UPDATES

ട്രെന്‍ഡിങ്ങ്

നക്‌സലിസത്തിന്റെ പേരില്‍ ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നെന്ന് ജയില്‍ ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍

ആദിവാസികളെ അവരുടെ മണ്ണില്‍ നിന്നും അടിച്ചോടിക്കുന്നു. അവരുടെ ഗ്രാമങ്ങള്‍ കത്തിക്കുകയും സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും ചെയ്യുന്നു

ചത്തീസ്ഗഢിലെ ആദിവാസികളെ പീഡിപ്പിക്കാന്‍ അനുവദിക്കുന്ന തരത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്ന രീതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള വനിത ഉദ്യോഗസ്ഥയുടെ ഫേസ്ബുക്ക് പോസ്റ്റ് സംസ്ഥാന അധികൃതര്‍ക്ക് തലവേദനയാകുന്നു. ‘പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതിന് ഞാന്‍ സാക്ഷിയാണ്.. പോലീസ് സ്‌റ്റേഷനുകളില്‍ വനിത ഉദ്യോഗസ്ഥമാര്‍ 14ഉം 16ഉം വയസുള്ള പെണ്‍കുട്ടികളെ നഗ്നരാക്കുകയും പീഢിപ്പിക്കുകയും ചെയ്യുന്നു.. അവരുടെ കൈകളിലും മാറത്തും വൈദ്യുതാഘാതം ഏല്‍പ്പിക്കുന്നു.. അതിന്റെ പാടുകളും ഞാന്‍ കണ്ടു. ഇതെന്നെ വല്ലാതെ ഭയപ്പെടുത്തുന്നു.. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളില്‍ മൂന്നാം മുറ പ്രയോഗിക്കുന്നത് എന്തിനാണ്? അവരെ ചികിത്സിക്കാനുള്ള നിര്‍ദ്ദേശം ഞാന്‍ നല്‍കിയിട്ടുണ്ട്,’ എന്ന് റായ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ ഡപ്യൂട്ടി ജയിലര്‍ വര്‍ഷ ഡോംഗ്രെ ഹിന്ദിയില്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ രേഖപ്പെടുത്തുന്നു.

ബസ്തറിലെ യുദ്ധത്തിന്റെ ഇരുഭാഗങ്ങളിലും മരിച്ച് വീഴുന്നത് നമ്മുടെ ജനങ്ങള്‍ തന്നെയായതിനാല്‍ ഭരണകൂട തലത്തില്‍ തന്നെ ഒരു ആത്മപരിശോധന അടിയന്തിരമായി നടത്തണമെന്ന് അവര്‍ കുറിപ്പില്‍ ആവശ്യപ്പെടുന്നു. ബസ്തറില്‍ മുതലാളിത്ത വ്യവസ്ഥിതി അടിച്ചേല്‍പ്പിക്കപ്പെടുയാണ്. ആദിവാസികളെ അവരുടെ മണ്ണില്‍ നിന്നും അടിച്ചോടിക്കുന്നു. അവരുടെ ഗ്രാമങ്ങള്‍ കത്തിക്കുകയും സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും ചെയ്യുന്നു. ഭൂമിയും വനവും തട്ടിയെടുക്കാന്‍ വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്. ഇതൊന്നും നക്‌സലിസം അവസാനിപ്പിക്കാന്‍ വേണ്ടി ചെയ്യുന്ന നടപടി അല്ലെന്നും അവര്‍ തുറന്ന് പറയുന്നു.

സുഖ്മയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ നടന്ന മാവോവാദി ആക്രമണത്തിന് പിന്നാലെ വന്ന ഈ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്. വര്‍ഷ ഡോംഗ്രെയുടെ ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന ജയില്‍ വകുപ്പും ഉത്തരവിട്ടിട്ടുണ്ട്.

‘ഇതവരുടെ മണ്ണായതിനാല്‍ ഇവിടം വിട്ട് ആദിവാസികള്‍ക്ക് എങ്ങോട്ടും പോകാന്‍ കഴിയില്ല. പക്ഷെ നിയമം നടപ്പിലാക്കാന്‍ ചുമതലപ്പെട്ടവര്‍ സ്ത്രീകളെയും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയും ലക്ഷ്യമിടുമ്പോള്‍ ഇരകള്‍ നീതിക്ക് വേണ്ടി എവിയാണ് പോകേണ്ടത്,?’ എന്ന് അവര്‍ ചോദിക്കുന്നു. ‘സിബിഐ റിപ്പോര്‍ട്ട് ഇതാണ് പറയുന്നത്, കോടതി ഇതാണ് പറയുന്നത്, ഇതാണ് യാഥാര്‍ത്ഥ്യം. മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും സത്യം പറയുമ്പോള്‍ അവരെ ജയിലിലേക്ക് അയയ്ക്കുന്നു. ആദിവാസി മേഖലകളില്‍ എല്ലാം ശരിയായാണ് നടക്കുന്നതെങ്കില്‍ സര്‍ക്കാര്‍ എന്തിനാണ് ഇത്രയും ഭയപ്പെടുന്നത്? എന്തുകൊണ്ടാണ് ആളുകളെ അങ്ങോട്ട് പോകാന്‍ അനുവദിക്കാത്തത്?’ എന്നും അവര്‍ ചോദിക്കുന്നു.

മറ്റൊരു പൗരനെ പീഡിപ്പിക്കാനോ നിന്ദിക്കാനോ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു നിശ്ചിത രൂപത്തിലുള്ള വികസനം ആദിവാസികളില്‍ അടിച്ചേല്‍പ്പിക്കാനാവില്ല. കര്‍ഷകര്‍ക്കും സൈനീകര്‍ക്കും പരസ്പരം കൊല്ലാന്‍ സാധിക്കില്ല. കാരണം, അവര്‍ സഹോദരന്മാരാണ്. സത്യസന്ധയായ ഉദ്യോഗസ്ഥ എന്ന് പേര് കേട്ട വര്‍ഷ ഡോംഗ്രെ നേരത്തെ പിഎസ്‌സി കുംഭകോണ കേസില്‍ കക്ഷി ചേരുകയും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ വാങ്ങി നല്‍കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ അവര്‍ അത് പിന്‍വലിച്ചു. എന്നാല്‍ പ്രതികരിക്കാനുള്ള തന്റെ പൗരാവകാശം ഉപയോഗപ്പെടുത്തുക മാത്രമാണ് താന്‍ ചെയ്തതെന്ന് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അവര്‍ ചൂണ്ടിക്കാണിച്ചു.

ഏതായാലും വര്‍ഷ ഡോംഗ്രെ ഉന്നയിച്ച പ്രശ്‌നത്തില്‍ അന്വേഷണം നടത്താന്‍ ജയില്‍ അധികൃതര്‍ തീരുമാനിച്ചു. ഡിഐജി പദവിയിലുള്ള ഒരു ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തുമെന്നാണ് ജയില്‍ വകുപ്പ് അറിയിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍