UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഛത്തീസ്ഗഢ്; മാവോയിസ്റ്റുകളെന്നാരോപിച്ച് വസ്തുതാന്വേഷണ സംഘത്തെ അറസ്റ്റ് ചെയ്തു

ആദിവാസി മേഖലകളിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ കുറിച്ച് അന്വേഷിക്കാനായി എത്തിയ ഏഴംഗ തെലങ്കാന ഡെമോക്രാറ്റിക് ഫ്രണ്ട് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്‌

ഛത്തീസ്ഗഢിലെ ആദിവാസി മേഖലയില്‍ വലിയതോതില്‍ നടക്കുന്നതായി പറയപ്പെടുന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ കുറിച്ച് അന്വേഷിക്കാനായി എത്തിയ ഏഴംഗ തെലങ്കാന ഡെമോക്രാറ്റിക് ഫ്രണ്ട് പ്രവര്‍ത്തകരെ ഛത്തീസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ക്രൂരമായ മര്‍ദ്ദനത്തിനു വിധേയരാക്കിയതായും അറിയുന്നു. നിരോധിക്കപ്പെട്ട ഇന്ത്യന്‍ കറന്‍സി കൈവശം വച്ചു, മാവോയിസ്റ്റ് ലഘുലേഖകള്‍ വിതരണം ചെയ്തു എന്നീ കുറ്റങ്ങളാരോപിച്ച് ഛത്തീസ്ഗഢ് സ്‌പെഷ്യല്‍ പബ്ലിക് സെക്യൂരിറ്റി ആക്ട് ഇവര്‍ക്കുമേല്‍ ചാര്‍ജ് ചെയ്തിരിക്കുകയാണ്.

അഭിഭാഷകരായ ബല്ല രവീന്ദ്രനാഥ്, ചിക്കുഡു പ്രഭാകര്‍, ഡി. പ്രഭാകര്‍, സ്വതന്ത്ര്യമാധ്യമ പ്രവര്‍ത്തകനായ ദുര്‍ഗപ്രസാദ്, ഒസ്മാനിയ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥികളായ നസീര്‍, രാജേന്ദ്ര പ്രസാദ്, ആര്‍ ലക്ഷ്മണന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് വേട്ടയെന്ന പേരില്‍ ആദിവാസി മേഖലകളില്‍ സുരക്ഷസൈന്യം സാധാരണക്കാരെ വെടിവച്ചു കൊല്ലുന്നുവെന്ന ആരോപണം ശക്തമാണ്. ഇതേക്കുറിച്ച് അന്വേഷിച്ചറിയാനാണ് ടിഡിഎഫ് പ്രവര്‍ത്തകര്‍ ഡിസംബര്‍ 24 നു ഹൈദരാബാദില്‍ നിന്നും ഛത്തീസ്ഗഢിലേക്ക് പുറപ്പെട്ടത്. എന്നാല്‍ ഇവരെ ദുമ്മുഗുഡത്തുവച്ച് തെലങ്കാന പൊലീസ ആണ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലായവരെ ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ കൊന്റ പ്രദേശത്തുവച്ചു തെലുങ്കാന പൊലീസ് തന്നെ അവിടുത്തെ പൊലീസിനു കൈമാറുകയായിരുന്നുവെന്നാണ് തെലങ്കാന ഡമോക്രാറ്റിക് ഫ്രണ്ട് ജനറല്‍ സെക്രട്ടറി നാരായണ റാവു ആരോപിക്കുന്നത്. എന്നാല്‍ ഛത്തീസ്ഗഢ് പൊലീസ് പറയുന്നത് ഇവരെ സുക്മ ജില്ലയിലെ ധര്‍മപെന്റയില്‍ നിന്ന് അവര്‍ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ്.
നിരോധിച്ച കറന്‍സികളും മാവോയിസ്റ്റ് ലഘുലേഖകളുമായി ഏഴുപേരെ അറസ്റ്റ് ചെയ്‌തെന്നു സുക്മ ജില്ല അഡീഷണല്‍ സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്തവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണെന്നും അറിയുന്നൂ.

അറസ്റ്റിലായവരില്‍ ഒരാളായ അഡ്വ. ഡി പ്രഭാകര്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്; തങ്ങള്‍ക്കെതിരേ ഉള്ള കേസ് അടിസ്ഥാനമില്ലാത്തതും പൊലീസ് കെട്ടിച്ചമച്ചതാണെന്നുമാണ്.

തെലങ്കാനയിലെ ദുമ്മൗഗുഡത്തു നിന്നാണു ഛത്തീസ്ഗഢ് പൊലീസ് തങ്ങളെ അറസ്റ്റ് ചെയ്തത്. അവരുടെ അധികാരപരിധിയില്‍ വരാത്തൊരു സ്ഥലത്തു നിന്നും എല്ലാ നിയമങ്ങളും തെറ്റിച്ചാണ് അവരുടെ പ്രവര്‍ത്തി. ഞാനൊരു ഹൈക്കോടതി അഭിഭാഷകനാണ്. ഞങ്ങളുടെ കൂട്ടത്തില്‍ മാധ്യമപ്രവര്‍ത്തകനും വിദ്യാര്‍ത്ഥികളും ഉണ്ട്; പ്രഭാകര്‍ മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍