UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആ വെടിയുണ്ടയ്ക്ക് ശേഷം അവളുടെ ജീവിതം

Avatar

ഏലി സാസ്ലോവ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഡോക്ടര്‍മാരും, മനശാസ്ത്രവിദഗ്ദ്ധരും പറഞ്ഞതുപോലെയാണ് അവര്‍ തന്റെ മകളെ സമീപിച്ചത്; ശാന്തമായി, അവധാനതയോടെ, തറപ്പലകകള്‍ കരയാതിരിക്കാന്‍ പരവതാനിക്കുമേല്‍ മൃദുവായി ചവിട്ടി, വീല്‍ചെയറിനടുത്തുകൂടെ, ഊന്നുവടിക്കരികിലൂടെ, കാറ്റൊഴിഞ്ഞുതൂങ്ങുന്ന ബലൂണുകള്‍ക്കും വാടിയ പൂക്കള്‍ക്കുമിടയിലൂടെ. മകള്‍ക്ക് കാണാവുന്ന തരത്തില്‍ അവര്‍ കൈകള്‍ മുന്നോട്ടാക്കിപ്പിടിച്ചു. മകളെ അത്ഭുതപ്പെടുത്താതിരിക്കാന്‍ അവര്‍ തന്റെ വരവ് നേരത്തെക്കൂട്ടി പറഞ്ഞു.  “ഇത് ഞാനാണ്, നിന്റെ അമ്മ.” പിന്നെ സ്നേഹഭരിതമായൊരുറപ്പുമായി കൈകൊണ്ടു മകളുടെ പിറകില്‍ തലോടി. വെടിയുണ്ടയേറ്റ തുളയ്ക്കും കീറിയ മുറിവിനും താഴെയായി മാത്രം തൊടാന്‍ ഏറെ ശ്രദ്ധിച്ചുകൊണ്ട്.

“നീ അതിനു തയ്യാറാണെങ്കില്‍, ഞാനിപ്പോള്‍ അടുത്ത കടയിലേക്കൊന്ന് ഓടിപ്പോയ് വരാം,” ബോനീ ഷാന്‍,52, പറഞ്ഞു.

“നില്‍ക്കൂ, എത്ര നേരത്തേക്ക്?” ഷെയെന്‍ ഫിറ്റ്സ്ജെറാള്‍ഡ്,16, ചോദിച്ചു.

“അധികം നേരമെടുക്കില്ല. ഒറ്റക്കിരിക്കാന്‍ പറ്റുമോ? എനിക്കുറപ്പില്ല.”

ഇതിപ്പോള്‍ 20 ദിവസമായി ബോനീ, പുറത്തുപോകാതെ മകള്‍ക്കൊപ്പം ഇരിക്കുന്നു- ഉംപ്ക്വാ കമ്മ്യൂണിറ്റി കോളേജിലെ പഠനമുറിയില്‍ മറ്റ് 15 പേര്‍ക്കൊപ്പം ഷെയെന്നും വെടിയേറ്റിട്ട് ഒന്നര മാസം കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ അമേരിക്കയിലെ കൂട്ടവെടിവെപ്പുകളില്‍ കൊല്ലപ്പെട്ടവരിലേക്ക് പേരെഴുതിച്ചേര്‍ത്ത് അന്നവിടെ കൊല്ലപ്പെട്ടത് 9 പേരാണ്. 7 പേര്‍ക്കു പരിക്കേറ്റു. കൂട്ടവെടിവെപ്പുകളുടെ ജീവിക്കുന്ന ഇരകള്‍. അങ്ങനെ ആയിരക്കണക്കിന്  പേരുണ്ട്. അറോറയിലെ സിനിമ പ്രദര്‍ശനശാലയിലെ വെടിവെപ്പില്‍ നിന്നും 58 പേര്‍. വാഷിംഗ്ടണ്‍ നാവിക താവളത്തില്‍ നിന്നും 3. കൊളറാഡോ സ്പ്രിങ്സിലെ പള്ളിയില്‍ നിന്നും 1. സാന്‍ ബെര്‍ണാര്‍ഡിനോ-21. റോസ്ബര്‍ഗ്-6. അവിടേക്കാണ് താഴുകളിട്ട് ഭദ്രമാക്കിയ സ്വീകരണ മുറിയെ ഇരുട്ടിലാക്കുന്ന ജനാലവിരികളുള്ള ഒരു വീട്ടിലേക്ക് ഷെയേനെ ആശുപത്രിയില്‍ നിന്നും പറഞ്ഞയച്ചത്.

ഒരു ഡോക്ടര്‍ അവള്‍ക്കൊരു ലഘുലേഖ കൊടുത്തു,“Creating a Safe Space to Recover.” ഭക്ഷണശാലയിലെ പരിചാരിക ജോലിവിട്ടു മകളുടെ മുഴുവന്‍ സമയ ശുശ്രൂഷകയായി ബോണീ. ഷെയാന്റെ ആശുപത്രിക്കിടക്കയാക്കി മാറ്റിയ ഇടത്തിനുമുന്നില്‍ മുന്‍വാതില്‍ക്കാള്‍ ഒരു പലകയില്‍ എഴുതിത്തൂക്കി,“ഒച്ചവെക്കരുത്! ദയവായി വാതിലില്‍ മുട്ടരുത്.” ഓരോ നാല് മണിക്കൂറിനും മണിമുഴക്കാന്‍ ഘടികാരം. ഷെയാനു മരുന്നും മറ്റും നല്കാന്‍. പിന്നെ അവള്‍ക്ക് സുരക്ഷിതത്വം തോന്നിക്കാനും. ഇതാ അവള്‍ക്കുള്ള വേദനസംഹാരികള്‍, വിഷാദമകറ്റാനുള്ള മരുന്നുകള്‍. ഇതാ അവളുടെ ഇളംചുവപ്പ് പുതപ്പ്, അവളുടെ പുതിയ പട്ടിക്കുട്ടി, പ്രസിഡണ്ട് ഒബാമ അയച്ച അനുശോചനക്കത്ത്. അരികത്തുണ്ട് ഒരു രക്ഷക്ക് അവള്‍ ചോദിച്ച ബേസ്ബോള്‍ ബാറ്റ്. അവളുടെ ആദ്യ മാന്‍വേട്ടയുടെ തോക്കും.

“ഞാനൊരു അഞ്ചു മിനിറ്റേ എടുക്കൂ,” ബോണീ പറഞ്ഞു. “നമുക്ക് കുറച്ചു പഴച്ചാറും ഐസും വേണം.”

“ശരി, പൊയ്ക്കൊളൂ.” ഷെയാന്‍ പറഞ്ഞു.

കോളേജിലെത്തി നാലാം ദിവസമാണ് അവള്‍ക്ക് വെടിയേറ്റത്. വെടിയേറ്റവരില്‍ ഏറ്റവും പ്രായം കുറവ്. പരിക്കുപറ്റി രക്ഷപ്പെട്ടവരില്‍ ഏറ്റവും മോശം അവസ്ഥയും അവളുടേതുതന്നെ. തുളവീണ ശ്വാസകോശം. മുറിഞ്ഞ വൃക്ക. പൊട്ടിയ വാരിയെല്ലുകള്‍. ചതഞ്ഞ നാഡികള്‍. വീണ്ടുകീറിയ ആമാശയവും അടിവയറും. കിടക്കയില്‍ നേരെകിടന്നു ഉറങ്ങാനാവില്ല. സഹായമില്ലാതെ നടക്കാനും. ആ ചാരുകട്ടിലില്‍ കിടക്കുകയല്ലാതെ ഏറെയൊന്നും അവള്‍ക്കാവുന്നില്ല. “ഭാഗ്യമുണ്ട്,” എന്നാണ് യുദ്ധത്തില്‍ പരിക്കേറ്റ പട്ടാളക്കാരെ ചികിത്സിക്കുന്നതില്‍ വിദഗ്ദ്ധനായ അവളുടെ ഡോക്ടര്‍ അവളോട് പറഞ്ഞത്. പക്ഷേ ഷെയാന്‍ യുദ്ധം ചെയ്യാന്‍ പോയതല്ലല്ലോ. ഇതുവരെ അവളുടെ ഭാഗ്യമെന്താണെന്ന് അവള്‍ക്ക് മനസിലായിട്ടുമില്ല.

“നിന്റെയൊപ്പം വന്നിരിക്കാന്‍ ഞാനാരോടെങ്കിലും പറയണോ?”

“ഓ, എന്റെ കര്‍ത്താവേ. എനിക്കെന്റെ കാര്യം നോക്കാനറിയാം.”

“ജനാലകള്‍ അടക്കണോ അതോ തുറക്കണോ?”

“ഓ, എന്റെ അമ്മേ,ഒന്നു പോകാമോ!”

ബോണീ കോട്ടെടുത്തു, വാതില്‍ തുറന്നു. തെരുവിനപ്പുറത്തുള്ള അങ്ങാടി അവര്‍ക്ക് കാണാം.

“നിനക്കു കുഴപ്പമൊന്നുമില്ലല്ലോ?”, പക്ഷേ ഇത്തവണ ഷെയാന്‍ മറുപടി പറഞ്ഞില്ല.

ഒരു കൂട്ടവെടിവെപ്പിനേ അതിജീവിച്ച ഇരയുടെ വേഷമിതൊക്കെയാണെന്ന് അവള്‍ തിരിച്ചറിയുകയാണ്: കുഴപ്പമില്ലാതിരിക്കുക, മെച്ചപ്പെടുക, മുറിവുണക്കാനും പിന്നെ പഴയതുപോലെ മുന്നോട്ടുപോകാനും തിരക്കുന്ന ഒരു രാജ്യത്തിനായി ആത്മവിശ്വാസം പ്രകടിപ്പിക്കുക, അങ്ങനെ. അവളുടെ ശസ്ത്രക്രിയസമയത്ത് പുറത്ത് ആളുകള്‍ കാത്തിരുന്നു, ശസ്ത്രക്രിയക്ക് ശേഷം  ആരോഗ്യനില മെച്ചപ്പെട്ടപ്പോള്‍ പത്രസമ്മേളനമുണ്ടായി, രണ്ടാഴ്ച്ചക്കു ശേഷം വീട്ടിലേക്ക് പോകുമ്പോള്‍ ഒരു ചെറിയ ആഘോഷവും. ആശുപത്രി ജീവനക്കാര്‍ ഒരു കുഞ്ഞുകുറിപ്പു കൊടുത്തു. “ധൈര്യമായി മുന്നോട്ട് പോവുക.”

അപ്പോഴേക്കും കോളേജ് വീണ്ടും തുറന്നിരുന്നു. അവളുടെ ക്ലാസുമുറി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. അവര്‍ ശക്തിയാര്‍ജിച്ചു തിരികേവരികയായിരുന്നു. അങ്ങനെയാണ് കോളേജ് ഡീന്‍ പറഞ്ഞത്.

അവളുടെ വാടകവീട്ടില്‍ മാത്രം അങ്ങനെയായിരുന്നില്ല; എല്ലാ ദിവസങ്ങളും ഒരേ പോലെ ഉദിച്ചസ്തമിച്ചു. അതേ കിടക്കയില്‍ അവളും. ഉണര്‍ന്നും ഉറങ്ങിയും. മുറിവുകളില്‍ തട്ടാത്ത ആ വലിയ കാലുറകള്‍ അവള്‍ എന്നും ധരിച്ചു. ആന്തരാവയവങ്ങളെ താങ്ങിനിര്‍ത്താന്‍ ഒരു കൃത്രിമതാങ്ങുണ്ടായി. അവളുടെ മുടി പശപിടിച്ചൊട്ടിയതുപോലെയായി. ഒന്നു കുളിക്കുക എന്നാല്‍ അത്രയേറെ വേദനാജനകമായിരുന്നു. മേശപ്പുറത്ത് അഞ്ചുകൂട്ടം മരുന്നുകള്‍. ഈ മരുന്നൊക്കെ കഴിച്ചു ഓക്കാനം വരുന്നതിന് അപ്പുറത്തൊരു പ്ലാസ്റ്റിക് കുട്ട. തിരികെ സ്കൂളില്‍ പോകാനാവില്ല. അല്ലെങ്കില്‍ ഗിറ്റാര്‍ വായിക്കാന്‍, വണ്ടിയോടിക്കാന്‍, ശ്വാസം വിടാതെ നിര്‍ത്താതെ വര്‍ത്തമാനം പറയാന്‍;  അവളാ നിശബ്ദതയില്‍ വെറുതെയിരിക്കുന്നു, മറ്റെല്ലാവരും പോയ ആ ഏഴു മിനിറ്റുകളെയോര്‍ത്ത്. തോക്കുധാരി അവളുടെ മേലെയായിരുന്നു. വെടിയുണ്ട പിന്‍ഭാഗം തുരന്ന് പുറത്തുപോയി.

അവള്‍ക്കതിനെപ്പറ്റി സംസാരിക്കണം. തനിക്കറിയുന്ന ഒരാളോട്-മനശാസ്ത്ര വിദഗ്ദ്ധനോടല്ലാതെ- അന്നുമുതല്‍ താന്‍ ചിന്തിക്കുന്നതൊക്കെ അവള്‍ക്ക് പറയണം. “ഞാനവിടെ വെറുതെ കിടന്നു. ഞാനാരെയും രക്ഷിച്ചില്ല. എനിക്ക് നിലത്തുനിന്നും എഴുന്നേല്‍ക്കാന്‍ പോലുമായില്ല.” പക്ഷേ അവള്‍ക്ക് ചുറ്റുമുള്ള എല്ലാവരും ആഗ്രഹിക്കുന്നത്,കഴിഞ്ഞത് കഴിഞ്ഞു, ഇനി അതുവിട്ട് അവള്‍ പുറത്തുവരണമെന്നാണ്.

ജില്ല അസിസ്റ്റന്‍റ് അറ്റോര്‍ണി വന്നു. കയ്യിലൊരു പൂച്ചെണ്ടും ഒപ്പം 7,200 ഡോളറൈന്‍റെ ചെക്കും. വെടിയേറ്റവര്‍ക്കുള്ള ചികിത്സ  ധനസഹായം. “നല്ല ദിവസങ്ങള്‍ വരട്ടെ” അവര്‍ ആശംസിച്ചു.

അവളുടെ ഏറ്റവും അടുത്ത സുഹൃത് സാവന്ന വന്നു. മാനസികസമ്മര്‍ദം കുറയ്ക്കാന്‍  ചായം കൊടുക്കാനുള്ള ഒരു പ്രത്യേക പുസ്തകവുമായി. “നിന്റെ പേടിസ്വപ്നങ്ങള്‍ക്ക്.”

പിന്നെ ബോണി വന്നു. അടുക്കളക്കും സ്വീകരണമുറിക്കുമിടയില്‍ തിരക്കിട്ട് ഓടിക്കൊണ്ടേയിരുന്നു. ഉറക്കമില്ലാതെ അവരുടെ കണ്ണുകള്‍ ചുവന്നിരുന്നു. മടിപിടിച്ചു മിടിക്കുന്നോരു ഹൃദയം കൈകളില്‍ വിറ പടര്‍ത്തിയിരുന്നു. “നല്ലതുമാത്രം വിചാരിക്കുക,നല്ലത് മാത്രം,” അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെപ്പറയാന്‍ ഒരു തെറാപ്പിസ്റ്റ് പറഞ്ഞിരുന്നത്രെ.

അപ്പോള്‍ അവളുടെ ഒരു സഹോദരനെത്തി. റെയ്മീ,24.“ഞാന്‍ എന്തെങ്കിലും കൊണ്ടുവരണോ.?” പിന്നെ മറ്റൊരു സഹോദരന്‍ ജെസ്സി വന്നു. രണ്ടു വലിയ പെട്ടികളുമായി. ഒന്നവള്‍ക്ക് നല്കി. “ഒരു സമ്മാനം, തുറന്നു നോക്ക്.” അകത്തു കയ്യിട്ടപ്പോള്‍ ചെറിയ തോക്കുപോലെയുള്ള ഒന്ന്.

6 വയസുള്ളപ്പോള്‍ മുതല്‍ അവള്‍ക്ക് തോക്കുണ്ട്. അവളുടെ അച്ഛന്‍ കൊടുത്തത്. 12 വയസുള്ളപ്പോള്‍ അവള്‍ ആദ്യത്തെ മാനിനെ വീഴ്ത്തി. രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ ഒന്നുകൂടി. “ഞാനെന്നും തോക്കിന്റെ ആളായിരുന്നു.” ഇപ്പോള്‍ സ്വയരക്ഷക്ക് കുരുമുളക് വെള്ളം തെറിപ്പിക്കാവുന്ന തോക്കിന്റെ മാതൃകയിലുള്ള ഒന്നില്‍ കയ്യോടിക്കുകയാണവള്‍. അവളുടെ കൈവെള്ളയില്‍ തോക്കിന്‍കുഴല്‍. ചൂണ്ടുവിരലില്‍ കാഞ്ചി.

“അങ്ങനെ തൊടാന്‍ ഒരു സുഖമില്ലേ,?”അവസാനമായി ഒരു തോക്കെടുത്തത് എന്നായിരുന്നുവെന്ന് ഷെയാന്‍ ആലോചിക്കവേ ജെസ്സി ചോദിച്ചു.

“സ്കൂളിലേക്കുള്ള പഴ്സില്‍ വെക്കാവുന്നത്ര ചെറുതാണ്,” ജെസ്സി പറഞ്ഞു. പൊടുന്നനെ ഷെയാന് ഉപ്പും, ലോഹവും ചോരയും മണത്തു. അതിനു ഒരു മാനിന്റെ മണം ഒട്ടുമുണ്ടായിരുന്നില്ല.

“ഞാന്‍ ശരിയാക്കിത്തരണോ?” ജെസ്സി ചോദിച്ചു.

“ഇപ്പോള്‍ വേണ്ട,”

ജെസ്സി അത് പെട്ടിയില്‍ തിരികെവെച്ചു.

ടി വിയില്‍ ഒരു പഴയ ചലച്ചിത്രം. അതിലിരുട്ട് കയറുന്നു. “വേറെന്തെങ്കിലും കാണണോ” ബോണീ ചോദിച്ചു. പക്ഷേ ഷെയാന്‍ ശ്രദ്ധിച്ചില്ല. അവളപ്പോഴും സ്കൂളിനെക്കുറിച്ചാണ് ആലോചിച്ചത്. ആ ഏഴു മിനിട്ടിനെക്കുറിച്ച് ഒരിക്കല്‍  അവള്‍ മനശാസ്ത്ര വിദഗ്ദ്ധനോട് പറഞ്ഞിരുന്നു. ബോണിയും അരികിലുണ്ടായിരുന്നു. മുഴുവനാകും മുമ്പേ ബോണിയുടെ പേസ്മേക്കര്‍ പ്രശ്നമുണ്ടാക്കി. “എനിക്കിതൊന്നും കേള്‍ക്കാനുള്ള ശക്തിയില്ല,” അങ്ങനെ പറഞ്ഞ് ബോണി പുറത്തുപോയി കോഴിക്കു തീറ്റ കൊടുത്തു. ഇപ്പോള്‍ ഷെയാന്‍ ഒന്നുകൂടി ശ്രമിക്കുകയാണ്.

“ഞാനിപ്പോഴും ചിന്തിക്കുന്നത് ആ തന്തയില്ലാത്തവന്‍ എന്റെ മുകളില്‍ കയറി എന്നാണ്,” അവള്‍ പറഞ്ഞ്.

ബോണി അപ്പുറത്തേയ്ക്കിരുന്നു. കസേരയിലെ പൊടിതട്ടി. ഷെയാന്റെ കിടക്കക്കരികിലെ മേശയില്‍ ഒരു കഴുകാത്ത പിഞ്ഞാണമിരിക്കുന്നു. അവരതെടുത്തു.

“ഞാനൊരു മനുഷ്യനല്ലാതാത്തപോലെ,” ഷെയാന്‍ പറഞ്ഞു. “ഞാന്‍ ഒന്നുമല്ലാത്ത പോലെ.”

ബോണി എഴുന്നേറ്റ്. “നിനക്കെന്തെങ്കിലും തരട്ടെ? അല്പം പഴച്ചാര്‍?” ഷെയാന്‍ മറുപടി പറയും മുമ്പേ അവര്‍ അടുക്കളയില്‍പോയി ഒരു ഗ്ലാസില്‍ പഴച്ചാറുമായി വന്നു. തന്റെ നെഞ്ചില്‍ കനം വെക്കുന്നതും പേസ്മേക്കര്‍ മുരളുന്നതും അവരറിഞ്ഞു. ഷെയാന്റെ ഗ്ലാസില്‍ ഐസ് കട്ടകള്‍ ഇടാന്‍ അവര്‍ ഫ്രിഡ്ജ് തുറന്നു. പക്ഷേ ഐസ് സഞ്ചി നിറഞ്ഞു വീര്‍ത്തിരുന്നു. “ഞാനിവിടെ ഐസ് പൊട്ടിക്കാന്‍ പോവുന്നു. നീ കുറച്ചു വലിയ ശബ്ദങ്ങള്‍ കേള്‍ക്കും,” അകത്തുനിന്നും ബോണി ഷെയാനോട് വിളിച്ചുപറഞ്ഞു.

“എത്രയെണ്ണം,” ഷെയാന്‍ ചോദിച്ചു. ബോണി സഞ്ചിയെടുത്ത് തലയ്ക്ക് മുകളില്‍ പിടിച്ചു. “ഒന്നോ രണ്ടോ.” ബോണി സഞ്ചിയെടുത്ത് നിലത്തിട്ടു. ഒന്ന്. ഒന്നുകൂടി.

ഷെയാന്‍ ചെവികള്‍ പൊത്തിപ്പിടിച്ചു. മുഖം ചുളിച്ച് ഫോണിലേക്ക് തുറിച്ചു നോക്കി.

മറ്റൊന്നുകൂടി.

അവളുടെ കണ്ണുകള്‍ തുറിച്ചു. “നാശം, അതെന്തായിരുന്നു,” അവള്‍ അലറി. “ആ മൂന്നാമത്തെ പൊട്ടല്‍ എന്തായിരുന്നു?”

“ഇതിപ്പോഴും പൊട്ടിയിട്ടില്ല. ഒന്നുകൂടി ഉണ്ടാകും.” ബോണി പറഞ്ഞു.

“കര്‍ത്താവേ, എത്രയെണ്ണമുണ്ടാകും.?

പിന്നാലെ, പിന്നാലേ രണ്ടെണ്ണം. ബോണി തിരികെ വന്നപ്പോഴേക്കും ഷെയാന്‍ കാലുകള്‍ നെഞ്ചോടമര്‍ത്തി പുതപ്പെടുത്തു തലവരെയിട്ടു.

“ആരെങ്കിലുമെന്നെയൊന്ന് പുറത്തുകൊണ്ടുപോ,” ഒരുദിവസം വൈകീട്ട് ഷെയാന്‍ പറഞ്ഞു. “എവിടെപ്പോയാലും മതി. എനിക്കൊന്നു പോണം.”

ബോണീ ഷെയാന് ഒരുടുപ്പ് കൊണ്ടുവന്നു. ഷൂസുകളിടാന്‍ സഹായിച്ചു. ഊന്നുവടിയും വീല്‍ചെയറും കാറില്‍ കയറ്റി. ഷെയാന് കിടക്കാന്‍ പാകത്തില്‍ സീറ്റ് നിവര്‍ത്തിയിട്ട് തലയിണകള്‍ വെച്ചു. സീറ്റിനടുത്ത് ഒരു ബേസ്ബോള്‍ ബാറ്റും. പിന്നെയവര്‍ തെരുവുകളിലൂടെ ഓടിച്ചുപോയി.

തന്റെ മൂന്നാമത്തേയും അവസാനത്തെയും കുട്ടിയായ ഷെയാന്‍ കുടുംബത്തിലേറ്റവും മിടുക്കിയാണെന്ന് ബോണീ എപ്പോഴും കരുതിയിരുന്നു. റെമിയുടെ പേരില്‍ മയക്കുമരുന്നു കേസുണ്ടായിരുന്നു. നല്ലൊരു ജോലി കിട്ടുന്നതിന് മുമ്പ് ജെസ്സിക്കുമുണ്ടായിരുന്നു മയക്കുമരുന്ന് ശീലം. ഷെയാനായിരുന്നു മയക്കുമരുന്ന് ഉപയോഗിക്കാത്തത്, കുടുംബത്തിന്റെ സാമ്പത്തിക നിലയെപ്പറ്റി നോക്കിയിരുന്നത്, വളര്‍ത്തുമൃഗങ്ങളെ ഓമനിച്ചത്, വണ്ടിയുടെ അറ്റകുറ്റപണികള്‍ നടത്തിയത്, പെട്ടന്നു വളരാനും പുറത്തുപോകാനും കൊതിച്ചത്. ഹൈസ്കൂളില്‍ നിന്നും വിട്ടുപോന്നു GED-യില്‍ നല്ല മാര്‍ക്ക് വാങ്ങി കമ്മ്യൂണിറ്റി കോളേജില്‍ ചേര്‍ന്നു. ആദ്യമായിട്ടാണ് കുടുംബത്തില്‍ നിന്നും ഒരാള്‍ അങ്ങനെ പോകുന്നത്. കോളേജില്‍ ചേര്‍ന്ന് രണ്ടാം ദിവസം തനിക്കൊരു നഴ്സാകണമെന് അവള്‍ തീരുമാനിച്ചു. മൂന്നാം ദിവസം കുഞ്ഞുങ്ങളെ നോക്കുന്ന നഴ്സാകാം എന്നും. പക്ഷേ നാലാം ദിവസം കോളേജില്‍ നേരത്തെയെത്തിയ അവള്‍ പിന്നെ വീട്ടില്‍ തിരിച്ചെത്തിയത് പരസഹായമില്ലാതെ അനങ്ങാനാകാതെയാണ്.

അവര്‍ വണ്ടിയോടിച്ച് പോകവേ ഒരു കാപ്പിക്കടയില്‍ ജനാലക്കരികില്‍ ഒരു ചിഹ്നത്തോടെ ഒരു പോസ്റ്റര്‍:”10% ലാഭം ഇരകള്‍ക്ക് നല്കും.”

“ഞാന്‍ വാസ്തവത്തില്‍ ഒരിരയായിരുന്നു,” ഷെയാന്‍ കടയില്‍ കാശുവാങ്ങാനിരുന്ന പെണ്‍കുട്ടിയോട് പറഞ്ഞു.

“എന്തിന്റെ?” ആ പെണ്‍കുട്ടി തിരിച്ചുചോദിച്ചു.

ഷെയാന്‍ ആ ചിഹ്നത്തിന് നേരെ കൈചൂണ്ടി. “ഓ, വെറുതെ,തമാശ പറയുന്നു” കടക്കാരി പറഞ്ഞു. അവള്‍ പുഞ്ചിരിച്ചു. കുടിക്കാന്‍ പറഞ്ഞത് വന്നു. “വലിച്ചുകുടിക്കാനുള്ള കുഴല്‍ വേണോ?”

ഒറ്റത്തവണ ഇതിനുമുമ്പ് മാളില്‍ കൂട്ടുകാരോടോത്ത് വീല്‍ചെയറില്‍ പോയി. പക്ഷേ തിരികെ വന്നപ്പോഴേക്കും നിര്‍ജ്ജലീകരണവും പനിയും മൂലം  ആശുപത്രിയിലായി. പക്ഷേ ഇപ്പോള്‍ സുഖം തോന്നുന്നു, പുറത്തുപോകാനും. “എനിക്ക് പുതിയ തണുപ്പുകുപ്പായം വേണം.” കാരണം ശസ്ത്രക്രിയാ കഴിഞ്ഞപ്പോഴേക്കും അവളുടെ 20 പൌണ്ട് ഭാരം കുറഞ്ഞു. പഴയ കുപ്പായങ്ങളൊക്കെ വലുതായി. ബോണീ ഷെയാനിഷ്ടപ്പെട്ട ഒരു കടയിലേക്ക് വണ്ടിവിട്ടു. വീല്‍ചെയര്‍ പുറത്തെടുത്തു. വാതിലിനടുത്തേക്കുന്തി. പക്ഷേ അതൊരു പഴയ കടയായിരുന്നു. വീല്‍ചെയറിനുള്ള ചാഞ്ഞ വഴി ഉണ്ടായിരുന്നില്ല. അവരതൊന്നു പോക്കിയെടുക്കാന്‍ നോക്കി. പക്ഷേ വീല്‍ചെയര്‍ മുട്ടില്‍ ഇടിച്ചു. “എന്താണാ ശബ്ദം?” ഷെയാന്‍ ചോദിച്ചു. “ഒന്നുമില്ല” ബോണീ പറഞ്ഞു. അവരുടെ കാല്‍മുട്ടില്‍ നീരുവരാന്‍ തുടങ്ങിയിരുന്നു. വേദന കടിച്ചുപിടിച്ച് അവര്‍ വീല്‍ചെയര്‍ വീണ്ടും പൊക്കിയെടുത്തു. വാതിലനടുത്ത് ആരെങ്കിലുമത് തുറക്കാനായി അവര്‍ കാത്തു. അകത്തു സ്ത്രീകളുടെ തുണിത്തരങ്ങള്‍ മുകള്‍നിലയിലാണ്. കടയില്‍ എസ്കലേറ്ററോ ലിഫ്ടോ ഇല്ല.

ശപിച്ചുകൊണ്ട് ഷെയാന്‍ ഊന്നുവടിയുമായി കോണി കയറാന്‍ തുടങ്ങി.

“നീയെന്താണീ കാട്ടുന്നത്,” ബോണീ ഓടിയെത്തി.

“എനിക്ക് കുഴപ്പമില്ല.” പക്ഷേ അപ്പോഴേക്കും പകുതികയറിയ അവള്‍ക്ക് ശ്വാസം കിട്ടാതായിരുന്നു. അവളുടെ വലത്തെ കാല്‍ മടങ്ങി. അവളാ കൈവരിയില്‍ താങ്ങിനിന്നു.

“നിനക്ക് പറ്റില്ല,” ബോണീ പറഞ്ഞു.

“എന്താണ് ചെയ്യേണ്ടതെന്ന് പറയുന്നതൊന്ന് നിര്‍ത്തുമോ!” ഷെയാന്‍ പറഞ്ഞു. അപ്പോഴേക്കും അവള്‍ മുകളിലെത്തിയിരുന്നു. അവിടെ സ്ത്രീകളുടെ തണുപ്പുകുപ്പായം ഉണ്ടായിരുന്നില്ല. “നിങ്ങള്‍ കളി പറയുകയാണോ?” അവളുടെ കാലുകള്‍ തളരാന്‍ തുടങ്ങിയിരുന്നു. ശ്വാസം മുട്ടുന്നു. നെഞ്ച് പിടയ്ക്കാന്‍ തുടങ്ങി. വാരിയെല്ലുകള്‍ ഉന്തിവന്നു. തിരിഞ്ഞു താഴേയ്ക്കിറങ്ങിയ അവള്‍ തളര്‍ന്നുവീണു.

“എന്നെയിവിടുന്നൊന്ന് പുറത്തുകടത്തൂ.” ബോണീ ധൃതിയില്‍ വീല്‍ചെയറുമായി വന്നു. “പോകാന്‍,” ഷെയാന്‍ തിരക്കുകൂട്ടി. തുണിയലമാരകള്‍ക്കിടയിലൂടെ വഴികണ്ടെത്താന്‍ ബോണീ കുഴങ്ങി.

“കര്‍ത്താവേ! നിങ്ങള്‍ക്കിത്ര വിവരമില്ലെ? ഒരു കാര്യവും ശരിയായി ചെയ്യാന്‍ പറ്റില്ലെ?” ഷെയാന്‍ ആക്രോശിച്ചു. ബോണീ വീണ്ടും വാതില്‍പ്പടി കടക്കാന്‍ വീല്‍ചെയര്‍ പൊക്കുകയായിരുന്നു. ഒരു 16-കാരി പെണ്‍കുട്ടിയുടെയും 50 പൌണ്ട് വീല്‍ച്ചെയറിന്റെയും ഭാരത്തില്‍ അവരുടെ നടുവളഞ്ഞു. അതിന്റെ പട്ടകള്‍ അവരുടെ കാലിലമര്‍ന്നു.

“അതേയ്, ഞാനൊരു ഹോട്ടല്‍ ജോലിക്കാരിയാണ്, നഴ്സല്ല. എന്റെ തല തിന്നാതെ. ഞാന്‍ ശ്രമിക്കുകയാണ്.”

അവര്‍ ഷെയാനെ തിരികെ കാറില്‍ കയറ്റി. വീല്‍ചെയര്‍ മടക്കിവെക്കാന്‍ നോക്കുമ്പോള്‍ അതൊട്ട് ചുരുക്കിക്കയറ്റാനും പറ്റുന്നില്ല. പലതവണ നോക്കി പറ്റുന്നില്ല.

“നിങ്ങള്‍ ശരിക്കാണോ ചെയ്യുന്നത്?” ഷെയാന്‍ അവരെ നോക്കി ചോദിച്ചു. “എത്രതവണ ചെയ്താലാണ് ഇത് പഠിക്കുക? പൊക്കിയിട്ടു വലിക്കൂ. അത്ര വിഷമമാണോ?”

“ഓ,ശരി” ബോണി പറഞ്ഞു. അവരൊന്ന് പിന്നിലേക്ക് മാറിനിന്ന് വീല്‍ചെയര്‍ നോക്കി. നല്ലതുമാത്രം ചിന്തിക്കൂ. അവര്‍ മനസില്‍ പറഞ്ഞു. ഒന്നുകൂടി ശ്രമിച്ചു. പറ്റുന്നില്ല.

അപ്പോഴേക്കും ഷെയാന്‍ വാതില്‍ തുറന്നുവന്നിരുന്നു. ബോണീയെ തള്ളി മാറ്റി അവള്‍ വീല്‍ചെയറിനടുത്തെത്തി.

“നിര്‍ത്ത്, ഞാന്‍ ചെയ്യാം. ഇത് മനസിലാക്കാനുള്ള വിവരമില്ലെങ്കില്‍.”

താന്‍ പറയുന്നത് ഒട്ടും സൌമ്യമായല്ലെന്ന് അവള്‍ക്കറിയാം. “ക്ഷമിക്ക് അമ്മേ” ഓരോ തവണത്തെ പൊട്ടിത്തെറിക്കും ശേഷം അവള്‍ പറയും. വാസ്തവത്തില്‍ ദേഷ്യം വരുന്നത് നന്നെന്നു തോന്നുന്നു. അലറാന്‍, ശപിക്കാന്‍… കാരണം അവള്‍ക്ക് ദേഷ്യമില്ലാത്തപ്പോള്‍ മിക്കപ്പോഴും അവള്‍ പേടിച്ചിരിക്കുകയാണ്: പേടിസ്വപ്നങ്ങള്‍, ഏകാന്തത, തെരുവിനപ്പുറത്തെ പള്ളിയിലെ വണ്ടികള്‍ നിര്‍ത്തുന്നിടത്തുനിന്നും എത്തിനോക്കുന്ന നീളന്‍ നിഴലുകള്‍, പിന്നോട്ടോടുന്ന കാറുകള്‍, ഇപ്പോള്‍ വാതില്‍ക്കല്‍ മുട്ടുന്ന ശബ്ദം അടുത്തുവരുന്നു. “നാശം, എന്താണത്,” കിടക്കയില്‍ ചുരുണ്ടുകൊണ്ട്, ചെവിപൊത്തി അവള്‍ പറയുന്നു.

ഡസ്റ്റിനായിരുന്നു. റെയ്മിയുടെ സുഹൃത്തുക്കളിലൊരാള്‍. “ഓ, ഹേ, ഷെ.” അവനവളുടെ മുറിവുകളിലെക്കൊന്നു പാളിനോക്കി. “അതിനെക്കുറിച്ച് ഞാനെന്തെങ്കിലും ചോദിച്ചാല്‍ നിനക്കു കുഴപ്പമുണ്ടോ? അറിയാനാ.”

“പിന്നെന്താ, അത് നല്ലതാണ്,” അവള്‍ പറഞ്ഞു.

“ശരി, ഞാനിപ്പോള്‍ വരാം.”

അവളാ ചാരുകിടക്കയില്‍ കാത്തിരുന്ന്. ഒരുപക്ഷേ അന്ന് ക്ലാസ്മുറിയില്‍ നടന്നത് അമ്മ കേള്‍ക്കില്ലായിരിക്കും, പക്ഷേ ഇപ്പോള്‍ ഡസ്റ്റിന്‍ കേള്‍ക്കും. മനശാസ്ത്ര വിദഗ്ദ്ധന് പുറമെ വെടിയേല്‍ക്കുമ്പോള്‍ എങ്ങനെയാണെന്ന് അവളോടു ചോദിച്ചത് ആശുപത്രിയിലെ ഒരു നഴ്സ് മാത്രമായിരുന്നു. മറ്റെല്ലാവരും ബലൂണുകളും ആശംസ കുറിപ്പുകളും ധീരതയെയും സ്ഥൈര്യത്തെയും കുറിച്ചുള്ള മുദ്രാവാക്യങ്ങളുമായാണ് വന്നത്. അവള്‍ക്ക് സ്ഥൈര്യമുണ്ടോ എന്ന്, ധീരയാണോ എന്ന്മാത്രം ആരും ചോദിച്ചതെയില്ല. അവള്‍ അവനോടു അതൊക്കെ പറയും.

ഡസ്റ്റിന്‍ റെമിയുടെ കിടപ്പുമുറിയില്‍പ്പോയി വാതിലടച്ചു. പിന്നെ തിരികെ വന്നു. ഒരു സിഗരറ്റും പുകച്ചുകൊണ്ട് അവന്‍ ആര്‍ക്കും കേള്‍ക്കാത്ത പാട്ടിനൊപ്പിച്ച് നൃത്തം ചെയ്യുന്നത് അവള്‍ കണ്ടു. വീണ്ടുമവന്‍ മുറിയിലേക്കുപോയി. ഇത്തവണ ഒരു മണിക്കൂറെടുത്തു. അവള്‍ വീണ്ടും ഒരു വേദനസംഹാരി ഗുളികയെടുത്ത് വിഴുങ്ങി. ഊന്നുവടിയില്‍ നില്‍ക്കാനും പിന്നെ ചാരി ഇരിക്കാനും തെറാപ്പിസ്റ്റ് പഠിപ്പിച്ചത് അവള്‍ക്കറിയാം. ഡസ്റ്റിന്‍ മടങ്ങി വന്നു. ഇത്തവണ ഹെഡ്ഫോണുമായിട്ടാണ്.

“അമ്മേ, എനിക്കു വിശക്കുന്നു.” ഷെയാന്‍ വിളിച്ചുപറഞ്ഞു. അവളുടെ വലത്തെ കാല്‍ മരവിച്ചിരിക്കുന്നു. ഒരു വശം വേദനിക്കുന്നു. “ഈ വീട്ടില്‍ ഭക്ഷണമൊന്നുമില്ലെ? എനിക്കു ചൈനീസ് വേണം.”

“ശരി, പൊന്നേ,” ബോണീ പറഞ്ഞു. റെയ്മിയും ഡസ്റ്റിനും അവിടെയുള്ളതിനാല്‍ ബോണീ കാറെടുത്തു, അടുത്ത ഭക്ഷണശാലയിലേക്ക് പോയി. സൂര്യവെളിച്ചം വണ്ടിയില്‍ നിറഞ്ഞു. അവര്‍ ജനാലച്ചില്ല് താഴ്ത്തി. 

കുറച്ചാഴ്ച്ചകള്‍ക്ക് മുമ്പ്,ഷെയാന്‍ ആശുപത്രിയില്‍ കിടക്കവേ, വെടിവെപ്പിന്റെയന്നു ഷെയാന്‍ പോയ വഴിയിലൂടെ ബോണീ വണ്ടിയോടിച്ചു. കോളേജ് വളപ്പിനടുത്തേക്ക്, ഷെയാന്‍ കുടിക്കാനെന്തെങ്കിലും വാങ്ങാന്‍ നിന്ന കടയ്ക്കരികില്‍. ഷെയാനെ ഓര്‍മ്മിക്കുന്നുവോ എന്നവര്‍ കടക്കാരനോടു ചോദിച്ചു. ഇല്ലായിരുന്നു. അന്നത്തെ എന്തെങ്കിലും സി സി ടി വി ദൃശ്യം? അയാളത് തപ്പിയെടുത്ത് കാണിച്ചു. തന്റെ മകള്‍  നടക്കുന്നതു അവര്‍ സ്ക്രീനില്‍ നോക്കിയിരുന്നു. അവളുടെ കയ്യില്‍ മൂന്നു എനര്‍ജി ഡ്രിങ്കുണ്ടായിരുന്നു. കടക്കാരനോടു ചിരിക്കുന്നു,നന്ദി പറയുന്നു, കൈവീശുന്നു, ഒരു തമാശ കേട്ടു ചിരിക്കുന്നു, പിന്നെ വണ്ടിക്കടുത്തേക്ക് നടക്കുന്നു. അവള്‍ കോളേജില്‍ പോവുകയാണ്. അവളൊരു നഴ്സാകാനാണ് പോകുന്നത്. അല്‍പനിമിഷങ്ങള്‍ക്കുശേഷം അവള്‍ ബോണീയെ വിളിച്ചിരുന്നു,“ഈ പാതകളുടെ വലിപ്പത്തോളം എനിക്കമ്മയെ ഇഷ്ടമാണ്.” അങ്ങനെ അവര്‍ പരസ്പരം ഇടക്കിടെ പറയുമായിരുന്നു. “ഇതൊന്നുകൂടി കാണിക്കാമോ,?” ബോണി കടക്കാരനോടു ചോദിച്ചു. മൂന്നാം തവണ അയാള്‍ അവര്‍ക്കതിന്റെ പകര്‍പ്പ് നല്‍കാമെന്ന് വാഗ്ദാനം ചെയ്തു.

 ചൈനീസ് ഭക്ഷണവും വാങ്ങി ബോണി തിരികെയെത്തി. കോഴിക്കറിയില്‍ നല്ല എരിവായിരുന്നു. ചോറാണെങ്കില്‍ അവള്‍ക്കിഷ്ടമുള്ളത്ര വെന്തിട്ടുമില്ല.

“എന്റെ വിശപ്പ് കെട്ടു. ഇതൊക്കെ എന്റടുത്തുനിന്നും മാറ്റിവെക്കൂ.”

അവര്‍ സ്വീകരണമുറിയില്‍ ഫോണുകളില്‍ നോക്കിയിരുന്നു. നായ കിടന്നു മുരളുന്നു. കുഴല്‍ പൊട്ടി അഴുക്കുവെള്ളം മുറ്റത്തെക്കൊഴുകുന്നുണ്ട്. ബോണി ടി വി തുറന്നു. ഡസ്റ്റിന്‍ റിമിയുടെ മുറിയില്‍ നിന്നും പുറത്തുവന്നിരിക്കുന്നു. ഷെയാന്റെ കഥ കേള്‍ക്കാമെന്ന് അവന്‍ പറഞ്ഞിട്ടിപ്പോള്‍ 8 മണിക്കൂര്‍ കഴിഞ്ഞു. “നമ്മള്‍ സംസാരിക്കുന്നുണ്ടോ ഇല്ലേ?” ഷെയാന്‍ ചോദിച്ചു. അവന്‍ അവളെ ശൂന്യമായൊരു നോട്ടം നോക്കി. ചുമലുകള്‍ കുലുക്കി. അവന്‍ റെയ്മിയുടെ മുറിയിലേക്ക് മടങ്ങിപ്പോകുന്നത് അവള്‍ നോക്കിയിരുന്നു. പിന്നെ മടങ്ങിവന്ന് ബാക്കിയുള്ള ചൈനീസ് ഭക്ഷണം കഴിക്കുന്നതും.

“ഡസ്റ്റിനോട് പോകാന്‍ പറയോ, അവനെനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു,” അവള്‍ ബോണീയോട് പറഞ്ഞു.

“വേഗം പോ,” ഒരു 10 ഡോളര്‍ അവനെറിഞ്ഞുകൊടുത്തു ബോണീ.

അന്ന് രാത്രി അവിടെക്കൂടാമെന്നായിരുന്നു അവന്‍ കരുതിയത്. എവിടേയും പോകാനില്ല. “ഞാനൊന്നും ഇതുവരെ ചോദിച്ചില്ല,” അവന്‍ ഷെയാനോട് പറഞ്ഞു. പക്ഷേ അവള്‍ക്കിപ്പോള്‍ അവനോടു സംസാരിക്കണ്ടായിരുന്നു. ഇരുട്ടിത്തുടങ്ങി. ഉറക്കംവരുന്നുണ്ട്. 

അവള്‍ കിടക്കുന്ന അതേ മുറിയിലാണ് ബോണീയും കിടക്കുന്നത്. രാത്രിയില്‍ അവള്‍ ഇടക്കിടെ ഉണരും. വാരിയെല്ലുകളുടെ വേദന, മനംപിരട്ടല്‍, പേടിസ്വപ്നങ്ങള്‍. നഗരത്തിനപ്പുറത്തുള്ള അച്ഛനുമൊത്തു ഒരു കാര്‍ വാങ്ങാന്‍ പോയതായിരുന്നു അവള്‍ കഴിഞ്ഞ ദിവസം കണ്ട സ്വപ്നം. തനിക്ക് കിട്ടിയ ധനസഹായം ഉപയോഗിച്ച് ഒരു പഴയ വണ്ടി വാങ്ങാന്‍ പോയതായിരുന്നു. പെട്ടന്ന് ഒരു തോക്കുധാരി ചാടിവീണു. “വെടിവെക്കല്ലേ!” ഷെയാന്‍ അലറി. എന്തോ കാരണം കൊണ്ട് അയാള്‍ വെടിവെയ്ക്കാതെ തിരിഞ്ഞു നടന്നു. എന്നിട്ട് തോക്ക് അച്ഛന് നേരെ ചൂണ്ടി, വെടിവെച്ചു.

പേടിക്കാനും ദേഷ്യം വരാനും  അവള്‍ക്ക് ഒരുപാട് കാരണങ്ങളുണ്ട്. ബോണീയുടെ നാലാമത്തെ പേസ്മേക്കറിന്റെ ബാറ്ററി തീരാറായി. ശാന്തമായിരിക്കണം. അവര്‍ വാലിയം എടുത്തു കഴിച്ചു. ഹൃദ്രോഗവിദഗ്ദ്ധനെ കാണാന്‍ സമയം കുറിച്ചിട്ടുണ്ട്. ആ മന്ത്രം അവര്‍ വീണ്ടും ഉരുവിട്ടു. ഷെയാന്റെ പുതിയ 11 ഡോക്ടര്‍മാരുടെയും പേരുകള്‍ ഉരുവിടാന്‍ തുടങ്ങി. മറന്നപ്പോള്‍ എഴുതിവെയ്ക്കാനും.

അവരുടെ ജീവിതം നിറയെ പ്രതിസന്ധികളായിരുന്നു; 17-ആം വയസില്‍ ഗര്‍ഭിണിയായി, പീഡനങ്ങള്‍ നിറഞ്ഞൊരു ബന്ധം, 8 ഹൃദയ ശസ്ത്രക്രിയകള്‍,ഒരു മകന്‍ തടവിലായി, മറ്റൊരുത്തന്‍ മയക്കുമരുന്നിന് അടിമ. ജെസ്സി കൊടുത്തൊരു ലോക്കറ്റ് അവര്‍ കഴുത്തിലിട്ടിട്ടുണ്ട്. “ഒരു കുട്ടി ഒരിയ്ക്കലും പറയാതെതന്നെ അമ്മക്ക് മനസിലാകും,” അതിലെഴുതിയിരിക്കുന്നു. എങ്ങനെയോ വെടിവെപ്പിന്റെ ദിവസം ബോണിയും എന്താണ് ചെയ്യേണ്ടതെന്ന് മനസിലാക്കി. “നീ എവിടെയാണ്?” ആദ്യ മിനിട്ടുകളില്‍ ബോണീ ഷെയാന് സന്ദേശമയച്ചു. “ഉത്തരം” വീണ്ടും സന്ദേശം. എല്ലാ മാതാപിതാക്കളും കോളേജ് മൈതാനത്തെത്തിയപ്പോള്‍ ബോണീ അടിയന്തര ചികിത്സ കേന്ദ്രത്തിലേക്ക് വണ്ടിയോടിച്ചു. എത്തിയപ്പോള്‍ ശസ്ത്രക്രിയമുറിയിലേക്ക് ഉന്തിക്കൊണ്ടുപോകുന്ന ഒരു സ്ട്രെച്ചറില്‍ ഷെയാന്‍-മുടിയിലാകെ രക്തം കട്ടപിടിച്ചിരുന്നു, വസ്ത്രങ്ങള്‍ കീറിയിരിക്കുന്നു,അവളുടെ ബോധം നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമത്തില്‍ ഒരു നഴ്സ് അവളോടു ജന്‍മനാള്‍ ചോദിച്ചുകൊണ്ടിരുന്നു.

ആ ദൃശ്യങ്ങള്‍ മറക്കാന്‍ ശ്രമിക്കുകയാണ് ബോണീ. ഷെയാന്‍ അന്ന് ധരിച്ച വസ്ത്രങ്ങള്‍ വെച്ച സഞ്ചി കാറില്‍ നിന്നെടുത്തിട്ടില്ല. അത് തുറക്കാനോ തൊടാനൊ പോലും അവര്‍ക്ക് ഭയമാണ്. മകള്‍ക്ക് വെടിവെപ്പിനെക്കുറിച്ച് സംസാരിക്കണമെന്ന് അവര്‍ക്കറിയാം. പക്ഷേ അത് താങ്ങാനുള്ള ശേഷി അവര്‍ക്കില്ല. ഓരോ തവണ ആശുപത്രിയില്‍ പോകുന്നതും കഠിനമാണ്. തന്റെ മകളെ വൈദ്യശാസ്ത്രത്തിന്റെ ഭാഷയില്‍ അവര്‍ ചര്‍ച്ച ചെയ്യും; തിരിച്ചുവരവ് എത്ര ദുര്‍ഘടമാണെന്നും. 

നാഡികളുടെ കേടുകള്‍, ഉറക്കമില്ലായ്മയും ദേഷ്യവും വരുത്തുന്ന ആകാംക്ഷ പ്രശ്നങ്ങള്‍, ഉയര്‍ന്ന നാഡീമിടിപ്പ്, അതുനോക്കാന്‍ ഇനിയുമൊരു വിദഗ്ധന്‍, വാരിയെല്ലുകള്‍ക്കിടയില്‍ ഒരു ചെറിയ കഷ്ണം വെടിയുണ്ടയുണ്ടെന്ന് നാഡീരോഗ വിദഗ്ധന്‍, അതവിടെത്തന്നെ ഇരിക്കുമെന്നും.

ഒരു ദിവസം കാണേണ്ട അഞ്ചു ഡോക്ടര്‍മാരില്‍ ആദ്യത്തെയാളുടെ അടുത്തേക്ക് പോകുമ്പോള്‍ ബോണീ ഷെയാനോട് പറഞ്ഞു,”നല്ല ചിന്തകള്‍ നല്ല ഫലങ്ങളിലേക്ക് നയിക്കും.” ശസ്ത്രക്രിയ വിദഗ്ദ്ധനടുത്തേക്കായിരുന്നു. ബോണി വീല്‍ചെയര്‍ ശരിയാക്കി. ഷൂവിടാന്‍ സഹായിച്ചു. എക്സ് റെ നോക്കി ഡോക്ടര്‍ പറഞ്ഞു,”നോക്കട്ടെ.” പിന്നേയും വരേണ്ടി വരും. ദ്രവം ഇനിയുമുണ്ടെങ്കില്‍ അതെടുക്കേണ്ടി വരും.

തിരികേവരുമ്പോള്‍ വീല്‍ചെയര്‍ വാതില്‍പ്പടിയില്‍ തട്ടി. “വിഡ്ഡി, നിങ്ങളെന്തൊക്കെയാണ് ചെയ്യുന്നത്,” വീല്‍ചെയറിന്റെ നിയന്ത്രണം കയ്യിലെടുത്തു ഷെയാന്‍ പറഞ്ഞു. ബോണീ കടലാസുകള്‍ വാങ്ങാന്‍ അവിടെ നിന്നു. “ഇത്തവണ എന്റെ പേര് തെറ്റാതെ പറയുമല്ലോ അല്ലേ?” അവള്‍ ആശുപത്രി ജീവനക്കാരിയോട് ചോദിച്ചു. “കര്‍ത്താവേ, ഒന്നു വേഗം. ഞാന്‍ ചെയ്യണോ?”

“ക്ഷമിക്കണം,” ബോണീ അവരോടു പറഞ്ഞു.

“സാരമില്ല, അവള്‍ക്ക് ദേഷ്യപ്പെടാന്‍ അവകാശമുണ്ട്. നിങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ലല്ലോ,” ജീവനക്കാരി ചോദിച്ചു.

ഇല്ലെന്ന് തലകുലുക്കിയെങ്കിലും ബോണീ കരയാന്‍ തുടങ്ങി. “എന്തുപറ്റി?” ജീവനക്കാരി മേശക്കപ്പുറത്തുനിന്നും കയ്യെത്തിച്ചുതൊട്ട് ചോദിച്ചു. ആരും അതുവരെ അങ്ങനെ ചോദിച്ചിട്ടില്ല. ബോണീ തന്റെ ജീവിതം എന്തായെന്ന് പറഞ്ഞുതുടങ്ങി. ശബ്ദമുണ്ടാക്കാത്ത നടത്തം, മര്‍മ്മരങ്ങള്‍, ശാപവാക്കുകള്‍, പൊട്ടിത്തെറികള്‍, സ്വീകരണമുറിയിലെ ബേസ്ബോള്‍ ബാറ്റും കിടപ്പുമുറിയിലെ തോക്കും, രാത്രികളില്‍ വേദനയില്‍ പുളഞ്ഞുള്ള ഷെയാന്റെ നിലവിളികള്‍, തന്റെ കയ്യെത്തിപ്പിടിക്കുന്നത്,ഒന്നുകൂടി അടുത്തിരിക്കാന്‍ പറയുന്നത്, സൂര്യനുദിക്കുന്നതോടെ അവള്‍ തന്നെ ശപിച്ചുകൊണ്ട് തള്ളിമാറ്റുന്നത്.

“അവളിങ്ങനെയൊന്നും ആയിരുന്നില്ല. ഓരോ ദിവസവും ഇങ്ങനെ അടുത്ത ദിവസത്തിലേക്ക് ഇഴഞ്ഞുകയറുകയാണ്. ഒരു ദിവസവും നന്നാകുന്നില്ല. എനിക്കെന്റെ മോളെ എവിടേയും കാണാനുകുന്നില്ല. ഞാന്‍ ഭ്രാന്ത് പറയുകയാണോ?”

“അല്ല, ഭ്രാന്തല്ല,” ജീവനക്കാരി പറഞ്ഞു. അവര്‍ പിന്നെയുമെന്തോ പറയാന്‍ തുടങ്ങി. പക്ഷേ ബോണീ ഇടയില്‍പ്പറഞ്ഞുതുടങ്ങി.

“എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. ഞാനൊരു ഹോട്ടലില്‍ വിളമ്പുകാരി മാത്രമാണ്. അവള്‍ക്ക് എന്താണ് ഇഷ്ടമാകുക, എന്താണ് നന്നാവുക, എന്താണ് മോശമാവുക  എന്ന് എനിക്കറിയില്ല. അവള്‍ക്ക് ഭയമാണ്. ദേഷ്യമാണ്. ഒന്നും കേള്‍ക്കുന്നില്ല. എല്ലാവരും സാധാരണ നിലയിലാവുകയാണ്. അവളാകട്ടെ മോശമാവുകയും. ഞങ്ങള്‍ക്ക് സഹായം വേണം. ഇപ്പോളാണ് സഹായം വേണ്ടത്. എനിക്കിത് ഏറെ നാള്‍ കൊണ്ടുപോകാനാവില്ല. എന്റെ ഹൃദയം-ഞാന്‍ ബാറ്ററികളിലാണ് ഓടിക്കൊണ്ടിരിക്കുന്നത്- ഞങ്ങള്‍ ഏതാണ്ട് എല്ലാത്തിന്റെയും വക്കത്തെത്തിക്കഴിഞ്ഞു.”

അവരുടെ സെല്‍ഫോണ്‍ അടിക്കാന്‍ തുടങ്ങി; ഷെയാന്‍. ഒന്നുനിര്‍ത്തി നീണ്ടൊരു ശ്വാസംവിട്ട് ബോണി പറഞ്ഞു,”ഹായ്, ഷി-ഷി”. അപ്പുറത്തുനിന്നും അടക്കിയ ആക്രോശങ്ങള്‍. ആശുപത്രി ജീവനക്കാരിക്ക് കൂടി കേള്‍ക്കാവുന്ന വിധത്തില്‍ ബോണീ ഫോണ്‍ പിടിച്ചു. പിന്നെ തിരികെ ചെവിയില്‍ വെച്ചു. “എനിക്കറിയാം, ക്ഷമിക്ക്. നീ പറഞ്ഞത് ശരിയാണ്. ഞാനിതാ വരുന്നു. ഇപ്പോ എത്താം.”

ഫോണ്‍ സഞ്ചിയിലിട്ട് ബോണീ യാത്ര പറഞ്ഞിറങ്ങി. ജീവനക്കാരി ഒരു മനശാസ്ത്ര വിദഗ്ധന്റെ ഫോണ്‍ നമ്പര്‍ കൊടുത്തു. ആവശ്യമുള്ളപ്പോള്‍ വിളിക്കാന്‍. ബോണീ എലെവേറ്റര്‍ വാതിലിനടുത്തേക്ക് ഓടി. അവരുടെ കണ്ണുകള്‍ ചുകന്നിരുന്നു. “അവളെന്നെ ഇങ്ങനെ കാണാന്‍ പാടില്ല.” കുളിമുറിയില്‍ പോയി മുഖമൊക്കെ കഴുകി അവര്‍ താഴോട്ടിറങ്ങി. വീല്‍ചെയറില്‍ മകളിരിക്കുന്നത് ബോണിക്ക് കാണാം-വാരിയെല്ലില്‍ വെടിയുണ്ട, കൂനിയ പുറം, ചുരുട്ടിയ മുഷ്ടികള്‍, ശ്വാസകോശങ്ങളില്‍ നിറയുന്ന ദ്രവം. ഷെയാന്റെ അടുത്തെത്തി വെടിയുണ്ട തുളച്ച മുറിവിന് താഴെ അവര്‍ കൈ മൃദുവായി വെച്ചു. ‘ദാ,ഞാനെത്തി.”

“എന്താ ഇത്ര താമസം? അവിടെന്തെങ്കിലും പ്രശ്നമുണ്ടോ?”

“ഇല്ല, ഈ കടലാസുകളൊക്കെ ശരിയാക്കാന്‍ എനിക്കു വല്ല്യ പിടിയില്ലെന്നറിഞ്ഞൂടെ,” ഷെയാന്‍റെ വണ്ടിയുന്തി തന്നെത്തന്നെ കളിയാക്കിക്കൊണ്ട് നിത്തിണിതിരി പിന്നിലാ.”

“ശരി,” ഷെയാന്‍ പറഞ്ഞു.’മതി”

“തന്തയില്ലാത്തവന്‍ എന്റെ പിന്നിലാ വെടിവെച്ചത്.”

ഷെയാന്‍ വീണ്ടും ശ്രമിക്കുകയാണ്. ഈ വിശദാംശങ്ങളൊക്കെ അവള്‍ അമ്മയോട് പറഞ്ഞതാണ്. പക്ഷേ ഇത്തവണ സ്വീകരണമുറിയില്‍ വന്ന റെയ്മിയെ കേള്‍പ്പിക്കാനാണ്. ബോണി, ഡസ്റ്റിന്‍, അല്ലെങ്കില്‍ ആരെങ്കിലും ഇനിയിപ്പോള്‍ റെയ്മിയെങ്കിലും ഒരു മിനിറ്റ് നിന്നു കേള്‍ക്കട്ടെ. അവന്റെ ചെവിയില്‍ ഹെഡ്ഫോണ്‍. “ഏയ്, പെങ്ങളെ,” അവന്‍ വിളിക്കുന്നു.

“അവന്‍ എന്റെ പിന്നിലാ വെടിവെച്ചത്.” അവള്‍ വീണ്ടും പറഞ്ഞു.

അവന്‍ ഒന്നു നിന്നു ഒരു കാത് സ്വതന്ത്രമാക്കി. “എന്തെങ്കിലും വേണോ?”

“വേണ്ട, എന്റെ കര്‍ത്താവേ, നീയൊന്ന് ഇരിക്കാമോ?”

“നീയിവിടെ ഇരിക്കുന്ന കാണുമ്പോള്‍ ഞാനെപ്പോഴും ഒരേ കാര്യത്തെയാണ് ഓര്‍ക്കുന്നത്,” അവള്‍ പറഞ്ഞു. അവനെഴുന്നേല്‍ക്കുന്നില്ല എന്നു കണ്ടപ്പോള്‍ അവള്‍ തന്റെ എഴുത്ത് ക്ലാസിനെക്കുറിച്ച് പറയാന്‍ തുടങ്ങി. 35-ഓളം പേര്‍. അവളുടെ ഇരിപ്പിടം “പിന്നിലെ മൂലയില്‍ വാതിലില്‍ നിന്നും ദൂരെയായിരുന്നു.” അവളുടെ അദ്ധ്യാപകന്‍: 60-കളുടെ ഒടുവിലെത്തിയ ഒരാള്‍. ഷെയാന് തിരിച്ചറിയാത്ത ഒരു ചെറുപ്പക്കാരന്‍ പിന്നില്‍ തൂക്കിയ ഒരു സഞ്ചിയും രണ്ടു കൈത്തോക്കുകളുമായി ക്ലാസിന്റെ വാതില്‍ കടന്നുവന്നു. “ഞാനിതിന് കാത്തിരിക്കുകയായിരുന്നു,” അയാള്‍ പറഞ്ഞു. എന്താണ് പറഞ്ഞതെന്നോ സംഭവിക്കുന്നതെന്നോ മനസിലാക്കുന്നതിന് മുമ്പേ അയാള്‍ അദ്ധ്യാപകനടുത്തേക്ക് ഏതാനും അടി അടുത്തെത്തി, കാഞ്ചി വലിച്ചു. “ഒറ്റ വെടി, പിന്നെ നിറയെ ചോര.”

“ദൈവമേ,” കയ്യിലിരുന്ന റിമോട് കണ്‍ട്രോള്‍ കാര്‍ താഴെ വെച്ച് റെയ്മീ പറഞ്ഞു.

“അയാള്‍ തീര്‍ത്തും സ്വാഭാവികമായാണ് അത് ചെയ്തത്,” ഷെയാന്‍ പറഞ്ഞു.

മുറിയുടെ നടുവിലേക്കു നില്‍ക്കാന്‍ അയാള്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. എങ്ങനെയാണ് തന്റെ സുഹൃത് അന്നയോടു താന്‍ ചേര്‍ന്ന് നിന്നതെന്ന് ഷെയാന്‍ റെയ്മിയോട് പറയുകയാണ്. ഒരു വീല്‍ചെയറിലിരുന്ന സ്ത്രീ കരഞ്ഞുപറഞ്ഞിട്ടും അക്രമി അവരെ വെടിവെച്ചു. പിന്നെ,”നിന്നെ ഇങ്ങനെയാക്കിയതെന്തായാലും എനിക്കു സഹതാപമുണ്ട്” എന്നാണ് ഒരാള്‍ പറഞ്ഞത്. അക്രമി സഞ്ചിയില്‍ നിന്നും പിന്നേയും തിരകള്‍ നിറച്ചു. ഷെയാന്‍ നിലംപറ്റിക്കിടന്നു. തൊട്ടടുത്തായി തളംകെട്ടിയ രക്തം. അടുത്തടുത്തുവരുന്ന കാലടിശബ്ദം. അവള്‍ അന്നയുടെ കൈകള്‍ പിടിക്കാനാഞ്ഞു. പിടിച്ചപ്പോള്‍ കൈകള്‍ പുളഞ്ഞു. അവള്‍ക്ക് വെടിയേറ്റതായിരുന്നു. അക്രമി തന്റെ മേലെനില്‍ക്കുന്നു. പിന്നെ വെടിയുണ്ടയുടെ  നീറ്റല്‍. പുറത്തു നനവ്. അവള്‍ കണ്ണുകള്‍ മുറുക്കിയടച്ചു.  ബോധം പോയെങ്കില്‍. പക്ഷേ അതുണ്ടായില്ല.

“നിന്റെ മതമേതാണ്?” അവള്‍ക്ക് ജീവന്നുണ്ടെന്ന് മനസിലായപ്പോള്‍ തോക്കുധാരി ചോദിച്ചു. അറിയില്ലെന്നും,തനിക്ക് 16 വയസേ ആയുള്ളൂവെന്നും അവള്‍ മറുപടി പറഞ്ഞു. “എനിക്കു മരിക്കണ്ട.” എന്തോ കാരണത്താല്‍ അയാള്‍ അവള്‍ക്കൊരു അവസരം നല്കി. “എഴുന്നേല്‍ക്ക്, ഞാന്‍ വേറെയാരെയെങ്കിലും വെടിവെച്ചോളാം.” അവള്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ കാലുകള്‍ അനങ്ങുന്നില്ല. “എഴുന്നേല്‍ക്ക്.” പക്ഷേ ഇത്തവണ അയാള്‍ അവളുടെ കൈകളുടെ മുകളിലാണ് നിന്നിരുന്നത്. അവള്‍ക്കാകെ ചെയ്യാനുണ്ടായിരുന്നത് വെടിയേറ്റ തന്റെ സുഹൃത്തിനടുത്ത് അടുത്ത വെടിയുണ്ടയും കാത്തു കിടക്കുകയാണ്. അവള്‍ക്കറിയാമായിരുന്നു അത് വരാന്‍ പോവുകയാണെന്ന്. ഏത് നിമിഷത്തിലും. പക്ഷേ പകരം വാതില്‍ക്കല്‍ ശബ്ദങ്ങള്‍ കേട്ടു. അക്രമി അതുനോക്കാന്‍ ഓടി. വീണ്ടും ശബ്ദങ്ങള്‍, വെടിയൊച്ചകള്‍, അക്രമി തിരികെ ക്ലാസുമുറിയില്‍ വന്നു. തോക്ക് സ്വന്തം തലയില്‍ ചൂണ്ടി കാഞ്ചി വലിച്ചു.

“അപ്പോഴാണ് ഞാന്‍ ഉന്‍മാദിയെപ്പോലെയായത്.”  അവള്‍ റെയ്മിയോട് പറഞ്ഞു. “ഞാന്‍ ചുമയ്ക്കാനും രക്തം തുപ്പാനും തുടങ്ങി. ഞാന്‍ മരിക്കാന്‍ പോവുകയാണെന്ന് എനിക്കറിയാമായിഒരുന്നു.”

റെയ്മി അവളെ നോക്കി. അവള്‍ക്കരികെ ബേസ്ബോള്‍ ബാറ്റ്, കുഞ്ഞ് വേട്ടക്കത്തി, തോക്കിന്റെ മാതൃക. ബോണിയുടെ സഹതാപം കിട്ടാന്‍ പെരുപ്പിച്ച് പറയുകയാണെന്ന് അവന്‍ ഒരിക്കലവളെ കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോഴേന്താണ് പറയേണ്ടതെന്ന് അവന് പിടിയില്ല. “എന്നോട് ക്ഷമിക്ക്,” അവസാനം അവന്‍ പറഞ്ഞു. “നീ ഇത്ര കരുത്തുള്ളവളാണെന്ന് എനിക്കറിയില്ലായിരുന്നു.”

അവള്‍ അവനെ നോക്കി. പുതപ്പൊന്നു ശരിയാക്കി.

“ഞാന്‍ ധീരയായിരുന്നില്ല. അതാണ് സത്യം.എനിക്കു എഴുന്നേല്‍ക്കാന്‍ പോലും കഴിയില്ലായിരുന്നു.ഒന്നുമല്ലാത്തതുപോലെ ഞാനവിടെ കിടന്നു.”

അവള്‍ തല ചായ്ച്ചു. കണ്ണുകളടച്ചു. അയഞ്ഞ കാലുറകളിട്ടുണ്ട്. അവളുടെ വാരിയെല്ലുകള്‍ വേദനിക്കുന്നതുകൊണ്ട് ഒരുവശത്തേക്ക് ചെരിഞ്ഞു. “ഓഹ്, ഒന്നു നിര്‍ത്താമോത്.” റെയ്മി അവളുടെ അരികിലെത്തി. അവനാ നായക്കുട്ടിയെ അവളുടെ മടിയിലേക്കുതന്നെ വെച്ചു. “എന്താ വേണ്ടത്? ഞാനെന്താ ചെയ്യണ്ടത്?”

“ഒന്നും വേണ്ട.” ഇപ്പോളവളുടെ ദേഷ്യം ശമിച്ചിരുന്നു. ശബ്ദം ശാന്തമാണ്. അവളത് പറഞ്ഞുകഴിഞ്ഞു. ഒടുവില്‍ ഒരാളോട് അത് പറഞ്ഞിരിക്കുന്നു. അത് രക്ഷപ്പെയാളുടെ ജീവിതത്തിലെ ഒരു പുരോഗതിയല്ലേ? അത് സ്ഥൈര്യമല്ലേ? അവള്‍ പുതപ്പെടുത്ത് കഴുത്തുവരെ മൂടി. നിറം കൊടുക്കുന്ന പുസ്തകമെടുത്ത് ഒരു വ്യാളിയെ ചായം പൂശാന്‍ തുടങ്ങി. ബോണീ വന്നു, പിസയുണ്ട്, തണുപ്പിച്ച കാപ്പിയുണ്ട്.

വീണ്ടും ഒരു വന്‍ ശബ്ദം!

“എന്താ അത്,” ഷെയാന്‍ ചോദിച്ചു. വീണ്ടും വീണ്ടും ശബ്ദം. ആരോ വാതിലില്‍ മുട്ടുകയാണ്. ഡസ്റ്റിനായിരുന്നു.

“നീയെന്നെ പേടിപ്പിച്ചു.” ഷെയാന്‍ പറഞ്ഞു. പുറത്ത് ഇരുട്ട് പരക്കുകയാണ്. തെരുവുവിളക്ക് വീട്ടിലേക്ക് നീളത്തില്‍ നിഴലുകള്‍ വീഴ്ത്തുന്നു. വണ്ടികളുടെ വെളിച്ചം ജനാലയില്‍ പതിച്ചു. പുതപ്പ് ഒന്നുകൂടി വലിച്ചിട്ട് അവള്‍ വീണ്ടും നിറം കൊടുക്കാന്‍ തുടങ്ങി.

വീണ്ടും വാതിലില്‍ മുട്ടുകേട്ടു. “കര്‍ത്താവേ,” നെഞ്ചമര്‍ത്തി ഒരുവശത്തേക്ക് ചുളിഞ്ഞു ഷെയാന്‍. റെയ്മിയുടെ പെണ്‍സുഹൃത്തായിരുന്നു അത്. “ക്ഷമിക്കണം ഷി.”

വീണ്ടും കൊട്ട്. “എന്തൊരു നരകമാണിത്?” ഡസ്റ്റിന്‍  തന്നെയായിരുന്നു ഇത്തവണയും.

“എനിക്കു ശ്വാസം കിട്ടുന്നില്ല,” അവള്‍ പറഞ്ഞു. ബോണീ വെള്ളവുമായി ഓടിവന്നു. ജനാലകള്‍ തുറന്നു. ഇപ്പോള്‍ തെരുവിനപ്പുറം പള്ളിക്കടുത്ത് ഉദ്യാനത്തില്‍ ആരോ നടക്കുന്നത് അവള്‍ക്ക് കാണാം. റെയ്മിയുടെ സുഹൃത്തുക്കളാരോ ആണ്. പക്ഷേ അവള്‍ക്ക് തിരിച്ചറിയാനായില്ല. അയാള്‍ ചെറുപ്പമാണെന്ന് മാത്രേ മനസിലാകുന്നുള്ളൂ. നല്ല ഉയരമുണ്ട്. കയ്യിലെന്തോ ഉണ്ട്. ഒരു സഞ്ചി? പുറത്ത് തൂക്കുന്ന വലിയ സഞ്ചി?“ആരാ അത്?” ചാരുകിടക്കയുടെ കൈവരി മുറുക്കെപ്പിടിച്ച് അവള്‍ ചോദിച്ചു. “എന്താണയാള്‍ക്ക് വേണ്ടത്? എവിടെയാണയാള്‍ പോകുന്നത്?”

അയാള്‍ അവരുടെ മുറ്റത്തെത്തി.

അയാള്‍ മുറ്റം കടന്നു.

അയാള്‍ വാതില്‍ക്കലേക്ക് വരുന്നു.

“നില്‍ക്കൂ,” ഷെയാന്‍ പറഞ്ഞു. അയാള്‍ വാതിലില്‍ മുട്ടുകയാണ്. പിന്നേയും, പിന്നേയും.

“അമ്മേ!” ചാരുകിടക്കയില്‍ അള്ളിപ്പിടിച്ച് അവള്‍ കരഞ്ഞുവിളിച്ചു.

“അമ്മേ, രക്ഷിക്ക്! ഒന്നുവാ, എനിക്കമ്മയെ വേണം.”

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍