UPDATES

ട്രെന്‍ഡിങ്ങ്

കോഴിവില; ചര്‍ച്ച പരാജയം, നാളെ മുതല്‍ സമരം

വ്യാപാരികളുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു ധനമന്ത്രി തോമസ് ഐസക്

ചരക്ക്-സേവന നികുതി(ജിഎസ്ടി) നടപ്പില്‍ വന്നതിനു ശേഷമുള്ള കമ്പോള പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. ഹോട്ടലുകളിലെ അമിത വിലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിച്ചെങ്കിലും പിന്നാലെ കോഴിവ്യാപരവുമായി ബന്ധപ്പെട്ട വിലതര്‍ക്കം സര്‍ക്കാറിനു തലവേദനയാകുന്നു.കോഴി വ്യാപാരികളുമായി ആലപ്പുഴയില്‍ സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ തിങ്കളാഴ്ച മുതല്‍ ഫാമുകളും കടകളും അടച്ച് സമരത്തിന് തയ്യാറായിരിക്കുകയാണ് വ്യാപാരികള്‍. വിലകുറയ്ക്കാന്‍ കഴിയില്ലെന്ന നിലപാടിലാണവര്‍. അതേസമയം സര്‍ക്കാര്‍ ഇനിയും ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ തങ്ങള്‍ സഹകരിക്കുമെന്നും പറയുന്നു.  എന്നാല്‍ വില കുറയ്ക്കാന്‍ സമ്മതിക്കാത്ത വ്യാപാരികളുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

നൂറു രൂപയ്ക്ക് വില്‍പ്പന നടത്താന്‍ സമ്മതമാണെന്നു വ്യാപാരികള്‍ ചര്‍ച്ചയില്‍ സമ്മതം പറഞ്ഞെങ്കിലും 87 രൂപയ്ക്കു കോഴി വില്‍ക്കണമെന്ന നിലപാടില്‍ ധനമന്ത്രി ഉറച്ചു നിന്നതോടെയാണു ചര്‍ച്ച പരാജയപ്പെട്ടത്. സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ കോഴിഫാമുകളും വില്‍പ്പനശാലകളും അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നതെന്നു വിതരണക്കാരുടെ സംഘടന അറിയിച്ചു. ഓള്‍ കേരളാ പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്റ് ട്രേഡേഴ്‌സ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചത്. ജിഎസ്ടി നടപ്പാക്കിയതിന് ശേഷം 145 മുതല്‍ 160 രൂപവരെയാണ് കോഴിയിറച്ചിക്ക് വില. പലയിടത്തു പല വിലയാണ് ഈടാക്കുന്നത് എന്ന ആക്ഷേപവുമണ്ട്.

 ‘ജി.എസ്.ടി വന്നപ്പോള്‍ പത്രത്തിലൊക്കെ കോഴിക്ക് വിലകുറയും എന്നു മന്ത്രിമാര്‍ പറയുന്നതു കണ്ടു. കോഴിയുടെ ടാക്‌സ് ഒഴിവാക്കിയതായും കേട്ടു. എന്നാല്‍ കടയില്‍ ചെന്നപ്പോള്‍ 140 മുതല്‍ 170 രൂപ വരെയാണ് ഈടാക്കുന്നത്. എവിടെയും വില കുറച്ചിട്ടില്ല. വില കുറക്കാതെ എന്തിനാണ് വില കുറയും എന്നു പറയുന്നത്. മന്ത്രി പറയുന്നത് 87 രൂപയ്ക്ക് കിട്ടും എന്നാണ്. എന്നാല്‍ അതിന്റെ ഇരട്ടി വിലയാണ് ഇപ്പോള്‍ ഇവിടെയെക്കെയുള്ളത്’; കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ചന്ദ്രന്‍ പറയുന്നു. ജിഎസ്ടിയില്‍ നികുതിയില്ലാത്ത കോഴി ഇറച്ചിക്ക് പതിനഞ്ച് രൂപയോളം വില കുറയേണ്ട സാഹചര്യത്തിലാണ് ഇരുപതും മുപ്പതും രൂപ കൂട്ടി വില്‍പ്പന നടത്തുന്നത്. ചെറുകിട കോഴി കച്ചവടക്കാര്‍ക്ക് ദിവസം ആയിരം രൂപയോളം ബാധ്യത വരുന്നതാണ് സര്‍ക്കാര്‍ നിര്‍ദേശമെന്നാണ് കോഴിവ്യാപാരികളുടെ നിലപാട്.

‘വില കുറക്കില്ലെന്ന നിലപാട് ഞങ്ങള്‍ക്കില്ല. എന്നാല്‍ ധനമന്ത്രി പറയുന്ന 87 രൂപയ്ക്ക് വില്‍ക്കാന്‍ കഴിയില്ല. അതിലും നല്ലത് കച്ചവടം നടത്താതിരിക്കുന്നതാണ്. അത് അപ്രയോഗികമായ ഒരു കാര്യമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ അഞ്ചു രൂപ വീതം വില കുറച്ചാണ് വില്‍ക്കുന്നത്്. രണ്ടാംശനിയും ഞായറും ഒരിക്കലും വില കുറക്കാറില്ല. എന്നിട്ടുകൂടി ഞങ്ങള്‍ കുറച്ചു. ഘട്ടം ഘട്ടമായി വില കുറയ്ക്കണമെന്ന നിലപാടാണ് ഞ്ങ്ങളുടേത്. അതെങ്ങനെയെന്നു ചര്‍ച്ച ചെയ്ത് തീരുമാനിക്കാം. ഉത്പാദന ചെലവടക്കമുള്ള വിഷയങ്ങളുണ്ട്. അതൊക്കെ പരിഗണിക്കണം. അല്ലാതെ 87 രൂപയ്ക്ക് വില്‍ക്കണമെന്ന ആജ്ഞാപിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഇത്രനാളും സര്‍ക്കാര്‍ നിശ്ചയിച്ച തറവിലയായ 100 രൂപയ്ക്ക് ഞങ്ങള്‍ നികുതി നല്‍കിയിരുന്നു. അത്തരം സമീപനങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. ഫാമുകളില്‍ കോഴിക്ക് 87 രൂപയാണ് വില. സര്‍ക്കാര്‍ ഫാമുകള്‍ പോലും കോഴി നല്‍കുന്നത് 88 രൂപക്കാണ് ഇത് കടകളില്‍ എത്തുമ്പോള്‍ 100 മുതല്‍ 125 രൂപവരെയാകും. മന്ത്രിയുടെ പ്രസ്താവന ജനങ്ങളെ ഞങ്ങള്‍ക്കെതിരെ നിര്‍ത്തുന്ന തരത്തിലാണ്. ഞങ്ങള്‍ കൊള്ളലാഭം ഉണ്ടാക്കുന്നുവെന്ന തെറ്റിദ്ധാരണയാണ് ഇത് ജനങ്ങളിലുണ്ടാക്കുന്നത്; ആള്‍ കേരളപൗള്‍ട്രി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എസ്. കെ നാസര്‍ പറയുന്നു.

വില കുറച്ചാല്‍ കോഴി നല്‍കില്ലെന്നാണ് സ്വകാര്യഫാമുകളുടെ നിലപാട്. നികുതി കണക്കാക്കിയല്ല ലഭ്യത കുറഞ്ഞതിനാണ് വില കൂടിയതെന്നും വ്യാപാരികള്‍ പറയുന്നു. വില കുറയ്ക്കാന്‍ കുറച്ച് സമയം അനുവദിക്കണമെന്ന വാദവും വ്യാപാരികള്‍ക്കുണ്ട്. ഒറ്റയടിക്ക് പകുതിയിലേറെ വിലകുറക്കുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് ഇവരുടെ വാദം. പല ചെറുകിട ഫാമുകള്‍ക്കും ഈ തകര്‍ച്ച താങ്ങാനാവില്ല. അതുകൊണ്ട് ഘട്ടം ഘട്ടമായി വില കുറയ്ക്കുന്ന രീതിയിലേക്ക് മാറിയാല്‍ രമ്യമായി ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും.

ജിഎസ്ടി പ്രാബല്യത്തില്‍ വന്നിട്ടും കോഴിയിറച്ചിക്ക് വില കൂടുതല്‍ വാങ്ങുന്നതില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിലകൂട്ടി വില്‍ക്കുന്നതിന്റെ പേരില്‍ എന്തു തര്‍ക്കമുണ്ടായാലും സര്‍ക്കാര്‍ നേരിടുമെന്നാണ് അദ്ദേഹം പറഞ്ഞത്. തിങ്കളാഴ്ച മുതല്‍ കോഴിയിറച്ചി 87 രൂപയ്ക്ക് വില്‍ക്കണം അല്ലെങ്കില്‍ ജനം ഇടപെടണം. കോഴി നികുതി പൂര്‍ണായും ഇല്ലാതായിട്ടും വില വര്‍ദ്ധിക്കുകയാണ് ചെയ്തതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ജി.എസ്.ടി നടപ്പിലാകുന്നതിന്റെ തൊട്ടുമുമ്പ് ലൈവ് ചിക്കന്റെ വില 14.5 രൂപ നികുതിയടക്കം 103 രൂപയായിരുന്നു. ഇതില്‍ 15 രൂപ നികുതിയായിരുന്നു. അതു കിഴിച്ചാല്‍ 88 രൂപയാണ് വില. ഈ വിലയ്ക്ക് ലൈവ് ചിക്കന്‍ ലഭ്യമാക്കണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. തിങ്കളാഴ്ച മുതല്‍ ഈ വില നിലവില്‍ വരുന്നില്ലെങ്കില്‍ സര്‍ക്കാര്‍ കര്‍ശനനിലപാട് സ്വീകരിക്കുമെന്ന വിവരം കോഴി വ്യാപാരികളെ അറിയിച്ചിട്ടുണ്ടെന്നും തോമസ് ഐസക് വ്യക്തമാക്കി.

ഇരുവിഭാഗവും ഇപ്പോഴത്തെ നിലപാടില്‍ അയവു വരുത്തിയില്ലെങ്കില്‍ അത് കോഴിയിറച്ചിക്ക് മാര്‍ക്കറ്റില്‍ വന്‍ വിലക്കയറ്റത്തിനു വഴിവെയ്ക്കും. മലയാളികളുടെ ഇഷ്ടവിഭവമായ കോഴിയിറച്ചി. ഹോട്ടലുകളിലടക്കം പ്രധാന വിഭവങ്ങളുടെ വിലക്കയറ്റത്തിനു ഇത് വഴിവെയ്ക്കും.

സൂരജ് കരിവെള്ളൂര്‍

സൂരജ് കരിവെള്ളൂര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍