UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഛത്തീസ്ഗഡിലെ കലാപ ബാധിത ജില്ലകളില്‍ നിന്ന് ഒരു ഐ.ഐ.ടി വിജയഗാഥ

Avatar

അഴിമുഖം പ്രതിനിധി

ഛത്തീസ്ഗഡിലെ നക്സല്‍ ബാധിത പ്രദേശമായ അംബികപൂരില്‍ നിന്നും കാന്‍പൂറിലെ ഐ.ഐ.ടിയിലേക്ക് 600 കിലോമീറ്ററാണ് ദൂരം.  ജൂലൈ 19നു ഋഷികേശ് ചന്ദ്ര ടിഗ്ഗ ആ ദൂരം മറികടന്നു കഴിഞ്ഞു.  ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് കലാപബാധിത ഗ്രാമങ്ങളില്‍ നിന്നും 27 വിദ്യാര്‍ത്ഥികളാണ് ഛത്തീസ്ഗഡ്‌ സര്‍ക്കാരിന്റെ പ്രയാസ് റസിഡൻഷ്യൽ സ്കൂളില്‍ പഠിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രവേശന പരീക്ഷ വിജയിച്ചിരിക്കുന്നത്. 

18കാരനായ ടിഗ്ഗ ഗണിതശാസ്ത്രത്തിലും സയന്റിഫിക് കമ്പ്യൂട്ടിംഗിലും നാല് വര്‍ഷത്തെ ബിരുദത്തിനാണ് ചേര്‍ന്നിരിക്കുന്നത്. രണ്ടു വര്ഷം മുന്‍പ് വരെ താന്‍ ഐ.ഐ.ടിയെക്കുറിച്ച് കേട്ടിട്ടു പോലുമില്ലായിരുന്നു എന്നാണ് ടിഗ്ഗ പറയുന്നത്. ഐ.ഐ.ടി എന്നല്ല, പിന്തുടരാന്‍ ഒരു സ്വപ്നം പോലും തനിക്കുണ്ടയിരുന്നില്ല എന്നും സര്‍ക്കാരിന്റെ പ്രയാസ് റസിഡൻഷ്യൽ സ്കൂള്‍ ഇല്ലായിരുന്നെങ്കില്‍ താന്‍ ജീവിതകാലം മുഴുവന്‍ തന്റെ ഗ്രാമത്തില്‍ അകപ്പെട്ടു പോകുമായിരുന്നു എന്നും ടിഗ്ഗ പറഞ്ഞു.

മുഖ്യമന്ത്രി ബാല്‍ ഭവിഷ്യ സുരക്ഷാ യോജനയുടെ ഭാഗമായി 2010 ജൂലൈയിലാണ് പ്രയാസ് റസിഡൻഷ്യൽ സ്കൂളുകള്‍ ഛത്തീസ്ഗഡ്‌ സര്‍ക്കാര്‍ ആരംഭിച്ചത്. സംസ്ഥാനത്തെ മറ്റു സ്കൂളുകളില്‍ നിന്നും പഠിച്ചിറങ്ങിയ കുട്ടികളുടെ പത്താം ക്ലാസ്സ്‌ പരീക്ഷയുടെ ഫലം അനുസരിച്ച് ഏറ്റവും മികച്ച കുട്ടികളെ ആണ് റായ്പൂര്‍, ബിലാസ്പൂര്‍, ജഗ്ദാല്‍പൂര്‍, അംബികപൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രയാസ് സ്കൂളുകളിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. അതിനുശേഷം അവരെ മത്സരപരീക്ഷകളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കാന്‍ പരിശീലനം നല്‍കും. 2012നും 2015നും ഇടയില്‍ ഒമ്പത് വിദ്യാര്‍ത്ഥികള്‍ ഐ.ഐ.ടി പ്രവേശനപരീക്ഷ ജയിച്ചിട്ടുണ്ടെങ്കിലും ഇത്തവണത്തെ ഫലം തികച്ചും അപ്രതീക്ഷിച്ചതമായിരുന്നു. 27 വിദ്യാര്‍ത്ഥികള്‍ ഐ.ഐ.ടി പ്രവേശന പരീക്ഷ ജയിക്കുകയും 150ഓളം വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ മറ്റു പ്രമുഖ എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് പ്രവേശനം നേടുകയും ചെയ്തു.

“ഛത്തീസ്ഗഡിലെ ആദിവാസി കുട്ടികള്‍ ഐ.ഐ.ടിയില്‍ പ്രവേശനം നേടുന്നതുവഴി അതിഗംഭീരമായ നേട്ടം ആണ് കൈവരിച്ചിരിക്കുന്നത്. ഞാന്‍ ആ പരീക്ഷ ജയിച്ചതുപോലെ ആണ് എനിക്ക് തോന്നുന്നത്” എന്ന് മുഖ്യമന്ത്രി രമണ്‍ സിംഗ് പറഞ്ഞു. അദ്ദേഹം വിജയിച്ച എല്ലാ കുട്ടികള്‍ക്കും ഓരോ ലാപ്ടോപ്പും സമ്മാനിച്ചു. ആദിവാസി ക്ഷേമ വകുപ്പിന്റെ കമ്മീഷണര്‍ ആയ രാജേഷ്‌ ടോപ്പോ പറഞ്ഞത് നക്സല്‍ ബാധിത പ്രദേശങ്ങളില്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യകരമായ പഠനാന്തരീക്ഷം സൃഷ്ടിക്കാനും ശോഭനമായ ഭാവി പ്രദാനം ചെയ്യാനും ആണ് ഈ പദ്ധതി രൂപപ്പെടുത്തിയതെന്നാണ്. ഈ പദ്ധതിയുടെ അടുത്ത ഘട്ടമായി ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ഐ.ടിയില്‍ പഠിക്കുന്നതിനായി പലിശ ഇല്ലാതെ വിദ്യാഭ്യാസ ലോണ്‍ നല്‍കാന്‍ പദ്ധതിയുണ്ടെന്നും വരുന്ന വര്‍ഷങ്ങളില്‍ 200ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ നിന്നും പ്രയോജനം ഉണ്ടാകുന്ന പോലെ കാര്യങ്ങള്‍ നടത്താനും ആണ് തീരുമാനം എന്നും ടോപ്പോ പറഞ്ഞു.


പ്രയാസ് സ്കൂള്‍

ഐ.ഐ.ടി നിലവാരത്തിലേക്കുയര്‍ന്നധന്‍ബാദിലെ ഇന്ത്യന്‍ സ്കൂള്‍ ഓഫ് മൈന്‍സില്‍ പെട്രോളിയം എഞ്ചിനീയറിംഗ് പഠിക്കാന്‍ ഒരുങ്ങുകയാണ് നക്സല്‍ ഭീകരതയുടെ ഏറ്റവും ക്രൂരമുഖം കണ്ട ജഷ്പൂരിലെ ചുവന്ന ഇടനാഴി എന്നറിയപ്പെടുന്ന പഥാല്‍ഗാവിലെ കൌമാരക്കാരനായ കരണ്‍ റാഠ്യ. ടിഗ്ഗയും റാഠ്യയും പ്രവേശനം നേടിയെങ്കിലും മറ്റു ചിലര്‍ ഇപ്പോഴും വെയ്റ്റിംഗ് ലിസ്റ്റിലും അടുത്ത വര്‍ഷം പ്രവേശനം ഉറപ്പാക്കിക്കൊണ്ടുള്ള ഐ.ഐ.ടിയിലെ കോഴ്സുകളിലും ചേര്‍ന്നു. 13 പേര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും മറ്റു ചില എഞ്ചിനീയറിംഗ് കോളേജുകളിലും ചേര്‍ന്നു.

കഴിഞ്ഞ രണ്ടു വര്‍ഷമായി ദിവസം 17 മണിക്കൂറോളം പഠിക്കാറുണ്ടായിരുന്നു എന്ന് ടിഗ്ഗയും റാഠ്യയും പറഞ്ഞു. ഉച്ചവരെ ക്ലാസുകള്‍ ഉണ്ടായിരുന്നു എന്നും ക്ലാസ്സ് കഴിഞ്ഞ ശേഷം രാത്രി വളരെ വൈകും വരെ ഇരുന്നു പഠിക്കാറുണ്ടായിരുന്നു എന്നും വിനോദത്തിനുള്ള സമയം ഇല്ലായിരുന്നു എന്നും റാഠ്യ പറഞ്ഞു.    റായ്പൂരിലെ പ്രയാസ് സ്കൂളിന്റെ ചുമരുകളില്‍ ഐ.ഐ.ടിയുടെ ചിത്രങ്ങള്‍ ആണ് തൂക്കിയിരിക്കുന്നത്. 80നു മുകളില്‍ വിദ്യാര്‍ത്ഥികള്‍ യോഗ ചെയ്യുന്നുണ്ട്. ഇവര്‍ക്കൊക്കെ ക്ലാസുകള്‍ തുടങ്ങിയിട്ടേ ഒള്ളു. പലര്‍ക്കും ഐ.ഐ.ടി എന്ന് കേള്‍ക്കുമ്പോള്‍ തികഞ്ഞ അജ്ഞത ആണ് മുഖത്ത് പ്രകടമാകുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ അവര്‍ അവിടുത്തെ ഒരു സീറ്റിനു വേണ്ടി ഉള്ള മത്സരത്തില്‍ ആവും.

അതേസമയം ഈ 27 കുട്ടികളുടെ പിന്‍ഗാമികള്‍ ആയി 750 കുട്ടികള്‍ സംസ്ഥാനത്തെ 6 പ്രയാസ് സ്കൂളുകളില്‍ പ്രവേശനം നേടിയിട്ടുണ്ട്. ഈ 27 പേര്‍ നക്സല്‍ ബാധിത പ്രദേശത്തെ യുവത്വത്തിന്റെ കണ്ണില്‍ താരങ്ങള്‍ ആയിരിക്കും. വെടിവെയ്പ്പും കുഴിബോംബുകളും സംഘര്‍ഷങ്ങളും മൂലം ജീവിതം ദുസ്സഹമായ നാട്ടില്‍ നിന്നും പുറത്തേക്ക് പോകാന്‍ കഴിഞ്ഞ കുറച്ചു പേരാണ് ഇവര്‍. ഈ പ്രദേശത്തെ 50% കുട്ടികള്‍ ആദിവാസി വിഭാഗത്തിലും 30% പേര്‍ പട്ടികജാതി വിഭാഗത്തിലും പെട്ടവരാണ്.

ഐ ഐ ടി കാണ്‍പൂര്‍

സ്കൂള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ ഏറെയാണ്‌. വരുന്ന വിദ്യാര്‍ത്ഥികളെ ഐ.ഐ.ടിയില്‍ പഠിക്കുന്നതിന്റെ മേന്മ പറഞ്ഞു മനസ്സിലാക്കണം. എന്‍.ഐ.ടിയില്‍ പഠിച്ച ശേഷം പ്രയാസ് സ്കൂളില്‍ കെമിസ്ട്രി പഠിപ്പിക്കുന്ന ഗോജ്രാജ് ബാജ്യ പറയുന്നു “ഏറ്റവും വലിയ വെല്ലുവിളി അവരെ വിഷയങ്ങളുടെ അടിത്തറ പഠിപ്പിക്കുക എന്നതാണ്. അവര്‍ മറികടക്കേണ്ട മറ്റൊരു കടമ്പ ഇംഗ്ലീഷ് ആണ്, മിക്കവരും അത് പ്രയാസില്‍ വന്നതിനു ശേഷമാണ് പഠിക്കുന്നത്. ഉദാഹരണമായി, ടിഗ്ഗയ്ക്ക് ഐ.ഐ.ടി.യിലെ പഠനമാധ്യമം ഇംഗ്ലീഷ് ആയതിനാല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ട് ഉണ്ട്.”

അതേസമയം റായ്പൂറിലെ ഗേള്‍സ്‌ സ്കൂളിന്റെ പ്രിന്‍സിപ്പല്‍ ആയ മഞ്ജുള തിവാരി പറയുന്നത് പെണ്‍കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളുടെയും സമൂഹത്തിന്റെയും സമ്മര്‍ദ്ദം ഉണ്ടെന്നാണ്. കഴിഞ്ഞ വര്‍ഷം രണ്ടു പെണ്‍കുട്ടികള്‍ക്ക് ഐ.ഐ.ടിയില്‍ പ്രവേശനം കിട്ടിയിരുന്നു എങ്കിലും ഒരാളുടെ മാതാപിതാക്കള്‍ക്ക് അവള്‍ ഗ്രാമം വിട്ടുപോകുന്നതില്‍ താല്പര്യം ഇല്ലാതിരുന്നതിനാല്‍ ഐ.ഐ.ടിയില്‍ പഠിക്കാന്‍ കഴിഞ്ഞില്ലെന്നും പറഞ്ഞു. കുടുംബങ്ങള്‍ക്കും സമൂഹത്തിനും ഇക്കാര്യങ്ങള്‍ അംഗീകരിക്കാന്‍ സമയം എടുക്കും. പക്ഷെ ചെറിയ തോതില്‍ ആണെങ്കിലും മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ടിഗ്ഗയുടെ ഇളയ സഹോദരന്‍ ആയ രോഹന്‍ ടിഗ്ഗയുടെ കൂടെ ഐ.ഐ.ടി കാന്‍പൂരില്‍ പോയതോടെ അവിടെ ചേര്‍ന്ന് പഠിക്കാനുള്ള മോഹം മൊട്ടിട്ടിരിക്കുകയാണ്. രോഹന് 13 വയസ്സേ ആയിട്ടുള്ളൂ എങ്കിലും അവന് വളര്‍ത്തിയെടുക്കാന്‍ ഒരാഗ്രഹമുണ്ട് – ഐ.ഐ.ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍