UPDATES

ഛോട്ടാ രാജനെ ഇന്ത്യയിലെത്തിച്ചു

അഴിമുഖം പ്രതിനിധി

ഒരാഴ്ച മുമ്പ് ഇന്തോനേഷ്യയില്‍ അറസ്റ്റിലായ മുംബയ് അധോലോക നായകന്‍ ഛോട്ടാ രാജനെ ഇന്ത്യയിലെത്തിച്ചു. ഇന്തോനേഷ്യ നാടുകടത്തിയ രാജനെ ഇന്ന് പുലര്‍ച്ചെയാണ് ദല്‍ഹിയിലെത്തിച്ചത്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി പൊലീസിനെ വെട്ടിച്ച് വിവിധ രാജ്യങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു രാജന്‍. ഇന്ത്യയില്‍ കൊലപാതകം, ഭീഷണിപ്പെടുത്തല്‍, മയക്ക് മരുന്ന് കള്ളക്കടത്ത് തുടങ്ങിയ കുറ്റങ്ങള്‍ക്ക് 80-ല്‍ അധികം കേസുകളാണ് രാജനെതിരെയുള്ളത്. കൂടുതലും മുംബയിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദല്‍ഹിയിലെത്തിച്ച രാജനെ സിബിഐ കസ്റ്റഡിയിലാണ് സൂക്ഷിക്കുന്നത്.

ഇന്ത്യയില്‍ നിന്നുമുള്ള പ്രത്യേക വിമാനത്തിലാണ് രാജനെ രാവിലെ അഞ്ചുമണിയോടെ ദല്‍ഹിയിലെത്തിച്ചത്. ഇരുട്ടിന്റെ മറവില്‍ കനത്ത സുരക്ഷാ സന്നാഹത്തിലാണ് രാജനെ സിബിഐയുടെ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. കോടതിയില്‍ ഹാജരാക്കിയശേഷം രാജന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തും. വൃക്ക രോഗിയായ രാജനെ ആരോഗ്യപരിശോധനയ്ക്കും വിധേയനാക്കും. വര്‍ഷങ്ങളായി ഓസ്‌ത്രേലിയയില്‍ ഒളിവില്‍ കഴിയുകയായിരുന്ന രാജന്‍ ബാലിയിലെത്തിയപ്പോഴാണ് ഒക്ടോബര്‍ 25-ന് അറസ്റ്റിലായത്. ഇന്ത്യോനേഷ്യയിലെ അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് ബാലി വിമാനത്താവളം രണ്ട് ദിവസത്തേക്ക് അടച്ചിട്ടിരുന്നത് കാരണമാണ് രാജനെ ഇന്ത്യയിലേക്ക് എത്തിക്കുന്നത് വൈകിയത്.

എതിരാളിയായ ദാവൂദ് ഇബ്രാഹിമില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും മുംബയില്‍ തന്റെ ജീവന്‍ അപകടത്തിലായേക്കും എന്ന ഭീതിയും രാജന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. മുംബയ് പോലീസിലെ ചില ഉദ്യോഗസ്ഥര്‍ക്ക് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് രാജന്‍ നേരത്തെ ആരോപിച്ചിരുന്നു. കരിഞ്ചന്തയില്‍ സിനിമാ ടിക്കറ്റുകള്‍ വിറ്റു കൊണ്ടാണ് രാജന്‍ ക്രിമിനല്‍ ജീവിതം ആരംഭിക്കുന്നത്. കൂടാതെ ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയുമായിരുന്നു. എന്നാല്‍ ദാവൂദ് ആസൂത്രണം ചെയ്ത 1993-ലെ മുംബയ് സ്‌ഫോടന പരമ്പരയ്ക്ക് ശേഷം ഇരുവരും തമ്മില്‍ അകലുകയായിരുന്നു. 1995-ലാണ് രാജനെ പിടികൂടുന്നതിന് ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍