UPDATES

മഞ്ചേരിയില്‍ ഒമ്പതു വയസുകാരിക്കു പീഡനം; പ്രതിയായ റവന്യൂ ഉദ്യോഗസ്ഥനെ പൊലീസ് സംരക്ഷിക്കുന്നതായി ആക്ഷേപം

2016 ല്‍ ഇതു സംബന്ധിച്ചു പരാതി മഞ്ചേരി പൊലീസില്‍ നല്‍കിയതാണ്‌

കൊട്ടിയൂര്‍, പാലക്കാട് സംഭവങ്ങള്‍ക്കുമേലുണ്ടായ ചര്‍ച്ചകള്‍ അവസാനിച്ച നിലയിലാണ്. പക്ഷേ കേരളത്തില്‍ ബാലലൈംഗീക പീഡനങ്ങള്‍ നിര്‍ബാധം തുടരുന്നുണ്ടെന്നും അതില്‍ പ്രതികളായവര്‍ നിയമത്തിന്റെ കണ്ണില്‍പ്പെട്ടിട്ടുകൂടി സ്വതന്ത്രരായി ജീവിക്കുന്നുണ്ടെന്നും ഉള്ള സത്യം ബാക്കി നില്‍ക്കുകയാണ്. അതിനുള്ള മറ്റൊരു ഉദാഹരണമാണ് മലപ്പുറം മഞ്ചേരി കുറുവമ്പാരത്തെ ഒമ്പതു വയസുകാരിയുടെ ജീവിതം.

റവന്യു വകുപ്പില്‍ ഉദ്യോഗസ്ഥനായ വ്യക്തിയാണ് ഈ പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. ഇയാള്‍ക്കെതിരേ 2016 ല്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസ് പരാതി നല്‍കിയിട്ടും ഇതുവരെ പൊലീസ് ഒരുനടപടിയും എടുത്തിട്ടില്ലെന്നാണ് ആക്ഷേപം. ഈ കേസില്‍ പൊലീസ് ഒത്തുകളിക്കുന്നു എന്ന ആക്ഷേപം ശക്തമായ സാഹചര്യത്തില്‍ ഇപ്പോള്‍ ജില്ല പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ മഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പക്ഷേ സീനിയര്‍ റവന്യു ഉദ്യോഗസ്ഥനായ പ്രതിക്കുള്ള ഉന്നത സ്വാധീനം കേസിനെ അട്ടിമറിക്കുമെന്നാണ് സംശയം. അതിലുപരി പെണ്‍കുട്ടിയുടെ ജീവന് അപകടം ഉണ്ടാകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.

പെണ്‍കുട്ടിയുടെ അമ്മയുമായി ഉണ്ടായിരുന്ന അടുപ്പം മുതലാക്കിയാണ് ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടിയെ തന്റെ ഇംഗിതത്തിനു വിധേയയാക്കിയത്. വിധവ പെന്‍ഷനുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവ് സ്ഥിരമായി ഇയാളുടെ ഓഫിസില്‍ പോകുമായിരുന്നു. അങ്ങനെയാണ് ഉദ്യോഗസ്ഥനുമായി അടുപ്പത്തിലാകുന്നത്. പിന്നീട് ഇവര്‍ ഒരുമിച്ചു താമസിക്കാനും തുടങ്ങി. കുറച്ചു നാളുകള്‍ക്കുശേഷം ഈ സ്ത്രീ ഗള്‍ഫില്‍ ജോലിക്കായി പോയി. റവന്യു ഉദ്യോഗസ്ഥന്‍ തന്നെയാണ് ഇവരെ ജോലിക്ക് അയച്ചതെന്നും പറയുന്നു. ഇതിനുശേഷം പെണ്‍കുട്ടിയുടെയും അമ്മൂമ്മയുടെയും സംരക്ഷണം ഈ ഉദ്യോഗസ്ഥന്‍ ഏറ്റെടുക്കുകയായിരുന്നു. ഇങ്ങനെയാണ് അയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു തുടങ്ങിയത്. പെണ്‍കുട്ടിയുടെ നഗ്നത ചിത്രീകരിക്കുകയും ഈ വീഡിയോ കാണിച്ചു വീണ്ടും വീണ്ടും കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തു. ഇയാളുടെ സുഹൃത്തായ ബിസിനസുകാരനും പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുള്ളതായാണു വിവരം.

2006 ല്‍ ഈ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ അടുക്കല്‍ എത്തി. ചൈല്‍ഡ് ലൈന്‍ നല്‍കിയ മൊഴിയില്‍ പെണ്‍കുട്ടി തന്നെ പീഡിപ്പിച്ചയാളെ കുറിച്ച് വിവരം നല്‍കിയിരുന്നു. ചൈല്‍ഡ് ലൈന്‍, കേസ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ അറിയിച്ചു. ഇതിനുശേഷം ചൈല്‍ഡ് ലൈനും സിഡബ്ല്യുസിയും മഞ്ചേരി പൊലീസില്‍ പരാതി എഴുതി നല്‍കി. എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ പ്രതിയാരാണെന്നു വ്യക്തമായിരുന്നിട്ടും നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായില്ല എന്നാണ് ആക്ഷേപം. പെണ്‍കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നായിരുന്നു പൊലീസിന്റെ ഭാഷ്യം. പ്രതിയെന്നു പറയുന്നയാള്‍ക്കെതിരേ പെണ്‍കുട്ടിയുടെ ഭാഗത്തു നിന്നു ആക്ഷേപം ഇല്ലെന്നും താന്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്നു പരാതിയില്‍ പറയുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ പരാതി പൊലീസ് അവഗണിക്കുകയാണെന്നും പ്രതികളെ രക്ഷപ്പെടുത്താന്‍ സഹായിക്കുകയാണെന്നുമാണ് ഈ കേസുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പൊതുപ്രവര്‍ത്തകര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 18 നു ഇതു സംബന്ധിച്ചു ജില്ല പൊലീസ് മേധാവിക്കു പരാതി കൊടുത്തിരുന്നു. പൊലീസ് മേധാവി ഈ പരാതി മഞ്ചേരി പൊലീസിനു കൈമാറിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവൈറ്റ് സെക്രട്ടറി എം വി ജയരാജന്റെ ശ്രദ്ധയില്‍ ഈ പരാതി വരികയും അദ്ദേഹം ജില്ല പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയില്‍ നിന്നും റിപ്പോര്‍ട്ട് തേടുകയും ചെയ്തതോടെയാണ് ഇപ്പോള്‍ കേസിനു ചൂടുപിടിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണു സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് തരാന്‍ മഞ്ചേരി സര്‍ക്കിള്‍ ഇന്‍സപെക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാകുന്നതിനൊപ്പം പെണ്‍കുട്ടിയുടെ ജീവന് സംരക്ഷണം നല്‍കണമെന്നുള്ള ആവശ്യവും ഉയര്‍ന്നിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍