UPDATES

ഇങ്ങനെയൊക്കെയാണ് ഉമ്മന്‍ ചാണ്ടി എന്ന മുഖ്യമന്ത്രി കേരള ജനതയോട് കള്ളം പറയുന്നത്

അഴിമുഖം പ്രതിനിധി

ഇങ്ങനെയൊക്കെയാണ് നമ്മുടെ മുഖ്യമന്ത്രി കേരള ജനതയോട് കള്ളം പറയുന്നത്. വിവാദമായതിനെ തുടര്‍ന്ന് ഇപ്പോള്‍ പിന്‍വലിക്കേണ്ടി വന്ന ഭൂനിയമ ഭേദഗതി വരുത്തി സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങിയത് ജൂണ്‍ മാസം ഒന്നിനാണ്. എന്നാല്‍ കഴിഞ്ഞ മാസം 22ന് നടന്ന മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ 1977 ജനുവരി ഒന്നിന് ശേഷമുള്ള കയ്യേറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം കിട്ടില്ല എന്ന് ഒറ്റക്കീറാണ്. അതായത് പിന്നണിയില്‍ കയ്യേറ്റക്കാര്‍ക്ക് പരമാവധി സഹായം നല്‍കാന്‍ ഉദ്ദേശിച്ചുള്ള നിയമത്തിന്റെ മുഴുവന്‍ പണിയും കഴിഞ്ഞതിന് ശേഷമാണ് പൊതുജനമധ്യത്തില്‍ മുഴുത്ത നുണ മുഖ്യമന്ത്രി വിളമ്പിയതെന്നര്‍ത്ഥം. ഇനി മുഖ്യമന്ത്രി അറിയാതെയാണ് ഇത്തരം ഒരു ഉത്തരവിറങ്ങിയതെന്ന് ന്യായീകരിക്കാനും സാധിക്കില്ല. കാരണം, ദീര്‍ഘനാളത്തെ ആലോചനയ്ക്ക് ശേഷമാണ് ഭേദഗതി വരുത്തിയതെന്ന് കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

നിയമം ഭേദഗതി ചെയ്ത് ഉത്തരവിറക്കി ഒന്നര മാസത്തിന് ശേഷം മുഖ്യമന്ത്രി ഇങ്ങനെയൊരു നാടകം നടത്തിയത് ആരെ സഹായിക്കാനായിരുന്നു എന്ന ചോദ്യം ബാക്കിയാവുന്നു. പ്രത്യേക ഗസറ്റായി വന്ന ഭേദഗതി ആരും ശ്രദ്ധിക്കില്ലെന്നും അതുവഴി ക്വാറി ഉടമകളെയും റിസോര്‍ട്ട് മാഫിയകളെയും മറ്റ് കൈയ്യേറ്റക്കാരെയും സഹായിക്കാന്‍ സാധിക്കുമെന്നുമാണ് സര്‍ക്കാരിന്റെ തലപ്പത്തുള്ളവര്‍ കരുതിയിരുന്നത് എന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തിപകരുന്നതാണ് ജൂലൈ 22ന് മുഖ്യമന്ത്രിയുടെ ഒരു മുഴം മുന്നേയുള്ള ഏറ്. 

ഭൂനിയമ ഭേദഗതി വരുത്തി ജൂണ്‍ മാസം ഒന്നിന് പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ്‌



എന്ത് അടിസ്ഥാനത്തിലാണ് 2005 അടിസ്ഥാന വര്‍ഷമായി കണക്കാക്കിയതെന്ന ചോദ്യവും ഉയരുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലാവധി അവസാനിച്ച വര്‍ഷമാണത്. മതികെട്ടാന്‍ ഉള്‍പ്പെടെ നിരവധി വനം കയ്യേറ്റ ശ്രമങ്ങള്‍ വെളിയില്‍ വരുകയും അതെല്ലാം തടയപ്പെടുകയും ചെയ്ത വര്‍ഷം കൂടിയാണത്. 2005 അടിസ്ഥാന വര്‍ഷമാക്കി വച്ചത് അന്നത്തെ കൈയേറ്റങ്ങള്‍ നിയമസാധുത നല്‍കുക എന്ന ലക്ഷ്യം കൂടി മുന്നില്‍ കണ്ടാണെന്ന സംശയവും ബലപ്പെടുന്നുണ്ട്. അഴിമതിയുടെ കരങ്ങള്‍ ഈ സര്‍ക്കാരില്‍ മാത്രമല്ല, കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലേക്കും നീളുന്നു എന്ന് വേണം ഇതില്‍ നിന്നും വായിച്ചെടുക്കാന്‍. ഏതായാലും മലയോര കര്‍ഷകര്‍ പോലും ആവശ്യപ്പെടാതിരുന്ന ഇങ്ങനെയൊരു ഭേദഗതി തിടുക്കത്തില്‍ നടപ്പില്‍ വരുത്താന്‍ ശ്രമിച്ചത് ഉന്നതതലത്തില്‍ നടന്ന വന്‍ഗൂഢാലോചനയുടെ ഫലമാണെന്ന് വേണം അനുമാനിക്കാന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍