UPDATES

ഇന്ത്യ

23 കുട്ടികള്‍ മരിച്ച ഛപ്ര ഉച്ചഭക്ഷണ ദുരന്തം; പ്രഥമാധ്യാപികയ്ക്ക് 17 വര്‍ഷം തടവ്

അഴിമുഖം പ്രതിനിധി

ബിഹാറിലെ ഛപ്രയില്‍ ഒരു പ്രാഥമിക വിദ്യാലയത്തിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 23 കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രഥമാധ്യാപികയെ കോടതി 17 വര്‍ഷം തടവിനു ശിക്ഷിച്ചു. കീടനാശിനിയുടെ പാത്രത്തില്‍ കടുകെണ്ണ അശ്രദ്ധമായി സൂക്ഷിച്ചെന്നാണ് പ്രഥമാധ്യാപിക മിന ദേവിക്കു മേല്‍ ചുമത്തിയ കുറ്റം.മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റത്തിന് 10 വര്‍ഷം തടവും കുറ്റകരമായ അനാസ്ഥയ്ക്ക് ഏഴു വര്‍ഷം തടവുമാണ് അഡീഷണല്‍ ജില്ലാ കോടതി വിധിച്ചത്. രണ്ടു ശിക്ഷകളും ഒന്നിച്ചനുഭവിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന ഗണത്തിലുള്‍പ്പെടുത്തിയാണ് കോടതി കേസ് പരിഗണിച്ചത്. അതുകൊണ്ടാണ് രണ്ടു ശിക്ഷയും തുടര്‍ച്ചയായി അനുഭവിക്കണമെന്ന് കോടതി വിധിച്ചതെന്ന് പ്രോസിക്യൂട്ടര്‍ സുരേന്ദ്ര സിംഗ് പറഞ്ഞു. തടവു ശിക്ഷയ്ക്കു പുറമെ രണ്ടു കുറ്റങ്ങള്‍ക്കുമായി 3.75 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനായതില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സംതൃപ്തി രേഖപ്പെടുത്തു.

അതേസമയ വിധി പട്‌നാ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മിന ദേവി വ്യക്തമാക്കി. ‘തടവു ശിക്ഷ തുടച്ചയായാണോ ഒന്നിച്ചാണോ അനുഭവിക്കേണ്ടത് എന്നത് കോടതിയുടെ തീരുമാനത്തിനനുസരിച്ചാണ്. ഛാപ്ര കേസില്‍ കുറ്റകൃത്യത്തിന്റെ ഗൗരവം പരിണഗിച്ചായിരിക്കാം കോടതി തുടര്‍ച്ചയായി 17 വര്‍ഷം ശിക്ഷയനുഭവിക്കണമെന്ന് വിധിച്ചത്,’ പട്‌നാ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ തുഹിന്‍ ശങ്കര്‍ പറയുന്നു.

കേസന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം മിന ദേവിക്കുമേല്‍ ചുമത്തപ്പെട്ട കൊലപാതകം, വധശ്രമം, കുറ്റകരമായ ഗൂഢാലോചന എന്നീ കുറ്റങ്ങളില്‍ നിന്നും കോടതി അവരെ വിമുക്തയാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച സംഘത്തിന്റെ ശക്തമായ വാദത്തെ കോടതി തള്ളുകയായിരുന്നു. മിന ദേവിയുടെ ഭര്‍ത്താവ് അര്‍ജുന്‍ യാദവിനേയും കോടതി കുറ്റവിമുക്തനാക്കിയിട്ടുണ്ട്.

സ്‌കൂളില്‍ ഉച്ചഭക്ഷണം തയാറാക്കുന്നതിന് ആവശ്യമായ വസ്തുക്കള്‍ പ്രഥമാധ്യാപിക മിന ദേവി തന്റെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. ദുരന്തത്തിനു കാരണമായ സോയാബീന്‍ കറിയില്‍ ചേര്‍ത്ത കടുകെണ്ണ സൂക്ഷിച്ചിരുന്നത് കീടനാശിനിയുടെ ടിന്നിലാണെന്നു കണ്ടെത്തിയിരുന്നു. ഈ ടിന്നില്‍ കീടനനാശിനിയുടെ അംശവും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കരിമ്പു കര്‍ഷകനായ മിനയുടെ ഭര്‍ത്താവ് കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള കീടനാശിനിയും വീട്ടിലായിരുന്നു സൂക്ഷിച്ചിരുന്നത്. ദുരന്ത ദിവസം കടുകെണ്ണയുടെ നിറം മാറ്റം പാചകക്കാരും ഏതാനും വിദ്യാര്‍ത്ഥികളും മിനയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും അവരത് അവഗണിക്കുകയായിരുന്നു.

ഛാപ്രയിലെ ഒരു കമ്മ്യൂണിറ്റി സെന്ററില്‍ ഒറ്റ ഹാളില്‍ പ്രവര്‍ത്തിച്ചിരുന്ന ഗന്‍ഡാമന്‍ പ്രൈമറി സ്‌കൂളില്‍ 80 വിദ്യാര്‍ത്ഥികളാണ് ദുരന്ത ദിവസം സോയാബീന്‍ കറി കൂട്ടി ഊണ് കഴിച്ചത്. പുസ്തക വിതരണം കൂടി അന്നു നടക്കുന്നതിനാല്‍ സ്‌കൂളിലെ ഏതാണ്ടെല്ലാ വിദ്യാര്‍ത്ഥികളും ക്ലാസിലെത്തിയിരുന്നു. ദുരന്തത്തെ തുടര്‍ന്ന് ഈ സ്‌കൂള്‍ പിന്നീട് തൊട്ടടുത്ത ഗ്രാമത്തിലേക്ക് മാറ്റി സ്ഥാപിച്ചെങ്കിലും മാസങ്ങളോളം വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ നിന്നു ലഭിക്കുന്ന ഉച്ചഭക്ഷണം കഴിക്കാന്‍ തയാറായിരുന്നില്ല. പിന്നീട് 2015-ല്‍ ദുരന്തസ്ഥലത്തിനു സമീപത്തേക്ക് സ്വന്തം കെട്ടിടം പണിത് സ്‌കൂള്‍ മാറ്റിസ്ഥാപിച്ചു. സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കാന്‍ കുട്ടികളെ ഗ്രാമീണര്‍ അനുവദിച്ചെങ്കിലും പലരും ഈ സേവനം ഉപയോഗപ്പെടുത്തുന്നതില്‍ വിമുഖരാണ്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍