്‍ഡ് എന്‍ഡേവറിന്റെ പുതിയ മോഡല്‍ വരാനും പോകുന്നു. അങ്ങനെയിരിക്കെ ഷെവര്‍ലേ പ്രഖ്യാപിച്ചു. ഇന്ത്യയിലേക്ക് തങ്ങളുടെ എസ്.യു.വി.യായ ട്രെയ്ല്‍ ബ്ലെയ്‌സറിനെ കൊണ്ടുവരാന്‍ പോവുകയാണ്. തായ്‌ലന്‍ഡിലും ആസ്‌ട്രേലിയയിലും വമ്പന്‍ വിജയമായി മാറിയ ട്രെയ്ല്‍ ബ്ലെയ്‌സര്‍ ഓടിക്കാന്‍ ‘സ്മാര്‍ട്ട് ഡ്രൈവ്’ തായ്‌ലന്റിലെത്തി.

1991-ല്‍ ഒരു മള്‍ട്ടി പര്‍പ്പസ് വാഹനത്തിന്റെ രൂപത്തിലാണ് ആദ്യ ട്രെയ്ല്‍ ബ്ലെയ്‌സര്‍ വിപണിയിലെത്തിയത്. തുടര്‍ന്ന് 2002-ല്‍ ഏതാണ്ട് എസ്.യു.വി.യുടെ രൂപം സ്വീകരിച്ചു. 2009-നു ശേഷം ഈ മോഡലില്‍ ചെറിയ മാറ്റങ്ങളേ ജനറല്‍ മോട്ടോഴ്‌സ് വരുത്തിയുള്ളു. പിന്നീട് 2012-ലാണ് ഇന്നു കാണുന്ന രൂപത്തിലുള്ള ട്രെയ്ല്‍ ബ്ലെയ്‌സര്‍ വിപണിയിലെത്തിയത്. തായ്‌ലന്‍ഡിലും ബ്രസീലിലും മാത്രമാണ് നിര്‍മ്മാണം. എന്നാല്‍ ആസ്‌ട്രേലിയ, സൗദി, ദക്ഷിണ ആഫ്രിക്കന്‍ വിപണികളിലെല്ലാം നന്നായി വിറ്റഴിയുന്നുണ്ട്, ട്രെയ്ല്‍ ബ്ലെയ്‌സര്‍.

കാഴ്ച
4878 മി.മീ നിളവും. 1902 മി.മീ വീതിയും 1847 മി.മീ ഉയരവും 2845 മി.മീ വീല്‍ബെയ്‌സുമുള്ള വലിയ വാഹനമാണ് ട്രെയ്ല്‍ ബ്ലെയ്‌സര്‍ (ഫോര്‍ച്യൂണ്‍ 4705 X 1840 X 1850 X 2750 മി.മീ.) ഏതു തരത്തില്‍ നോക്കിയാലും ടൊയോട്ട ഫോര്‍ച്യൂണറിനെക്കാള്‍ വലിപ്പമുണ്ട്. ക്യാപ്റ്റിവയെ ഓര്‍മ്മിപ്പിക്കുന്ന വലിയ ഗ്രില്‍. ഗ്രില്ലിനെ രണ്ടാക്കി മുറിച്ചുകൊണ്ട് ഒരു ബോഡി കളര്‍ പ്ലേറ്റ്. അതിന്മേല്‍ ഷെവര്‍ലേ എംബ്ലം. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ക്ക് വലിയ വലിപ്പമില്ല. ഉയര്‍ന്ന ബോണറ്റും മസില്‍ ലൈനുകളും വാഹനത്തിന് മസില്‍മാന്റെ ലുക്ക് നല്‍കുന്നു. ബമ്പര്‍ വളരെ ചെറുതാണ്. അതിന്മേല്‍ ചെറിയ ഫോഗ്‌ലാമ്പുകള്‍ ഉള്ളിലേക്ക് വലിഞ്ഞു നില്‍ക്കുന്നു, സ്‌കഫ് പ്ലേറ്റുകള്‍.

വശങ്ങളില്‍ നിന്നും നോക്കുമ്പോള്‍ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്. 241 മി.മീ ആണ് ആദ്യം ശ്രദ്ധയില്‍ പെടുക. തടിച്ച വീല്‍ ആര്‍ച്ചുകളും ഭംഗിയുള്ള 20 ഇഞ്ച് അലോയ് വീലുകളും സൈഡ് പ്രൊഫൈല്‍ ഭംഗിയുറ്റതാക്കുന്നു. ചെറിയ ഫുട്‌സ്റ്റെപ്പും റൂഫിനോട് ചേര്‍ന്നു നില്‍ക്കുന്ന ഗ്രാബ് റെയ്‌ലും ക്ലാസിങ്ങുകളും വിന്‍ഡോയുടെ താഴെയുള്ള ക്രോമിയം ലൈനുകളും വലിപ്പത്തിന്റെ അഭംഗി നിശ്ശേഷം ഇല്ലാതാക്കുന്നു. പിന്‍ഭാഗവും കാണാന്‍ ഭംഗിയുണ്ട്. വശങ്ങളില്‍ നിന്നു നീളുന്ന ടെയ്ല്‍ ലാമ്പും ചെറിയ ബമ്പറുമാണ് പിന്നിലുള്ളത്. ഒരു ക്രോമിയം സ്ട്രിപ്പ് നമ്പര്‍പ്ലേറ്റിനു മേലെയുണ്ട്.

ഉള്ളില്‍
7 സീറ്ററാണ് ട്രെയ്ല്‍ ബ്ലെയ്‌സര്‍. ഒന്നാന്തരം ലെതറിലാണ് സീറ്റുകള്‍ അപ്‌ഹോള്‍സ്റ്ററി ചെയ്തിരിക്കുന്നത്. രണ്ടാംനിര സീറ്റ് അനായാസം മടക്കി മൂന്നാംനിരയില്‍ പ്രവേശിക്കാം. ഒന്ന്, രണ്ട് നിരകളില്‍ ഇഷ്ടം പോലെ ഹെഡ്‌ലെഗ് സ്‌പേസുണ്ട്. മൂന്നാം നിരയില്‍ ലെഗ്‌സ്‌പേസ് ഉണ്ടെങ്കിലും പ്ലാറ്റ്‌ഫോം അല്പം ഉയര്‍ന്നതാണ്. എന്നാല്‍ ഉയരമുള്ളവര്‍ക്കും തല മുകളില്‍ മുട്ടാതെ സുഖമായി മൂന്നാംനിര സീറ്റിലും ഇരിക്കാം.

കമാരോ എന്ന സ്‌പോര്‍ട്‌സ് കാറില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് ഡാഷ്‌ബോര്‍ഡും കണ്‍സോളും രൂപകല്പന ചെയ്തിരിക്കുന്നത്. ക്ലൈമറ്റ് കണ്‍ട്രോള്‍ വൃത്താകൃതിയിലാണ്. വലിയൊരു 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച് സ്‌ക്രീന്‍ ഡാഷ് ബോര്‍ഡിലുണ്ട്. ഇതില്‍ നാവിഗേഷന്‍, മ്യൂസിക് സിസ്റ്റം എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സ്റ്റിയറിംഗ് വീലും മ്യൂസിക്ക്രൂയിസ് കണ്‍ട്രോള്‍ സ്വിച്ചുകളുമുണ്ട്. ഒമ്പത് സ്പീക്കറുകള്‍ സറൗണ്ട് സൗണ്ട് എഫക്ട് നല്‍കുന്നു.

32 സ്റ്റോറേജ് സ്‌പേസുകള്‍ ഈ വാഹനത്തിനുള്ളിലുണ്ട്. കൂടാതെ ഹില്‍ഡിസന്റ് കണ്‍ട്രോള്‍, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ്, എബിഎസ്., ബ്രേക്ക് അസിസ്റ്റ്, കോര്‍ണറിങ് ബ്രേക് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇ.എസ്.പി., സ്റ്റെബിലിറ്റി കണ്‍ട്രോള്‍, എട്ട് എയര്‍ ബാഗുകള്‍ എന്നിവയും.

എഞ്ചിന്‍
2.8 ലിറ്റര്‍ എഞ്ചിന്‍ മിത്‌സുബിഷി പജേരോ സ്‌പോര്‍ട്ടിനെക്കാള്‍ ഓടിക്കാന്‍ ഹരം നല്‍കുന്നുണ്ട്. തായ്‌ലന്‍ഡ് നഗരത്തിലും മോചിറ്റ് എന്ന നഗരപ്രാന്തത്തിലും ഒരു ദിവസം മുഴുവന്‍ ട്രെയ്ല്‍ ബ്ലെയ്‌സര്‍ ഓടിക്കാന്‍ കഴിഞ്ഞു. 197 ബി.എച്ച്.പി. എഞ്ചിനാണ് ട്രെയ്ല്‍ ബ്ലെയ്‌സറിന്. 3600 ആര്‍.പി.എമ്മിലാണ് മാക്‌സിമം പവര്‍ ലഭിക്കുന്നത്. 2000 ആര്‍.പി.എമ്മില്‍ മാക്‌സിമം ടോര്‍ക്കായ 500 ന്യൂട്ടണ്‍ മീറ്റര്‍ ലഭിക്കുന്നു. ഈ വേരിയബ്ള്‍ ജ്യോമട്രി ടര്‍ബോടാര്‍ജ്ഡ് എഞ്ചിനെ ചലിപ്പിക്കുന്നത് 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ്. (ഇന്ത്യയില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ മോഡലിനും സാദ്ധ്യതയുണ്ട്).

4 വീല്‍ ഡ്രൈവ് മോഡലില്‍ ഹിയര്‍ ലിവറിനു സമീപം ട്രാന്‍സ്ഫര്‍ സ്വിച്ചുണ്ട്. സ്വിച്ച് തിരിച്ചാല്‍ 2 ഹൈ (റിയര്‍ വീല്‍ഡ്രൈവ്), 4 ഹൈ, 4 ലേ, ന്യൂട്രല്‍ മോഡുകളിലേക്ക് മാറ്റിയിടാം. 100 കിമീ. വേഗതയെടുക്കാന്‍ ട്രെയ്ല്‍ ബ്ലെയ്‌സറിനു വേണ്ടത് 10.6 സെക്കന്റാണ്. എട്ട് കിലോമീറ്ററോളം മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

ബൈജു എന്‍ നായര്‍

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍