UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു ചീഫ് ജസ്റ്റിസ് ഇങ്ങനെ കരയാമോ?

ടീം അഴിമുഖം

ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന് പരസ്യമായി വികാരഭരിതനായി കരയാമോ? ഭയവും, പക്ഷപാതവുമില്ലാതെ നിര്‍വികാരനായി നീതി നടപ്പാക്കേണ്ട അദ്ദേഹത്തിന് പരസ്യമായി കരയാമോ?

ഇതിപ്പോള്‍ വേറൊരു ചര്‍ച്ചയാണ്. എന്തായാലും ഞായറാഴ്ച്ച മുഖ്യമന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും സംബന്ധിച്ച ഒരു യോഗത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കരച്ചിലിന്റെ വക്കോളമെത്തിയത് പതിവില്ലാത്ത ഒന്നായിരുന്നു. കേസുകള്‍ കെട്ടിക്കിടക്കുന്നതിന് കോടതികള്‍ എങ്ങനെ ബലിയാടാകുന്നു എന്നു പറയുകയായിരുന്നു അദ്ദേഹം.

“വ്യവഹാരികളുടെയോ, തടവറകളില്‍ നരകിക്കുന്നവരുടെയോ പേരില്‍ മാത്രമല്ല ഈ രാജ്യത്തിന്റെ പുരോഗതിയുടെയും വികസനത്തിന്റെയും പേരിലും സാഹചര്യത്തിനൊത്തുയരാനും വിമര്‍ശനം മാത്രം മതിയാകില്ലെന്ന് തിരിച്ചറിയാനും ഞാന്‍ അങ്ങയോടഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങള്‍ എല്ലാ ഭാരവും കോടതികള്‍ക്ക് മുകളിലിടരുത്,” ഇടറിയ ശബ്ദത്തില്‍ ആ യോഗത്തില്‍ ചീഫ് ജസ്റ്റിസ് ടി എസ് താക്കുര്‍ പറഞ്ഞു. വാസ്തവത്തില്‍ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാടായിരുന്നു പറഞ്ഞത്.

ഒരു ദശലക്ഷം ആളുകള്‍ക്ക് 50 ന്യായാധിപന്മാര്‍ എന്ന നിലയില്‍ ന്യായാധിപ-ജനസംഖ്യ അനുപാതം വര്‍ദ്ധിപ്പിക്കാന്‍ 1987-ല്‍ നിയമ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നതായി ചീഫ് ജസ്റ്റിസ് ഓര്‍മ്മിപ്പിച്ചു. എന്നാല്‍, മൂന്നു ദശാബ്ദം കഴിഞ്ഞിട്ടും ജനസംഖ്യയില്‍ 25 കോടി കൂടിയിട്ടും  10 ലക്ഷത്തിന് 15 ന്യായാധിപര്‍ എന്ന പരിതാപകരമായ അവസ്ഥയിലാണ് എന്നു പ്രധാനമന്ത്രിയെ നോക്കിക്കൊണ്ടാണ് അദ്ദേഹം പറഞ്ഞത്.

“1987-ല്‍ 40,000 ന്യായാധിപന്‍മാര്‍ വേണമെന്നാണ് നിയമ കമ്മീഷന്‍ പറഞ്ഞതെങ്കില്‍ ഇപ്പോഴത്തെ കെട്ടിക്കിടക്കുന്ന 3 കോടി കേസുകള്‍ തീര്‍ക്കാന്‍ ഇപ്പോഴത്തെ 18,000 പേരെ വെച്ചു കോടതികള്‍ക്കാവുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?” മോദിയെ നോക്കിക്കൊണ്ട് ചീഫ് ജസ്റ്റിസ് ചോദിച്ചു.

പരിപാടിയില്‍ സംസാരിക്കാന്‍ ഉദ്ദേശമില്ലാതിരുന്ന മോദി പറഞ്ഞു,“വൈകിയാണെങ്കിലും ഒരിക്കലുമില്ലാത്തതിനേക്കാള്‍ നല്ലത് അതാണ്. 1987-നു ശേഷം ഒരുപാട് നാള്‍ കഴിഞ്ഞുപോയതുകൊണ്ടു എനിക്കദ്ദേഹത്തിന്റെ വിഷമം മനസിലാകും. ബുദ്ധിമുട്ടുകള്‍ എന്തൊക്കെയായാലും ഭാവിയില്‍ കൂടുതല്‍ മെച്ചമായി ഞങ്ങള്‍ ചെയ്യും. കഴിഞ്ഞകാലത്തിന്റെ ഭാരം കുറച്ചു എങ്ങനെ മുന്നോട്ട് പോകാമെന്ന് നമുക്ക് നോക്കാം.”

നീതിന്യായ സംവിധാനത്തിലെ പരിഷ്കരണങ്ങളും ആളുകളുടെ കുറവും സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ താനും തന്റെ മന്ത്രിമാരുമായി പരസ്യമായല്ലാതെ നടത്താന്‍ അദ്ദേഹം ചീഫ് ജസ്റ്റിസിനെയും മുതിര്‍ന്ന ന്യായാധിപന്മാരെയും ക്ഷണിച്ചു.

പ്രശ്നത്തിന് ചരിത്രപരമായ വേരുകള്‍ ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചെങ്കിലും ന്യായാധിപന്‍മാരെ നിയമിക്കുന്നതില്‍ ആര്‍ക്കാണ് മുന്‍കൈ വേണ്ടതെന്ന കാര്യത്തില്‍ സര്‍ക്കാരും കോടതിയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്- ഈ തര്‍ക്കമാണ് നിയമനങ്ങള്‍ വൈകിക്കുന്നത്.

നീതിന്യായ വ്യവസ്ഥയുടെ പരിഷ്കരണങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ ഒരു പദ്ധതിയിലേക്ക് മോദിയുടെ ശ്രദ്ധ ക്ഷണിച്ച ചീഫ് ജസ്റ്റിസ് ആ പദ്ധതിയുടെ അടിസ്ഥാനപരമായ പാളിച്ചകള്‍ ചൂണ്ടിക്കാണിച്ചു.

“ബഹുമാനപ്പെട്ട പ്രധാനമന്ത്രി, വാണിജ്യ കോടതികള്‍ അങ്ങയുടെ പ്രധാന അജണ്ടയിലൊന്നാണ്, പക്ഷേ എന്താണ് സംഭവിക്കുന്നത്? ഈ വാണിജ്യ കോടതികള്‍ നിലവിലുള്ള കോടതികളില്‍ നിന്നുമാണ് ഉണ്ടാക്കുന്നത്. വാണിജ്യ തര്‍ക്കങ്ങള്‍ക്ക് വ്യത്യസ്തമായൊരു അന്തരീക്ഷം ഉണ്ടാക്കുക എന്ന ലക്ഷ്യം ഇതുവഴി നേടാനാകുമോ? പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുന്നത് ലക്ഷ്യം നേടാനുതകില്ല.”

പിന്നീട് വൈകീട്ട് വാര്‍ത്താസമ്മേളനത്തില്‍ ശാന്തനായ ചീഫ് ജസ്റ്റിസ് പറഞ്ഞു,“വികാരാധീനനാകുന്നത് ഒരു ദൌര്‍ബല്യമാണ്…ജസ്റ്റിസ് ഖേഹാര്‍ ശക്തനായ ഒരാളാണ്. അദ്ദേഹം വികാരാധീനനാകില്ല,” ഖെഹാറാണ് അടുത്ത ചീഫ് ജസ്റ്റിസ്.

ആദ്യം അഭിഭാഷകനായും പിന്നെ ന്യായാധിപനായും 45 വര്‍ഷം താന്‍ കോടതികളില്‍ ചെലവഴിച്ചു എന്നു ജസ്റ്റിസ് താക്കുര്‍ പറഞ്ഞു. “നീതിന്യായവ്യവസ്ഥയോട് ചില പ്രതിബദ്ധതകളുണ്ട്,” സര്‍ക്കാരിനോടുള്ള വികാരനിര്‍ഭരമായ അഭ്യര്‍ത്ഥനയെക്കുറിച്ചും അതിനെന്തെങ്കിലും ഫലമുണ്ടാകുമോ എന്നും  ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.

വൈകലാണോ ഏക പ്രശ്നം?

ജസ്റ്റിസ് താക്കുര്‍ പറഞ്ഞത് ഇന്ത്യയിലെ കോടതികളിലെ നിര്‍ണായകമായൊരു പ്രശ്നമാണെങ്കിലും നിരവധി ധാര്‍മികമായ ചോദ്യങ്ങളുയര്‍ത്തുന്ന തരത്തില്‍ കോടതികള്‍ ധനികര്‍ക്ക് മാത്രം പ്രാപ്യമാകുന്ന ഒന്നായി മാറുന്നരീതിയില്‍ പല ദുഷ്പ്രവണതകളും കോടതികളിലേക്ക് കടന്നുകൂടുന്നതെങ്ങനെ എന്ന് കോടതികള്‍ പരിശോധിക്കുന്നത് നന്നായിരിക്കും.

ഏറ്റവും ഒടുവില്‍ 2015 നവംബറില്‍ 24 സംസ്ഥാനങ്ങളിലെ 305 പ്രദേശങ്ങളിലായി നടത്തിയ നീതി പ്രാപ്യത കണക്കെടുപ്പില്‍ 90 ശതമാനം വ്യവഹാരികളും ഒരു വര്‍ഷം 3 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവരാണ്. അവരുടെ ശരാശരി കേസ് നടത്തിപ്പ് ചെലവ് 16,000 രൂപയും.

ചെലവ് കൂടുതലാണ് എന്നതുകൊണ്ടു കോടതിയിലെ പോകാത്ത നിരവധി ഇന്ത്യക്കാരെ സര്‍വെ ഉള്‍പ്പെടുത്തിയിട്ടില്ല. അവര്‍ പ്രാദേശിക രാഷ്ട്രീയക്കാരുടെയോ ഗുണ്ടകളുടെയോ സഹായത്തോടെ  തര്‍ക്കം തീര്‍ക്കുന്നു. അല്ലെങ്കില്‍ അവര്‍ അനീതിയോടോത്ത്  ജീവിക്കുന്നു.

ഹൈക്കോടതികളും സുപ്രീം കോടതിയില്‍ അഭിഭാഷക ഫീസ് കുത്തനെ ഉയര്‍ന്നിരിക്കുന്നു. പൊതു അഴിമതിയും അഴിമതി വിരുദ്ധ കേസുകളും കൂടിയതോടെ അഭിഭാഷക ഫീസും കുത്തനെ ഉയര്‍ന്നു.

ഇന്ത്യയുടെ നിയമസംവിധാനത്തെക്കുറിച്ച് അധികം ചര്‍ച്ച ചെയ്യാത്ത മറ്റൊരു വശം കൂടിയുണ്ട്: വലിയൊരു വിഭാഗം പ്രശസ്തരായ അഭിഭാഷകര്‍ രാഷ്ട്രീയക്കാര്‍ കൂടിയാണ്. രാഷ്ട്രീയ പ്രവര്‍ത്തനമാണ് അവരുടെ തൊഴില്‍മേഖലയിലെ വളര്‍ച്ചക്കും ഒരു കാരണമായിട്ടുള്ളത്. പലരും മന്ത്രിമാരായിരുന്നു. ഒരിക്കല്‍ അധികാരപദവികള്‍ വിട്ടാല്‍ പിന്നീട് തങ്ങള്‍ക്കൂടി ഭാഗമായിരുന്ന തീരുമാനങ്ങള്‍ അവര്‍ കോടതികളില്‍ ഏറ്റെടുക്കുന്നു. സാങ്കേതികമായി ഇതില്‍ തെറ്റൊന്നുമില്ലെങ്കിലും ധാര്‍മികമായി ഇതൊരു പ്രശ്നപ്രദേശമാണ്. നിരവധി ശ്രദ്ധേയമായ കേസുകളില്‍ ഈ താത്പര്യവൈരുധ്യം കാണാം.

ശക്തമായ ധാര്‍മിക ബോധവും കോടതികളെ സമീപിക്കുന്ന പ്രക്രിയ ചെലവ് കുറഞ്ഞതാക്കുകയും ചെയ്യാതെ ഇന്ത്യയിലെ ദരിദ്രര്‍ക്ക് എന്നെങ്കിലും യഥാര്‍ത്ഥ നീതി പ്രതീക്ഷിക്കാനുകുമോ എന്നതാണു ചോദ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍