UPDATES

ട്രെന്‍ഡിങ്ങ്

ഇടതനായി തുടങ്ങി, കോര്‍പ്പറേറ്റുകളുടെയും അതിശക്ത ഭരണകൂടത്തിന്റെയും വക്താവായി, ഒടുവില്‍ അറസ്റ്റിലായ പളനിയപ്പന്‍ ചിദംബരത്തിന്റെ ജീവിതമിങ്ങനെ

കുടുങ്ങിയത് കോര്‍പ്പറേറ്റുകളുടെ പ്രിയ തോഴന്‍

തമിഴ്‌നാട്ടിലെ പ്രമുഖമായ ചെട്ടിയാര്‍ കുടുബത്തില്‍ ജനിച്ച്, രാഷ്ട്രീയത്തെ ഫലപ്രദമായി ഉപയോഗിച്ച് അധികാരത്തിന്റെ ഉന്നതികളില്‍ നിലയുറപ്പിക്കുന്നതില്‍ സവിശേഷമായ കഴിവ് പ്രകടിപ്പിച്ച നേതാവാണ് പി ചിദംബരം. തന്റെ ദീര്‍ഘമായ രാഷ്ട്രീയ ജീവിതത്തില്‍ ഇതാദ്യമായാണ് പി ചിദംബരത്തിന് പൂര്‍ണമായും പിഴക്കുന്നത്. കോണ്‍ഗ്രസിന്റെ മുഖ്യ ശബ്ദമായ ചിദംബരത്തെ ലക്ഷ്യമിടാന്‍ കിട്ടിയ ആദ്യ അവസരത്തില്‍തന്നെ അദ്ദേഹത്തെ കീഴ്‌പെടുത്താനുള്ള തിടുക്കമാണ് മോദി സര്‍ക്കാര്‍ കാണിച്ചത്.

നവഉദാരവല്‍ക്കരണത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സമര്‍ത്ഥമായി പ്രയോഗവല്‍ക്കരിച്ച നേതാവാണ് ചിദംബരം. യുവത്വത്തിന്റെ ആദ്യ കാലത്ത് ഇടതു നയങ്ങളോടായിരുന്നു ചിദംബരത്തിന് ആഭിമുഖ്യം. വിഖ്യാത മാധ്യമ പ്രവര്‍ത്തകനും ഇടതു സഹയാത്രികനുമായ എന്‍ റാമിന്റെ കൂട്ടുകാരന്‍. പുരോഗമന ഇടതു ആശയങ്ങള്‍ക്കായി റാമിനും സിഐടിയു നേതാവായിരുന്ന മൈഥിലി ശിവരാമനൊപ്പവും ചേര്‍ന്ന് ‘റാഡിക്കല്‍ റിവ്യൂ’ എന്ന പ്രസിദ്ധീകരണം ആരംഭിച്ച വ്യക്തിയാണ് പി ചിദംബരം എന്നത് ഇപ്പോള്‍ പറയുമ്പോള്‍ അത്ഭുതകരമായി തോന്നാം. എന്നാല്‍ അങ്ങനെ ഒരു ഭൂതകാലം ഉണ്ടായിരുന്നു ചിദംബരത്തിന്. അവിടെനിന്നാണ് തീവ്രമുതലാളിത്ത പക്ഷപാതിയായി അദ്ദേഹം പരിണമിച്ചത്.

മദ്രാസ് ക്രിസ്ത്യന്‍ കോളെജില്‍ നിന്നും ലോ കോളെജില്‍നിന്നും ബിരുദങ്ങള്‍ നേടിയതിന് ശേഷം ഹാര്‍വാഡ് സര്‍വകലാശാലയില്‍നിന്നും ബിസിനസ്സില്‍ മാസ്റ്റേഴ്‌സ് നേടിയ ചിദംബരം രാഷ്ട്രീയത്തെ സാധ്യതകളുടെ അസാധ്യമായ കലയാക്കി മാറ്റുകയായിരുന്നു. കാമാരാജിന്റെ മരണത്തോടെ കോണ്‍ഗ്രസിന് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയ പ്രസക്തിയില്ലാതിരുന്ന കാലത്താണ് അവിടെ യുത്ത് കോണ്‍ഗ്രസിന്റെ നേതാവായി ചിദംബരം രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. 1984 കോണ്‍ഗ്രസില്‍ പല നേതാക്കളുടെയും തുടക്കം കുറിച്ച രാജീവ് കാലത്താണ് ചിദംബരവും ഡല്‍ഹിയിലെത്തുന്നത്. ഡെപ്യൂട്ടി മന്ത്രിയായി. പിന്നീട് സഹമന്ത്രിയായി സ്ഥാനകയറ്റം. രാഷ്ട്രീയത്തിലെ നിരവധി കയറ്റങ്ങളുടെ തുടക്കമായിരുന്നു അത്.

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനെങ്കിലും രാജീവിന് ശേഷം നരസിംഹറാവു പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷനുമായപ്പോഴും ചിദംബരത്തിന് പിഴച്ചില്ല. നരസിംഹറാവു സാമ്പത്തിക രംഗത്ത് വലിയ പരിഷ്‌ക്കാരം നടപ്പിലാക്കാന്‍ മന്‍മോഹന്‍സിംങിനൊപ്പം ചിദംബരത്തെയും കൂട്ടി. നയസമീപനങ്ങളില്‍ മന്‍മോഹനും ചിദംബരവും ഇരട്ടപെറ്റ സഹോദരങ്ങളായിരുന്നു. കോര്‍പ്പറേറ്റ് താല്‍പര്യങ്ങളെ കെട്ടഴിച്ചുവിട്ടാലുണ്ടാകുന്ന നിക്ഷേപ ധാരാളിത്തത്തില്‍ ഇന്ത്യയില്‍ സമഗ്ര വികസനമുണ്ടാകുമെന്ന ‘ഇറ്റിറ്റുവീഴല്‍’ സിദ്ധാന്തത്തില്‍ അഭിരമിച്ചായിരുന്നു പിന്നീടുള്ള നീക്കങ്ങള്‍. പൊതുമേഖലയെ പരമാവധി ദുര്‍ബലമാക്കി, നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞു. വര്‍ധിക്കുന്ന കര്‍ഷക ആത്മഹത്യകള്‍, വികസനത്തിന് രാജ്യം കൊടുക്കുന്ന വിലയെന്ന മട്ടിലായി ഉദാരവല്‍ക്കരണത്തിന്റെ വക്താക്കളുടെ നിലപാടുകള്‍. ഇന്ത്യയില്‍ ഉദാരവല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളിലെ ഏറ്റവും വലിയ വക്തവായി പളനിയപ്പന്‍ ചിദംബരം. കോണ്‍ഗസിന്റെ രാഷ്ട്രീയ ചിന്തകളില്‍നിന്ന് സോഷ്യലിസ്റ്റ് ആശയങ്ങളെ അടര്‍ത്തിമാറ്റികളഞ്ഞതില്‍ ചിദംബരത്തിനുള്ള ഉത്തരവാദിത്തം വലുതാണ്. 1998 ല്‍ കോര്‍പ്പറേറ്റുകളെ സന്തോഷിപ്പിച്ച ബജറ്റിനെ സ്വപ്‌ന ബജറ്റെന്നായിരുന്നു ബിസിനസ് പ്രസിദ്ധീകരണങ്ങള്‍ വിശേഷിപ്പിച്ചത്.

അതിനിടെ കോണ്‍ഗ്രസ് വിട്ട് തമിഴ് മാനില കോണ്‍ഗ്രസില്‍ ചേര്‍ന്നു. പിന്നീട് സ്വന്തമായി പ്രാദേശിക പാര്‍ട്ടി രൂപികരിച്ചെങ്കിലും കാര്യമായ നേട്ടം ഉണ്ടാക്കില്ലെന്ന് കണ്ടതോടെ, ഏറെ വൈകാതെ തന്നെ മാതൃസംഘടനയിലേക്ക് തിരിച്ചെത്തി. മന്‍മോഹന്‍ സിംങ് പ്രധാനമന്ത്രിയായപ്പോള്‍ ധനമന്ത്രിയായി.

ഒന്നാം യു പി എ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ചിദംബരം തന്റെ സമീപനങ്ങള്‍ ശക്തമായി നടപ്പിലാക്കി മുന്നേറി.

സാമ്പത്തിക രംഗത്ത് ഭരണകൂടം പിന്‍വാങ്ങണമെന്ന് പറഞ്ഞുകൊണ്ടേയിരുന്ന ചിദംബരം പക്ഷെ മറ്റ് മേഖലകളില്‍ ഭരണകൂടത്തിന്റെ നിര്‍ദ്ദാക്ഷിണ്യമായ ഇടപെടലിന്റെ വക്തവായിരുന്നു. മുംബെ ഭീകരാക്രമണത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രിയായി. ശിവരാജ് പാട്ടീലിനെ മാറ്റിയായിരുന്നു ചിദംബരത്തിന്റെ നിയമനം. യു എ പി എ നിയമ ഭേദഗതി, എന്‍ഐഎ എന്നിവയായിരുന്നു ചിദംബരത്തിന്റെ സംഭാവന. ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ നിരവധി ആളുകള്‍ അറസ്റ്റ് ചെയ്യപ്പെടുകയും വര്‍ഷങ്ങള്‍ക്ക് ശേഷം വിട്ടയക്കപ്പെടുകയും ചെയ്ത നിരവധി സംഭവങ്ങളും ചിദംബരത്തിന്റെ കാലത്തുണ്ടായി. ഗുജറാത്ത് വംശഹത്യകേസുകള്‍ക്ക് പിന്നിലെ രാഷ്ട്രീയ നേതൃത്വത്തെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് നടപടിയെടുക്കുന്നതിലും കാര്യമായി എന്തെങ്കിലും ചെയ്യാന്‍ ചിദംബരം തയ്യാറായില്ല. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റിലാകുകയും, ഗുജറാത്തില്‍ പോലും കടക്കരുതെന്ന് പറഞ്ഞ് കോടതി വിലക്കുകയും ചെയ്ത അമിത് ഷായ്‌ക്കെതിരെയുള്ള കേസും ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകുന്നതില്‍ യു പി എ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് പറയുന്നവര്‍ കോണ്‍ഗ്രസിലുമുണ്ട്.

മധ്യ ഇന്ത്യയിലെ ധാതുസമ്പന്ന മേഖലകള്‍ അന്താരാഷ്ട്ര കമ്പനികള്‍ക്ക് ഖനനത്തിന് നല്‍കാനുള്ള ശ്രമമായിരുന്നു യുപിഎ കാലത്ത് കാര്യമായി നടത്തിയത്. ഇതിന് വേണ്ടി ശ്രമിച്ച കമ്പനികളില്‍ പ്രധാനപ്പെട്ടത് വേദാന്തയായിരുന്നു. 2004 ല്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പുവരെ അവരുടെ നിയമോപദേശകനും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു ചിദംബരം. ആദിവാസികളുടെ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് വന്‍കിട കമ്പനികള്‍ക്ക് ഖനനം നടത്താന്‍ കഴിയാതെ വന്ന ഘട്ടത്തിലാണ് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംങ് മാവോയിസ്റ്റുകളാണ് ഇന്ത്യയുടെ ആഭ്യന്തര ഭീഷണിയെന്ന പ്രസ്തവന നടത്തിയത്.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടത്തിയതായി പറയുന്ന സംഭവമാണ് ഇപ്പോള്‍ ചിദംബരത്തെയും മകനെയും വെട്ടിലാക്കിയത്. ഐഎന്‍എക്‌സ് മീഡിയക്ക് ചട്ടം മറികടന്ന് വിദേശനിക്ഷേപം ലഭിക്കാന്‍ അവസരമുണ്ടാക്കിയെന്നാണ് കേസ്. ധനമന്ത്രിയായിരുന്ന അച്ഛനെ മകന്‍ കാര്‍ത്തി ചിദംബരം സ്വാധീനിച്ചുവെന്നും സിബിഐ പറയുന്നു.

ചിദംബരത്തിനെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ മോദിയുടെയും അമിത്ഷായുടെയും രാ്ഷ്ട്രീയ അജണ്ടകൂടിയുണ്ടാകാം. ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് തൊട്ടുപിന്നാലെ തന്നെ അര്‍ധരാത്രിയില്‍ പോലും അദ്ദേഹത്തിന്റെ വിട്ടിലെത്തി അറസ്റ്റിനുള്ള നീക്കം നടത്തിയത് ഇതിന്റെ തെളിവാണെന്ന് പറയാം. ചിദംബരത്തെ പോലുള്ള ഒരു നേതാവിന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതിനുപിന്നിലും ഇത്തരം രാഷ്ട്രീയ ഗൂഢലാക്ക് തന്നെയാണ്.

അതേസമയം ചിദംബരം ഉള്‍പ്പെട്ടതായി പറയുന്ന കേസ് അദ്ദേഹം തന്നെ നടപ്പിലാക്കിയ നയത്തിന്റെ കൂടി സന്തതിയാണ്. ചങ്ങാത്ത മുതലാളിത്തത്തിന്റെ ജീര്‍ണതകളാണ് ഇവര്‍ നടപ്പിലാക്കിയ സാമ്പത്തിക രംഗത്തെ നയങ്ങള്‍ ഉത്പാദിപ്പിച്ചതെന്നത് കൂടി തെളിയിക്കുന്നുണ്ട് ചിദംബരത്തിനെതിരായ കേസ്.

ഒരേ സമയം സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെയും പൊലീസ് സ്‌റ്റേറ്റിന്റെയും വക്താവായി നയപരിപാടികള്‍ നടപ്പിലാക്കിയ ചിദംബരം അതേ നയങ്ങളാല്‍ മുറിവേറ്റവനായി അറസ്റ്റ് ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് ചിദംബരം അവസാനം വരെ ചെയ്തത്.

Explainer: എന്താണ് ചിദംബരത്തെയും മകനെയും കുടുക്കിയ ഐഎന്‍എക്‌സ് കേസ്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍