UPDATES

കാറ്റടിച്ചപ്പോള്‍ സമരപ്പന്തലിലേക്ക് പുക വന്നിട്ടുണ്ടാകാം; യൂത്ത്കോണ്‍ഗ്രസ്സ് സമരത്തെ പരിഹസിച്ച് വീണ്ടും പിണറായി

അഴിമുഖം പ്രതിന്ധി 

സ്വാശ്രയ കരാര്‍ വിഷയത്തില്‍ സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ വിമര്‍ശിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. അക്രമാസക്തമായ സമരം നടന്നപ്പോള്‍ അവരെ പിരിച്ചുവിടാന്‍ ടിയര്‍ഗ്യാസുകള്‍ പ്രായോഗിച്ചിട്ടുണ്ട്. കാറ്റടിച്ചപ്പോള്‍ സമരപ്പന്തലിലേക്ക് പുക വന്നിട്ടുണ്ടാകം. ഒരു ഗ്രനേഡും സമരപന്തലില്‍ വീണിട്ടില്ല. കാറ്റിനെ ആര്‍ക്കും തടഞ്ഞു നിര്‍ത്താന്‍ കഴിയില്ലല്ലോ. അടിസ്ഥാന രഹിതമായ ആക്ഷേപങ്ങള്‍ ആണ് ഇതിന്‍റെ ഭാഗമായി ഉന്നയിക്കുന്നത്. ഹര്‍ത്താലിന് എതിര് പറഞ്ഞവര്‍ തന്നെ ഹര്‍ത്താല്‍ നടത്തുന്നു. രമേശ്‌ ചെന്നിത്തല ഹര്‍ത്താല്‍ വിരുദ്ധ ബില്‍ കൊണ്ടുവരാന്‍ ശ്രമിച്ചയാള്‍ ആണ്. എന്നിട്ടാണ്  യുഡിഎഫ് ഹര്‍ത്താല്‍ നടത്തുന്നത്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം സ്വാശ്രയ കോളേജുകളുടെ അവസ്ഥ എത്തരത്തിലായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇഷ്ടംപോലെ കോഴ വാങ്ങാനുള്ള അവസരം ഉണ്ടായിരുന്നു. അത് യുഡിഎഫ് ഒരുക്കി കൊടുത്ത സൌകര്യമാണ്. ഇപ്പോള്‍ അങ്ങനെയൊരു അവസ്ഥയില്ല. അതിനാല്‍ സ്വാഭാവികമായും അസ്വസ്ഥരായവര്‍ ഇന്ന് കേരളത്തിലുണ്ട്. യഥാര്‍ത്ഥത്തില്‍ യൂത്ത് കോണ്‍ഗ്രസ് ആരംഭിച്ച സമരം ഈ അസ്വസ്ഥ ഉള്ളവരുടെ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ്.

കോടതി സെപ്തംബര്‍ മുപ്പതിനകം എല്ലാ മെഡിക്കല്‍ പ്രവേശനവും പൂര്‍ത്തിയാക്കണം എന്നായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. ഇത് അനുസരിക്കാന്‍ പറ്റുന്ന പാകത്തില്‍ അലോട്മെന്റ്റ് പൂര്‍ത്തിയാക്കാന്‍ ഉള്ള ശ്രമമാണ് എല്‍ഡിഎഫ്  സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോയത്. സംസ്ഥാനത്തെ ഇപ്പോഴത്തെ നില നോക്കിയാല്‍  ഇരുപതോളം സ്വകാര്യ മാനേജ്മെന്റുകള്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിടാന്‍ തയ്യാറായിട്ടുണ്ട്. ഇത് യുഡിഎഫ് സര്‍ക്കാരിന് കഴിയാതിരുന്നതായിരുന്നു. ഇതിന്‍റെ പ്രത്യേകത എന്ന് പറയുന്നത് കുറഞ്ഞ സര്‍ക്കാര്‍ ഫീസില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ സാധിക്കും എന്നുള്ളതാണ്. നേരത്തെ എട്ട് ലക്ഷം രൂപ വരെ വാങ്ങിയിരുന്ന സ്ഥാനത്ത് ഇരുപത്തി അയ്യായിരം രൂപയ്ക്ക് പഠിപ്പിക്കാം എന്ന് സമ്മതിപ്പിക്കാന്‍ കഴിഞ്ഞു. ഇതില്‍ അഭിമാനിക്കാം.

അംഗീകരിച്ച ഫീസില്‍ കൂടുതല്‍ ഒരു പൈസ പോലും വാങ്ങില്ല. ഇക്കാര്യങ്ങളില്‍ പണം വാങ്ങിയിരുന്നവര്‍ക്ക് സ്വാഭാവികമായും അസ്വസ്ഥയുണ്ടാകും. ഒരു രാഷ്ട്രീയ സംഘടന എന്ന നിലയില്‍ കോണ്‍ഗ്രസിനും യുവജന സംഘടന എന്ന നിലയ്ക്ക് യൂത്ത് കോണ്‍ഗ്രസ്സിനും എന്തിനാണ് അസ്വസ്ഥത? സാമ്പത്തികാംയി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പഠിക്കാനുള്ള അവസ്ഥയാണ്‌ ഇപ്പോള്‍. അതില്‍ എന്തിനാണ് കോണ്‍ഗ്രസ് അസ്വസ്ഥരാകുന്നത്?

യുഡിഎഫ് സര്‍ക്കാറിന്റെ സമയത്ത് പല കരാറുകളും ഒപ്പിട്ടിരുന്നു. പക്ഷെ ആ കരാറുകള്‍ എല്ലാം ലംഘിച്ച് മാനേജുമെന്റുകള്‍ക്ക് തോന്നുംപടി പണം ഈടാക്കാന്‍ ഉള്ള അവസരവും അവര്‍ തന്നെ ഒരുക്കിക്കൊടുത്തു. അതൊക്കെ ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. അതിന് എന്തിനാണ് കോണ്ഗ്രസിന് അസ്വസ്ഥത? പിണറായി വിജയന്‍ ചോദിച്ചു. 

ആരുടെ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ ഈ സമരം ആരംഭിച്ചിരിക്കുന്നത്? എല്ലാ മെരിറ്റും അട്ടിമറിക്കാന്‍ താല്പര്യപ്പെടുന്ന, തോന്നും പോലെ കാശ് വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്ന സ്വാശ്രയ മാനേജുമെന്റ്കളുടെയോ അതോ നമ്മുടെ കുട്ടികളുടെയോ?

ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത് എന്താണ്? സര്‍ക്കാര്‍ സ്വീകരിച്ച നയം വിദ്യാര്‍ഥികളെ സംരക്ഷിക്കുക എന്നതാണ്. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ അഴിച്ചു വിട്ടസമരത്തെ പൊതു സമൂഹം അംഗീകരിക്കുന്നതേയില്ല. പൊതു സമൂഹം അംഗീകരിക്കാത്ത സമരമാകുമ്പോള്‍ ആ സമരത്തിന്റെ സംഘാടകര്‍ക്ക് സ്വാഭാവികമായും വിഷമമുണ്ടാകും അതുകൊണ്ടാണ് നിയമ സഭയ്ക്കകത്ത് പ്രശ്ങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. എല്ലാത്തരത്തിലും കോഴ ഒരു ദിനചര്യ പോലെ നടപ്പാക്കപ്പെട്ടിരുന്ന സര്‍ക്കാര്‍ ആയിരുന്നു യുഡിഎഫ് സര്‍ക്കാര്‍. അതുകൊണ്ട് തന്നെ സ്വാശ്രയ കോളേജുകള്‍ക്ക് സഹായവും ആയിരുന്നു. എന്നാല്‍ അത്തരം മാനെജുമെന്റ്റ്കള്‍ക്കെല്ലാം ഒരു കാര്യം അറിയാം; എല്‍ഡിഎഫ് സര്‍ക്കാറിന്റെ സമയത്ത് അങ്ങനെ ഒരു പരിരക്ഷയും ലഭിക്കുകയില്ല എന്ന്.

ഇന്ന് സഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. സഭാ നിയമം അനുസരിച്ച് നോട്ടീസ് നല്‍കിയ ആളെയാണ് സംസാരിക്കാന്‍ അനുവദിക്കുക. അതിനു മറുപടി സര്‍ക്കാര്‍ വശത്ത് നിന്ന് പറയുകയും ചെയ്യും എന്നാല്‍ ഇതിനു രണ്ടിനും കോണ്ഗ്രസ് ഇന്ന് തയ്യാറായില്ല. തിരുവഞ്ചൂര്‍ അടിയന്തര പ്രമേയം അവതരിപ്പിക്കേണ്ട ഘട്ടം വന്നപ്പോള്‍ അവതരിപ്പിക്കാന്‍ സ്പീക്കര്‍ പറയുകയാണ്. എന്നാല്‍ അതിന് മറുപടി ഉണ്ടായില്ല. അതിന് മുന്പ് തന്നെ പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തില്‍ ഇത് അവതരിപ്പിക്കാതിരിക്കാന്‍ ഉള്ള തീരുമാനങ്ങള്‍ എടുത്തു കഴിഞ്ഞിരുന്നു. സഭാ നടപടികള്‍ ആകെ അലങ്കോലപ്പെടുത്തി. ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും സഭയില്‍ നടക്കരുത്. സര്‍ക്കാരിനെ ഈ വിഷയത്തില്‍ പറയാന്‍ ഉള്ളത് പറയാന്‍ അനുവദിക്കരുത്. ഇങ്ങനെയാണോ പ്രതിപക്ഷം പെരുമാറേണ്ടത്? മുഖ്യമന്ത്രി ചോദിച്ചു. 

ചാനലുകള്‍ ആണ്  കരിങ്കൊടി ആളെ ഏര്‍പ്പാടാക്കിയത് എന്ന് പറഞ്ഞത് തന്‍റെ തോന്നലാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതുപോലെ പല കാര്യങ്ങളും മുന്‍പ് ചില ചാനലുകള്‍ ചെയ്തിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.  

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍