UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡി എല്‍ എഫിന്റെ കായല്‍ കയ്യേറ്റം; സര്‍ക്കാരും റിയല്‍ എസ്റ്റേറ്റ് മാഫിയയും കൈ കോര്‍ക്കുമ്പോള്‍

Avatar

ജെ. ബിന്ദുരാജ്

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് ഗ്രൂപ്പ് പുതിയ പദ്ധതിയുടെ പൂര്‍ത്തീകരണം വിളിച്ചോതാന്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരു വിരുന്ന് സംഘടിപ്പിച്ചിരുന്നു. തങ്ങള്‍ ഉപഭോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങളൊക്കെ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ വെളിവാക്കിയ അവര്‍ പക്ഷേ പുഴയോരത്തു നിന്നും പദ്ധതിക്കുള്ള കുറഞ്ഞ ദൂരപരിധി തീര പരിപാലന നിയമത്തിന്റെ ലംഘനമാകില്ലേയെന്ന ചില പത്രപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്നും വിദഗ്ധമായാണ് ഒഴിഞ്ഞുമാറിയത്. തീര പരിപാല നിയമചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് കെട്ടിട സമുച്ചയം ഉണ്ടാക്കിയിരിക്കുന്നതെന്നും യാതൊരു ലംഘനവും നടന്നിട്ടില്ലെന്നുമായിരുന്നു അവരുടെ നിലപാട്. പക്ഷേ ഈ ചോദ്യോത്തര സമയം കഴിഞ്ഞിട്ടായിരുന്നു പ്രോജക്ടിന്റെ പാര്‍ട്ണര്‍മാരിലൊരാളുടെ വരവ്. വിരുന്നിനിടയില്‍ ഒരു പത്രപ്രവര്‍ത്തകന്‍ പതിയെ അയാള്‍ക്ക് അടുത്തെത്തി. അയാളുടെ പാര്‍ട്ണറുടെ അടുത്ത സുഹൃത്തെന്ന മട്ടില്‍ സ്വയം അവതരിപ്പിച്ചു. അനുഭാവപൂര്‍ണമായ വാക്കുകളും വര്‍ത്തമാനവുമൊക്കെയായപ്പോള്‍ പാര്‍ട്ണര്‍ വീണു. സി ആര്‍ ഇസഡ് ചട്ടങ്ങളുടെ ലംഘനങ്ങള്‍ കണ്ടില്ലെന്ന് വരുത്താന്‍ കുറെ തുക മുടക്കേണ്ടി വന്നല്ലേയെന്ന് സല്‍ക്കാരത്തിനിടയില്‍ പാര്‍ട്ണറോട് പത്രലേഖകന്റെ ചോദ്യം. പാര്‍ട്ണറുടെ അടുത്ത സുഹൃത്തെന്ന ലേബലിലായതിനാല്‍ പിന്നെ പുതുതായി എത്തിയ പാര്‍ട്ണര്‍ ആ രഹസ്യം മറച്ചുവച്ചില്ല എല്ലാ രാഷ്ട്രീയക്കാര്‍ക്കും ആള്‍ബലമനുസരിച്ചും പ്രാതിനിധ്യമനുസരിച്ചും സാമാന്യം നല്ല വീതം കൊടുത്തുവെന്ന് വെളിപ്പെടുത്തല്‍. പിന്നെ പ്രദേശത്തെ ഒട്ടുമിക്ക തുക്കടാ രാഷ്ട്രീയ നേതാക്കള്‍ക്ക് വേറെയും നല്‍കി പണവും സമ്മാനങ്ങളും. റിയല്‍ എസ്റ്റേറ്റ് മുതലാളിയെ വിശ്വസിക്കാമെങ്കില്‍ തീര പരിപാല നിയമം അട്ടിമറിക്കാന്‍ റിയല്‍ എസ്റ്റേറ്റ് സംരംഭകനില്‍ നിന്നും പണം വാങ്ങാത്തവരായി ആരുമില്ല. സംസ്ഥാനത്ത് എങ്ങനെയാണ് തീര പരിപാലന നിയമം റിയല്‍ എസ്റ്റേറ്റ് സംരംഭകര്‍ ഇത്ര വ്യാപകമായി ലംഘിക്കുന്നതെന്നതിന്റെ നഗ്‌നമായ നഖചിത്രമാണ് അത്.

ഈ നിയമലംഘനം നമ്മുടെ നാട്ടില്‍ ഇന്ന് സാധാരണയായി മാറുകയാണെന്ന കാര്യത്തില്‍ സംശയം വേണ്ട. നമ്മുടെ കായലോരങ്ങളിലെ വാട്ടര്‍ ഫ്രണ്ടേജ് അപ്പാര്‍ട്ട്‌മെന്റുകള്‍ കായലോരങ്ങള്‍ കെട്ടിത്തിരിച്ച് അവിടെ സ്വകാര്യ സ്വിമ്മിങ്പൂളുകള്‍ വരെ നിര്‍മ്മിച്ചിരിക്കുന്നു. മറ്റു ചിലയിടത്ത് ഭൂമി നികത്തി പാര്‍ക്കിങ് സൗകര്യം വിപുലീകരിച്ചിരിക്കുന്നു. സമീപകാലത്ത് അത്തരമൊരു കായല്‍ കൈയേറ്റം വലിയൊരു വിവാദത്തിലേക്ക് കൂപ്പുകുത്തിയപ്പോഴാണ് റിയല്‍ എസ്റ്റേറ്റ് സംരംഭകര്‍ നടത്തുന്ന ഇത്തരം വ്യാപകമായ അനധികൃത കൈയേറ്റങ്ങളെപ്പറ്റി കേരളം തിരിച്ചറിഞ്ഞത്. കൊച്ചിയിലെ ചിലവന്നൂര്‍ കായല്‍ തീരത്ത് ഡി എല്‍ എഫ് നടത്തിയ വമ്പന്‍ കൈയേറ്റമാണ് വാര്‍ത്തയായത്. ഒന്നരക്കോടി രൂപ മുതല്‍ മൂന്നരക്കോടി രൂപ വരെയാണ് ചിലവന്നൂര്‍ കായല്‍ തീരത്തുള്ള ഡി എല്‍ എഫിന്റെ റിവര്‍സൈഡ് എന്ന പടുകൂറ്റന്‍ ഫ്ലാറ്റ് സമുച്ചയത്തിലെ താമസയിടങ്ങളുടെ വില. ഇന്‍ഫോപാര്‍ക്കിനും കിന്‍ഫ്രാ പാര്‍ക്കിനും കൊച്ചിന്‍ എക്‌സ്‌പോര്‍ട്ട് സോണിനും സ്മാര്‍ട്ട് സിറ്റിക്കും തൊട്ടടുത്ത് അഞ്ച് ഏക്കര്‍ ഭൂമിയിലായി വ്യാപിച്ചു കിടക്കുകയാണ് അത്യാധുനിക സൗകര്യങ്ങളെല്ലാം തന്നെയുള്ള 185 അപ്പാര്‍ട്ട്‌മെന്റുകളുള്ള ഈ സമുച്ചയം. നിലവില്‍ 130 അപ്പാര്‍ട്ട്‌മെന്റുകള്‍ ഇവിടെ വിറ്റുപോയിരിക്കുന്നു. എന്നാല്‍ തീരസംരക്ഷണചട്ടങ്ങളുടെ ലംഘനം ആരോപിച്ച് ഡി എല്‍ എഫിന്റെ ഈ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിനെതിരെ 2014 ജൂണ്‍ 30-ന് അന്നത്തെ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് ഈ ഫ്ലാറ്റ് സമുച്ചയങ്ങളുടെ വില്‍പനയിടപാടുകള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കുകയായിരുന്നു. ചിലവന്നൂര്‍ കായല്‍ കൈയേറിയാണ് ഡി എല്‍ എഫ് അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിച്ചതെന്ന പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എയുടെ ജൂണ്‍ 18-ലെ അടിയന്തരപ്രമേയത്തെ തുടര്‍ന്നാണ് അന്നത്തെ ചീഫ് സെക്രട്ടറിയെ ഇതേപ്പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചത്. ചീഫ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാകട്ടെ ഡി എല്‍ എഫിന്റെ നിര്‍മ്മാണം സി ആര്‍ ഇസഡ് ക്ലിയറന്‍സ് കിട്ടാതെയാണ് ആരംഭിച്ചതെന്നും കെട്ടിടത്തിന്റെ ഒരു ഭാഗം കായലിലേക്ക് അനധികൃതമായി ഇറങ്ങിക്കിടക്കുന്നുണ്ടെന്നും ഇതുവരേയ്ക്കും പദ്ധതിക്ക് അംഗീകൃത ഏജന്‍സിയില്‍ നിന്നും ക്ലിയറന്‍സ് ലഭിച്ചിട്ടില്ലാത്തതിനാല്‍ കെട്ടിടം അനധികൃതമാണെന്നും പറഞ്ഞിരുന്നു. 2014 ഡിസംബര്‍ എട്ടിന് സി ആര്‍ ഇസഡ് ചട്ടങ്ങളുടെ ലംഘനം ആരോപിച്ച് ഈ ഫ്ലാറ്റ് സമുച്ചയം പൊളിച്ചുകളയാന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെ പരിസ്ഥിതി ക്ലിയറന്‍സ് കൂടാതെ വമ്പന്‍ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നവര്‍ക്കുള്ള വലിയ തിരിച്ചടിയായി അത് മാറുമെന്നാണ് നാം കരുതിയത്. ഡി എല്‍ എഫിന്റെ പാര്‍ട്ണറിങ് കമ്പനിയായ അഡ്‌ലൈ ബില്‍ഡേഴ്‌സിന് പ്രദേശത്ത് ഇനി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുതെന്നും സി ആര്‍ ഇസഡ് ചട്ടങ്ങള്‍ ലംഘിച്ച കെട്ടിടം ഉടനടി പൊളിച്ചുനീക്കാന്‍ കൊച്ചി കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കുന്നതുമായിരുന്നു ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ളയുടെ ഈ വിധിന്യായം. ചിലവന്നൂര്‍ സ്വദേശിയായ എ ആന്റണിയാണ് (35) ഡി എല്‍ എഫിന്റെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ 2012-ല്‍ ഒരു പൊതു താല്‍പര്യഹര്‍ജിയിലൂടെ കോടതിയെ സമീപിച്ചത്.

എന്നാല്‍ ”എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് ഡി എല്‍ എഫ് കെട്ടിടം നിര്‍മ്മിച്ചതെന്ന്” ആയിരുന്നു ഡി എല്‍ എഫിന്റെ വാദം. എന്നാല്‍ ഹൈക്കോടതി ഉത്തരവില്‍ കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിട്ടിയുടെ (കെ സി ഇസഡ് എം എ) നാല്‍പതാമത്തെ യോഗത്തില്‍ സി ആര്‍ ഇസെഡ് ക്ലിയറന്‍സ് തങ്ങള്‍ക്ക് ലഭിച്ചുവെന്നാണ് കമ്പനി അവകാശപ്പെടുന്നതെങ്കിലും യോഗത്തിന്റെ മിനിട്‌സ് പറയുന്നത് പദ്ധതി പരിസ്ഥിതി മന്ത്രാലയത്തിന് റഫര്‍ ചെയ്യുന്ന കാര്യം മാത്രമാണെന്നും ഇത്തരത്തില്‍ റഫര്‍ ചെയ്യുന്നത് പ്രോജക്ട് അന്തിമമായി അംഗീകരിക്കപ്പെട്ടുവെന്നതിന് തെളിവല്ലെന്നും കോടതി കണ്ടെത്തി. പരിസ്ഥിതി മന്ത്രാലയത്തിന്റെ എക്‌സ്‌പേര്‍ട്ട് അപ്രൈസല്‍ കമ്മിറ്റിയുടെ യോഗത്തിന്റെ മിനിട്‌സ് പ്രകാരവും പദ്ധതിക്ക് അവര്‍ അംഗീകാരം നല്‍കിയതായി കാണുന്നില്ലെന്നും കോടതി കണ്ടെത്തി. ഡി എല്‍ എഫിന്റെ പാര്‍ട്ണറിങ് കമ്പനിയായ അഡ്‌ലൈ ബില്‍ഡേഴ്‌സ് കെ സി ഇസെഡ് എം എയോ പരിസ്ഥിതി മന്ത്രാലയത്തിന്റേയോ സി ആര്‍ ഇസഡ് ക്ലിയറന്‍സ് നേടിയതായി ഒരു രേഖയും സമര്‍പ്പിച്ചിട്ടില്ലെന്നാണ് കോടതി വിധിയില്‍ പറയുന്നത്. എന്നാല്‍ വിധിക്കെതിരെ ഡിസംബര്‍ 15ാം തീയതി ഡി എല്‍ എഫ് കോടതിയില്‍ നല്‍കിയ അപ്പീലില്‍ സ്റ്റേറ്റ് എന്‍വയണ്‍മെന്റ് ഇംപാക്ട് അസസ്‌മെന്റ് അതോറിട്ടി (എസ് ഇ ഐ എ എ) പദ്ധതിക്ക് ക്ലിയറന്‍സ് നല്‍കിയിട്ടുണ്ടെന്നും 1986-ലെ പരിസ്ഥിതി സംരക്ഷണനിയമം അനുസരിച്ച് നിര്‍മ്മിക്കപ്പെട്ട ആ സ്ഥാപനത്തിനാണ് ക്ലിയറന്‍സ് നല്‍കാനുള്ള അംഗീകാരമുള്ളതെന്നും വാദിക്കുന്നു. ”2011 ഫെബ്രുവരി എട്ടിന് പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടത്തില്‍ കെ സി ഇസഡ് എം എ റെക്കമന്‍ഡേട്ടറി അതോറിട്ടി മാത്രമാണെന്നും എസ് ഇ ഐ എ എ ആണ് സി ആര്‍ ഇസഡ് ക്ലിയറന്‍സ് നല്‍കുന്നതില്‍ അന്തിമ അതോറിട്ടിയെന്നും പറയുന്നുണ്ട്. 2008-ല്‍ പരിസ്ഥിതി ക്ലിയറന്‍സിനായി അപേക്ഷിക്കുമ്പോള്‍ എസ് ഇ ഐ എ എയോ എസ് ഇ എ സിയോ ഇല്ലാതിരുന്നതിനാലാണ് പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള എക്‌സ്‌പെര്‍ട്ട് അപ്രൈസല്‍ കമ്മിറ്റിക്ക് അപേക്ഷ നല്‍കിയത്,” അപ്പീലില്‍ പറയുന്നു.

എന്തായാലും ഡി എല്‍ എഫിന് അനുകൂലമായി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം സത്യവാങ്മൂലം കോടതിയില്‍ നല്‍കിയിരിക്കുകയാണ്. കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ പാലിക്കേണ്ട രേഖ സംബന്ധിച്ച വ്യക്തതയ്ക്കായി ഡി എല്‍ എഫിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി പരിസ്ഥിതി മന്ത്രാലയത്തെ കൂടി കേസ്സില്‍ കക്ഷി ചേര്‍ത്തത്. വേലിയേറ്റ രേഖയ്ക്ക് സമാന്തരമായി വരയ്ക്കുന്ന സാങ്കല്‍പിക രേഖ മലിന ജല കനാലിനെ കടന്നുപോകുന്നുണ്ടെങ്കിലും അത് പരിഗണിക്കേണ്ടതില്ലെന്നാണ് മന്ത്രാലയം പറയുന്നത്. തീരദേശ പരിപാലനിയമത്തിന്റെ പരിധിയില്‍ നിന്നാണ് ഡി എല്‍ എഫ് റിവര്‍സൈഡിന്റെ നിര്‍മ്മാണമെന്നാണ് മന്ത്രാലയം പറയുന്നത്. പരിസ്ഥിതി ആഘാത പഠന ചട്ടങ്ങള്‍ക്ക് വിധേയമായി നിര്‍മ്മിച്ച കെട്ടിടം സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിട്ടിയുടെ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടെന്ന് പരിസ്ഥിതി മന്ത്രാലയം ഉപദേഷ്ടാവ് ഡോക്ടര്‍ എസ് കെ സുസര്‍ല നല്‍കിയ റിപ്പോര്‍ട്ട് പറയുന്നു.


സി ആര്‍ ഇസഡ്‌ സോണ്‍ 2-നു കീഴില്‍ വരുന്നതാണ് ചിലവന്നൂര്‍ പ്രദേശം. തീരം വരെയോ അതിനു തൊട്ടടുത്തു വരെയോ വികസനം നടത്തിയിട്ടുള്ള പ്രദേശങ്ങളാണ് സോണ്‍ രണ്ടില്‍ വരുന്നത്. അടിസ്ഥാന സൗകര്യങ്ങളുള്ള, മുന്‍സിപ്പല്‍ പ്രദേശത്ത് വരുന്ന ”വികസിത” പ്രദേശങ്ങളാണ് ഇവ. 1991 ഫെബ്രുവരി 19-ന്റെ വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ നിലവിലുണ്ടായിരുന്ന ദേശീയ നഗര പദ്ധതി ആസൂത്രണചട്ടങ്ങളിലെ നിബന്ധനക്കനുസരിച്ച് വേണം വികസന പുനര്‍വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ എന്ന നിബന്ധന ലംഘിച്ചുകൊണ്ടാണ് ഡി എല്‍ എഫിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നാണ് കെ സി ഇസഡ് എം എ അധികൃതര്‍ പറയുന്നത്. കേരളത്തിനായുള്ള സി ആര്‍ ഇസഡ് പ്രകാരം കേരളത്തിലെ മുഴുവന്‍ കായല്‍ തുരുത്തുകളും സി ആര്‍ ഇസഡ് വിജ്ഞാപനത്തിനു വിധേയമാണെന്നും വേലിയേറ്റ രേഖയില്‍ നിന്നും കരയുടെ ഭാഗത്തേക്ക് 50 മീറ്റര്‍ വീതിയിലുള്ള കായല്‍ തുരുത്തുകള്‍ സി ആര്‍ ഇസഡ് പ്രദേശമായിരിക്കുമെന്നും ഇവിടെ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും പറയുന്നുണ്ട്.

എന്നാല്‍ ഡി എല്‍ എഫിന് ഇപ്പോള്‍ മന്ത്രാലയത്തിന്റെ ക്ലീന്‍ചിറ്റ് ലഭിച്ചത് ഏതുമട്ടിലാകും കോടതി കണക്കിലെടുക്കുകയെന്നത് വരാനിരിക്കുന്ന വിഷയമാണ്. സി ആര്‍ ഇസെഡ് ലംഘനങ്ങള്‍ കൊച്ചിയില്‍ ധാരാളമായി നടക്കുന്നുണ്ടെന്നത് വാസ്തവമാണ്. കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ (സി എ ജി) കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം ചിലവന്നൂര്‍ കായല്‍ പ്രദേശത്ത് മാത്രം എട്ട് ബില്‍ഡര്‍മാരുടെ 19 കെട്ടിടങ്ങള്‍ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തില്‍ നിന്നും അനുമതി ലഭിക്കാതെയാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. കെ സി ഇസഡ് എം എ കൊച്ചി കോര്‍പ്പറേഷനെ 13 കെട്ടിട നിര്‍മ്മാതാക്കള്‍ നടത്തിയ ലംഘനങ്ങളെപ്പറ്റി 2011 ഫെബ്രുവരിയില്‍ അറിയിച്ചിട്ടുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കോര്‍പ്പേറഷന്‍ സെക്രട്ടറി ആദ്യം കേരളാ മുന്‍സിപ്പാലിറ്റി ബില്‍ഡിങ് ചട്ടങ്ങള്‍ പ്രകാരം ലംഘനങ്ങള്‍ കണ്ടെത്തി അനുമതി നല്‍കാതിരുന്ന പല കെട്ടിടങ്ങള്‍ക്കും ടാണ്‍ പ്ലാനിങ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം പിന്നീട് അനുമതി നല്‍കിയതായും സി എ ജി കണ്ടെത്തിയിട്ടുണ്ട്. കൊച്ചി കോര്‍പ്പറേഷന്‍ കെ സി ഇസഡ് എം എയില്‍ സമ്മര്‍ദ്ദം ചെലുത്തി അധികൃത കെട്ടിടങ്ങള്‍ക്ക് സി ആര്‍ ഇസഡ് പ്രകാരം അനുമതി നല്‍കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് അനുവദിച്ചുകൊടുക്കില്ലെന്നാണ് കെ സി ഇസഡ് എം എയുടെ നിലപാട്. വേമ്പനാട് കായലിനടുത്തുള്ള 33 കെട്ടിടങ്ങള്‍ സി ആര്‍ ഇസഡ് ചട്ടങ്ങള്‍ ലംഘിച്ചതായി കെ സി ഇസഡ് എം എ കണ്ടെത്തിയിട്ടുണ്ടെങ്കിലും സി എ ജിയുടെ റിപ്പോര്‍ട്ടില്‍ 19 കെട്ടിടങ്ങളുടെ വിവരങ്ങളാണ് എടുത്തു പറഞ്ഞിട്ടുള്ളത്. 13 നിലകളുള്ള ഗ്യാലക്‌സി ഡവലപ്പേഴ്‌സിന്റെ 4 കെട്ടിടങ്ങള്‍, ഡി എല്‍ എഫിന്റെ 5 ബ്ലോക്കുകളുള്ള ചെലവന്നൂരിലെ റിവര്‍സൈഡ് അപ്പാര്‍ട്ട്‌മെന്റുകള്‍, ബ്ലൂ ലഗൂണ്‍, അബാദ് ലോട്ടസ്, റെയിന്‍ ട്രീ റെലംസ്, ജുവല്‍ ഹോംസ്, ഹീര കണ്‍സ്ട്രഷന്‍സ്, അമ്പാടി റിട്രീറ്റ്‌സ്, പേള്‍സ് ഗാര്‍ഡന്‍ വ്യൂ എന്നിവയാണ് അതില്‍ പ്രധാനം. ”സി ആര്‍ ഇസഡ് ചട്ടങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ നിയമാനുസൃതമാക്കി മാറ്റാന്‍ സര്‍ക്കാരിനാവില്ലെന്നും ചട്ടങ്ങള്‍ പാലിക്കാതെ ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് നടപടിയുണ്ടാകുമെന്നുമാണ്” അന്ന് നഗരവികസന കാര്യമന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞതെങ്കിലും അത്തരം നടപടികളൊന്നും തന്നെ ഉണ്ടായതായി ഈ ലേഖകന് അറിവില്ല. വേമ്പനാട് കായല്‍ പരിസരത്ത് സി ആര്‍ ഇസഡ് ചട്ടം ലംഘിച്ച് നിര്‍മ്മിച്ച 33 കെട്ടിടങ്ങള്‍ക്കും എന്‍ ഒ സി നല്‍കുകയില്ലെന്നാണ് കെ സി ഇസഡ് എം എ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പു തന്നെ കെട്ടിട നിര്‍മ്മാതാവ് അതോറിട്ടിയില്‍ നിന്നും അനുമതി വാങ്ങേണ്ടിയിരുന്നുവെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. ഡി എല്‍ എഫിന്റെ വമ്പന്‍ പദ്ധതിക്കെതിരായ കോടതി വിധി സി ആര്‍ ഇസഡ് ചട്ടങ്ങള്‍ക്ക് അനുസൃതമായി മാത്രമേ കെട്ടിടങ്ങള്‍ അനുമതി നല്‍കാവൂ എന്ന നിബന്ധന പാലിക്കാന്‍ അവരെ ശക്തരാക്കിയിരിക്കുന്നു. മരട് മുന്‍സിപ്പാലിറ്റിയിലും കൊച്ചി കോര്‍പ്പറേഷനിലുമായി നിലകൊള്ളുന്ന ഈ കെട്ടിടങ്ങളുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കോര്‍പ്പേറേഷനോടും മുന്‍സിപ്പാലിറ്റിയോടും ആവശ്യപ്പെട്ടുവെങ്കിലും അവര്‍ തങ്ങളുടെ മെല്ലെപ്പോക്ക് സമീപനം തുടരുകയാണ്.

വന്‍കിടക്കാരായ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകാരുടെ കൈയേറ്റത്തിന് രാഷ്ട്രീയക്കാരുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്ന പല സംഭവങ്ങള്‍ക്കും കേരളം നേരത്തെ തന്നെ സാക്ഷ്യം വഹിച്ചിട്ടുള്ളതുമാണ്. വേമ്പനാട് കായലില്‍ നടത്തിയ തീരദേശ ചട്ട ലംഘനത്തിനെതിരെ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കേണ്ടുന്ന റിപ്പോര്‍ട്ടില്‍ ടൂറിസത്തിന് ഹാനികരമാകാത്തവിധത്തില്‍ നിലവിലുള്ള നിയമലംഘനങ്ങള്‍ അനുവദിച്ചു നല്‍കണമെന്നും അങ്ങനെയല്ലാത്തപക്ഷം 50,000 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഹോട്ടലുകളും റിസോര്‍ട്ടുകളും പൊളിക്കേണ്ടതായി വരുമെന്നും കാണിച്ച് 2013-ല്‍ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള ഭരണപ്രതിപക്ഷ ഭേദമന്യേ 15 എം എല്‍ എമാരും എട്ട് ക്രിസ്ത്യന്‍ സഭാ വിഭാഗങ്ങളും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിവേദനം നല്‍കിയത്. കോണ്‍ഗ്രസിലേയും സി പി ഐ എമ്മിലേയും കേരളാ കോണ്‍ഗ്രസ് എമ്മിലേയും ജനതാ ദള്‍ സെക്യുലറിലേയുമൊക്കെ എം എല്‍ എമാര്‍ ഈ നിവേദകസംഘത്തിലുണ്ടായിരുന്നുവെങ്കിലും സംഭവം വിവാദമായതിനെ തുടര്‍ന്ന് അവരെല്ലാം തന്നെ തങ്ങളുടെ അറിവില്ലായ്മ മൂലമാണ് നിവേദനത്തില്‍ ഒപ്പുവച്ചതെന്ന് പറഞ്ഞ് പിന്നീട് കൈകഴുകുകയായിരുന്നു. വേമ്പനാട് കായലിലെ രണ്ട് ദ്വീപുകളായ വെറ്റിലത്തുരുത്തിലേയും നെടിയംതുരുത്തിലേയും രണ്ട് അനധികൃത റിസോര്‍ട്ട് സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റണമെന്ന സുപ്രീം കോടതി ഉത്തരവിന് തടയിടുകയായിരുന്നു ഈ ജനപ്രതിനിധികളുടെ ലക്ഷ്യം. ഗ്രീന്‍ ലഗൂണ്‍ റിസോര്‍ട്ടുകളുടേയും (വാമിക ഐലണ്ട്) കാപ്പിക്കോ റിസോര്‍ട്ടുകളുടേയും നിയമലംഘനങ്ങളാണ് കോടതി അന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത്. കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കുന്ന കാര്യത്തില്‍ സുപ്രീം കോടതിയുടെ സ്റ്റേ നിലനില്‍ക്കുന്നുണ്ടെങ്കിലും വാമികയുടെ ഹര്‍ജി കോടതി തള്ളുകയായിരുന്നു.

കായല്‍ കൈയേറ്റങ്ങള്‍ ഇപ്പോള്‍ നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്നുവെന്നത് രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബി ഈ കൈയേറ്റക്കാര്‍ക്ക് സഹായവാഗ്ദാനം നല്‍കി രംഗത്തുണ്ടെന്നതിന്റെ തെളിവാണ്. കേരളത്തിലെ 11 ലക്ഷത്തോളം വരുന്ന മത്സ്യത്തൊഴിലാളികളെ സി ആര്‍ ഇസഡ് നിയമം എങ്ങനെ ദോഷകരമായി ബാധിക്കുന്നുവെന്നല്ല മറിച്ച് വമ്പന്മാര്‍ക്ക് എങ്ങനെ സഹായങ്ങള്‍ ചെയ്തുകൊടുക്കാമെന്നതിലാണ് നമ്മുടെ ജനപ്രതിനിധികളുടെ ശ്രദ്ധ. പുതുതായി കൊച്ചിയില്‍ നിര്‍മ്മിക്കപ്പടുന്ന പല അപ്പാര്‍ട്ട്‌മെന്റുകളും അവരുടെ അനുബന്ധ സൗകര്യങ്ങളായ ക്ലബ് ഹൗസുകളുമൊക്കെ സി ആര്‍ ഇസഡ് ലംഘനം സുവ്യക്തമായി നടത്തിയിട്ടും ഒരു ജനപ്രതിനിധിയും അവയ്‌ക്കെതിരെ രംഗത്ത് വരാതിരിക്കുന്നതിന്റെ പ്രധാന കാരണം റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകളില്‍ നിന്നും അവരിലേക്ക് ഒഴുകുന്ന പണത്തിന്റേയും സേവനങ്ങളുടേയും വലുപ്പമാണ് വെളിവാക്കുന്നത്. മന്ത്രാലയത്തിന്റെ ഡി എല്‍ എഫ് അനുകൂല റിപ്പോര്‍ട്ടിനു പിന്നിലും ഈ പണമൊഴുക്കിന്റെ സാധ്യതകളേറെയാണ്. ഇനി കോടതി പറയട്ടെ.

(ഇന്ത്യാ ടുഡേ മുൻ അസിസ്റ്റന്റ് എഡിറ്ററും സ്മാർട്ട് ഡ്രൈവ് ഓട്ടോമൊബൈൽ മാസികയുടെ എഡിറ്ററുമാണ് ലേഖകൻ) 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍